അസാധാരണ പ്രതിഷേധവുമായി ഗൂഗിൾ ജീവനക്കാർ

സേർച്ച് ലോകത്തെ അതികായരായ ഗൂഗിള്‍ അടുത്തകാലത്തായി കടന്നു പോകുന്നത് ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ്. ലൈംഗികാതിക്രമ ആരോപണങ്ങളിൽ കമ്പനി കൈകൊള്ളുന്ന ഇര വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജീവനക്കാരിൽ തന്നെ ഉരുതിരിയുന്ന പ്രതിഷേധമാണ് കമ്പനിയുടെ താളം തെറ്റിക്കുന്നത്. ആരോപണവിധേയർക്കു വിരമിക്കൽ പാക്കേജോടു കൂടി മാന്യമായ വിടവാങ്ങലിനു വേദിയൊരുക്കിയതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ജീവനക്കാരിൽ തന്നെ അസംതൃപ്തി ഉടലെടുത്തു തുടങ്ങിയത്.

സ്ഥിതിഗതികൾ ശാന്തമാക്കാൻ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അസാധാരണമായ പ്രതിഷേധത്തിന് ഗൂഗിളിന്‍റെ ലോകമെമ്പാടുമുള്ള ഓഫീസുകൾ ഇന്നലെ സാക്ഷിയായി. ഓഫീസുകൾ വിട്ടിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയാണ് ജീവനക്കാർ തങ്ങളുടെ വികാരം പ്രകടമാക്കിയത്. സിംഗപ്പൂർ, സൂറിച്ച്, ലണ്ടൻ, ടോക്കിയോ, ബർളിൻ, ന്യൂയോർക്ക് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിൾ ഓഫീസുകളിലെ ജീവനക്കാർ പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നു. വനിതാ ജീവനക്കാരായിരുന്നു ഇവരിൽ ഭൂരിഭാഗവും.

ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള സമൂലമായ മാറ്റമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. നിർബന്ധിതമായ ഒത്തുതീർപ്പെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ ഇരകളെ ഇതു സഹായിക്കും.

ആൻഡ്രോയ്ഡിന്‍റെ പിതാവെന്നു അറിയപ്പെടുന്ന ആന്‍ഡി റൂബിനെ പുറത്താക്കിയത് ജീവനക്കാരികളിൽ ഒരാളോട് ഹോട്ടൽ മുറിയിൽ വച്ച് പ്രകൃതി വിരുദ്ധ സെക്സ് നടത്തിയതിനാണെന്നും 90 ദശലക്ഷം ഡോളർ (ഏകദേശം 660.20 കോടി രൂപ) നൽകിയാണ് 2014ൽ അദ്ദേഹത്തെ ഗൂഗിൾ യാത്രയാക്കിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇതോടെ പരസ്യ ക്ഷമാപണവുമായി സുന്ദർ പിച്ചൈ തന്നെ രംഗതെത്തുകയും ചെയ്തു. പരസ്യ പ്രതിഷേധത്തിന് ജീവനക്കാർ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തു വന്നതോടെയാണ് ഇ–മെയിൽ സന്ദേശത്തിലൂടെ ജീവനക്കാരോട് പിച്ചൈ ക്ഷമാപണം നടത്തിയത്.

അതേസമയം, ഗൂഗിളിന്‍റെ പരീക്ഷണ വിഭാഗമായ ആൾഫബെറ്റ് എക്സിലെ ഡയറക്ടറായ റിച്ചാര്‍ഡ് ഡിവോൾ വിരമിക്കൽ പാക്കേജ് കൂടാതെ രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ സ്ഥാനം പിടിച്ച പ്രധാനികളിൽ ഒരാളായിരുന്നു ഡിവോള്‍. ഗൂഗിളിൽ അഭിമുഖത്തിനെത്തിയ തന്നോട് ഡിവോൾ‌ അപമര്യാദയായി പെരുമാറിയതായി ഒരു യുവതി ആരോപിച്ചിരുന്നു. ഡിവോൾ പിന്നീട് മാപ്പു പറഞ്ഞെങ്കിലും തുടർ നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജീവനക്കാർക്കിടയില്‍ തന്നെ ശക്തമാകുന്ന എതിർപ്പുകള്‍ കണക്കിലെടുത്ത് ലൈംഗികാരോപണങ്ങളിലെ നിലപാട് മാറ്റാൻ ഗൂഗിൾ തയാറാകുന്നതിന്‍റെ സൂചനയായാണ് ഡിവോളിന്‍റെ രാജി വിലയിരുത്തപ്പെടുന്നത്.