Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങള്‍ ഫോണ്‍ ചാര്‍ജു ചെയ്യുന്ന രീതി ശരിയല്ല, ഇനി ഇങ്ങനെ ചെയ്തു നോക്കൂ...

battery

മൊബൈല്‍ ഫോണുകളുടെ വരവോടെ എല്ലാവരുടെയും ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന പണി അന്നന്ന് അവ ചാര്‍ജു ചെയ്യുക എന്നതാണ്. എന്നാല്‍ പല തരം ബാറ്ററികൾ ടെസ്റ്റു ചെയ്യുകയും അവയുടെ പ്രവര്‍ത്തനത്തെയും പറ്റി പഠിക്കുന്ന, കാഡക്‌സിന്റെ (Cadax) പഠനങ്ങള്‍ ശരിയാണെങ്കില്‍ മിക്കവരുടെയും ബാറ്ററി ചാജിങ് രീതി തെറ്റാണ്. 

ബാറ്ററി ചാര്‍ജിങ് എങ്ങനെ വേണം എന്നുള്ളതിനെപ്പറ്റി അംഗീകരിച്ച ഏകാഭിപ്രായം നേരത്തെ ഇല്ല. ഉദാഹരണത്തിന് 30 മുതല്‍ 45 ദിവസത്തിനിടിയലും ഒരിക്കലെങ്കിലും ഐഫോണിന്റെ ബാറ്ററി പൂര്‍ണ്ണമായോ, അതിനടുത്തു വരെയൊ തീർത്ത ശേഷം മുഴുവനായി ചാര്‍ജു ചെയ്യുന്നത് നല്ലതാണെന്ന് ആപ്പിള്‍ പറഞ്ഞിരുന്നെങ്കില്‍, ഒരിക്കലും പൂര്‍ണ്ണമായി ബാറ്ററി തീർക്കരുതെന്നാണ് കൂടുതല്‍ പേരും പറഞ്ഞിരുന്നത്. 

വാട്‌സാപ്പിലും മറ്റും വരുന്ന, രാത്രി മുഴുവന്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്നയാളിനു പരിക്കേറ്റു തുടങ്ങിയ കഥകള്‍ മറന്നുകളയാവുന്നതാണ്. എന്നാല്‍, കാഡക്‌സിന്റെ കീഴിലുള്ള ബാറ്ററി യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് രാത്രി മുഴുവന്‍ ഫോണും ടാബ്‌ലറ്റും ലാപ്‌ടോപ്പുമൊക്കെ ചാര്‍ജു ചെയ്യാനിടുന്നത് നല്ല രീതിയല്ല എന്നാണ്. വല്ലപ്പോഴും ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ തെറ്റില്ല താനും. പക്ഷേ, അതാണു ശീലമെങ്കില്‍ അതു മാറ്റുക തന്നെയാണ് ബാറ്ററിയുടെ ആരോഗ്യത്തിനു നല്ലതെന്നാണ് അവര്‍ പറയുന്നത്. 

battery-low

പിന്നെ എങ്ങനെയാണ് ബാറ്ററി ചാര്‍ജു ചെയ്യേണ്ടത്? ബാറ്ററികള്‍ക്ക് ഓരോ ചെറിയ 'സിപ്പു' നല്‍കുന്നതാണത്രെ മാത്രകാപരമായ ചാര്‍ജിങ്. എന്നു പറഞ്ഞാല്‍ ഇടയ്ക്കിടയ്ക്ക് ഒരു 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്നതാണ് ഒറ്റയടിക്കു ചാര്‍ജു ചെയ്യുന്നതിനേക്കാള്‍ ബാറ്ററിയുടെ മൊത്തം ആരോഗ്യസ്ഥിതിക്കു നല്ലതെന്നാണ് ബാറ്ററി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നിരീക്ഷിക്കുന്നത്. മുന്‍ ധാരണകളെ മാറ്റിമറിക്കുന്നതാണ് ഈ അഭിപ്രായം. നിലനിന്നിരുന്ന ഒരു അഭിപ്രായം ഒരിക്കലും അല്‍പ്പാല്‍പ്പമായി ചാര്‍ജു ചെയ്യരുത് എന്നതായിരുന്നു. 

ബാറ്ററി ജീര്‍ണ്ണിക്കതാരിക്കണമെങ്കില്‍ ബാറ്ററി ഐക്കണ്‍ ചുവപ്പു നിറമായി കഴിഞ്ഞ് ഉപയോഗിക്കാതിരിക്കുക എന്നും അവര്‍ പറയുന്നു. പല ഫോണുകള്‍ക്കും 15 ശതമാനവും ടാബുകള്‍ക്ക് ഏകദേശം 10 ശതമാനവും ആണ്. എപ്പോഴും ബാറ്ററി ഏകദേശം 65 ശതമാനം മുതല്‍ 75 ശതമാനം വരെ ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ് ബാറ്ററിക്ക് ആരോഗ്യകരം. 

ഇങ്ങനെ ഫോണിന് എപ്പോഴും ഒരു സിപ്പ് കൊടുക്കാന്‍ ഞാന്‍ എപ്പോഴും ഇരുന്നു പണി ചെയ്യുന്ന ഒരാളല്ലല്ലൊ എന്നാണ് വാദമെങ്കില്‍ ബാറ്ററി യൂണിവേഴ്‌സിറ്റി പറയുന്നത് അതിനാണ് പവര്‍ ബാങ്കുകള്‍ ഇറക്കുന്നത് എന്നാണ്. 

ബാറ്ററി വിദഗ്ധര്‍ പറയുന്ന മറ്റൊരു കാര്യം ബാറ്ററി ഒരിക്കലും പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യരുതെന്നാണ്. പരമാവധി 95 ശതമാനം വരെയെ ചാര്‍ജ് ചെയ്യാവൂ എന്നാണ് അവര്‍ പറയുന്നത്. ഇന്നത്തെ ലിഥിയം ബാറ്ററികള്‍ 100 ശതമാനം ചാര്‍ജു ചെയ്യേണ്ട കാര്യമില്ല. അത് ആശാസ്യവുമല്ല എന്നാണ് അവര്‍ പറയുന്നത്. ഹൈ വോള്‍ട്ടേജ് ബാറ്ററികളെ ആയാസപ്പെടുത്തുമെന്നാണ് അവരുടെ കണ്ടെത്തല്‍.

smartphone-battery

അപ്പോള്‍ ഇതുവരെ കേട്ടിരുന്നത് 100 ശതമാനം ചാര്‍ജ് ആയാലും ചാര്‍ജര്‍ കണക്ടു ചെയ്തു കിടന്നാല്‍ കുഴപ്പമില്ല എന്നായിരുന്നല്ലൊ, അല്ലെ? അതെ. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ 95 ശതമാനത്തില്‍ എത്തിയപ്പോള്‍ ചാര്‍ജര്‍ ഊരാന്‍ മറന്നു എന്നാണ്. നൂറു ശതമാനം ആയാലും കുഴപ്പമൊന്നുമില്ല. പുതിയ ഫോണുകളിലും മറ്റും ചാര്‍ജര്‍ ഓട്ടോമാറ്റിക്കായി ചാര്‍ജിങ് നിറുത്തും. എന്നാലും, ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത് 100 ശതമാനം ആകുന്നതിനു മുൻപ് ചാര്‍ജര്‍ ഊരുന്നതും അതു പോലെ ചെറിയ ശതമാനം ചാര്‍ജ് എപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നതും ആണെന്ന് ഗവേഷകര്‍ പറയുന്നു. ഫോണിന്റെ ബാറ്ററിയെ സ്‌നേഹിക്കുന്നവര്‍ അല്‍പ്പാല്‍പ്പം ചാര്‍ജ് നല്‍കുന്ന രീതി ശീലിക്കണം എന്നാണ് അവര്‍ നല്‍കുന്ന ഉപദേശം.