രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ ഓപ്പോയ്ക്ക് നാലാം സ്ഥാനം

ജനപ്രി‌യ സ്മാർട്ട്ഫോൺ നിര്‍മ്മാതാക്കളായ ഓപ്പോ രാജ്യാന്തര വിപണിയിൽ നാലാം സ്ഥാനത്തെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദ കണക്കുകൾ പ്രകാരം 153 ശതമാനത്തിന്റെ വളർച്ചയാണ് ഓപ്പോ രേഖപ്പെടുത്തിയത്. ഐഡിസിയുടെ കണക്കുകൾ പ്രകാരം ഇത് ആദ്യമായാണ് ഓപ്പോ രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ ആദ്യ അഞ്ചിൽ ഇടംനേടുന്നത്.

ഈ വർഷം ആദ്യപാദത്തിൽ കമ്പനി വിറ്റത് 18.5 ദശലക്ഷം യൂണിറ്റ് ഫോണുകളാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ കമ്പനിയുടെ വിൽപന 7.3 ദശലക്ഷം ഹാൻഡ്സെറ്റുകളായിരുന്നു. വിപണിയിൽ ഒന്നാം സ്ഥാനത്ത് സാംസങ് തന്നെ. രണ്ട് ആപ്പിൾ, മൂന്ന് ഹ്യുവായ്, അഞ്ച് വിവോ എന്നിങ്ങനെയാണ് പട്ടിക.

2016 ലെ ആദ്യപാദത്തിൽ രണ്ടു പുതിയ ഹാൻഡ്സെറ്റുകൾ ഓപ്പോ പുറത്തിറക്കി. ഫൊട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു രണ്ട് ഹാൻഡ്സെറ്റുകളും. എഫ്1, എഫ്1 പ്ലസ് ഹാൻഡ്സെറ്റുകൾക്ക് വിപണിയിൽ വൻ ജനപ്രീതി നേടാൻ കഴിഞ്ഞു. ഡിസൈൻ, ക്യാമറ, പെട്ടെന്നുള്ള ബാറ്ററി ചാർജിങ് എന്നിവ മികച്ചതായിരുന്നു.