Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിലെ ക്യാഷ്‌ലെസ് കണ്ടാൽ ഇന്ത്യൻ ബാങ്കുകൾ വിറയ്ക്കും, അമേരിക്കയ്ക്കും ഭീഷണി

china-cashless

ലോകമെമ്പാടുമുള്ള പരമ്പരാഗത ബാങ്കിങ് മേഖലയെ ഞെട്ടിച്ചാണ് ചൈനീസ് ക്യാഷ്‌ലെസ് വിപ്ലവം പൊടിപൊടിക്കുന്നത്. ഇതിന്റെ അലയൊലികള്‍ താമസിയാതെ എല്ലാ രാജ്യങ്ങളിലും പ്രതിഫലിക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഒരു രംഗം

അമേരിക്കയിലെ പ്രധാനപ്പെട്ട കണ്‍സ്യൂമര്‍ ബാങ്കുകളില്‍ ഒന്നിന്റെ മേധാവി അടുത്തിടെ ഒരു ചൈനാ പര്യടനം നടത്തി. ഷാങ്ഹായ് പട്ടണത്തിലെ തെരുവോര കാഴ്ചകളും ശില്‍പ മികവുമൊക്കെ ആസ്വദിച്ചു നടക്കുമ്പോള്‍ അദ്ദേഹം ഒരു കൂട്ടം കൗമാരക്കാരുടെ ഇടയില്‍ പെട്ടു. തങ്ങളുടെ ഫോണുകളുടെ സ്‌ക്രീനിന്റെ മാസ്മരവലയത്തില്‍പ്പെട്ട് എന്നവണ്ണം നിന്ന അവര്‍ അദ്ദേഹത്തിനു കടന്നു പോകാന്‍ വഴി കൊടുത്തില്ല. അപ്പോഴാണ് അദ്ദേഹം അവരുടെ ചെയ്തികള്‍ ശ്രദ്ധിക്കുന്നത്- കുട്ടികള്‍ ഫോണിലൂടെ മെസേജുകള്‍ അയയ്ക്കുന്നു, ഷോപ്പിങ് നടത്തുന്നു, പരസ്പരം പൈസ കൈമാറ്റം നടത്തുക പോലും ചെയ്യുന്നു. നോട്ടുകള്‍ ഇല്ലാതെ ക്യാഷ്‌ലെസ് ആയാണ് പൈസാ കൈമാറ്റം. അവര്‍ അലിപേ (AliPay), വീചാറ്റ് ആപ്പുകള്‍ ഉപയോഗിച്ചാണ് കാശു കൊടുക്കുന്നതും വാങ്ങുന്നതും. ബാങ്ക് മേധാവിയുടെ ദേഹത്തു കൂടി വിറയോടി. ബാങ്കുകളുടെ ഇടപെടലേ ഇല്ലാതെയാണ് പൈസാ കൈമാറ്റം. 

ലോകമെമ്പാടും ഭാവിയില്‍ ജനങ്ങൾ തമ്മില്‍ പൈസ കൈമാറ്റം നടത്തുന്നത് എങ്ങനെയെന്നു തീരുമാനിക്കുന്നത് ന്യൂയോര്‍ക്കോ, ലണ്ടനോ ആയിരിക്കില്ല- ചൈന ആയിരിക്കും. ചൈനയില്‍ പൈസ കൈമാറ്റം നടത്തുന്നത് അലിപേ, വീചാറ്റ് എന്നീ ആപ്പുകളിലൂടെയാണ്. ഈ കമ്പനികളുടെ ആപ്പുകളാകട്ടെ ഒരേസമയം സോഷ്യല്‍ മീഡിയയുടെ സേവനവും ഷോപ്പിങും ബാങ്കിങും നടത്തുന്നു. കൗമാരക്കാരോ, ചെറുപ്പക്കാരോ മാത്രം എന്ന വേര്‍തിരിവില്ല, ചൈനയിലെ നഗരങ്ങളിലെ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും ശ്രദ്ധ ഈ കമ്പനികള്‍ പിടിച്ചുപറ്റി കഴിഞ്ഞു. ലോകത്തെ ഏറ്റവുമധികം മൂല്യമുള്ള കമ്പനികളുടെ ഇടയിലാണ് അലിപേയുടെയും വീചാറ്റിന്റെയും സ്ഥാനം. 

ചൈനയിലെ പുതിയ പണം കൈമാറ്റ രീതിയുമായി അമേരിക്കയിലെയോ ലോകത്തെ മറ്റു രാജ്യങ്ങളിലെയോ പണമിടപാടു താരതമ്യം ചെയ്യുമ്പോഴല്ലേ പൂച്ച പുറത്തു ചാടുന്നത്- അവിടെയല്ലാം ആളുകള്‍ നടത്തുന്ന ഓരോ പണമിടപാടിനും അവരില്‍ നിന്ന് വെറുതെ പൈസ ഈടാക്കി നിരവധി കമ്പനികള്‍ തിന്നു കൊഴുത്തു കഴിയുന്നു. ചൈനാ സന്ദര്‍ശനത്തിനെത്തുന്ന, പടിഞ്ഞാറു നിന്നുള്ള ബാങ്കിങ് ഉദ്യോഗസ്ഥരും, ക്രെഡിറ്റ് കാര്‍ഡ് എക്‌സിക്യൂട്ടീവുകളും തിരിച്ചു പോകുന്നത് തീവ്രമായ ഉത്കണ്ഠയോടെയാണ്. നാളെ ലോകമെമ്പാടും പൈസയടയ്ക്കല്‍ തങ്ങളുടെ കാര്യമായ ഇടപെടലില്ലാതെ നടന്നേക്കാം. അതും ചുരുങ്ങിയ ചിലവില്‍.

ചൈനയിലെ ഉദ്യോഗസ്ഥരുടെ പൈസ വരുന്നതു നോക്കാം: അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കമ്പനി ഓരോ മാസവും ശമ്പളം നിക്ഷേപിക്കുന്നു. അവര്‍ അത് അപ്പോള്‍ തന്നെ തങ്ങള്‍ക്ക് അക്കൗണ്ടുള്ള അലിപേയുടെയോ വീചാറ്റ് പേയുടെയോ അക്കൗണ്ടിലേക്കു മാറ്റുന്നു. ആപ്പില്‍ നിന്ന് അവര്‍ക്ക് ഓണ്‍ലൈനോ, ഓഫ്‌ലൈനോ ആയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാന്‍ ഉപയോഗിക്കാം. തമ്മില്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യാം. വിദേശത്തേക്ക് പണമയയ്ക്കുകയോ, വിദേശത്തു നിന്നു പോലും സാധനങ്ങള്‍ വരുത്തുകയോ ടൂറിനു പോകുകയോ പോലും ചെയ്യാം. ചുരുക്കി പറഞ്ഞാല്‍ ബാങ്കിന്റെ ഇടപെടല്‍ നാമമാത്രമാണ്.

ഇനി ഇത് അമേരിക്കയിലെയും മറ്റും ജനങ്ങളുടെ രീതിയുമായി താരതമ്യം ചെയ്യാം. ഉദ്യോഗസ്ഥരുടെ പൈസ ബാങ്കിലെത്തുന്നു. അവരത് ക്രെഡിറ്റ് കാര്‍ഡിലൂടെ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഒക്കെ ആപ്പിള്‍ പേ, പേപാല്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികളില്‍ തങ്ങള്‍ക്കുള്ള മൊബൈല്‍ വോലറ്റിലേക്കു നീക്കുന്നു. പൈസ കൈമാറ്റവും ഷോപ്പിങും അടക്കമുള്ള എല്ലാ കാര്യങ്ങളും നടത്തുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഇവിടെയെല്ലാം, കാശു സുരക്ഷിതമായി ഇരിക്കാനാകാണം, ബാങ്കുകളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണു നടക്കുന്നത്. ഇതെല്ലാം ഒഴിവാക്കിയുള്ള കളിയാണ് ചൈനയില്‍ നടക്കുന്നത്. ചൈനയിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ചങ്കു പിടച്ചതില്‍ അദ്ഭുതമില്ല!

എന്നാല്‍ തത്കാലം ഇന്ത്യയിലടക്കം ബാങ്കുകളുടെ തത്സ്ഥതി തുടരുമെന്നത് ബാങ്കുകാര്‍ക്ക് ആശ്വാസകരമായിരിക്കാം. എന്നാല്‍ ചുമരെഴുത്തുകള്‍ അനുകൂലമല്ലെന്നു കാണാം. അലിപേയെയും വീചാറ്റിനെയും പോലെ വിശ്വസനീയമായ സര്‍വീസുകള്‍ നിലവില്‍ വന്നാല്‍ ആളുകള്‍ അങ്ങോട്ടു ചേക്കേറിയാല്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. പരമ്പരാഗത ബാങ്കിങ്ങിലെ നൂലാമാലകളും ചില ബാങ്ക്  ഉദ്യോഗസ്ഥര്‍ പൊതുജനത്തോടു പെരുമാറുന്നതും അടക്കമുള്ള കാര്യങ്ങള്‍ ആളുകളെ കൂടുതല്‍ എളുപ്പമുള്ള രീതികളിലേക്കു തള്ളി വിടും. ഇതാകട്ടെ പരമ്പരാഗത ബാങ്കിങ് മേഖലയുടെ പേക്കിനാവുമായിരിക്കും. ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിനു പോലും പൈസ ഈടാക്കുന്ന ബാങ്കുകള്‍ ലോകത്തുണ്ടെന്നത് അദ്ഭുതപ്പെടുത്തും. മിനിമം ബാലന്‍സ് കുറവ്, അത് ഇത്, എന്നെല്ലാം പറഞ്ഞ് പൊതുജനത്തിനുമേല്‍ മെക്കിട്ടുകയറ്റം നടത്തുന്ന ബാങ്കുകള്‍ ഇനി ശരിക്കും വിറയ്ക്കും.

അമേരിക്കയിലെ വീചാറ്റ് പേയും അലിപേയും ആകാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. ചൈനയിലെ വിജയം എങ്ങനെ അമേരിക്കയില്‍ പ്രാവര്‍ത്തികമാക്കാം എന്നതാണ് അവര്‍ ശ്രദ്ധിക്കുന്ന കാര്യം. ആളുകളുടെ പൈസ കൈകാര്യം ചെയ്യാന്‍ താത്പര്യമുള്ള കമ്പനികളില്‍ ആമസോണും ഫെയ്‌സ്ബുക്കും പോലുമുണ്ട്. വിജയം കൈവരിക്കാനായാല്‍ ചിന്തിക്കാവുന്നതിനപ്പുറത്തായിരിക്കും അവരുടെ നേട്ടങ്ങള്‍. ഇതിലൂടെ വര്‍ഷാവര്‍ഷം പരമ്പരാഗത ബാങ്കുകള്‍ക്ക് പതിനായിരക്കണക്കിനു കോടി ഡോളര്‍ നഷ്ടം വരികയും ചെയ്യാം. 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും മറ്റും ക്യാഷ്‌ലെസ് വിപ്ലവം കാണാന്‍ ചൈനയ്ക്കു പോകേണ്ടതായിട്ടു വരില്ല. കാരണം അത് സ്വന്തം രാജ്യത്തു തന്നെ നടക്കും. ന്യൂയോര്‍ക്കിലെയും മറ്റും പല ടാക്‌സിക്കാരും ഇത്തരം പണമടയ്ക്കല്‍ അംഗീകരിച്ചു കഴിഞ്ഞു. 

ബാങ്കുകള്‍ ഓരോ ഇടപാടുകാരനോടും പെരുമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍ അവര്‍ പുതിയ മേഖലയിലേക്കു കടക്കുന്നതു തടയാനാവില്ല. ഇടപാടുകള്‍ സുഗമമാക്കണം. വെറുപ്പിക്കലുകള്‍ക്ക് അറുതി വരുത്തണം. കസ്റ്റമറാണ് രാജാവ് എന്ന രീതിയിലുള്ള പെരുമാറ്റവും ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവണം. അല്ലാത്തവര്‍ ഇരിക്കുന്ന കമ്പു മുറിച്ചു കളിക്കുന്നവരായിരിക്കും. സംശയിക്കേണ്ട! സമൂല മാറ്റം വന്നില്ലെങ്കില്‍ വീഴും! ഇന്ത്യയില്‍ മുകേഷ് അംബാനിയുടെ ജിയോ പോലെയുള്ള കമ്പനികളായിരിക്കാം ബാങ്കുകള്‍ക്ക് ഭീഷണിയാകുക.