‘തേപ്പിനുള്ള സെക്‌ഷൻ ഐപിസിയിലില്ല’, പൊലീസ് പേജിൽ ട്രോളോടു ട്രോൾ

‘നിങ്ങളുടെ വയര്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വാഹനത്തിന്‍റെ ടയര്‍.. ഓരോ യാത്രയ്ക്ക് മുന്‍പും വാഹനത്തിന്‍റെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തുക’ എന്നതായിരുന്നു കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. എന്നാൽ ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളും പൊലീസ് ഫെയ്സ്ബുക് അഡ്മിനിന്റെ മറുപടിയും വായിച്ചാൽ ചിരിച്ചു മടുക്കും. ചില കമന്റുകളും പ്രതികരണവും നോക്കൂ...

∙ ഒരു ഡൗട്ട് ഉണ്ടേ? തേപ്പു കിട്ടിയ ബോയിസ് കംപ്ലെയിന്റ് ചെയ്താൽ നീതി കിട്ടുമോ? അതിനുള്ള കേരള പൊലീസ് മറുപടി ഇങ്ങനെ: തേപ്പിനുള്ള സെക്‌ഷൻ ഐപിസിയിലില്ല.

∙ വയറിലേക്ക് എന്തെങ്കിലും ചെന്നാൽ കാറ്റ് കയറും.... ടയറിലേക്ക് എന്തെങ്കുലും ചെന്നാൽ കാറ്റ് പോകും... ഇത് എന്തോന്ന് വിരോധാഭാസമാണ്.... ഇതിനു മറുപടിയായി എല്ലാം നശിപ്പിച്ചെന്ന് കാണിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

∙ എന്റെ ഈ കമന്റിനു കൂടി reply തന്നില്ലെങ്കിൽ കടപ്പുറം ഇളകും ...!!!! ഇത്രയും കാലമായിട്ട് എന്റെ ഒരു കമന്റിനു പോലും reply തന്നിട്ടില്ല. അതെന്താ എന്റെ കമന്റിനു വിലയില്ലേ Kerala Police. ഇതിനു മറുപടി ഇങ്ങനെ: നിനക്ക് നല്ല വിഷമം ഉണ്ടല്ലെ?

∙ പൊലീസ് ഏമാൻ മാരുടെ വയർ ആണ് വയർ. ഓണത്തിന് മാവേലി വേഷം കെട്ടാൻ പറ്റിയ ഒന്ന് രണ്ടു PC ഇല്ലാത്ത ഒരു സ്റ്റേഷൻ പോലും കേരളത്തിൽ കാണില്ല എന്ന കമന്റിന് ഇമോജി ഇട്ടാണ് പ്രതികരിച്ചത്.

∙ സർ കേരള പോലീസ് ട്രോൾ ഗ്രൂപ്പിലേക്ക് പാർട്ട്‌ ടൈം ട്രോളനെ വേണമെങ്കിൽ കോൺടാക്ട് മീ.. എനിക്കങ്ങനെ പൊലീസ് എന്നോ പട്ടാളമെന്നോ ഒന്നുല്ല എവിടെ വേണേലും ജോലി ചെയ്യാൻ തയ്യാറാണ് എന്റെ നല്ല മനസ്സ് കൊണ്ട്. ജോലിക്ക് പോകാതെ വീട്ടിൽ നിന്ന് ചോറ് തരില്ലെന്ന് പറഞ്ഞു അത് കൊണ്ടാണ്... ആകെ അറിയാവുന്ന പണി ഇതേ ഉള്ളൂ ട്രോളിങ്. പൊലീസ് സ്റ്റൈൽ മറുപടി ഇങ്ങനെ: വിയർപ്പിന്റെ അസുഖം ഉണ്ടോ?

കേരള പൊലീസിനെ ഒന്നാമതെത്തിച്ച് ട്രോളുകൾ

പൊലീസ് സേനകളുടെ ഫെയ്സ്ബുക് പേജുകളിൽ കൂടുതൽ ലൈക്കുമായി കേരള പൊലീസ് ഒന്നാമതെത്തിച്ചതും ട്രോളുകളും ട്രോളര്‍മാരുമാണ്. ആഴ്ചകൾക്ക് മുൻപാണ് കേരള പൊലീസ് ഫെയ്സ്ബുക് പേജ് ഈ നേട്ടം കൈവരിച്ചത്. പൊലീസ് ആസ്ഥാനത്തു കേക്ക് മുറിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ നേട്ടം പ്രഖ്യാപിക്കുകയായിരുന്നു. പേജുകളിൽ എത്തുന്ന കമന്റുകൾക്കു ട്രോളിലൂടെ മറുപടി നൽകിയാണു ഫെയ്സ്ബുക് പേജ് ഹിറ്റായി മാറിയത്. രാജ്യത്ത് എല്ലാ പൊലീസ് സേനകൾക്കും ഫെയ്സ്ബുക് ഉണ്ടെങ്കിലും ലൈക്കുകളിലൂടെ ഹിറ്റായത് കേരള പൊലീസാണ്.

നവമാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി പൊലീസ്-പൊതുജനബന്ധം ദൃഢമാക്കുന്നതിനും മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാനും ആരംഭിച്ചതാണ് ഈ ഔദ്യോഗിക ഫെയ്സ്ബുക് പേജ്. ബെംഗളൂരു സിറ്റി പൊലീസിന്റെ പേജിനെ മറികടന്നാണു 7.18 ലക്ഷം ലൈക്കുമായി കേരള പൊലീസ് മുന്നിലെത്തിയത്. പൊലീസിന്റെ ഗൗരവമില്ലാതെ, തമാശകളിലൂടെയും ട്രോളുകളിലുടെയും സന്ദേശങ്ങളും ബോധവൽക്കരണവും നടത്തിയാണു പേജ് ഹിറ്റാക്കിയത്.

പേജുകളിൽ വരുന്ന കമന്റുകൾക്കു നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകുന്നതാണു പേജിനെ കൂടുതൽ സ്വീകാര്യമാക്കിയത്. പൊലീസിന്റെ മാർഗ നിർദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക്‌, സൈബർ സംബന്ധമായ ബോധവൽക്കരണവും നിയമ കാര്യങ്ങളും തുടങ്ങി ജനങ്ങൾക്കു പ്രയോജനകരമായ ഒട്ടേറെ വിവരങ്ങൾ നൽകുന്നതിനുവേണ്ടിയാണു ഫെയ്സ്ബുക് പേജ് ആരംഭിച്ചത്. ഫെയ്സ്ബുക് പേജിൽ ട്രോളുകളുടെയും വിഡിയോകളുടെയും രൂപത്തിൽ അവതരിപ്പിച്ച ആശയങ്ങൾക്കു ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു.

കഴിഞ്ഞ മൂന്നു മാസംകൊണ്ടു പേജ് ലൈക്ക് മൂന്നു ലക്ഷത്തോളം കൂടി രാജ്യത്ത് ഒന്നാമതായി. ഇതിനു പിന്നിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്കു ഡിജിപി സർട്ടിഫിക്കറ്റുകൾ നൽകി. പൊലീസ് സേനകളിൽ ന്യൂയോർക്ക് പൊലീസിന്റെ ഫെയ്സ്ബുക് പേജ് മാത്രമാണ് ഇനി ലൈക്കുകളിൽ കേരള പൊലീസിനു മുന്നിലുള്ളത്. സമൂഹ മാധ്യമമായ ട്വിറ്ററിൽ കേരള പൊലീസ് കൂടുതൽ സജീവമാകുമെന്നും ബെഹ്റ പറഞ്ഞു.