ക്യാഷ്‌ലെസ് നടപ്പിലാക്കാൻ ചൈന ചെയ്തതെന്ത്? ഇന്ത്യയിലോ?

ഒരു സമ്പൂര്‍ണ്ണ ക്യാഷ്‌ലെസ് സമൂഹം എന്ന സ്വപ്‌നം ഇന്ത്യയ്ക്ക് അടുത്ത കാലത്തെങ്ങും യാഥാര്‍ഥ്യമാക്കാനാകില്ലെന്നു വാദിക്കുന്നവരുണ്ട്. കാരണം, വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ക്കും സാക്ഷരതയില്ലാത്ത ജനങ്ങള്‍ക്കും ക്യാഷ്‌ലെസ് ഇന്ത്യയില്‍ സ്ഥാനമുണ്ടാവില്ല എന്നതു തന്നെ. എന്നാല്‍ സ്മാര്‍ട് ഫോണുമായി നടക്കുന്ന പുതിയ തലമുറയെ ക്യാഷ്‌ലെസ് ആക്കാന്‍ നോട്ടു നിരോധനത്തെക്കാള്‍ നല്ലത് അയല്‍ രാജ്യമായ ചൈനയിലേക്കു നോക്കുന്നതായിരുന്നു നല്ലതെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്ത്യ മാത്രമല്ല ക്യാഷ്‌ലെസ് ആകാന്‍ ആഗ്രഹിക്കുന്ന പടിഞ്ഞാറന്‍ നാടുകളും ചൈനയിലേക്കു നോക്കണമെന്ന അഭിപ്രായക്കാരാണ് ചില ടെക് വിദഗ്ധര്‍.  ക്യാഷ്‌ലെസ് ലക്ഷ്യമിട്ടാണ് രാജ്യത്തെ ഭൂരിഭാഗം നോട്ടുകളും പിൻവലിച്ചതെങ്കിൽ മോദി സർക്കാർ ചൈനയിലെ ക്യാഷ്‌ലെസ് സമൂഹത്തെ പഠിക്കേണ്ടിയിരുന്നു. അവിടെ പണം പിൻവലിച്ചാണോ ക്യാഷ്‌ലെസ് നടപ്പിലാക്കിയത് ?

ചൈനയിലെ കുട്ടികള്‍ കാശു സൂക്ഷിക്കാൻ പേഴ്‌സ് വാങ്ങിയിട്ടില്ല. മുതിര്‍ന്ന തലമുറയിലെ ആളുകള്‍ പേഴ്‌സ് ഉപയോഗിച്ചിരുന്നു. ചൈനയിലെ ഹെനാന്‍ (Henan) പ്രവശ്യയിലെ പച്ചക്കറി മാര്‍ക്കറ്റിലെത്താം. ഇവിടേക്ക് കച്ചവടക്കാര്‍ സാധനങ്ങളെത്തിക്കുന്നത് കഴുത വണ്ടിയിലാണ്. കഴുതയുടെ കഴുത്തില്‍ ഉടമയുടെ ക്യൂആര്‍ കോഡുകള്‍ (QR code) തൂക്കിയിട്ടിരിക്കും. സാധനങ്ങള്‍ വാങ്ങുന്നവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നു. ചില കച്ചവടക്കാര്‍ നോട്ടുമായി വരുന്നവര്‍ക്ക് സാധനങ്ങള്‍ നല്‍കുക പോലുമില്ല! ഇവിടത്തെ ടെക്കി കഴുതകളെ കണ്ട് താന്‍ അന്തിച്ചുനിന്നു പോയതായാണ് ചൈനക്ക് പുറത്തു നിന്നെത്തിയ മാധ്യമപ്രർത്തകൻ പറഞ്ഞത്.

ഭക്ഷണം കഴിക്കാനോ, ഇലക്ട്രോണിക് സാധനങ്ങളോ പലചരക്കോ എല്ലാം വാങ്ങാനൊ ചൈനക്കാര്‍ വീചാറ്റ് പേയുടെയോ അലിപേയുടെയോ ആപ്പിലൂടെയാണ് പണം നല്‍കുന്നത്. വീചാറ്റ് പേ ചൈനീസ് ടെ്കനോളജി ഭീമന്‍ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കില്‍ അലിപേ, അധികാമാരും കേട്ടിട്ടില്ലാത്ത ആന്റ് ഫിനാന്‍ഷ്യലിന്റെ (Ant Financial) കീഴിലുള്ളതാണ്.

എങ്ങനെയാണ് ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്നത്?

ഫോണ്‍ ക്യാമറകള്‍ക്കു സ്‌കാന്‍ ചെയ്യാവുന്ന കോഡുകളാണ് ഇവ. കാര്‍ഡുകളോ കാര്‍ഡ് റീഡറുകളോ ആവശ്യമില്ല. പകരം കച്ചവടക്കാര്‍ അലിപേയിലോ, വീചാറ്റ് പേയിലോ ഒരു അക്കൗണ്ട് എടുക്കുന്നു. അവര്‍ക്ക് ഒരു ക്യൂആര്‍ കോഡ് ലഭിക്കുന്നു. അതിന്റെ പ്രിന്റ് ഒരു പേപ്പറിലോ കാര്‍ഡിലോ എടുക്കുക. പ്രിന്റുകളായിരിക്കും എല്ലാ കടകളിലും, കഴുതയുടെ കഴുത്തിലുമൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുക. ഫോണ്‍ ക്യാമറ ഈ കോഡിന്റെ നേരെ പിടിച്ച് കാശടയ്ക്കാന്‍ പുതിയ തലമുറയിലെ കുട്ടികള്‍ മാത്രമല്ല മിടുക്കർ, നഗരങ്ങളിലെ മിക്ക ചൈനക്കാരും അതു പഠിച്ചു കഴിഞ്ഞു. മറിച്ചും ചെയ്യാം. തിരിച്ചു കാശു തരാന്‍ ശ്രമിക്കുന്നയാളുടെ ക്യൂആര്‍ കോഡ് നമുക്കു തന്നെ സ്‌കാന്‍ ചെയ്തും പൈസ സ്വീകരിക്കാം. മക്കവരും ഈ രണ്ട് ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. വീചാറ്റ് പേയ്ക്ക് 1.7 ബില്ല്യന്‍ ഉപയോക്താക്കളാണ് ഉള്ളതെങ്കില്‍, അലി പേയ്ക്ക് ഏകദേശം 700 മില്ല്യന്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ടാക്‌സി വിളിക്കാനും ഡോക്ടറുടെയോ വക്കീലിന്റെയോ സേവനം സ്വീകരിക്കാനുമൊക്കെ ചൈനക്കാര്‍ ഈ രീതിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

പുതിയ കാശടയ്ക്കല്‍ സംവിധാനം ചൈനയിലെത്തുന്നവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. നോട്ടു സ്വീകരിക്കുന്ന സ്ഥലങ്ങള്‍ പരിമിതമാണ് എന്നതാണ് അവര്‍ നേരിടുന്ന പ്രശ്‌നം. ഇത്തരം പെയ്‌മെന്റ് രീതികള്‍ ബ്രിട്ടനിലും മറ്റും പിച്ചവച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പറയുന്നത്. പക്ഷേ, ചൈനയില്‍ ആ വിപ്ലവം സംഭവിച്ചു കഴിഞ്ഞു.

ലോകത്തിനു മാതൃകയാകാവുന്ന പുതിയ ബിസിനസ് രീതിയാണ് ചൈനയുടെ കാശടയ്ക്കല്‍ സംവിധാനമെന്ന് വിലയിരുത്തലുണ്ട്. ഇതു കൊണ്ടുവരാന്‍ ചൈന നോട്ടു നിരോധിക്കാനൊന്നും പോയില്ലെന്നും കാണാം. അതു ചെയ്യാതെ തന്നെ ചൈനയില്‍ ഇപ്പോള്‍ നോട്ട് ആര്‍ക്കും വേണ്ട എന്നുമാത്രം. എന്നാല്‍, വീചാറ്റും അലിപേയും ചൈനയ്ക്കുള്ളില്‍ മാത്രമാണ് നിന്നു കളിക്കുന്നതെന്നത് ചൈനീസ് സർക്കാരിനും ഇഷ്ടക്കുറവുണ്ടാക്കുന്നില്ല എന്നും കാണാം.

ഇത്തരം ഒരു സംവിധാനത്തിന് പോരായ്മകള്‍ ഉണ്ടോ?

ഉണ്ട്. ഇതോടെ ബാങ്കുകളുടെ പ്രസക്തി പാടേ നഷ്ടപ്പെട്ടേക്കാം. ചൈനക്കാരുടെ ശമ്പളവും മറ്റും ബാങ്കിലെത്തുന്നതോടെ അവര്‍ വീചാറ്റിലേക്കും അലിപേയിലേക്കും മാറ്റുന്നു. ഇങ്ങനെ പോയാല്‍ പണമിടപാടില്‍ ബാങ്കുകളുടെ ഇടനില പാടേ ഇല്ലാതായേക്കാം. ഇത് നല്ലതിനോ ചീത്തയ്‌ക്കോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.

മറ്റൊരു കാര്യം സ്വകാര്യതയുടെ പ്രശ്‌നമാണ്. ചൈനക്കാരെ പറ്റി അലിപേയുടെയും വീചാറ്റിന്റെയും കൈയ്യിലുള്ള വിവരങ്ങള്‍ കണ്ട്, ഡേറ്റാ ചോരണത്തിന്റെ തമ്പുരാക്കന്മാരായ ഗൂഗിളിനും ഫെയ്സ്ബുക്കിനും വരെ വായില്‍ വെള്ളമൂറുന്നു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

മൊബൈല്‍ പെയ്മെന്റില്‍ നിന്നു ലഭിക്കുന്ന ചെറിയ ലാഭത്തെക്കാളേറെ ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് അലിപേയും വീചാറ്റും ചെയ്യുന്നതത്രെ. എന്തിനും ഏതിനും ഉപയോക്താക്കള്‍ ഈ കമ്പനികളുടെ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അതിവിശദമായി തന്നെ ഓരോ ഉപയോക്താവിനെയും ഈ കമ്പനികള്‍ക്ക് അറിയാനാകുന്നു. മെസേജിങ്ങിന്, ടാക്സി വിളിക്കാന്‍, എന്തും വാങ്ങാന്‍, പരസ്പരം പണം കൈമാറാന്‍ തുടങ്ങി എല്ലാ കാര്യത്തിലും ഈ ആപ്പുകളെ ആശ്രയിക്കുന്നതിനാല്‍ ഉപയോക്താക്കളെ അനാരോഗ്യകരമെന്നു വേണമെങ്കില്‍ വിളിക്കാവുന്ന രീതിയില്‍ ഈ കമ്പനികള്‍ക്ക് അടുത്തറിയാം. ഈ പ്രൊഫൈലുകള്‍ വിറ്റു കാശാക്കുകയും ചെയ്യാം. ഉദാഹരണത്തിന് കൊച്ചു കുട്ടിയ്ക്കു വേണ്ട ഉടുപ്പുകള്‍ ഉപയോക്താവു വാങ്ങുമ്പോള്‍ മുതല്‍ കൈക്കുഞ്ഞിനു വേണ്ട സാധനങ്ങളുടെ പരസ്യം അയാള്‍ക്കു അയയ്ക്കാന്‍ കമ്പനികള്‍ക്കാകും. അങ്ങനെ ചെയ്യുന്നതെന്തിനെ കുറിച്ചും ഈ കമ്പനികള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍, ഇതായിരിക്കാം പരമ്പരാഗത ബാങ്കിങ് രീതിയുടെ ഒടുക്കത്തിന്റെ തുടക്കമെന്നു വിശ്വസിക്കുന്നവരുമുണ്ട്.

സ്വകാര്യത പ്രശ്‌നമല്ല എങ്കില്‍, പരിപൂര്‍ണ്ണ ക്യാഷ്‌ലെസ് സമൂഹം എന്ന സ്വപ്‌നത്തിനു പകരം ഇത്തരം പെയ്‌മെന്റ് സിസ്റ്റത്തിലൂടെ ഇന്ത്യയിലും വളരെയധികം പേരെ ക്യാഷ്‌ലെസ് ആക്കാന്‍ സാധിക്കാമെന്ന വാദമുണ്ട്.