Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓൺലൈനിൽ നാളെ പലതും സംഭവിക്കും; ജനാധിപത്യ രാജ്യങ്ങൾ തകരും’

mark-sundar

ജനാധിപത്യത്തിന്റെ ഭാവി അവതാളത്തിലാക്കുന്ന രീതിയിലാണ് ഓൺലൈൻ വഴി വ്യാജ വാര്‍ത്ത പ്രചരിക്കുന്നതെന്നാണ് ബ്രിട്ടനിലെ പാര്‍ലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തൽ. കാര്യങ്ങള്‍ നേരെയാകണമെങ്കില്‍ സർക്കാരുകള്‍ അതിവേഗം ഫെയ്‌സ്ബുക്, ഗൂഗിൾ, ട്വിറ്റർ പോലെയുള്ള കമ്പനികള്‍ക്ക് മൂക്കുകയറിടണം. അവരെ കൂടുതല്‍ ഉത്തരവാദിത്വമുളളവരാക്കുകയും നിരന്തരം അവരുടെ അല്‍ഗോറിതങ്ങളുടെ കണക്കെടുപ്പു നടത്തുകയും വേണം. ഇതാണ് ബ്രിട്ടനിലെ ഡിജിറ്റല്‍, കള്‍ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട് കമ്മറ്റിയുടെ സുദീര്‍ഘമായ റിപ്പോര്‍ട്ട് പറയുന്നത്. ഫെയ്‌സ്ബുക്കില്‍ നടത്തുന്ന സ്വകാര്യ പോസ്റ്റുകള്‍ പോലും നിരവധി കമ്പനികള്‍ വിശകലനം ചെയ്യുന്നുണ്ടെന്നറിയുക. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പിന്റെ കാര്യത്തിലും വലിയ മാറ്റമുണ്ടാകാനിടയില്ല.

ഗൂഗിളും ഫെയ്‌സ്ബുക്കുമൊക്കെ കേന്ദ്രീകരിച്ചിരിക്കുന്ന അമേരിക്കയിലെ സിലിക്കന്‍വാലിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ അടി എന്നാണ് ഈ റിപ്പോര്‍ട്ടിനെ അന്നു വാഷിങ്ടണ്‍ പോസ്റ്റ് വിളിച്ചത്. രാജ്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇനിയും ഈ കമ്പനികളെ നിലയ്ക്കു നിർത്താനാകുമെന്നു തന്നെയാണ് പറയുന്നത്. ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത ജനങ്ങളെ മുക്കുപണ്ടം കാണിച്ച് അവരുടെ വരുതിയിലാക്കുകയും ചെയ്തികള്‍ മുഴുവന്‍ ഓരോ നിമിഷവും നിരീക്ഷിച്ച്, എല്ലാത്തരം പ്രവൃത്തികളും രേഖപ്പെടുത്തുകയും ചെയ്യുന്ന ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ രാജ്യങ്ങള്‍ ഒരുമിക്കുമോ എന്നാണ് കണ്ടറിയേണ്ടിയിരിക്കുന്നത്.

ആപ്പിള്‍ കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും, ഇപ്പോഴത്തെ തലവന്‍ ടിം കുക്കും പുതിയ കമ്പനികളുടെ ചെയ്തിയെ മര്യാദകേടെന്നു വിളിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആസക്തിപിടിച്ചു നടക്കുന്ന ശാരാശരിക്കാരനൊ, എന്തിന് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്യാനെത്തിയ അമേരിക്കയിലെ പാര്‍ലമെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്കു പോലുമോ ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു.

കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി എംപി ഡെയ്മിയന്‍ കോളിന്‍സ് നേതൃത്വം നല്‍കുന്ന 'വീരന്മാരുടെ ഈ കൊച്ചു സംഘം' എന്നു വിശേഷിപ്പിക്കപ്പെട്ട ഈ കമ്മിറ്റി ഫെയ്‌സ്ബുക്കിന്റെ ഡേറ്റാ ഖനനം, തിരഞ്ഞെടുപ്പുകളില്‍ റഷ്യയുടെ ഇടപെടല്‍, ബ്രെക്‌സിറ്റില്‍ (Brexit) മറിഞ്ഞ പൈസയെ പറ്റിയുള്ള കാര്യങ്ങളൊക്കെ പരിഗണിക്കുന്നുണ്ട്. ധാരാളം പ്രമുഖരെ അഭിമുഖ സംഭാഷണം നടത്തിയാണ് അവരുടെ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കമ്മിറ്റിക്കു മുൻപില്‍ ഹാജരാകാന്‍ പറഞ്ഞെങ്കിലും ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തിയില്ല. പകരം കമ്പനിയിലെ ഏതാനും ഉദ്യോഗസ്ഥരെ അയയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. അടുത്ത തവണ ബ്രിട്ടനില്‍ കാലുകുത്തുമ്പോള്‍ സക്കര്‍ബര്‍ഗ് തങ്ങള്‍ക്കു മുൻപില്‍ ഹാജരാകണമെന്ന് ആജ്ഞാപത്രം ഇറക്കുമെന്നാണ് കമ്പനി ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഇതുവരെ പറയാത്ത മറ്റൊരു കാര്യത്തിനും ഊന്നല്‍ നല്‍കുന്നു. സ്വകാര്യ ഡേറ്റാ ഖനനവും അതിന്റെ ദുരുപയോഗവുമാണ് അടുത്ത കാലം വരെ എല്ലാവരും എടുത്തു പറഞ്ഞിരുന്നത്. എന്നാല്‍, ഫെയ്‌സബുക്കിനെ പോലെയുള്ള കമ്പനികള്‍ക്ക് വളരെ സൂക്ഷ്മമായി ഒരാളുടെ പേടികളെയും മുന്‍വിധികളെയും ദുരാഗ്രഹങ്ങളെയും ഉദ്വീപിപ്പിക്കാനാകുമെന്ന് ആരോപണമുണ്ട്. ഓരോ രാജ്യത്തെയും തിരഞ്ഞെടുപ്പിനെ രാജ്യത്തിനകത്തു തന്നെയുള്ളവര്‍ക്കോ, സ്വകാര്യ കമ്പനികള്‍ക്കോ, അല്ലെങ്കില്‍ ചില സംഘടനകള്‍ക്കോ എല്ലാം നിഷ്പ്രയാസം മാറ്റിമറിക്കാനാകുമെന്നതാണ് ഈ കമ്മിറ്റിയുടെ ഏറ്റവും വലിയ കണ്ടെത്തൽ. ചിലപ്പോള്‍ രാജ്യത്തിനു വെളിയിലുള്ള ശക്തികള്‍ക്കും വോട്ടര്‍മാരെ സ്വാധീനിക്കാനാകും. ഇതാകട്ടെ, ശരിക്കും ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ ആണികളായി തീരും. ഇന്ത്യ ഉൾപ്പടെയുള്ള ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് വരെ അട്ടിമറിക്കാൻ ഫെയ്സ്ബുക്കും ഗൂഗിളും കരുതിയാൽ നടക്കുമെന്ന് ചുരുക്കം.

നുണകളില്‍ പൊതിഞ്ഞ വ്യാജ വാര്‍ത്തകള്‍ വാസ്തവത്തില്‍ താരതമ്യേന ചെറിയൊരു ആഘാതമേ ഏല്‍പ്പിക്കുന്നുള്ളൂവെന്നാണ്. അതിലേറെ പ്രശ്‌നം പക്ഷപാതപരമായ കാര്യങ്ങള്‍, അവ വ്യാജമായിരിക്കണമെന്നില്ല, നിരന്തരം വളച്ചൊടിച്ച് ആളുകളിലേക്കു തിരുകിക്കൊണ്ടിരിക്കാന്‍ എളുപ്പമാണ്. ഇതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് അമേരിക്കയിലെ ഡേറ്റാ ഗവേഷകരെയും ഇന്റര്‍വ്യൂ ചെയ്ത ശേഷം കോളിന്‍സ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ സാധാരണഗതിയില്‍ ആളുകള്‍ അവഗണിക്കുകയായിരിക്കും ചെയ്യുക. അത്രയ്ക്കു പ്രാധാന്യമേ അവയ്ക്കുള്ളു. എന്നാല്‍ അവ ഇടതടവില്ലാതെ വരുമ്പോള്‍ അത് ഉപയോക്താക്കളെ ബാധിക്കും. ഇതാകട്ടെ, ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍, സുഗമവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയാതെ വരികയും അതിലൂടെ ജനാധിപത്യ രാജ്യങ്ങള്‍ നിലംപൊത്തുകയും ചെയ്യാം. വാട്‌സാപ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ തന്നെത്തേടി വരുന്ന സന്ദേശങ്ങള്‍ എന്തുകൊണ്ടാണ് തനിക്കു ലഭിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കാറുണ്ടോ? അവ ആരാണ് സൃഷ്ടിക്കുന്നതെന്ന് ആലോചിക്കാറുണ്ടോ? ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം.

റഷ്യക്കാരുടെ പ്രവര്‍ത്തന രീതിയെയും കോളിന്‍സ് വിമര്‍ശിക്കുന്നുണ്ട്. അവര്‍ പടച്ചു വിടുന്ന സന്ദേശങ്ങള്‍ അതതു രാജ്യത്തെയാളുകള്‍ അയയ്ക്കുന്നതാണെന്നു തോന്നിപ്പിക്കുന്ന രീതിയിയിലാണ് എത്തുന്നതെന്നതാണ്. ഇതൊന്നും ആര്‍ക്കും തിരിച്ചറിയാനാകില്ല. മറ്റു രാജ്യങ്ങളിലിരുന്നു പോലും ഇന്ന് തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാം.

എല്ലാ സർക്കാരുകളും തിരഞ്ഞെടുപ്പു നിയമങ്ങള്‍ പുതുക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. ഇതിലൂടെ ആധുനിക പ്രചാരണ രീതികളെ വരുതിയില്‍ കൊണ്ടുവരിക. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഒരു പ്രത്യേക ടെക് കമ്പനിയിലൂടെ എന്തെങ്കിലും വ്യാജ പ്രചാരണം നടന്നാല്‍ അതിന് അവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്ന കൃത്യമായ സന്ദേശം നല്‍കുക. ഇതു ലംഘിക്കപ്പെട്ടാല്‍ കമ്പനി മേധവിക്കു ശിക്ഷ കൊടുക്കുന്ന രീതിയിലായിരിക്കണം നിയമങ്ങള്‍. അങ്ങനെ മാത്രമേ വിനാശകരവും നിയമപരമല്ലാത്ത ഉള്ളടക്കമുള്ളതുമായ സന്ദേശങ്ങളുടെ പ്രചാരണം തടയാനാകൂ. ഒരു പത്രത്തില്‍ വരുന്ന കാര്യങ്ങളെ പറ്റി പത്രങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്നറിയാമല്ലോ. എന്നാല്‍, എന്തും പ്രസിദ്ധീകരിക്കാവുന്ന രീതിയിലാണ് ഇന്നു സാമൂഹ്യമാധ്യമങ്ങള്‍. തൽപര കക്ഷികള്‍ ഇടുന്ന തോന്ന്യാസ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ സാമൂഹ്യ മാധ്യമങ്ങളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് ഒരു വഴി. തങ്ങളുടെ സൈറ്റില്‍, അല്ലെങ്കില്‍ ആപ്പില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അവരെക്കൂടെ ഉത്തരവാദികളാക്കുന്ന തരത്തിലുള്ള ഒരു പൊളിച്ചെഴുത്താണ് വേണ്ടതെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്.

ജര്‍മനിയിലെ ചില നഗരങ്ങളില്‍ വെറുപ്പു പരത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യപ്പെട്ടാല്‍ അത് എടുത്തു മാറ്റാനുള്ള സമയം 24 മണിക്കൂറാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ 60 മില്ല്യന്‍ ഡോളറാണ് പിഴ. ഈ നിയമം വന്നതിനുശേഷം ഫെയ്‌സ്ബുക്കിന് രാജ്യാന്തര തലത്തിലുള്ളതില്‍ ആറിലൊന്നു മധ്യസ്ഥര്‍ (moderator) ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്. ഇത് കാണിച്ചുതരുന്നത് ഇത്തരം നിയമങ്ങള്‍ വച്ചാല്‍ അതു പാലിക്കപ്പെടുമെന്നു തന്നെയാണ്.

സ്വകാര്യ കമ്പനികളുടെ സാമ്പത്തികമല്ലാത്ത കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശവും രാജ്യങ്ങള്‍ക്കു വേണം. അവരുടെ അല്‍ഗോറിതങ്ങള്‍ എഡിറ്റു ചെയ്യാനുള്ള അവകാശവും നിയമനിര്‍മാണത്തിലൂടെ കൊണ്ടുവരണം. നിയമ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഫെയ്‌സ്ബുക്കിന്റെ പോളിസി വൈസ് പ്രസിഡന്റ് റിച്ചെഡ് അലനും പറയുന്നത് അത്തരം നിയമങ്ങള്‍ വരണമെന്നു തന്നെയാണ്. ഫെയ്‌സ്ബുക്കിലെ പരസ്യം ചെയ്യല്‍ രീതികള്‍ ഇപ്പോഴെ തങ്ങള്‍ സുതാര്യമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മോശം പോസ്റ്റുകള്‍ ഏറ്റവും വേഗത്തില്‍ നീക്കം ചെയ്യാനുള്ള ടെക്‌നോളജിയില്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ സർക്കാരുമൊത്തും ഇലക്‌ഷന്‍ കമ്മിഷനുമൊത്തും പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയാറാണെന്നും അലന്‍ പറഞ്ഞു.

രാജ്യങ്ങളില്‍ സ്വതന്ത്രമായ കാര്യങ്ങള്‍ നടക്കണമെന്നില്ല എന്നതിന്റെ ഒരു തെളിവാണ് ബ്രെക്സിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടൻ വെളിയില്‍ വന്ന ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് കൂടാതെ ധാരാളം പൈസയും ഇറങ്ങിയിട്ടുണ്ടെന്നാണ് കിട്ടിയിരിക്കുന്ന അറിവ്. ഈ പൈസയുടെ ഉറവിടം പോലും ഇപ്പോള്‍ അജ്ഞാതമാണ്.

ഈ അന്വേഷണം തുടങ്ങിയിട്ട് 18 മാസമായിരിക്കുന്നു. ഇടക്കാല റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൂക്ഷ്മതലത്തില്‍ ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നു പറയുന്നതില്‍ കഴമ്പുണ്ടോ എന്നു ചോദിച്ചപ്പോള്‍ കോളിന്‍സ് പറഞ്ഞത്- അങ്ങനെ ഇല്ലെങ്കില്‍ ആരെങ്കിലും കോടിക്കണക്കിനു ഡോളര്‍ അതിനു വിനിയോഗിക്കുമോ എന്നാണ്. ഇന്ത്യയും സൈബര്‍ നിയമങ്ങള്‍ കാലോചിതമായി ബലവത്താക്കാനുളള ശ്രമത്തിലാണല്ലൊ.