തിളക്കമുള്ള ചർമ്മത്തിന് പഴമയുടെ മുത്തശ്ശിക്കൂട്ട്

പ്രതീകാത്മക ചിത്രം.

പ്രണയാതുരമായ മനസ്സോടെ ദമ്പതികൾ പരസ്പരം തേനേ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? തേനിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞാല്‍ ആരായാലും ഏറെ പ്രിയപ്പെട്ടവരെ തേനേ എന്ന് വിളിച്ചുപോകും. ശരീരസൗന്ദര്യത്തിനായി മാര്‍ക്കറ്റില്‍ നിലവിലുള്ള പലവിധ ഉൽപ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുമ്പോഴും ഉള്ളില്‍ ഒരു സംശയം ഉണ്ടാകും. എന്തെങ്കിലുമൊക്കെ ദോഷഫലങ്ങള്‍ ഉണ്ടാകുമോ? എന്നാല്‍ ദോഷഫലങ്ങള്‍ ഇല്ലാത്തതും സൗന്ദര്യം നിലനിർത്തി ചർമ്മത്തിന് കൂടുതൽ ഉണർവും ഉന്മേഷവും പ്രദാനം ചെയ്യുന്ന സൗന്ദര്യക്കൂട്ടാണ് തേൻ.

പഴയകാലത്ത് അമ്മമാര്‍ വേനല്‍ക്കാലങ്ങളിലും ശരീരം വരളുമ്പോഴും സ്ഥിരമായി തേന്‍ പുരട്ടിയിരുന്നു. തേന്‍ നല്ലൊരു മോയിസ്ചറൈസറാണ്. എല്ലാ ദിവസവും തേന്‍ ശരീരത്തില്‍ പുരട്ടി 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുകയാണെങ്കിൽ ശരീരത്തിന് തിളക്കവും മൃദുത്വവും ലഭിക്കും. മുഖത്തെ ഇരുളിമയും മങ്ങലും മാറ്റാന്‍ പനിനീർ‍, പാല്‍ എന്നിവയുടെ ഒപ്പം തേനും കൂടി മിക്‌സ് ചെയ്ത് പുരട്ടണം. പിന്നീട് ചെറുതായി മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകണം. 

ആന്റിബാക്ടരീയല്‍ കൂടിയാണ് തേന്‍. അതുകൊണ്ട് തേന്‍ കുടിക്കുന്നതോ മുഖത്ത് ദിവസവും തേന്‍ പുരട്ടുന്നതോ മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കും. മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കും. മുഖം ക്ലീന്‍ ചെയ്യുന്നതിനും തേന്‍ നല്ലതാണ്. എന്നാല്‍ മുഖത്ത് തേന്‍ പുരട്ടിയതിന് ശേഷം കഴുകിക്കളയാന്‍ സോപ്പ് ഉപയോഗിക്കരുത്. ശരീരത്തിന് സ്വഭാവികമായ തിളക്കവും മൃദുത്വവും നൽകാനും തേനിന് കഴിവുണ്ട്.