നോക്കിയ തിരിച്ചു വരുമ്പോൾ തമിഴകത്തിന്റെ അമ്മ ഇല്ല, എല്ലാം മോദിയുമായി സംസാരിച്ചു, ഇളവുകൾ നൽകി

ഒരു കാലത്ത് ടെക്ക് ലോകം അടക്കി ഭരിച്ചിരുന്ന നോക്കിയക്ക് ഏറ്റവും വലിയ നിർമാണ കേന്ദ്രം തുടങ്ങാൻ അനുമതി നൽകിയതും പിന്നീട് പൂട്ടിയപ്പോൾ തുറക്കാൻ ചർച്ചകളുമായി മുന്നിട്ടിറങ്ങിയതും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാണ കേന്ദ്രമായ ചെന്നൈയിലെ പൂട്ടിയ ഫോൺ നിർമാണ പ്ലാന്റ് തുറക്കാൻ അഹോരാത്രം പ്രയത്‌നിച്ച ഭരണാധികാരിയായിരുന്നു ജയലളിത. സംസ്ഥാനത്തെ വലിയൊരു വരുമാന മാർഗം പൂട്ടിയപ്പോൾ ഇളവുകൾ നൽകി പ്ലാന്റ് തുറന്നു മുന്നോട്ടുപോകാൻ ജയലളിത സഹായങ്ങളുമായി രംഗത്തെത്തി.

ലോക വിപണിയിൽ കുത്തനെ താഴോട്ടു പോയ നോക്കിയ ബ്രാൻഡിനെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഫോക്സ്കോൺ. ഫോക്സ്‌കോണിനെ സംബന്ധിച്ചിടത്തോളം പ്ലാന്റിനു നികുതികളും മറ്റു ഇളവുകളും നൽകാമെന്ന ജയലളിതയുടെ വാഗ്ദാനങ്ങൾ വലിയ അനുഗ്രഹമായി. കേന്ദ്രത്തിൽ നിന്നുള്ള ഇളവുകളും ആനുകൂല്യങ്ങളും ഈ പ്ലാന്റിനു ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടു സംസാരിക്കാനും ജയലളിത തയാറായി. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നോക്കിയ ഫോൺ നിർമാണം ഏറ്റെടുത്തിട്ടുള്ള ഫോക്സ്കോൺ ചെന്നൈയിൽ തുടരുമെന്ന് അറിയിച്ചിരുന്നു. പുതിയ ഇളവുകളുടെ ആനുകൂല്യത്തിൽ പ്ലാന്റ് പ്രവർത്തിക്കും.

ഗവർണർ റോസയ്യയും മുഖ്യമന്ത്രി ജയലളിതയുമാണ് പൂട്ടിയ നോക്കിയ പ്ലാന്റ് പുനരാരംഭിക്കാൻ തീവ്രശ്രമം നടത്തിയത്. പ്ലാന്റ് നിലനിർത്താനായി തായ്‌വാനിലെ ഫോക്സ്കോൺ മേധാവികളുമായും ജയലളിത നിയോഗിച്ച ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഇതിനിടെ സർക്കാർ സ്വന്തം നിലയിൽ വരെ പൂട്ടിയ പ്ലാന്റ് തുറന്നു പ്രവർത്തിക്കാൻ ശ്രമം നടത്തി.

പ്ലാന്റ് തുറക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ ഡൽഹിയിൽ പോയി കണ്ടത് ജൂണിലാണ്. പ്ലാന്റ് വീണ്ടും തുറക്കാൻ കേന്ദ്ര നികുതികളിൽ ഇളവു നൽകണമെന്നാണ് ജയലളിത ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് നിവേദനവും മോദിക്ക് കൈമാറി. നികുതി അടക്കാത്തതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്ലാന്റിന്റെ ആസ്തികൾ മരവിപ്പിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കാൻ സഹായിക്കണമെന്നും ജയലളിത മോദിയോടു ആവശ്യപ്പെട്ടു.

2004 ൽ ജയലളിത ഭരിക്കുമ്പോഴാണ് ചെന്നൈയിൽ നോക്കിയ പ്ലാന്റ് തുടങ്ങുന്നത് സംബന്ധിച്ച് ആദ്യ ചർച്ചകൾ നടന്നത്. 2005 ഏപ്രിൽ ആറിനു പ്ലാന്റ് തുടങ്ങാൻ നോക്കിയമായി ഒപ്പുവെച്ചു. പിന്നീട് 2006 ലാണ് ചെന്നൈക്കടുത്ത ശ്രീപെരുമ്പുത്തൂരിൽ നോക്കിയ പ്ലാന്റ് തുടങ്ങുന്നത്. ഉദ്ഘാടനത്തിനു ഫിൻലൻഡ് പ്രധാനമന്ത്രി മാറ്റി വന്‍ഹാനെൻ വരെ ചെന്നെയിലെത്തി.

നിരവധി സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് പ്രവർത്തനം തുടങ്ങി എട്ടു വർഷത്തിനു ശേഷം പ്ലാന്റ് പൂട്ടാൻ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നോക്കിയ താഴോട്ടു പോയതോടെ പ്ലാന്റ് നിലനിർത്താനും കമ്പനിക്കു താൽപര്യമില്ലായിരുന്നു. 2014 നവംബർ ഒന്നിനാണ് നോക്കി പ്ലാന്റ് പൂട്ടിയത്. ഇതോടെ 8000 പേർക്ക് നേരിട്ടും 25,000 പേർക്ക് പരോക്ഷമായും ജോലി നഷ്ടപ്പെട്ടു. ഈ പൂട്ടൽ സംസ്ഥാനത്തിനു വൻ സാമ്പത്തിക നഷ്ടം വിളിച്ചുവരുത്തി. ആദ്യമൊന്നും രാഷ്ട്രീയ പാർട്ടികൾ ഇടപ്പെട്ടില്ല. എന്നാൽ തൊഴിലാളികളുടെ ഭാവിയും സംസ്ഥാനത്തിനു ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളും മുന്നിൽക്കണ്ട് ജയലളിത പ്ലാന്റ് തുറക്കാൻ ചർച്ചകളുമായി രംഗത്തെത്തി.

പ്ലാന്റ് പൂട്ടാനുള്ള പ്രധാന കാരണം നികുതിയായിരുന്നു. നികുതി വിഷയത്തിൽ പ്ലാന്റ് നേരത്തെ സർക്കാറുമായി കേന്ദ്ര, സംസ്ഥാന ഇടഞ്ഞിരുന്നു. ഇതിനിടെ നികുതിനിയമം ലംഘിച്ചതിന്റെ പേരിൽ നോക്കിയ പ്ലാന്റിനു ആദായനികുതി വകുപ്പ് 21,000 കോടിയും സംസ്ഥാന വാണിജ്യ നികുതി വകുപ്പ് 2400 കോടി രൂപയും ചുമത്തി. നികുതി അടക്കണമെന്നാവശ്യപ്പെട്ട് സർക്കാറുകൾ കേസിനു വരെ പോയി.

മൈക്രോസോഫ്റ്റ് നോക്കിയ ഏറ്റെടുത്തെങ്കിലും ചെന്നൈയിലെ പ്ലാന്റ് മുന്നോട്ടുക്കൊണ്ടു പോകാൻ താൽപര്യം കാണിച്ചില്ല. പ്ലാന്റ് പൂട്ടിയതോടെ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോയി. എന്നാൽ നിർണായ അവസരത്തിൽ ജയലളിത സജീവമായി ഇടപെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ പോയി സന്ദർശിച്ചു പ്ലാന്റ് നിലനിർത്താൻ വേണ്ട സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മെയ്ക്ക് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടു പോകുന്ന മോദി പ്ലാന്റ് നിലനിർത്താൻ വേണ്ട സഹായം ഉറപ്പു നൽകി.

ലോകത്തെ ഏറ്റവും വലിയ നോക്കിയ ഹാൻഡ്സെറ്റ് നിർമാണ കേന്ദ്രമാക്കി ചെന്നൈ പ്ലാന്റിനെ മാറ്റാനാണ് നോക്കിയയുടെ നിലവിലെ നിർമാതാക്കളായ ഫോക്സ്കോൺ പദ്ധതിയിടുന്നത്. ഇതോടെ ഇവിടെ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. നോക്കിയയുടെ ആൻഡ്രോയ്ഡ് ഫോൺ പദ്ധതി വിജയിച്ചാൽ ലോക ശ്രദ്ധപിടിച്ചുപറ്റാനും ചെന്നൈയ്ക്കു സാധിക്കും.

പ്ലാന്റിനായി പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കണമെന്നാണ് ഫോക്സ്കോൺ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വരെ ഇവിടെ നിന്നു മൊബൈൽ പാർട്സുകളും ഹാൻഡ്സെറ്റുകളും കയറ്റുമതി ചെയ്യും. വിൽക്കപ്പെടുന്ന ഒരു ഫോണിനു നിശ്ചിത തുകയായിരിക്കും സർക്കാറിനു നൽകുക. വർഷത്തിൽ 10 കോടി ഫോണുകൾ നിർമിക്കാൻ ശേഷിയുള്ളതാണ് ചെന്നൈ പ്ലാന്റ്. നോക്കിയ നിർമാണ കമ്പനിയായ ഫോക്സ്കോൺ 5 ബില്ല്യൻ ‍ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ പദ്ധതികളും കടലാസു ജോലികളും പൂർത്തിയാക്കി ജയലളിത മടങ്ങിയിരിക്കുന്നു. 2017 ൽ നോക്കിയ വീണ്ടും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമ്പോൾ ആ പഴയ ബ്രാൻഡിന്റെ വിജയത്തിൽ തമിഴകത്തിന്റെ ഈ അമ്മയ്ക്കും വലിയ സ്ഥാനമുണ്ട്.