ഗൂഗിൾ ബലൂൺ രാജ്യസുരക്ഷയ്ക്ക് ഭീഷണിയോ?

ഡിജിറ്റൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൂഗിൾ പദ്ധതിക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ബലൂണിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ വരെ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് എതിർക്കുന്നത്. മുകളിൽ ഭീമൻ ബലൂൺ സ്ഥാപിച്ച് ഇന്റെർനെറ്റ് ലഭ്യമാക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാങ്കേതിക പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ട്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പുതിയൊരു പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ, ആഭ്യന്തര, വ്യോമയാന, ടെലികോം മന്ത്രാലയങ്ങളാണ് ഗൂഗിൾ പദ്ധതിയെ എതിർക്കുന്നത്. ഇത്രയും ഉയരത്തിൽ സ്ഥാപിക്കുന്ന ബലൂൺ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആശങ്ക.

തന്ത്രപ്രധാന മേഖലകളിലും സൈനികരുടെ ക്യാംപുകൾക്കു സമീപവും ബലൂണ്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല. ഇത് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പ്രതിരോധ മന്ത്രാലയം വാദിക്കുന്നു. ഇത്രയും ഉയരത്തിൽ ബലൂൺ സ്ഥാപിക്കുന്നത് വിമാനങ്ങളുടെ സഞ്ചാരപാതയെ ബാധിക്കുമെന്ന വിമർശനവുമുണ്ട്.

എന്നാൽ പദ്ധതി നടപ്പിലാക്കിയാൽ രാജ്യത്തെ ടെലികോം കമ്പനികളുടെ സർവീസുകൾ അവതാളത്തിലാകുമെന്നും വിമർശിക്കുന്നു. ഗൂഗിളിന്റെ ഇന്റർനെറ്റ് പദ്ധതിക്കായി 700 മെഗാ ഹെര്‍ട്‌സ് മുതല്‍ 900 മെഗാഹെര്‍ട്‌സ് വരെയുള്ള ബാന്‍ഡിലെ സ്‌പെക്ട്രത്തിനാണ് അനുമതി തേടിയിരിക്കുന്നത്. ഇത് നേരത്തെ തന്നെ ടെലികോം കമ്പനികൾക്കു നല്‍കിയിട്ടുള്ള സ്‌പെക്ട്രമാണ്. ഗൂഗിളിനും ഇത് അനുവദിച്ചാൽ കോൾ ഡ്രോപ് പോലുള്ള പ്രശ്നങ്ങളുണ്ടാവുമെന്നാണ് ടെലികോം അധികൃതർ വാദിക്കുന്നത്.

ഇതിനിടെ വിവിധ മന്ത്രാലയങ്ങൾ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരം നിർദേശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇരുപതു കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന ബലൂൺ ഉപയോഗിച്ച് 40 കിലോമീറ്റർ പരിധിയിൽ വരെ ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. ഏറ്റവും വേഗതയുള്ള 4ജി ഇന്റര്‍നെറ്റാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

എന്നാൽ ഗൂഗിളിന്റെ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തന്നെ വേണ്ടെന്ന് വാദിക്കുന്നത് വിമർശനത്തിനിടയാക്കും. പദ്ധതി ഇപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതി സംബന്ധിച്ച് ഗൂഗിൾ സിഇഒ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയേക്കും.