കറൻസി വിലക്കിയപ്പോൾ സ്വീഡനിൽ സംഭവിച്ചത് നാളെ ഇന്ത്യയിലും?

കാഷ്‌ലെസ് സമൂഹവും സ്വീഡനും തമ്മില്‍ എന്താണു ബന്ധം? ലോകത്ത് ആദ്യമായി പൂര്‍ണമായും കാഷ്‌ലെസ് ആകാന്‍ പോകുന്ന രാജ്യം സ്വീഡനാണെന്നതാണ് അത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അവര്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. കൂടാതെ, ആ റെക്കോർഡ് തങ്ങള്‍ക്കായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ വേണ്ട കാര്യങ്ങള്‍ നീക്കുന്നുമുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് എന്തുകൊണ്ട് സമീപകാലത്തെങ്ങും പൂര്‍ണമായും കാഷ്‌ലെസ് ആകാനാകില്ലെന്നു മനസ്സിലാക്കിത്തരുന്ന ചില പാഠങ്ങളുമുണ്ട്.

സ്വീഡനിലെ മിക്കവാറും ബാങ്കുകളെല്ലാം പേപ്പര്‍പണം കൈകാര്യം ചെയ്യുന്നതു നിർത്തി. പണം കൗണ്ടർവഴി കൊടുക്കാനോ വാങ്ങാനോ ആവില്ല. സ്വീഡന്‍കാരില്‍ ഏകദേശം നാലിലൊന്നു പേർ മാത്രമേ തങ്ങള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും പേപ്പർപണം ഉപയോഗിച്ചുവെന്നു പറയൂ. സ്വീഡനിലെ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കു പ്രകാരം റീട്ടെയ്ല്‍ ബിസിനസില്‍, 2010 ല്‍ ഏകദേശം 40 ശതമാനം കാഷ് കച്ചവടമായിരുന്നു നടന്നിരുന്നതെങ്കില്‍ ഇന്നത് ഏകദേശം 15 ശതമാനമായി താണു. മിക്ക ആളുകളും മൊബൈല്‍ ഫോണോ കാർഡോ ഉപയോഗിക്കുന്നു. ലോകത്തെ ആദ്യത്തെ പരിപൂര്‍ണ കാഷ്‌ലെസ് രാജ്യമെന്ന ട്രോഫിക്കായുള്ള സ്വീഡന്റെ കണ്ണും പൂട്ടിയുള്ള കുതിപ്പിനിടയില്‍ ഇപ്പോള്‍ ചിലര്‍ക്കെങ്കിലും സന്ദേഹമുയര്‍ന്നു കഴിഞ്ഞു; ഈ നീക്കത്തില്‍ പരുക്കേല്‍ക്കാവുന്ന ആളുകളുണ്ടെന്ന്.

ഉദാഹരണത്തിന്, പ്രായമായവര്‍. സ്വീഡിഷ് നാഷനല്‍ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ വക്താവ് ഒലാ നില്‍സണ്‍ പറഞ്ഞത് ‘പേപ്പര്‍ കറന്‍സി ഉപയോഗിക്കാന്‍ സ്വീഡനില്‍ അവകാശമുള്ള കാലത്തോളം, ആളുകള്‍ക്ക് അത് ഉപയോഗിക്കാന്‍ സാധിക്കണം.’ എന്നാണ്. അവരുടെ സംഘടനയില്‍ 350,000 മെംബര്‍മാരുണ്ട്. ‘ഞങ്ങള്‍ കാഷ്‌ലെസ് സമൂഹത്തിന് എതിരല്ല. പക്ഷേ, അതിനായി ഇത്ര വേഗം നീങ്ങുന്നത് വേണ്ടന്നു വയ്ക്കണം’ അവര്‍ പറഞ്ഞു.

കാശുപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാവുന്ന കാലത്തോളം അങ്ങനെ ചെയ്യാനാണ് തന്റെ താത്പര്യമെന്നും അതില്ലാതാകുന്ന കാലത്തെ താന്‍ ഭയക്കുന്നുവെന്നുമാണ് 73 കാരിയായ മജ്‌ലിസ് ജോണ്‍സണ്‍ പറഞ്ഞത്. പരിചയമില്ലാത്ത സ്ഥലത്ത് കാര്‍ഡ് ഉപയോഗിക്കാന്‍ തനിക്കു പേടിയാണ് എന്നാണ് മുന്‍ അധ്യാപിക കൂടിയായ അവര്‍ പറയുന്നത്. (ഇന്ത്യയിലെ എത്ര ശതമാനം പേരുടെ മനോവികാരമായിരിക്കും ഇതെന്ന് ആലോചിച്ചു നോക്കുക). വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ലാത്തതിനാലും ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ പേടിയുള്ളതിനാലും തന്റെ ജീവിതം ചെലവേറിയതായിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ബാങ്കുകള്‍ കാഷ് ട്രാന്‍സ്ഫറിന് കൂടുതല്‍ പണമീടാക്കാന്‍ തുടങ്ങി എന്നതാണ് അതിന്റെ ഒരു കാരണം.

അടുത്ത കാലത്ത് ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ മറ്റൊരാളെ സമീപിച്ചതിലും അവര്‍ക്കു നഷ്ടം സംഭവിച്ചെന്ന് ഓര്‍ത്തെടുക്കുന്നു. സഹായിച്ചയാളിനും പൈസ നല്‍കേണ്ടി വന്നു. ‘അയാള്‍ പറഞ്ഞത് ഇതെല്ലാം എനിക്കു തന്നെ ഇന്റര്‍നെറ്റില്‍ ചെയ്യാവുന്നതേയുള്ളു എന്നാണ്. എന്നാല്‍ എനിക്കത് അറിയില്ല’- അവര്‍ പറഞ്ഞു.

എന്നാല്‍ മജ്‌ലിസിനെപ്പോ‌ലെയുള്ളവർ ന്യൂനപക്ഷമാണെന്നാണ് യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പതിനാറിനും 74 നും ഇടയില്‍ പ്രായമുള്ള ഏകദേശം 85 ശതമാനം സ്വീഡന്‍കാര്‍ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നവരാണ്. യൂറോപ്യന്‍ യൂണിയനിൽ ശരാശരി 51 ശതമാനവും ബ്രിട്ടനില്‍ 68 ശതമാനവും പേർ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നു.

എന്നാല്‍, കാഷ്‌ലെസ് ആകാന്‍ സാധിക്കാത്തവരുടെ ഭാവിയെക്കുറിച്ചുള്ള ഭീതിയും തങ്ങള്‍ സമൂഹത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന തോന്നലും പേടിപ്പിക്കുന്നതാണ് എന്നാണ് പെന്‍ഷന്‍കാരുടെ സംഘടന പറയുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനാകാത്തവരുടെ ജീവിതം ചിലവേറിയതാകുന്നു എന്നത് മറ്റൊരു ഗുരുതരമായ പ്രശ്‌നമാണ്. ‘പ്രായമായവര്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനുള്ള പരിശീലനം നല്‍കണം. അതിന് ബാങ്കുകള്‍ തന്നെ മുന്‍കൈ എടുക്കണം’ - സംഘടനയുടെ വക്താവു പറഞ്ഞു. സ്വീഡനിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ എസ്ഇബിക്ക് 118 ശാഖകളാണുള്ളത്. ഇവയില്‍ 7 എണ്ണത്തില്‍ മാത്രമേ ഇപ്പോള്‍ പേപ്പര്‍ കറന്‍സി സ്വീകരിക്കൂ. എന്നാല്‍, മുതിര്‍ന്നവരുടെയും മറ്റും നിര്‍ഭാഗ്യകരമായ അവസ്ഥ മനസ്സിലാക്കി അവരെ സഹായിക്കാന്‍ ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്. അടുത്ത നടപടിക്രമം എന്താണെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുന്നവരുടെ അടുത്തേക്ക് ബാങ്കിന്റെ സ്റ്റാഫ് എത്തി സഹായിക്കുന്ന പ്രവണത സമീപകാലത്ത് കൂടുതലായിരിക്കുന്നു എന്നത് സ്വീഡന്റെ, ആദ്യ സമ്പൂര്‍ണ കാഷ്‌ലെസ് രാജ്യമെന്ന പേര് നേടാനുള്ള ശ്രമത്തിന് ആക്കം കൂട്ടും. എന്നാല്‍, കൂടുതല്‍ കറന്‍സി കൊണ്ടുവന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാകാത്തവരെ സഹായിക്കുക എന്നതില്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നുമുണ്ട്.

തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്ന് വിശ്വസിച്ചു മുന്നേറുമ്പോള്‍ സ്വീഡന്‍കാര്‍ ഇതുവരെ ആരും പരിഗണിക്കാത്ത മറ്റൊരു പ്രശ്‌നവും കണ്ടെത്തിയിരിക്കുന്നു. സ്വീഡനിലെ റിക്‌സ്ബാങ്കിന്റെ (Riksbank) ഗവര്‍ണര്‍ സ്‌റ്റെഫാന്‍ ഇന്‍ഗ്വെസ് (Stefan Ingves) പറയുന്നത്, നാണയങ്ങളും നോട്ടുകളും പൂര്‍ണമായും ഒഴിവാക്കിയാല്‍, യുദ്ധം പോലെയൊരു പ്രശ്‌നം നേരിടേണ്ടിവരുമ്പോൾ രാജ്യത്ത് ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നാണ്.

സ്വീഡന്‍കാര്‍ പൊതുവെ എല്ലാറ്റിലും പരിപൂര്‍ണ വിശ്വാസമര്‍പ്പിക്കുന്ന തരക്കാരാണ്. എന്നാല്‍, സമീപകാലത്തുണ്ടായ ഫെയ്‌സ്ബുക്-കേംബ്രിജ് അനലിറ്റിക്ക വിവാദം പോലെയുള്ള കാര്യങ്ങള്‍ എന്തുകൊണ്ട് ഡിജിറ്റല്‍ ഇടപാടുകളെ അന്ധമായി വിശ്വസിക്കരുതെന്നും അവരെ പഠിപ്പിച്ചിരിക്കുന്നുവത്രെ.

ഇതെല്ലാം പരിഗണിച്ച് സ്വീഡന്റെ പാര്‍ലമെന്ററി കമ്മിഷന്‍ ഇപ്പോള്‍ ഇക്കാര്യത്തിൽ ഒരു ഗൗരവമുള്ള അവലോകനം നടത്തുകയാണ്. റിപ്പോര്‍ട്ട് ഈ വര്‍ഷം തന്നെ സമര്‍പ്പിക്കും. പക്ഷേ, പൊതുവെയുള്ള അഭിപ്രായം കാഷ്‌ലെസ് ആകുക എന്നത് അനിവാര്യമാണ് എന്നാണ്.

സ്വീഡന്‍ പോലയൊരു രാജ്യത്ത് കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍, ഇന്ത്യയില്‍ പ്രായമായവരും നിരക്ഷരരും ജീവിക്കരുത് എന്നാഗ്രഹിക്കുന്നവര്‍ക്കു മാത്രമേ നോട്ടുകളെല്ലാം ഉടനെ പിന്‍വലിച്ചു കാഷ്‌ലെസ് ആകണമെന്നു ശാഠ്യം പിടിക്കാനാകൂ. വൈദ്യുതി എത്താത്ത ഗ്രാമങ്ങളും നിരക്ഷരരായ ഗ്രാമീണരും ഇനിയും ഫോണോ കാര്‍ഡോ ഉപയോഗിച്ചിട്ടില്ലാത്ത പാവങ്ങളും ഇന്ത്യയുടെ ഭാഗമാകരുതെന്ന ആഗ്രഹവും ഉണ്ടാകാം. ഒരു യുദ്ധമോ മറ്റോ വന്ന് ബാങ്കിങ്ങും ഇന്റര്‍നെറ്റും താറുമാറായാല്‍ സ്വയം ഒടുങ്ങാനുള്ള വിശാലമനസ്‌കത, ഉടന്‍ കാഷ്‌ലെസ് ആകണമെന്നു പറയുന്നവരില്‍ കാണാമെന്നത് വിസ്മരിക്കുന്നുമില്ല!