Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടടിയില്‍ ചൈനയ്ക്ക് ഹിഡൻ അജൻഡ; ഇന്ത്യയിൽ സംഭവിച്ചത് മറ്റൊന്ന്

yuan-rupee

ഇന്ത്യയുടെ കറൻസി അച്ചടിക്കാൻ ചൈനയ്ക്ക് കരാർ ലഭിച്ചെന്ന റിപ്പോർട്ടാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം. ചൈനയിൽ ഇന്ത്യൻ നോട്ടുകൾ അടിച്ചാൽ കള്ളനോട്ടടി പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം എളുപ്പമായി തീരുമെന്ന ആരോപണവുമായി ശശി തരൂർ എംപി രംഗത്തെത്തുകയും ചെയ്തു. ആരോപണം ആർബിഐ നിഷേധിച്ചു.

എന്നാൽ ഇന്ത്യ കൂടാതെ മറ്റു രാജ്യങ്ങളുടെ കറന്‍സികളും ചൈനയിൽ അച്ചടിക്കുന്നുണ്ടെന്നാണ് വിവരം. നേപ്പാൾ, തായ്‌ലൻഡ്, ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടും. ലഭ്യമായ റിപ്പോർട്ട് പ്രകാരം 140 രാജ്യങ്ങൾക്ക് വേണ്ടി കറന്‍സി പ്രിന്റ് ചെയ്യാനോ, അല്ലെങ്കിൽ സാങ്കേതിക സഹായമോ ചൈന നൽന്നുണ്ടെന്നാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ നേപ്പാൾ ഉൾപ്പെടെയുളള രാജ്യങ്ങളുടെ കറൻസികൾ വലിയ തോതിൽ പ്രിന്റ് ചെയ്യാൻ ചൈനീസ് കമ്പനികൾ തുടങ്ങിയത്. എന്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കീഴിലുളള ചൈനയെ നയിച്ചതെന്ന് അന്വേഷിച്ചാൽ ഒരുപക്ഷേ ഞെട്ടും. ചൈനയിൽ ഡിജിറ്റൽ പണമിടപാടുകൾ കുത്തനെ കൂടിയതോടെ പ്രാദേശിക കറൻസി അടിക്കുന്നതിൽ കുത്തനെ കുറവ് വന്നു. ലോകത്ത് കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ കറന്‍സി നോട്ടുകൾ 50 ശതമാനം കുറച്ചുവെന്നും ഭൂരിഭാഗം പേരും ഡിജിറ്റൽ പെയ്മെന്റിലേക്ക് മാറിയെന്നുമാണ്. ഇതോടെ കറൻസി അച്ചടി മേഖല സ്തംഭിച്ചു.

ചൈനീസ് കറൻസി നോട്ടുകൾ അടിക്കുന്നത് കുറ‍ഞ്ഞതോടെ ചൈനീസ് പ്രസ്സുകൾ പൂട്ടലിന്റെ വക്കിലെത്തിയിരുന്നു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിക്ക പ്രസ്സുകളിലെയും ജീവനക്കാരെ പിരിച്ചുവിടലിലേക്ക് നീങ്ങി. ഇതോടെയാണ് ചൈന മറ്റു രാജ്യങ്ങൾക്കും കുറഞ്ഞ നിരക്കിൽ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്തു കൊടുക്കാൻ തീരുമാനിച്ചത്. പുതിയ നോട്ടുകളലെ അത്യാധുനിക ഫീച്ചറുകളെല്ലാം കുറഞ്ഞ നിരക്കിലാണ് ചൈനയിൽ പ്രിന്റ് ചെയ്യുന്നത്. കറൻസികളിലെ കളർഡാൻസിങ് ഹോളോഗ്രാം ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രിന്റ് ചെയ്യുന്ന ടെക്നോളജിയും ചൈനയുടെ കൈവശമുണ്ട്.

ശരിക്കും രാജ്യത്തെ കറൻസി നോട്ടടിയുടെ ഗണ്യമായ കുറവാണ് മറ്റു രാജ്യങ്ങളുടെ കറൻസി അച്ചടിച്ചു നൽകാനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നിൽ. സുസജ്ജമായ അച്ചടിശാലകള്‍ ചലനാത്മകമാക്കുകയും ഒപ്പം ജീവനക്കാരുടെ ജോലി നിലനിർത്തുകയും ചെയ്യുകയാണ് ഇതുവഴി ചൈനീസ് സർക്കാർ ചെയ്യുന്നത്. 

ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനു കീഴിലുള്ള എല്ലാ അച്ചടിശാലകളും നിലവിൽ പൂർണ തോതിലാണ് പ്രവർത്തിക്കുന്നത്. മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ള ഓർഡറുകള്‍ തന്നെയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലൊരു തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ നിലവിലുള്ള സൗകര്യങ്ങളുടെയും അധ്വാനത്തിന്‍റെയും വലിയൊരു പങ്ക് ഉപയോഗശൂന്യമായി പോകുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പുറത്തുവരുന്ന നോട്ടുകളുടെ സംഖ്യ കണക്കിലെടുത്താൽ ലോകത്തില്‍ ഏറ്റവും കൂടുതൽ കറൻസി അച്ചടിക്കുന്നത് തങ്ങളാണെന്ന് ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷന്‍റെ അവകാശവാദം. 18,000 ത്തിലധികം ജീവനക്കാരാണ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്നത്. പത്ത് അച്ചടിശാലകളാണ് കോർപ്പറേഷന് കീഴിലുള്ളത്. യുഎസിലെ കറൻസി അച്ചടി വിഭാഗമായ യുഎസ് ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്‍റിങിൽ ഇതിൽ പത്തിലൊരു ശതമാനം ജീവനക്കാർ മാത്രമെയുള്ളൂ. ലോകത്തിലെ രണ്ടാമത്തെ വലിയ കറൻസി അച്ചടി വിഭാഗമായ ബ്രിട്ടനിലെ ദെലാറൂവിൽ കഴിഞ്ഞ വർഷം അവസാനത്തെ കണക്കുകൾ പ്രകാരം 3,100 ജീവനക്കാർ മാത്രമാണുള്ളത്. 

മൊബൈൽ വഴിയുള്ള പണമിടപാട് വർധിച്ചതോടെയാണ് കറൻസിക്ക് ആവശ്യക്കാർ കുറഞ്ഞത്. വലിയ നഗരങ്ങൾ തൊട്ട് ഗ്രാമീണമേഖലകളിൽ വരെ സ്മാർട് ഫോൺ പഴ്സിന്‍റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ കറൻസി അച്ചടിശാലകളും ഭീഷണി നേരിട്ടു തുടങ്ങി. ആഭ്യന്തര വിപണിയിലെ പണമിടപാടിലെ പത്തു ശതമാനം മാത്രമാണ് 2016ൽ കറൻസി വഴി നടന്നത്. നിലവിലെ കണക്കുകൾ ഇതിലും വലിയ ഇടിവ് സൂചിപ്പിക്കുന്നവയാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞ വർഷം തീർത്തും മോശമായിരുന്നുവെന്നും പ്രത്യേകിച്ച് പണിയൊന്നുമുണ്ടായിരുന്നില്ലെന്നും ജിയാങ്സു പ്രവിശ്യയിലെ അച്ചടിശാലയിലെ ഒരു ജീവനക്കാരൻ പറഞ്ഞു. വിവാഹക്ഷപത്രികകളും ഡ്രൈവിങ് ലൈസൻസുകളും അച്ചടിച്ചാണ് അക്കാലത്ത് പിടിച്ചു നിന്നത്.

2015ൽ നേപ്പാളിനു വേണ്ടിയാണ് ചൈന ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിന്‍റെ കറൻസി അച്ചടിച്ചത്. പിന്നീടത് സജീവമായി. നാട്ടിൽ അനാവശ്യ വിവാദങ്ങളുണ്ടാകുമെന്ന ഭീതിയും ദേശീയസുരക്ഷക്ക് ഭീഷണിയാകുമോയെന്ന ആശങ്കയും മൂലം ചൈനയിൽ കറൻസി അച്ചടിക്കുന്ന വിവരം പരസ്യമാക്കരുതെന്ന് അഭ്യർഥിച്ച സർക്കാരുകളുമുണ്ട്. ഒരു രാജ്യത്തിന്‍റെ പരമാധികാരമായ കറൻസി അച്ചടിക്കാൻ അവസരം ലഭിക്കുന്നത് വിശ്വാസം വളർത്താൻ സഹായകരമാകുമെന്നാണ് ചൈനയുടെ നിലപാട്. സാമ്പത്തികമായി രാജ്യാന്തരതലത്തിൽ പല മാറ്റങ്ങളും നടന്നുവരികയാണെന്നും ചൈനയുടെ മേധാവിത്വത്തിന് ഇത് കരുത്തേകുമെന്നുമുള്ള വിലയിരുത്തലും അന്യ രാഷ്ട്രങ്ങളുടെ കറൻസി അച്ചടിക്കുന്നതിന് പിന്നിലുണ്ട്. 

നോട്ട് നിരോധനത്തെ തുടർന്ന് സമ്പൂർണ ഡിജിറ്റൽവത്ക്കരണം ലക്ഷ്യമായി പ്രഖ്യാപിച്ച മോദി സർക്കാർ കറൻസി നോട്ട് അച്ചടി ചൈനക്ക് കൈമാറുന്നതിലെ വൈരുധ്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൈനയെ പോലെ ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കുകയാണെങ്കിൽ കറൻസിയുടെ ആവശ്യകത ഗണ്യമായി കുറയ്ക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ക്യാഷ്‌ലെസ് വന്നപ്പോൾ ചൈനയില്‍ സംഭവിച്ചതെന്ത്? ഇന്ത്യയിലോ?

അമേരിക്കയിലെ പല മെട്രോ സ്‌റ്റേഷനുകളിലും കാണുന്ന കാഴ്ചയുണ്ട്- തന്റെ ഗിറ്റാര്‍ മീട്ടുന്ന ആര്‍ട്ടിസ്റ്റും അയാളുടെ തുറന്നു വച്ചിരിക്കുന്ന ഗിറ്റാര്‍ കെയ്‌സും. ഗിറ്റാര്‍ കെയ്‌സിലേക്ക് കേള്‍വിക്കാര്‍ പൈസ ഇടും. സമാനമായ ഒരു രംഗം ചൈനയില്‍ കണ്ട ഒരു പത്രപ്രവര്‍ത്തകന്‍ അമ്പരന്നു നിന്നു. അവിടെ തുറന്നിരിക്കുന്ന ഗിറ്റാര്‍ കെയ്‌സില്ലെന്നു തന്നെയല്ല, ആരും പാട്ടുകാരനു നോട്ടുകളോ നാണയങ്ങളോ ഇട്ടു കൊടുക്കുന്നുമില്ല. പകരം ഓരോ പാട്ടും കഴിയുമ്പോള്‍ പാട്ടുകാരന്റെ കൂട്ടുകാരായി എത്തിയിരിക്കുന്ന ആരെങ്കിലും രണ്ടു ക്യൂആര്‍ കോഡിന്റെ (QR code) ചിത്രങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. പാട്ടുകാരനു പൈസ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ക്യുആര്‍ കോഡിനു നേരെ പിടിച്ച് പൈസ കൈമാറും! ഇന്ത്യയിലെ കാര്യം പോട്ടെ, അമേരിക്ക, യൂറോപ്പ് എന്നിവർക്ക് സാധിക്കാത്ത രീതിയില്‍ ചൈന ക്യാഷ്‌ലെസ് ആയി കഴിഞ്ഞിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഈ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍, ചൈന മറ്റു രാജ്യങ്ങളെക്കാള്‍ സാങ്കേതികതയിൽ ബഹുദൂരം മുന്നിലാണെന്നു പറയാം.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ നോട്ടു നിരോധന സമയത്ത് കൊച്ചിയില്‍ ഏകദേശം 11 ശതമാനം പേരാണ് പൂര്‍ണ്ണമായും ക്യാഷ്‌ലെസ് ഇടപാടുകള്‍ക്ക് താൽപര്യം കാണിച്ചതത്രെ. അതേസമയം, ചൈനയിലെ നഗരങ്ങളില്‍ 92 ശതമാനം പേരും ക്യാഷ്‌ലെസ് ആണെന്നും കണക്കുകള്‍ പറയുന്നു. ഇത്തരക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയുമാണ്. ആരെങ്കിലും പേഴ്‌സും പണവുമായി വന്നാലാണ് ഇപ്പോള്‍ ചൈനയിലെ കടക്കാര്‍ക്കും മറ്റും പ്രശ്‌നം. ക്യാഷ്‌ലെസ് ആയാല്‍ പല ഗുണങ്ങളും ഉണ്ട്. ഉദാഹരണത്തിന് മുകളില്‍ കണ്ട പാട്ടുകാരന് നമ്മള്‍ അഞ്ചു രൂപ കൊടുക്കാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. പോക്കറ്റില്‍ തപ്പി നോക്കിയപ്പോള്‍ 50 രൂപ നോട്ടില്‍ കുറഞ്ഞതൊന്നും ഇല്ല. എന്നാല്‍, മൊബൈല്‍ പെയ്‌മെന്റില്‍ എത്ര ചെറിയ തുകയും നല്‍കാം. ചൈനയിലെ നഗരങ്ങളില്‍ എല്ലാ കച്ചവടക്കാരും തന്നെ ക്യാഷ്‌ലെസ് ആണ്. വന്‍കിട കടകള്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാരും നിരത്തിലിരുന്നു കച്ചവടം ചെയ്യുന്നവരും വരെ ക്യാഷ്‌ലെസ് ആയി കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും, ക്യാഷ്‌ലെസ് പെയ്‌മെന്റ് സിസ്റ്റം പൂര്‍ണ്ണമായും കുറ്റമറ്റതുമല്ല.

ചൈനയിലെ സാഹചര്യം

ചൈനയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു കാലത്തും പച്ച പിടിച്ചില്ല. അവിടുത്തെ സർക്കാർ ബാങ്കിങ് രീതികളും സാമൂഹികമായ ചില സവിശേഷതകളുമെല്ലാം മറ്റു രാജ്യങ്ങളിലേതു പോലെ ക്രെഡിറ്റ് കാര്‍ഡുകള്‍ ജനസമ്മതി നേടുന്നതില്‍നിന്നു തടഞ്ഞു.

അലിബാബയുടെ മൊബൈല്‍ പെയ്‌മെന്റ് സംവിധാനമായ അലിപേ (AliPay) അവതരിപ്പിച്ചത് 2004ല്‍ ആണെന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തിന്റെ കാരണങ്ങളിലൊന്ന് പിടികിട്ടും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവര്‍ ജനങ്ങളുടെ താൽപര്യം പിടിച്ചുപറ്റി. അവര്‍ക്ക് ഇപ്പോള്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. സർക്കാർ ബാങ്കുകളില്‍ ഇടപാടുകള്‍ക്കായി പോകാനുള്ള ഇഷ്ടക്കുറവും ഒരു ക്രെഡിറ്റ് കാര്‍ഡ് നേടാന്‍ വേണ്ട നടപടികളും വച്ചു നോക്കിയാല്‍ ആരാണെങ്കിലും അലിപേയില്‍ ചേര്‍ന്നു പോകും വിധം ലളിതമായിരുന്നു അവരുടെ ഇടപെടല്‍. ഇത് ചൈനക്കാരുടെ സ്‌നേഹം പിടിച്ചുപറ്റി. പിന്നീട് എത്തിയതാണ് വീചാറ്റ് പേ (WeChat Pay). ലോകപ്രശസ്തമായ വീചാറ്റ് ആപ് സൃഷ്ടാക്കള്‍, ആപ്പിനുള്ളില്‍ തന്നെ പൈസ നല്‍കാനുള്ള അവസരമൊരുക്കിയാണ് ചൈനയിലെ യുവതയെ ആകര്‍ഷിച്ചത്. വളരെകാലം ചൈനയിലെ ഏറ്റവും ജനപ്രീതിയുള്ള ആപ്പായിരുന്നു വീചാറ്റ്. പെയ്‌മെന്റ് ഓപ്ഷന്‍ 2014ല്‍ ആണ് അവര്‍ അവതരിപ്പിച്ചത്. നമ്മള്‍ ആദ്യം കണ്ട തെരുവോര പാട്ടുകാരന്റെ കൂട്ടുകാര്‍ ഉയര്‍ത്തികാണിച്ച രണ്ടു ക്യൂആര്‍ കോഡുകള്‍ അലിപേയുടെയും വീചാറ്റ് പേയുടെയുമായിരുന്നു. വിചാറ്റ് പേയ്ക്ക് ചൈനയില്‍ 900 മില്ല്യന്‍ ഉപയോക്താക്കള്‍ ഉണ്ടെങ്കില്‍, അലിപേയുടെ സര്‍വീസ് 500 മില്ല്യന്‍ ആളുകള്‍ എല്ലാ മാസവും ഉപയോഗിക്കുന്നു. ഇവരുടെ ഉപയോക്താക്കള്‍ എല്ലാവരും ചൈനാക്കാരാണ്. ആപ്പിളിന്റെ, ആപ്പിള്‍പേയ്ക്ക് ആഗോള തലത്തില്‍ ഇതുവരെ 127 മില്ല്യന്‍ ഉപയോക്താളെ ഉള്ളൂവെന്നു പറഞ്ഞാല്‍ സംഗതിയുടെ കിടപ്പു പിടികിട്ടുമല്ലോ. ആപ്പിള്‍ പേ പുതിയ എല്ലാ ഐഫോണിലും ഇന്‍സ്റ്റോളു ചെയ്താണ് എത്തുന്നതെന്നും ഓര്‍ക്കുക. ബെയ്ജിങിലെ ചില കഫേകളില്‍ റജിസ്റ്ററുകള്‍ ഇല്ല. അവിടെ ക്യൂആര്‍ കോഡ് സ്‌കാനറുകള്‍ മാത്രമേയുള്ളൂ. അവര്‍ മൊബൈല്‍ പെയ്‌മെന്റ് മാത്രമേ സ്വീകരിക്കൂ. ചൈനക്കാരായ കുട്ടികളില്‍ പൈസ ഉപയോഗിച്ചിട്ടുള്ളവര്‍ കുറയും.

എങ്ങനെയാണ് ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്നത്?

ഫോണ്‍ ക്യാമറകള്‍ക്കു സ്‌കാന്‍ ചെയ്യാവുന്ന കോഡുകളാണ് ഇവ. കാര്‍ഡുകളോ കാര്‍ഡ് റീഡറുകളോ ആവശ്യമില്ല. പകരം കച്ചവടക്കാര്‍ അലിപേയിലോ, വീചാറ്റ് പേയിലോ ഒരു അക്കൗണ്ട് എടുക്കുന്നു. അവര്‍ക്ക് ഒരു ക്യൂആര്‍ കോഡ് ലഭിക്കുന്നു. അതിന്റെ പ്രിന്റ് ഒരു പേപ്പറിലോ കാര്‍ഡിലോ എടുക്കുക. പ്രിന്റുകളായിരിക്കും എല്ലാ കടകളിലും പതിപ്പിച്ചിരിക്കുക. ഫോണ്‍ ക്യാമറ ഈ കോഡിന്റെ നേരെ പിടിച്ച് കാശടയ്ക്കാന്‍ പുതിയ തലമുറയിലെ കുട്ടികള്‍ മാത്രമല്ല മിടുക്കര്‍. നഗരങ്ങളിലെ മിക്ക ചൈനാക്കാരും അതു പഠിച്ചു കഴിഞ്ഞു. മറിച്ചും ചെയ്യാം. നമുക്കു കാശു തരാന്‍ ശ്രമിക്കുന്നയാളുടെ ക്യൂആര്‍ കോഡ് നമുക്കു തന്നെ സ്‌കാന്‍ ചെയ്തും പൈസ സ്വീകരിക്കാം.

ക്യാഷ്‌ലെസ് അല്ലേ നല്ലത്?

സ്വകാര്യതയാണ് പ്രധാന പ്രശ്‌നം. ചൈനക്കാരെ പറ്റി അലിബാബയുടെയും വീചാറ്റിന്റെയും കൈയ്യിലുള്ള വിവരങ്ങള്‍ കണ്ട്, ഡേറ്റ ചോർത്തലിന്റെ തമ്പുരാക്കന്മാരായ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും വരെ വായില്‍ വെള്ളമൂറുന്നു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. (ഇന്ത്യയിലെ പ്രധാന ക്യാഷ്‌ലെസ് പെയ്‌മെന്റ് കമ്പനിയായ പേടിഎം (Paytm) ഉപയോക്താക്കളുടെ ഡേറ്റയിലേക്ക് നോക്കാന്‍ മറ്റുളളവരെ അനുവദിച്ചു എന്ന ആരോപണം ഇപ്പോള്‍ ഇന്ത്യയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണല്ലോ.)

ഒരു സുപ്രഭാതത്തിൽ രാജ്യത്തെ കറൻസി നോട്ടുകളെല്ലാം പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തിലല്ല ചൈനയിൽ ക്യാഷ്‌ലെസ് വന്നിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ക്യാഷ്‌ലെസിലേക്ക് തിരിക്കാൻ ഏറ്റവും മികച്ച മാതൃക ചൈന തന്നെയാണ്. വിപണിയിലെ മുക്കാൽ ഭാഗം കറൻസികളും പിൻവലിച്ചാൽ ക്യാഷ്‌ലെസ് വരുമെന്നാണ് കേന്ദ്ര സർക്കാർ കരുതിയത്. എന്നാൽ അതൊരു വൻ പരാജയമായിരുന്നു. ‌ മൊബൈല്‍ പെയ്‌മെന്റില്‍ നിന്നു ലഭിക്കുന്ന ചെറിയ ലാഭത്തെക്കാളേറെ ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് അലിബാബയും വീചാറ്റും ചെയ്യുന്നതത്രെ. എന്തിനും ഏതിനും ഉപയോക്താക്കള്‍ ഈ കമ്പനികളുടെ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അതിവിശദമായി തന്നെ ഓരോ ഉപയോക്താവിനെയും ഈ കമ്പനികള്‍ക്ക് അറിയാനാകുന്നു. മെസേജിങ്ങിന്, ടാക്‌സി വിളിക്കാന്‍, എന്തും വാങ്ങാന്‍, പരസ്പരം പണം കൈമാറാന്‍ തുടങ്ങി എല്ലാ കാര്യത്തിലും ഈ ആപ്പുകളെ ആശ്രയിക്കുന്നതിനാല്‍ ഉപയോക്താക്കളെ അനാരോഗ്യകരമെന്നു വേണമെങ്കില്‍ വിളിക്കാവുന്ന രീതിയില്‍ ഈ കമ്പനികള്‍ക്ക് അടുത്തറിയാം. ഈ പ്രൊഫൈലുകള്‍ വിറ്റു കാശാക്കുകയും ചെയ്യാം. ഉദാഹരണത്തിന് കൊച്ചു കുട്ടിയ്ക്കു വേണ്ട ഉടുപ്പുകള്‍ ഉപയോക്താവു വാങ്ങുമ്പോള്‍ മുതല്‍ കൈക്കുഞ്ഞിനു വേണ്ട സാധനങ്ങളുടെ പരസ്യം അയാള്‍ക്കു അയയ്ക്കാന്‍ കമ്പനികള്‍ക്കാകും. അങ്ങനെ ചെയ്യുന്നത് എന്തിനെക്കുറിച്ചും ഈ കമ്പനികള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ചൈനയില്‍ തുടങ്ങിയിരിക്കുന്നത് മറ്റൊരു തരം പണം കൈമാറ്റ രീതിയാണോ? ഇതായിരിക്കുമോ പരമ്പരാഗത ബാങ്കിങ് രീതിയുടെ ഒടുക്കത്തിന്റെ തുടക്കം. 

related stories