സെൽഫിയെടുത്ത് ഞെട്ടിക്കാൻ ഒപ്പോ എഫ്1എസ്

ചിത്രങ്ങളെടുക്കാൻ ഫോൺ കൂടുതൽ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ഒപ്പോ ഇറക്കിയ ഫോണുകളാണ് എഫ് സീരിസിലുള്ള ഫോണുകൾ. എന്നാൽ ഫോട്ടോയെടുക്കൽ മാത്രമല്ല ഇതിന്റെ മുഖ്യ പ്രത്യേകതയെന്നതും ഫോണിനെ വ്യത്യസ്തമാക്കുന്നു. ഫോണിന്റെ പിൻക്യാമറകൾക്ക് പ്രാധാന്യം നൽകി. എല്ലാ കമ്പനികളും ഫോണുകൾ ഇറക്കുമ്പോൾ. മുൻ, പിൻ ക്യാമറകൾക്ക് തുല്യ പ്രാധാന്യം നൽകി ഒപ്പോ സെൽഫി ഫോണുകൾ പുറത്തിറക്കി. ഇതിന്റെ ഏറ്റവും പുതിയ സീരീസായ ഒപ്പോ എഫ്1 എസ് മറ്റ് ഫോണുകളേക്കാൾ കൂടുതൽ വ്യത്യസ്തമാണ്.

പ്രധാന സ്പെഷിഫിക്കേഷനുകൾ

5.5 ഇഞ്ച് വലുപ്പത്തിലുള്ള ഒപ്പോ എഫ്1 എസ് സെൽഫിക്ക് പ്രാധാന്യം നൽകുന്ന ഫോൺ തന്നെയാണ്. ആൻഡ്രോയ്ഡ് 5.1 ഒഎസും ഒക്ടാ കോർ പ്രോസസ്സറുള്ള ഫോണിന്റെ ബാറ്ററി ബാക്കപ്പ് 3075 mAh ആണ്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 13 മെഗാപിക്സൽ റെയർ ക്യാമറയും ഉപയോഗിക്കുന്ന ഫോണിന്റെ റെസുല്യൂഷൻ 720x1280 ആണ്. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയും ഫോണിനുണ്ട്.

Colour OS 3.0 ആണ് എഫ്1 എസിൽ പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ ആപ്പിൾ ഐഒഎസ് പോലെ തോന്നിക്കും. മൈക്രോ സിം കാർഡുകൾ ഇടുന്നതോടൊപ്പം 128 ജിബി വരെയുള്ള എസ്‌ഡി കാർഡ് ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഫോണിൽ സജ്ജമാണ്. 7.3mm ആണ് ഫോണിന്റെ കനം. 160 ഗ്രാം ഭാരമുള്ള ഫോണിന്റെ വലിയ ഭാരം തോന്നുകയുമില്ല. 10W പവർ അഡാപ്റ്റർ, ഡാറ്റാ കേബിൾ, സിലിക്കൻ കേസ്, സിം ഇജക്ടർ ടൂൾ, ഹെഡ് സെറ്റ് എന്നിവ ഫോൺ പാക്കിനൊപ്പം ഉണ്ടാകും. ഇൻബിൾട്ട് ബാറ്ററിയാണ് ഫോണിനുള്ളത്. ഒപ്പോ എഫ്1ൽ ഇല്ലാതിരുന്ന ഫിംഗർ പ്രിന്റ് സെൻസർ പുതിയ ഫോണിലുണ്ട്. പൂർണ മെറ്റൽ ബോഡി ഫോണിന്റെ ലുക്ക് കൂടുതൽ മനോഹരമാക്കുന്നു.

പ്രകടനം

സെൽഫി ഫോണുകളിൽ ഒപ്പോ ഇറക്കിയ ഏറ്റവും മികച്ച ഫോൺ എഫ്1എസ് ആണെന്ന് പറയേണ്ടി വരും. ക്യാമറയുടെ സ്പെഷിഫിക്കേഷൻ അതു ബോധ്യമാക്കുന്നാണ്. ഹൈഡെഫിനിഷൻ ഫയലുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഫോൺ ഗോറില്ല ഗ്ലാസ് 4 കവചം സുരക്ഷ നൽകുന്നു. സിംഗിള്‍ എല്‍ഇഡി ഫ്ളാഷും എഫ്/2.2 അപ്പര്‍ച്ചറോടും കൂടിയ ക്യാമറ സെൽഫികളെ അതിമനോഹരമാക്കുന്നു. മികച്ച ഡിസ്പ്ലേ പ്രദാനം ചെയ്യുന്ന ഫോണിന്റെ സ്ക്രീൻ ഫ്ലാഷ് കുറച്ച് കൂടി മെച്ചപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് ചില ടെക് വിദഗ്ദ്ധന്മാർക്ക് അഭിപ്രായമുണ്ട്.

തുടർച്ചയായി 10 മണിക്കൂർ 11 മിനിറ്റ് വിഡിയോ പ്ലേ ചെയ്താൽ പോലും നിലനിൽക്കുന്ന ബാറ്ററി ലൈഫാണ് ഫോണിനുള്ളത്. ഇത് ഏത് ഉപയോക്താക്കളെയും സന്തോഷവാനാക്കും. സാധാരണക്കാരന് ഒരു ദിവസത്തിലധികം ഫോൺ ചാർജ് ചെയ്യാതെ ഉപയോഗിക്കാൻ തക്ക ബാറ്ററി ലൈഫ് ഉണ്ട്. എന്നാൽ വേഗതയേറിയ ചാർജിങ് സംവിധാനം എഫ്1 എസിലും ഉപയോഗപ്പെടുത്താൻ കമ്പനി തയ്യാറായിട്ടില്ല.

ഏകദേശം 17,990 രൂപയാണ് ഫോണിന്റെ വില. എന്നാൽ ഇപ്പോഴത്തെ വിപണി വിലയിലെ കിടമത്സരങ്ങൾ വച്ചു നോക്കുമ്പോൾ ഇതേ സ്പെഷിഫിക്കേഷനുകളിൽ മറ്റ് ഫോണുകൾ ലഭ്യമാണെന്ന് കാണാം. ആൻഡ്രോയ്ഡ് ലോലിപോപ്പിൽ നിന്നും മാർഷെല്ലോയിലേക്ക് കമ്പനി മാറാൻ ഇതുവരെ തയ്യാറായിട്ടുമില്ല. എന്നാൽ ആകെയുള്ള പ്രകടനത്തിൽ ഉപയോക്താവിന് നിരാശപ്പെടേണ്ടി വരില്ല.

മികച്ച ക്യാമറ, മികച്ച ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ്, മികച്ച ഡിസൈൻ, തൃപ്തിപ്പെടുന്ന പ്രകടനം ഇവയാണ് ഒപ്പോ എഫ്1 എസ് എന്ന പുതിയ ഫോൺ ഉപയോക്താവിന് നൽകുന്നത്. ഇതാവശ്യമുള്ളവർക്ക് കണ്ണും പൂട്ടി ഫോൺ സ്വന്തമാക്കാം.