Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കോടീശ്വരന്റെ പിതാവിന് ഇപ്പോഴും സങ്കടം ബാക്കി!

Sundar Pichai

തീർത്തും സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന് ഐഐടിയിലും സ്റ്റാൻഫോർഡിലും പഠനം നടത്തി ഗൂഗിളിനുള്ളിൽ പ്രോഡക്ട് മാനേജരായി കരിയർ തുടങ്ങി. പിന്നീടിപ്പോൾ സിഇഒ വരെയെത്തിയ സുന്ദർ പിച്ചൈ എന്ന തമിഴ്നാട്ടുകാരന്റെ ജീവിതം ലോകത്തിന് തന്നെ പ്രചോദനമാണ്. 350 കോടിയിലേറെ രൂപയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ വാര്‍ഷിക ശമ്പളം. അലങ്കരിക്കുന്നതോ ലോകം ഉറ്റുനോക്കുന്ന ഒരു കമ്പനി സിഇഒ പദവിയും. മറ്റേത് കമ്പനിയുടെ സിഇഒയെക്കാളും ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ ലോകം ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും പിച്ചൈ പറയുന്നത് അദ്ദേഹത്തിന്റെ പിതാവിന് തന്നെ കുറിച്ച് സങ്കടം ബാക്കിയാണെന്നാണ്. ഇത് കേൾക്കുമ്പോൾ അദ്ഭുതം തോന്നിയേക്കാം. കാരണം പിച്ചൈ ഗൂഗിൾ സിഇഒ ആയതിനു ശേഷം നെറ്റ് ലോകത്തും മാധ്യമങ്ങളിലും വന്ന ലേഖനങ്ങളിലെല്ലാം പറയുന്നത് അച്ഛനമ്മമാരോട് അടുത്ത് നിൽക്കുന്ന മകനാണ് അദ്ദേഹമെന്നാണ്. പിന്നെന്തിനാണ് പിച്ചൈ ഇങ്ങനെ പറയുന്നതെന്നല്ലേ. അതു മറ്റൊന്നും കൊണ്ടല്ല, പിച്ചൈ പിഎച്ച്ഡി പൂർത്തിയാക്കാത്തതിലാണ് അദ്ദേഹത്തിന്റെ പിതാവിന് സങ്കടം.

പിതാവിനോട് സംസാരിച്ചു നോക്കൂ അദ്ദേഹത്തിന് ഇക്കാര്യത്തിൽ സങ്കടമുണ്ടെന്നേ പറയൂ. ഞാൻ പിഎച്ച്ഡി പൂർത്തിയാക്കണമെന്ന് ഇപ്പോഴും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. സുന്ദർ പിച്ചൈയുടെ പിതാവ് രഘുനാഥ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറായി വിരമിച്ചയാളാണ്. എൻജിനീയറിങിൽ തുടർ പഠനം നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം അത് നടന്നില്ല. സുന്ദറും സഹോദരനും ജനിക്കുന്നതിന് മുൻപ് അമ്മ ലക്ഷ്മി ടൈപിസ്റ്റായി ജോലി നോക്കിയിരുന്നു. അമ്മയും പണമില്ലാത്തതു മൂലം പഠനം ഉപേക്ഷിച്ചയാളാണ്.

sundar-pichai

മകൻ ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന സിഇഒ പദവിയിലേക്കും, അതിനേക്കാളുപരി ലോകം ശ്രദ്ധിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളായി വളർന്നിട്ടും പിഎച്ച്ഡി പൂർത്തിയാക്കാത്തതിൽ പിതാവിന് സങ്കടമുണ്ടായെങ്കിൽ അത് ഇക്കാരണം കൊണ്ടു തന്നെയാണ്. ഐഐടി ഖരഗ്പൂരില്‍ മെറ്റലർജിയില്‍ ബിടെകും സ്റ്റാൻഫോർ‍ഡിൽ നിന്ന് മെറ്റലർജിയിൽ എംഎസും പൂർത്തിയാക്കിയ പിച്ചൈ അവിടെ പിഎച്ച്ഡി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് സിലിക്കൺ‌വാലിയിലെ ഒരു കമ്പനിയിൽ ജോലിക്ക് ചേരുകയായിരുന്നു.

ജോലി അധികനാൾ തുടരാതെ വാർട്ടൻ സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പോടെ എംബിഎ പൂർത്തിയാക്കി. പിന്നീട് 2004ൽ ഗൂഗിളിൽ പ്രോഡക്ട് മാനേജരായി ജോലിക്കു കയറി. ഗൂഗിൾ സെർച്ചിന്റെ ടൂർബാറുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്ന ചെറുടീമിൽ നിന്ന് സിഇഒ വരെയുള്ള യാത്രയിൽ പിഎച്ച്ഡി പഠനം നടന്നില്ലെങ്കിലും സാങ്കേതിക വിദ്യയുടെ ചരിത്രത്തിൽ ഈ തമിഴ്നാട്ടുകാരൻ വലിയ സ്ഥാനം നേടിയെടുത്തു.

sundar-pichai

കുടുംബത്തിന്റെ മുഴുവൻ സമ്പത്തുമെടുത്ത് മകനെ അമേരിക്കയിൽ പഠിപ്പിക്കാനയച്ചതും പിന്നീടിപ്പോൾ കോടികൾ ശമ്പളം വാങ്ങി ഗൂഗിളിന്റെ തലപ്പത്തിരിക്കുമ്പോഴും പിഎച്ച്ഡി പൂർത്തിയാക്കാത്തതിൽ സങ്കടപ്പെടുന്ന പിതാവ് തന്നെയാണ് സുന്ദർ പിച്ചൈയുടെ വളർച്ചയുടെ പടവുകൾക്ക് പിന്നിൽ. വിദ്യാഭ്യാസത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന അച്ഛനമ്മമാർക്കും മക്കൾക്കുമുള്ള പ്രചോദനാണ് സുന്ദർ പിച്ചൈയും അദ്ദേഹത്തിന്റെ പിതാവും.