Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ഗൂഗിളിനെതിരെ കണ്ണുരുട്ടി, പിച്ചൈ പാഞ്ഞെത്തി

trump=and-pichai Sundar Pichai & Donald Trump

അമേരിക്കന്‍ കോണ്‍ഗ്രസ് വിളിച്ച മീറ്റിങില്‍ ഗൂഗിള്‍ പ്രതിനിധികള്‍ എത്തിയില്ല. ഗൂഗിളിന്റെ പിതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ മേധാവികളായ സേര്‍ഗായ് ബ്രിന്നോ, ലാറി പെയ്‌ജോ, ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ മേധാവിയായ സുന്ദര്‍ പിച്ചൈയോ എത്തേണ്ടിയിരുന്ന മീറ്റിങിലേക്ക് അവര്‍ പ്രതിനിധികളെ പോലും അയച്ചില്ല. ഈ മീറ്റിങ്ങില്‍, ട്വിറ്ററിനു വേണ്ടി മേധാവി ജാക് ഡോര്‍സെയും, ഫെയ്‌സ്ബുക്കിനുവേണ്ടി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനു തൊട്ടു താഴെയുള്ള എക്‌സിക്യൂട്ടീവ് ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും ഹാജരായി. കോണ്‍ഗ്രസ് പ്രതിനിധികള്‍ ഗൂഗിളിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സേര്‍ച് എഞ്ചിനെ നോട്ടമിട്ടിരിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കോപം തങ്ങളുടെ അടിത്തറ മാന്തിയേക്കാം എന്ന സന്ദേശം ഗൂഗിളിന് വ്യക്തമായതോടെ, രംഗം തണുപ്പിക്കാന്‍ പിച്ചൈ വാഷിങ്ടണില്‍ പാഞ്ഞെത്തി കോണ്‍ഗ്രസ് പ്രതിനിധികളെക്കണ്ടു. 

താന്‍ ട്രംപ് വിളിക്കുമ്പോഴും ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ബിസിനസ് രീതികള്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ പഠിച്ചു വരികയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ആഴത്തില്‍ വേരാഴ്ത്തിയാണ് ഇരു കമ്പനികളും തങ്ങളുടെ ബിസിനസ് നടത്തുന്നത്. തങ്ങളുടെ സര്‍വീസ് ഫ്രീയായി നിലനിര്‍ത്താന്‍ ഇതാണു മാര്‍ഗം എന്നാണ് ഇരു കമ്പനികളും ഇതുവരെ എടുത്ത നിലപാട്. 

ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ ഈ കമ്പനികള്‍ രേഖപ്പെടുത്തി വയ്ക്കുക മാത്രമല്ല പരസ്യക്കാര്‍ക്കു വിറ്റും കാശുണ്ടാക്കുന്നുണ്ട് എന്നതാണ് ഇവയ്‌ക്കെതിരെയുള്ള മുഖ്യ ആരോപണം. ഉപയോക്താക്കളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ വരെ പിടിച്ചെടുക്കുകയും അവ രേഖപ്പെടുത്തിവയ്ക്കുകയും ഗവേഷണത്തിനായി ഉപയോഗിക്കുകയും അതൊന്നും കൂടാതെ പരസ്യ കമ്പനികള്‍ക്ക് വിറ്റു കാശാക്കുകയും ചെയ്യുന്നു എന്ന ആരോപണം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. ഈ കമ്പനികള്‍ എതിരാളികളെ വളരാന്‍ അനുവദിക്കുന്നില്ല എന്നകാര്യവും അവര്‍ പരിഗണിക്കുന്നുണ്ട്. 

ഗൂഗിള്‍ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ടുകളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നുണ്ടോ എന്ന സംശയവും ട്രംപ് ഉയര്‍ത്തിയിരുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കെതിരായി ഗൂഗിള്‍ നിലപാടെടുത്തിരിക്കാം എന്ന സംശയമാണ് ഗൂഗിള്‍ മേധാവിയെ മീറ്റിങ്ങിലേക്കു വിളിക്കാനുണ്ടായ കാരണം. 

ഗൂഗിള്‍ വീണ്ടും ചൈനയിലേക്കു പോകാന്‍ ഒരുങ്ങുന്നു തുടങ്ങിയ കാര്യങ്ങളും ഇപ്പോള്‍ അമേരിക്കയെ ആശങ്കാകുലമാക്കുന്നുണ്ട് എന്നും വാര്‍ത്തകള്‍ പറയുന്നു. ഗൂഗിളിന്റെ ജനപ്രീതിയുള്ള മറ്റു സര്‍വീസുകളായ ജിമെയിൽ‍, യൂട്യൂബ്, ക്രോം വെബ് ബ്രൗസർ‍, ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയും എതിരാളികളെ വളരാന്‍ അനുവദിക്കാതിരിക്കുന്നുണ്ടോ എന്നും അമേരിക്ക പരിശോധിക്കുന്നു. പിച്ചൈയുമായുള്ള മീറ്റിങ്ങ് ഫലവത്തായിരുന്നു എന്ന് ചില റിപ്പബ്ലിക്കന്‍ നിയമനിർമാതാക്കള്‍ പറഞ്ഞു. ചില സ്വകാര്യ കമ്പനികള്‍ ജനാധിപത്യത്തിനു പോലും ഭീഷണിയായിരിക്കുന്നുവെന്ന് പല രാജ്യങ്ങളും മനസിലാക്കി വരികയാണ്.