Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ 8 പുതിയ ഫീച്ചറുകളാൽ അദ്ഭുതപ്പെടുത്തും, അറിയാം 8 കാര്യങ്ങൾ!

iPhone-8-Concept

രാജ്യാന്തര സ്മാർട്ട്ഫോണ്‍ വിപണിയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഹാൻഡ്സെറ്റാണ് ആപ്പിളിന്റെ ഐഫോൺ. വർഷങ്ങൾക്ക് മുൻപ് വിൽപനയിൽ ഏറെ മുന്നിൽ നിന്നിരുന്ന ഐഫോൺ ബ്രാൻഡ് ഇപ്പോൾ താഴോട്ടാണെന്ന് പറയേണ്ടിവരും. കാരണം ഐഫോൺ 7 പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വേണ്ടത്ര ആവശ്യക്കാർ ഇല്ലാതായതോടെ അടുത്ത വേർഷൻ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ.

ഐഫോണ്‍ ലോഞ്ചാണ് സാധാരണയായി ഒരു വര്‍ഷത്തെ ഏറ്റവും വലിയ ടെക്‌നോളജി ഇവന്റ്. എന്നാല്‍ ഇനി വരാന്‍ പോകുന്ന ഐഫോണ്‍ 8 ന്റെ ലോഞ്ചിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2017 ല്‍ ഐഫോൺ പത്താം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ പുറത്തിറങ്ങുന്ന പുതിയ ഐഫോണിന്റെ സവിശേഷതകള്‍ എന്തെല്ലാമായിരിക്കും എന്നറിയാന്‍ ഉറ്റുനോക്കുകയാണ് ടെക് ലോകം.

വരാനിരിക്കുന്ന ഐഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിരവധിയാണ്. പുതിയ ഐഫോണിനു വേണ്ടി പത്തു പ്രോട്ടോടൈപ്പുകളിലാണ് ആപ്പിള്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് ഇതിലൊന്ന്. ലോഞ്ച് ചെയ്യാന്‍ ഇനിയും ഒന്‍പതു മാസങ്ങള്‍ ശേഷിക്കെ പുതിയ ഫോണ്‍ എത്രത്തോളം സ്മാര്‍ട്ടായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ടെക് ലോകം. ഇതേക്കുറിച്ച് പുറത്തുവന്ന ചില വിവരങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഐഫോണ്‍ 8ൽ പ്രതീക്ഷിക്കുന്ന ചില ഫീച്ചറുകൾ.

∙ ഫുൾ ഗ്ലാസ് ബോഡി

ഐഫോണിന്റെ പുതിയ വേര്‍ഷനില്‍ വക്രത്തിലുള്ള ഗ്ലാസ് ബോഡി ആയിരിക്കുമെന്നാണു പറയപ്പെടുന്നത്. അലുമിനിയമോ പ്ലാസ്റ്റിക്കോ ആയിരിക്കില്ല പുതിയ ഐഫോണിന്റെ ബോഡിയെന്ന കെജിഐ സെക്യൂരിറ്റീസ് അനലിസ്റ്റായ Ming-Chi Kuo യുടെ പ്രവചനമാണ് ഇത്തരമൊരു നിഗമനത്തിനു പിന്നിൽ. അങ്ങനെയെങ്കില്‍ ആപ്പിളിന്റെ ഐഫോണ്‍ 4S ല്‍ കാണുന്ന ബോഡിയുടെ തിരിച്ചു വരവായിരിക്കും ഇതെന്നും വിലയിരുത്തുന്നു.

∙ മൂന്നു സ്ക്രീൻ സൈസിൽ പുറത്തിറങ്ങും

മൂന്നു തലമുറകളായി ഇറങ്ങുന്ന ഐഫോണ്‍ ഫ്ലാഗ്ഷിപ് വാരിയന്റുകള്‍ക്കെല്ലാം 4.7, 5.5 ഇഞ്ച് ഡിസ്‌പ്ലേകളായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഐഫോണ്‍ 8 ന് മൂന്നു സ്‌ക്രീന്‍ സൈസ് ഉണ്ടാവുമെന്നു പറയപ്പെടുന്നു. എന്തായാലും 5, 5.8 ഇഞ്ച് സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണു ഊഹം.

ഈ രണ്ടു വലിപ്പത്തിലുമുള്ള സ്‌ക്രീനുകള്‍ ഉണ്ടാകുമെന്ന് Barclays അനലിസ്റ്റ്സ് പറയുന്നു. ഐഫോണ്‍ 7ലും 7 പ്ലസിലുമുള്ളത് പോലെ തന്നെയായിരിക്കും ഇത്. ഐഫോണ്‍ പ്രവചനങ്ങളില്‍ വിദഗ്ധനായ Ming-Chi Kuo യുടെ അഭിപ്രായം അനുസരിച്ച് 4.7- ഇഞ്ച് ഐഫോൺ 8 ൽ എൽസിഡി പാനലും 5.8 ഇഞ്ച് സ്ക്രീൻ പതിപ്പിൽ അമോൾഡ് ഡിസ്പ്ലെയുമായിരിക്കും. കുറഞ്ഞ പവറില്‍ ഏറ്റവും നല്ല ദൃശ്യാനുഭവം നല്‍കാന്‍ ഇതിനാവും. ഇതല്ലെങ്കില്‍ 4.7 ഇഞ്ച് വേർഷനിൽ എൽസിഡി പാനൽസ്, പ്രീമിയം ഐഫോൺ 8ൽ 5.8-ഇഞ്ച് അമോൾഡ് സ്ക്രീനും ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ജപ്പാനിലെ നിക്കി ദിനപത്രവും പറയുന്നത് ഐഫോണ്‍ 8 ഡിസ്‌പ്ലേ 5.5 ഇഞ്ചോ അല്ലെങ്കില്‍ അതിലധികമോ വലുപ്പമുള്ളതായിരിക്കും എന്നാണ്. പ്രീമിയം ഐഫോണ്‍ 8 ഡിസ്‌പ്ലേ വക്രാകൃതിയില്‍ ഉള്ളതായിരിക്കുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. സാംസങ് ഗ്യാലക്സി എസ്6 എഡ്ജ്, ഗ്യാലക്സി എസ്7 എഡ്ജ് എന്നിവയിലുണ്ടായിരുന്ന പോലെ പ്രീമിയം അല്ലാത്ത മറ്റു വേരിയന്റുകള്‍ ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

∙ ഹോം ബട്ടന്‍ ഇല്ലാത്ത ഐഫോണ്‍ 8

ഐഫോണ്‍ 8 നു ഹോം ബട്ടന്‍ ഉണ്ടാവുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന ചോദ്യം. ടച്ച് ഐഡി ഫിംഗർപ്രന്റ് സെൻസർ, സെൽഫി ക്യാമറ എന്നിവ ടച്ച് സ്‌ക്രീനില്‍ തന്നെ ആയിരിക്കും. ഹോം ബട്ടണ് പകരം പുതിയ കുറച്ച് ടച്ച് സംവിധാനങ്ങള്‍ ഉണ്ടാവുമെന്നും പറയപ്പെടുന്നു.

iphone-design

∙ ഹാപ്റ്റിക് (സ്‌പര്‍ശനേന്ദ്രിയത്തെ സംബന്ധിച്ച) ഫീഡ്ബാക്ക് സിസ്റ്റം

കൂടുതല്‍ മികച്ച ഹാപ്റ്റിക് ഫീഡ്ബാക്ക് സിസ്റ്റമായിരിക്കും ഐഫോണ്‍ 8 നെന്നാണ് ഊഹം. ഇതിനായി ഹൈ പെർഫോമൻസ് മോട്ടോർ ആയിരിക്കും ഉപയോഗിക്കുക. ഇതിനാല്‍ ആപ്പുകളിൽ നിന്നുള്ള തിരിച്ചുപോക്ക്, ഹോംസ്ക്രീനിലേക്കുള്ള തിരിച്ചുപോക്ക്, ഡിവൈസ് അൺലോക്കിങ് എന്നിങ്ങനെയുള്ള ഫങ്ഷനുകള്‍ക്ക് വ്യത്യസ്ത വൈബ്രേഷന്‍ ഫീഡ്ബാക്ക് ആയിരിക്കും ഉണ്ടാവുക.

∙ വയര്‍ലെസ് ചാര്‍ജിങ്

ഐഫോൺ 8ന്റെ മറ്റൊരു പ്രത്യേകതയായി പറയപ്പെടുന്നത് വയര്‍ലെസ് ചാര്‍ജിങാണ്. ഒരു വയര്‍ലെസ് ചാര്‍ജിങ് ബാക്ക് കവറോടു കൂടിയായിരിക്കും ഐഫോണ്‍ 8 എത്തുകയെന്നു സൗത്ത് കൊറിയന്‍ ഇക്കോണമിക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത് ഇൻബില്‍റ്റ് ഫീച്ചറായിരിക്കില്ല.

∙ ഐറിസ് സ്‌കാനര്‍

സാംസങ് ഗ്യാലക്സി നോട്ട് 7 നു ഉണ്ടായിരുന്നതു പോലെ ഐഫോണ്‍ 8 നും ഐറിസ് സ്‌കാനര്‍ ഉണ്ടാകും. ഏറ്റവും പുതിയ ബയോമെട്രിക് ഫീച്ചറുകള്‍ കൂടുതലായി ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് Ming-Chi Kuoയുടെ വിലയിരുത്തല്‍. എന്നാല്‍ മറ്റു ചില വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് 2018ലായിരിക്കും ഐറിസ് സ്‌കാനര്‍ ഫീച്ചര്‍ ഐഫോണിൽ ഉൾപ്പെടുത്തുകയെന്നും പറയപ്പെടുന്നു.

∙ 3D ക്യാമറാ മോഡ്യൂൾ

എൽജി ഇന്നോടെക്കിന്റെ 3D ക്യാമറാ മോഡ്യൂൾ ആയിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാവുകയെന്ന് കൊറിയ ഇക്കോണമിക് ഡെയ്‌ലി പറയുന്നു. ഇതിനായുള്ള ടെക്‌നോളജി 2015 ല്‍ ആപ്പിള്‍ ഏറ്റെടുത്ത LinX കമ്പനി നല്‍കും. ഈ ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍ 3D എഫക്‌റ്റോടു കൂടിയതാണ്. ഇതിന്റെ ടെലിഫോട്ടോ ലെൻസിലും വൈഡ് ആംഗിൾ ലെൻസിലും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബലൈസേഷൻ ഫീച്ചറുണ്ട്. ഐഫോണ്‍ 7 ല്‍ വൈഡ് ആംഗിള്‍ ലെന്‍സില്‍ മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ.

∙ പേരിനു പിന്നില്‍

ഐഫോൺ 7എസ്, ഐഫോൺ 7 എസ് പ്ലസ് എന്നിങ്ങനെയൊക്കെയായിരിക്കും പുതിയ ഐഫോണിന്റെ പേര് എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പത്താം വാര്‍ഷിക വേളയില്‍ 'പുതിയ ഐഫോണ്‍' എന്ന് വിളിക്കാവുന്ന ഒന്ന് തന്നെ പുറത്തിറക്കണമെന്നാണ് കരുതുന്നത്. 2017 ൽ സെപ്റ്റംബറില്‍ ആയിരിക്കും പുതിയ ഐഫോൺ അവതരിപ്പിക്കുക.

Your Rating: