കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം കൂട്ടി; സാംസങ് ടിവി നിർമ്മാണം നിർത്തുന്നു

ഇകല്ട്രോണിക് ഭീമൻമാരായ സാംസങ് ഇന്ത്യയിലെ ടെലിവിഷൻ നിർമാണം നിർത്താനൊരുങ്ങുന്നു. ടെലിവിഷൻ പാനൽ നിർമാണത്തിന് ആവശ്യമായ ഒരു പ്രധാന ഘടകത്തിനും മറ്റു ചില ഭാഗങ്ങൾക്കും സർക്കാർ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം. രാജ്യത്ത് വിയറ്റ്നാമിൽ നിന്നും ടെലിവിഷൻ യൂണിറ്റുകൾ ഇറക്കുമതി ചെയ്യാനാണ് പദ്ധതി.

ചെന്നൈയിലാണ് സാംസങിന്‍റെ ടിവി നിർമാണ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏതാണ്ട് മൂന്നു ലക്ഷം യൂണിറ്റുകളാണ് ഇവിടുത്തെ ഉൽപാദന ശേഷി. ഉൽപാദനം ഗണ്യമായി കുറച്ച് കാലക്രമേണ നിർമാണം തന്നെ നിർത്തലാക്കാനുള്ള പദ്ധതി പ്രാദേശികമായി നിർമാണ സാമഗ്രികളെത്തിക്കുന്നവരുമായി സാംസങ് പങ്കുവച്ചു കഴിഞ്ഞതായാണ് സൂചന.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈൽ ഫോൺ നിർമാണം ഗണ്യമായി വർധിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് മാസങ്ങൾക്കകമാണ് ടെലിവിഷൻ നിർമാണം അവസാനിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച സൂചന പുറത്തുവന്നിട്ടുള്ളത്. പ്രതിവർഷ നിർമാണം 68 ദശലക്ഷത്തിൽ നിന്നും 120 ദശലക്ഷമായി ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ–ഇന്നും പങ്കെടുത്ത ചടങ്ങിൽ പ്രഖ്യാപനം ഉണ്ടായത്. 

ടെലിവിഷൻ പാനൽ നിർമാണത്തിനുള്ള പ്രധാനപ്പെട്ട ഘടകമായ ഓപ്പൺ സെല്ലിന് പത്തു ശതമാനം ഇറക്കുമതി ചുങ്കമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ടെലിവിഷൻ നിർമാതാക്കളുടെ ശക്തമായ വിയോജിപ്പ് കണക്കിലെടുത്ത് ഇതിൽ കുറവു വരുത്തിയെങ്കിലും നിലവിലുള്ള നികുതിയും കൂടുതലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണെന്നും ടെലിവിഷൻ നിർമാണ യൂണിറ്റ് പൂട്ടുന്നതു സംബന്ധിച്ച തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും സാംസങ് പ്രതികരിച്ചു.