sections
MORE

നോക്കിയ X5 പുറത്തിറങ്ങി, കുറഞ്ഞ വിലയ്ക്ക് മികച്ചൊരു ഫോൺ

nokia-x5
SHARE

ഏറെ കാത്തിരിപ്പിനു ശേഷം എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ X5 ചൈനയില്‍ അവതരിപ്പിച്ചു. പിറകുവശത്തെ ഡുവല്‍ ക്യാമറ സെറ്റപ്പ്, നോച്ച് ഡിസ്പ്ലേ എന്നിവയോടെ വരുന്ന ഈ സ്മാര്‍ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്. നോക്കിയ X സീരീസില്‍, ഈ വര്‍ഷമാദ്യം പുറത്തിറക്കിയ നോക്കിയ X6 ന് ശേഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ ആണ്  നോക്കിയ X5. നോക്കിയ ഫോണുകളുടെ നിരയില്‍ നോച്ച് ഡിസ്പ്ലേയോടെ എത്തിയ ആദ്യ ഫോണ്‍ ആണ്  നോക്കിയ X6. 

നോക്കിയ X5 ന്റെ ലഭ്യത

3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബി റാം/ 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ്  നോക്കിയ X5 അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 999 ചൈനീസ് യുവാനും (ഏകദേശം 9,999 ഇന്ത്യന്‍ രൂപ) 1,399 ചൈനീസ് യുവാനും (ഏകദേശം 13,999 ഇന്ത്യന്‍ രൂപ ) ആണ് വില. ഈ സ്മാര്‍ട് ഫോണിന്റെ വില്‍പന ചൈനയില്‍ ജൂലൈ 19 മുതല്‍ തുടങ്ങും. നൈറ്റ് ബ്ലാക്ക്, ബാള്‍ട്ടിക്ക് സീ ബ്ലൂ, ഗ്ലാസിയര്‍ വൈറ്റ് നിറങ്ങളില്‍ ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാകും.

nokia-x5-1

ഡിസൈൻ

പോളികാര്‍ബണേറ്റ് ഫെയിമില്‍ ഇരുവശത്തും ഗ്ലാസ് ബോഡിയോടെയാണ് നോക്കിയ X5 വരുന്നത്. നോച്ച് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഡിസ്പ്ലേയുടെ ഏറ്റവും താഴെയുള്ള നേരിയ ഭാഗത്ത് നോക്കിയ ലോഗോ നല്‍കിയിരിക്കുന്നു. ഫോണിന്റെ സ്ക്രീന്‍-ടു-ബോഡി റേഷ്യോ 84 ശതമാനമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിറകുവശത്തെ ഡുവല്‍ ക്യാമറ സെന്‍സര്‍ ലംബമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിന് തൊട്ടുതാഴെയാണ് ഫിംഗര്‍ പ്രിന്റ്‌ സെന്‍സറിയും ലോഗോയുടെയും സ്ഥാനം. സ്മാര്‍ട് ഫോണിന്റെ വലതുവശത്തെ അരികിലാണ് പവര്‍ ബട്ടണും വോള്യം ക്രമീകരണത്തിനുള്ള ബട്ടണും നല്‍കിയിരിക്കുന്നത്. മുകളിലെ അരികിലാണ് 3.5 എംഎം ഓഡിയോ ജാക്കിന്റെ സ്ഥാനം.

ഫീച്ചറുകള്‍

നേരത്തെ പറഞ്ഞതുപോലെ പ്യുവര്‍ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ X5 ന്റെ പ്രവര്‍ത്തനം. പ്രതിമാസ പാച്ച് അപ്ഡേറ്റുകളും വേഗത്തിലുള്ള ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും എച്ച്എംഡി ഗ്ലോബല്‍ ഉറപ്പു നല്‍കുന്നുണ്ട്. ഈ ഡുവല്‍ സിം (രണ്ടും 4ജി വോള്‍ട്ടി) ഫോണിന് 5.86 ഇഞ്ച്‌ എച്ച്ഡി+ (720x1520 പിക്സല്‍) ഡിസ്പ്ലേയാണുള്ളത്. ഡിസ്പ്ലേയ്ക്ക് 2.5 ഡി ഗ്ലാസിന്റെ സംരക്ഷണമുണ്ട്. 19:9 ആണ് ആസ്പെക്റ്റ് റേഷ്യോ, 84 ശതമാനമാണ് സ്ക്രീന്‍-ടു-ബോഡി റേഷ്യോ.

nokia-x5-2

മീഡിയടെക് ഹീലിയോ പി60 ഒക്ടാ-കോര്‍ SoC പ്രോസസറാണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. 3 ജിബി അല്ലെങ്കില്‍ 4 ജിബിയാണ് റാം. 32 ജിബി/64 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകുന്ന ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാം.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, 13 മെഗാപിക്സലാണ് പിറകിലെ പ്രധാന സെന്‍സറിന്. f/2.0 ആണിതിന്റെ അപേര്‍ച്ചര്‍. 5 മെഗാപിക്സലിന്റെതാണ് രണ്ടാമത്തെ ലെന്‍സ്‌. ഇരുക്യാമറകള്‍ക്കും താഴെയായി എല്‍ഇഡി ഫ്ലാഷ് നല്‍കിയിരിക്കുന്നു. മുന്‍ഭാഗത്ത് f/2.2 അപേര്‍ച്ചറോടു കൂടിയ 8 മെഗാപിക്സല്‍ ലെന്‍സും നല്‍കിയിരിക്കുന്നു. ഇതിന് 80.4 ഡിഗ്രി ആംഗിള്‍ ഓഫ് വ്യൂ ഉണ്ട്. എഐ ഇമേജ് ടെക്നോളജി, ബില്‍റ്റ് ഇന്‍ പോട്രയിറ്റ് ബാക്ക്ഗ്രൗണ്ട് ബ്ലര്‍, പോട്രയിറ്റ് സ്കിന്‍ മോഡ്, എച്ച്ഡിആര്‍ മോഡ് തുടങ്ങി നിരവധി സവിശേഷതകള്‍ ഈ ക്യാമറയ്ക്കുണ്ട്.

nokia-x5-4

നോക്കിയ X5ന്റെ ബാറ്ററി കപ്പാസിറ്റി 3060 എംഎഎച്ച് ആണ്. ഈ ബാറ്ററിയില്‍ 27 മണിക്കൂര്‍ ലൈഫ് ടൈം, 17.5 മണിക്കൂര്‍ ടോക്ക് ടൈം, 19.5 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂര്‍ ഗെയിമിംഗ് അല്ലെങ്കില്‍ 12 മണിക്കൂര്‍ വിഡിയോ പ്ലേ ബാക്ക് എന്നിവയാണ് കമ്പനി അവകാശപ്പെടുന്നത്. 4ജി വോള്‍ട്ടി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്‌, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 4.2,ജിപിഎസ്, എ-ജിപിഎസ്, വൈ-ഫൈ, എഫ്എം റേഡിയോ, എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍. ആംപിയന്റ് ലൈറ്റ് സെന്‍സര്‍, ആക്സിലെറോമീറ്റര്‍, ഡിജിറ്റല്‍ കോംപാസ്, പ്രോക്സിമിറ്റി ഗൈറോസ്കോപ്, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും നോക്കിയ X5ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 149.51x71.98x 8.096 എംഎം ആണ് ഫോണിന്റെ വലുപ്പം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA