കടലിന്നടിയിലെ ഭീഷണി; ഇന്റർനെറ്റ് നിശ്ചലമാകുമോ?

ലോകത്തിലെ ഭൂരിപക്ഷം ഇന്റർനെറ്റ് കണക്‌ഷനുകളും നിശ്ചലമാക്കുന്ന വിധത്തിൽ റഷ്യയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അമേരിക്ക. ഡേറ്റ ട്രാൻസ്ഫറിനു വേണ്ടി ലോകവ്യാപകമായി കടലിന്നടിയിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ റഷ്യ നോട്ടമിട്ടിട്ടുണ്ടെന്നാണ് അമേരിക്കൻ ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്. ലോകത്തിലെ 95% വരുന്ന ഇന്റർനെറ്റ് സേവനങ്ങളും നടപ്പാക്കുന്ന കേബിളുകൾക്കാണ് റഷ്യൻ ഭീഷണി. ഇതുസംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കേബിളുകളുടെ നിർണായക സ്ഥാനങ്ങളിൽ റഷ്യൻ ചാരക്കപ്പലുകളും മുങ്ങിക്കപ്പലുകളും താവളമടിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ ബലത്തിലാണ് യുഎസ് മുന്നറിയിപ്പ്. കേബിളുകൾ മുറിച്ചുമാറ്റിയാൽ പല ലോകരാജ്യങ്ങളുടെയും സാമ്പത്തികനിലയെപ്പോലും ബാധിക്കുന്ന വിധത്തിലായിരിക്കും ദുരന്തമെന്നും പെന്റഗൺ വ്യക്തമാക്കുന്നു. എന്നാൽ നിലവിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, കേബിൾ പരിസരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വടക്കൻ സമുദ്രത്തിലും വടക്കു–കിഴക്കൻഎഷ്യൻ സമുദ്രത്തിലും അമേരിക്കൻ തീരത്തോടു ചേർന്നും സ്ഥാപിച്ചിട്ടുള്ള കേബിളുകൾക്ക് സമീപമാണ് സംശയാസ്പദമായ രീതിയിൽ റഷ്യൻ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഭയപ്പെട്ടതുപോല ഒരു നീക്കം റഷ്യയുടെ ഭാഗത്തു നിന്നുണ്ടായാൽ ഏകദേശം 6.5 ട്രില്യൺ ഡോളറിന്റെ നഷ്ടമായിരിക്കും മൊത്തമായുണ്ടാവുക. സാമ്പത്തിക സ്ഥാപനങ്ങൾ നിശ്ചലമാകും, പല വ്യവസായങ്ങളും മന്ദഗതിയിലാകും ആശയവിനിമയോപാധികൾ തകരും, പല രാജ്യങ്ങളും മറ്റിടങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്യും.

കറാച്ചിക്ക് സമീപത്തെ കടലിലെ കേബിളുകളിലൊന്നിന് 2005ൽ നാശം സംഭവിച്ചപ്പോൾ പാകിസ്ഥാൻ ഏകദേശം ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടുപോയിരുന്നു. 2007ൽ കടൽക്കൊള്ളക്കാർ കേബിളുകൾ മുറിച്ചുകൊണ്ടുപോയി ആക്രിയായി വിറ്റപ്പോൾ അതു ബാധിച്ചത് ഒട്ടേറെ ഏഷ്യൻ രാജ്യങ്ങളെയായിരുന്നു. കപ്പലുകളുടെ നങ്കൂരം തട്ടിയും സൂനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾക്കിടയിലും സമുദ്രാന്തർഭാഗത്തെ ഇന്റർനെറ്റ് കേബിളുകൾ നശിക്കാറുണ്ട്. എന്നാൽ 1860കളിൽ ആദ്യമായി സ്ഥാപിച്ചതു മുതൽ ഇതുവരെ സ്ഥിരം പാതയാണ് പല കമ്പനികളും ഇന്റർനെറ്റ് കേബിളിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തീരത്തു നിന്ന് ഏതാനും മൈലുകൾ മാത്രം ദൂരെയാണിത്. അറ്റകുറ്റപ്പണികളും മറ്റും എളുപ്പത്തിൽ നടത്താനാണിത്. എന്നാൽ നിർണായക വിവരകൈമാറ്റം നടക്കുന്ന കേബിളുകൾ അത്ര പെട്ടെന്ന് കണ്ടെത്താനാകാത്ത വിധത്തിലുള്ളവയാണ്. ഇത്തരത്തിൽ കേബിളുകളിൽ പ്രശ്നങ്ങളെന്തെങ്കിലും പറ്റിയാലും എളുപ്പത്തിൽ കണ്ടെത്തി ശരിയാക്കാൻ സമയം ഏറെയെടുക്കുന്ന ഇടങ്ങളാണ് റഷ്യ ‘മാർക്ക്’ ചെയ്തിരിക്കുന്നതെന്നും അമേരിക്ക സൂചന നൽകുന്നു.

ശീതയുദ്ധത്തിനു സമാനമായ സാഹചര്യത്തിലാണിപ്പോൾ അമേരിക്കയും റഷ്യയും തമ്മിൽ. സിറിയൻ വിഷയത്തിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പ് അടുത്തിടെ തർക്കത്തിൽ വരെ എത്തിയിരുന്നു. സാങ്കേതികപരമായും രാഷ്ട്രീയ–സൈനീകപരമായും ഇരുരാജ്യങ്ങളും പരസ്പരം വിവരങ്ങൾ ചോർത്തലിന്റെ പാതയിലാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യ ഇന്റർനെറ്റ് കേബിളുകളെ നോട്ടമിട്ടിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. അതേസമയം, ഇത്തരമൊരു നീക്കത്തിന് റഷ്യയെ പ്രേരിപ്പിച്ചത് അമേരിക്ക തന്നെയാണെന്നും വിമർശനമുണ്ട്. കടലിനടിയിലെ കേബിളുകളിലൂടെ പോകുന്ന ഡേറ്റ ചോർത്തി വിവരങ്ങൾ ശേഖരിച്ച ചരിത്രമുണ്ട് അമേരിക്കയ്ക്ക്. 10 വർഷം മുൻപ് റഷ്യയുടെ സൈനിക രഹസ്യങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ ജിമ്മി കാർട്ടർ എന്നുപേരിട്ട മുങ്ങിക്കപ്പൽ വഴി അമേരിക്ക ചോർത്തിയിരുന്നു. സമാനമായി യന്തർ എന്ന പേരിലൊരു മുങ്ങിക്കപ്പൽ ഇപ്പോൾ റഷ്യയും തയാറാക്കിയിട്ടുണ്ട്. കടലിനടിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായിട്ടാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും തങ്ങളുടെ സൈനിക രഹസ്യങ്ങൾ കൈമാറുന്ന കേബിളുകൾ വരെ നിരീക്ഷിക്കാൻ ഇതിനാകുമെന്നാണ് അമേരിക്കയുടെ പേടി.