രഹസ്യ ചിത്രങ്ങൾ പുറത്ത്, ചൈനയുടെ അന്തർവാഹിനി ഭീഷണിയോ?

പ്രതിരോധമേഖലയിൽ എല്ലാ രാജ്യങ്ങളും അവരുടെ ശക്തി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. അയൽ രാജ്യങ്ങളെയും ലോകശക്തികളെയും ഒരു ബോധ്യപ്പെടുത്തൽ കൂടിയാണ് ഇത്തരം പ്രദർശനങ്ങൾ. അത്തരത്തിലൊരു പ്രദർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചൈന നടത്തിയത്. ജപ്പാൻ, ഇന്ത്യ, അമേരിക്ക തുടങ്ങി രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആ പ്രദർശനം.

സമുദ്രാന്തര്‍ഭാഗത്തെ സുരക്ഷ ശക്തമാക്കാന്‍ കഴിഞ്ഞ വർഷം പുറത്തിറക്കിയ മൂന്നു അന്തര്‍വാഹിനികളില്‍ നിന്നുള്ള ചിത്രങ്ങളാണ് ചൈന പുറത്തുവിട്ടത്. ചൈനയുടെ ഭാഗത്തുനിന്ന് ആദ്യമായിട്ടാണ് അതീവസുരക്ഷാ പ്രാധാന്യമുള്ള ഇത്തരമൊരു ചിത്രങ്ങള്‍ പുറത്തു വരുന്നത്. ടൈപ്പ് 093B SSN യില്‍ ഉൾപ്പെട്ട ഷാങ്ങ് അന്തര്‍വാഹിനിയുടെ ചിത്രങ്ങളാണ് ഇവ.

ആണവ ആക്രമണങ്ങള്‍ക്കായുള്ള അന്തര്‍വാഹിനിയാണ് ടൈപ്പ് 093BSSN. പഴയ മോഡലുകളെക്കാള്‍ വേഗതയാര്‍ന്നതും സമഗ്രവുമാണ് നവീകരിച്ച മോഡൽ അന്തർവാഹിനി‍. യുദ്ധക്കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുക്കാനായി വെർട്ടിക്കൽ ലോഞ്ച് സിസ്റ്റമാണ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

സമുദ്രാന്തര്‍ഭാഗത്ത് ഉപയോഗിക്കുന്ന റൊബോട്ടുകളുടെ പ്രവര്‍ത്തനം എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഉയര്‍ന്ന വേഗതയാവുമ്പോള്‍ റിയാക്ടറുകളില്‍ നിന്നും പ്രോപള്‍ഷന്‍ സിസ്റ്റത്തില്‍ നിന്നും വലിയ ശബ്ദം വരും. ഇത് ഒരു പോരായ്മയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പുതിയ വേര്‍ഷനില്‍ കൂടുതല്‍ നിലവാരമുള്ള ലോഹഭാഗങ്ങളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ ശബ്ദം വരുന്ന പോരായ്മകള്‍ ഒരു പരിധി വരെ പരിഹരിക്കാനാവും. കണ്ണിങ് ടവറിനു പിന്‍വശത്തായി സ്ഥാപിച്ചിരിക്കുന്ന വെർട്ടിക്കൽ ലോഞ്ചിങ് സിസ്റ്റം ബാറ്റി ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. വെർട്ടിക്കൽ സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട വേഗത കൈവരിക്കാനാവും. അന്തര്‍വാഹിനിക്കകത്ത് ടോര്‍പ്പിഡോ ട്യൂബില്‍ നിന്നും ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കാനാവും. മോഡേണ്‍ അന്തര്‍വാഹിനികള്‍ക്കുള്ളതു പോലെ പരന്ന അടിഭാഗമാണ് ഇതിനുമുള്ളത്. ശത്രുക്കളെ നിരീക്ഷിക്കാനായി സോണാര്‍ സംവിധാനവും ഇതിലുണ്ട്‍.

യുഎസ്, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ ഭീഷണി ഒഴിവാക്കാനാണ് ചൈന അന്തര്‍വാഹിനികള്‍ സുസജ്ജമാക്കുന്നത്. ഈ സീരീസിലെ അടുത്ത അന്തര്‍വാഹിനിയായ ടൈപ്പ് 095 രണ്ടായിരത്തി ഇരുപതിന് മുന്നേ പൂര്‍ത്തിയാവും.

എന്നാൽ ചൈനയുടെ കൈവശമുള്ള അന്തര്‍വാഹിനികളേക്കാൾ മികച്ചതാണ് ജപ്പാൻ, ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളുടെ കൈവശമുള്ളത്. അന്തർവാഹിനി നിർമാണ രംഗത്ത് റഷ്യയാണ് ചൈനയെ സഹായിക്കുന്നത്. അത്യാധുനിക ടെക്നോളജി ഉപയോഗിക്കുന്നതിൽ ചൈന ഇപ്പോഴും പരാജയമാണെന്ന് മിക്ക സാങ്കേതിക വിദഗ്ധരും വിലയിരുത്തുന്നത്.