ഒരു സ്ത്രീ കാറിന്റെ ഡോറും തുറന്നുപിടിച്ച് പോകുന്നത് കണ്ടിട്ട് ആരും തിരിഞ്ഞുനോക്കിയില്ല

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിന്ന്.

യഥാര്‍ത്ഥജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന അതിഭാവുകത്വമില്ലാത്ത കഥയും കഥാപാത്രങ്ങളുമായിരുന്നു എബ്രിഡ് ഷൈന്‍റെ ആക്ഷന്‍ ഹീറോ ബിജു എന്ന ഹിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമയോടൊപ്പം പ്രേക്ഷകമനസ്സിലേക്ക് ഇറങ്ങിവന്ന കുറച്ച് പേരുണ്ട്. അതിലൊരാളാണ് മഞ്ജുവാണി. അഭിനേതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മഞ്ജു സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. മഞ്ജുവിന്‍റെ വിശേഷങ്ങളിലേയ്ക്ക്..

അഭിനയത്തിലേയ്ക്ക്... 

എബ്രിഡ് ഷൈനെ വനിതയില്‍ വര്‍ക്ക് ചെയ്യുന്ന കാലം മുതല്‍  പരിചയമുണ്ട്. എല്‍ എല്‍ ബി കഴിഞ്ഞ് ഒരു കോര്‍പ്പറേറ്റ് ഫേമില്‍ ജോലി ചെയ്തിരുന്നു. അന്നുതൊട്ടുള്ള സൗഹൃദമാണ്. പിന്നീട് കുറച്ച് നാള്‍ ഞാന്‍ ദുബായില്‍ ആര്‍ ജെ ആയിട്ട് വര്‍ക്ക് ചെയ്യാന്‍ പോയതോടെ കുറേക്കാലം കോണ്ടാക്റ്റ് ഉണ്ടായിരുന്നില്ല. തിരിച്ച് വരുമ്പോള്‍ 1983യുടെ വര്‍ക്കുകള്‍ തുടങ്ങിയിരുന്നു. ഷൈനിന്റെ ആദ്യത്തെ സിനിമ എന്ന സന്തോഷം തോന്നിയെങ്കിലും എന്തോ അന്നും വിളിയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നെയും കുറെ നാള്‍ കഴിഞ്ഞപ്പോ ചുമ്മാ ഒന്നുവിളിച്ചപ്പോള്‍ നേരിട്ട് കാണാം എന്ന് ഷൈന്‍ പറഞ്ഞു. 

അന്ന് കുറെ നേരം സംസാരിച്ചിരുന്നു. ഇടയ്ക്ക് ഷൈന്‍ രസത്തിന് ഓരോ സീന്‍ പറയും എന്നോട് അത് ആക്റ്റ് ചെയ്ത് കാണിയ്ക്കാന്‍ പറയും. ഷൈന്‍ വീഡിയോ എടുക്കും .അതൊക്കെ നേരം പോക്കിന് ചെയ്തതാണ് എന്നേ വിചാരിച്ചുള്ളൂ. അതുകഴിഞ്ഞ് പെട്ടെന്ന് ഷൈന്‍ ക്രൂ മെമ്പേഴ്സിനോട്‌ പറയുവാണ് ആക്ഷന്‍ ഹീറോ ബിജുവിലേയ്ക്കുള്ള ആദ്യത്തെ ഫീമെയില്‍ കാസ്റ്റിംഗ് കഴിഞ്ഞെന്ന്! ഞാന്‍ ഞെട്ടിപ്പോയി. പഠിയ്ക്കുന്ന സമയത്തൊക്കെ യൂത്ത് ഫെസ്റ്റുകളില്‍ കവിതാരചനയ്ക്കും പാട്ടിനും ഒക്കെയാണ് പങ്കെടുത്തിട്ടുള്ളത്. അഭിനയം എന്നെക്കൊണ്ട് പറ്റുവോ എന്നറിയില്ല അതുകൊണ്ട് തന്നെ .വേണ്ട എന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കി. പിന്നെ ഷൈനിന്റെ ഒറ്റ കോണ്‍ഫിഡന്‍സിന്‍റെ പുറത്താണ് അതില്‍ ഒരു ചെറിയ വേഷം ചെയ്യുന്നത്.സംഗതി സമ്മതിച്ചെങ്കിലും ഷൂട്ട്‌ അടുക്കുന്തോറും ടെന്‍ഷനായി.

മുരളീ മേനോന്‍ എന്‍റെ സുഹൃത്താണ്‌. അദ്ദേഹത്തിന്‍റെ ഒരു വര്‍ക്ഷോപ്പില്‍ പങ്കെടുത്താലോ എന്നാലോചിച്ചു. ചെറിയ റോള്‍ അല്ലേ, വര്‍ക്ക്ഷോപ്പിന്‍റെ ആവശ്യമില്ല എന്ന് മുരളി  പറഞ്ഞു. ഞാന്‍ പാട്ട് പാടുമ്പോഴും ചില ടൈപ്പ് പാടാനുള്ള ഒരു കോൺഫിഡന്‍സ് കുറവുണ്ട്. ആ ഇന്‍ഹിബിഷന്‍ മാറാന്‍ എങ്കിലും വർക്‌ഷോപ് ഹെൽപ്പ് ചെയ്താലോ എന്നു തോന്നി എന്തായാലും ചേര്‍ന്നു. അതു തീരുന്നതിനു മുൻപു തന്നെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ട്‌ ആരംഭിച്ചു. പക്ഷെ പങ്കെടുത്ത ആ കുറച്ച് ദിവസം കൊണ്ടു തന്നെ ഒരു ക്യാരക്റ്ററിനെ ഉള്‍ക്കൊള്ളാനും കാമറ ഫെയ്സ് ചെയ്യാനും ഒക്കെയുള്ള കോണ്‍ഫിഡന്‍സിലേയ്ക്ക് എത്തി. ആക്ഷന്‍ ഹീറോ ബിജുവിലെ എന്‍റെ ക്യാരക്റ്റര്‍ ആളുകള്‍ ഐഡന്റിഫൈ ചെയ്തുവെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് എബ്രിഡ് ഷൈനും  മുരളിയ്ക്കും അവകാശപ്പെട്ടതാണ്..പിന്നെ സിങ്ക് സൗണ്ട് ആയതും  ഒരുപാട് സഹായിച്ചു.

ആ കഥാപാത്രം നിറത്തെയും രൂപത്തെയും അധിക്ഷേപിയ്ക്കുന്നു എന്ന വിമര്‍ശനം 

വിമര്‍ശനം വന്നു തുടങ്ങിയത് പല സുഹൃത്തുക്കളും പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പക്ഷെ അങ്ങനെ ഒരു ആങ്കിളില്‍ എനിക്കു തോന്നിയിട്ടില്ല. ഞാന്‍ പെഴ്സനലി ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന ഒരാളല്ല. അതറിയാവുന്നവര്‍ അന്നു ചോദിച്ചു ആ സീനിലുള്ളത് എങ്ങനെയാണ് ഞാന്‍ വിത്ത്‌സ്റ്റാന്റ് ചെയ്തത് എന്ന്. പക്ഷെ ഞാന്‍ അവിടെ,ആ സീനില്‍  നില്‍ക്കുമ്പോള്‍ മഞ്ജുവാണിയല്ല,ഷേര്‍ളി എന്ന കഥാപാത്രമാണ്.

ഷേര്‍ളി പെഴ്സണല്‍ ബെനഫിറ്റിന് വേണ്ടി ഒരു പാവം മനുഷ്യനെതിരെ കള്ളപ്പരാതിയുമായി  പോലീസ് സ്റ്റേഷനില്‍ വന്നയാളാണ്. അത് സമൂഹത്തില്‍ നടക്കുന്നതാണ്, ബിജു ഫസ്റ്റ് റാങ്കില്‍ പാസായിവന്ന ഒരു എസ് ഐ ആണെന്ന് സിനിമയില്‍ തന്നെ പറയുന്നുണ്ട്. വളരെ ഷാര്‍പ്പായ ഒരു ഓഫീസര്‍. പൊതുവേ പോലീസുകാര്‍ അങ്ങനെയാണ്. എന്‍റെ അച്ഛന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. നമ്മള്‍ കള്ളം പറയുമ്പോ അത് കൃത്യമായി മനസ്സിലാക്കും . ആ കോണ്‍ടക്സ്റ്റില്‍ ആണ് എസ് ഐ ബിജു ആ ഡയലോഗ് പറയുന്നത്.

അവള്‍ കള്ളിയാണെന്ന് മനസ്സിലായിക്കഴിഞ്ഞു. ഇതുപോലൊരു സാധനത്തെ പ്രേമിച്ചതിന് എന്ന് പറയുമ്പോള്‍ പക്ഷെ  എന്‍റെ ഫെയ്സ് വന്നതാണ് അത്രയും തെറ്റിദ്ധാരണ ഉണ്ടാക്കിയത്. പബ്ലിക് ജഡ്ജ്മെന്റിലേയ്ക്ക് പോയി സംഭവം.നമ്മള്‍ കാണാനും കേള്‍ക്കനുമാഗ്രഹിയ്ക്കുന്നതെന്തോ അതിലേയ്ക്ക് നമ്മുടെ മനസ്സെത്തും.അതാണ്‌ പ്രശ്നമായത്.

പക്ഷെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ആ വിവാദങ്ങള്‍ ആസ്വദിച്ചു. ആക്ഷന്‍ ഹീറോയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു വേഷം അതായിരുന്നല്ലോ.ആളുകള്‍ എന്നെപ്പറ്റി  ചിന്തിക്കുന്നു.അവര്  കറുത്തിട്ടാണെങ്കിലും,വണ്ണം ഉണ്ടെങ്കിലും സുന്ദരിയാണല്ലോ എന്നൊക്കെ കമന്റ് ഇടുന്നത് കാണുമ്പോ ഞാന്‍ സന്തോഷിക്കുവല്ലേ വേണ്ടത്? 

സ്ത്രീയെന്ന നിലയിൽ  വെല്ലുവിളികൾ?

ഏതൊരു പ്രശ്നം വരുമ്പോഴും അതിനെ ജന്ററൈസ് ചെയ്യുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല.ആണുങ്ങൾക്കും  പെണ്ണുങ്ങൾക്കും തെറ്റ് പറ്റാമല്ലോ. അടുത്തിടെ നടന്ന ഊബർ പ്രശ്നം.രണ്ടുവശങ്ങളും കേട്ടിട്ടും അറിഞ്ഞിട്ടും വേണം നമ്മൾ വിമർശിക്കാനും സോഷ്യൽ മീഡിയ ക്യാമ്പെയിൻ നടത്താനും പോകാൻ. ഞാൻ ഊബർ യാത്രകൾ ചെയ്യുന്നയാളാണ്. തൊണ്ണൂറ്റിയൊൻപത് ശതമാനവും നല്ല സമീപനമായിരുന്നു ഉണ്ടായിട്ടുള്ളത്.

പക്ഷെ വളര മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാനും ഭര്‍ത്താവും സൗത്ത് റെയിൽ‌വേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഊബർ ബുക്ക് ചെയ്തു. കയറിയപ്പോൾ മുതൽ തന്നെ  ഡ്രൈവർ ആകെ ഉടക്കായിരുന്നു. പെട്ടെന്ന് എത്തേണ്ട ആവശ്യമുള്ളതാണ്. തിരക്കുള്ള വഴി മാറി പോകാമെന്ന് ഞങ്ങൾ പറഞ്ഞു. പുള്ളി എന്തു ചെയ്താൽ സമ്മതിയ്ക്കില്ല. എന്റെ വണ്ടി എനിക്കിഷ്ട്ടമുള്ളത് പോലെ എന്ന മട്ടും ഭാവവും. മീറ്റിംഗ് ഉള്ളതു കൊണ്ടാ ചേട്ടാ എന്നൊക്കെ മര്യാദയ്ക്ക് പറഞ്ഞിട്ടും പുള്ളി വഴങ്ങുന്നില്ല.

ഒടുവിൽ ഭർത്താവിനെ പാലാരിവട്ടത്ത് വിട്ടു. എനിക്ക് ഇടപ്പള്ളിയിൽ എത്തണം. ഞാൻ ഒറ്റയ്ക്ക് ആയതോടെ ധൈര്യമായല്ലോ പുള്ളിയ്ക്ക്.. മോശമായി സംസാരിക്കാനൊക്കെ തുടങ്ങി. അനാവശ്യമായ അരഗന്റ്സ് എനിക്ക് സഹിക്കാൻ പറ്റില്ല. എന്നിട്ടും വല്യ വർത്തമാനമൊന്നും വേണ്ട ചേട്ടൻ വണ്ടി വിട് എന്നു പറഞ്ഞ് ഞാൻ കണ്ട്രോൾ ചെയ്തു.

എന്റ സ്വരം മാറിയതോടെ എന്നെ ഇറക്കി വിടും എന്നായി. എന്റെ കയ്യിൽ വലിയ ബാഗ് ഉണ്ട്. അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിന് പറ്റില്ലല്ലോ എന്ന് ഞാനും. പാലാരിവട്ടത്തുനിന്നു പൈപ്പ്‌ലൈൻ-ഒബ്രോൺ വഴി പെട്ടെന്ന് പോകാമെന്നാണ് ഞാൻ പറഞ്ഞത്. പരമാവധി ചുറ്റിയ്ക്കുകയാണ് പുള്ളി. വാശിയ്ക്ക് കലൂർ ചെന്ന് വീണ്ടും കറങ്ങിപ്പോകുകയാണ്. ഞാൻ ഇപ്പോൾ കാണിച്ച് തരാം എന്ന് പറയുന്നുണ്ട്. കല്യാണം കഴിഞ്ഞ സമയം ആയിരുന്നത് കൊണ്ട് ഞാൻ ഗോൾഡ് ഒക്കെ കുറെ ഇട്ടിട്ടുണ്ടായിരുന്നു. ഇയാൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കു പേടി തുടങ്ങി.

ഞാൻ പയ്യെ ബാഗ് എടുത്ത് ഡോർ തുറന്ന് പിടിച്ചു. സ്ലോ ചെയ്യുമ്പോൾ ചാടാം എന്നു തന്നെ ഉറപ്പിച്ചാണ്. പുള്ളി അന്നേരം സ്പീഡ് കൂട്ടുവാണ്  ചെയ്യുന്നത്. ഭാഗ്യത്തിന് രണ്ട് ബൈക്കുകൾ  വരുന്നുണ്ടായിരുന്നു. ഞാൻ ഡോർ തുറന്നുതന്നെ പിടിച്ചു. പണികിട്ടും എന്ന് മനസ്സിലായതോടെ പുള്ളി സ്ലോ ചെയ്തു. ഞാൻ അവടെ ചാടിയിറങ്ങി.

ഏറ്റവും തമാശ അത്രയും നേരം ഒരു സ്ത്രീ കാറിന്റെ ഡോറും തുറന്നുപിടിച്ച് പോകുന്നത് കണ്ട ഒരു മനുഷ്യൻ പോലും  എന്താണ് സംഭവം എന്ന് അന്വേഷിച്ച് വന്നില്ല എന്നതാണ്. വളരെ നിസ്സംഗമായ ഒരു ഭാവം. ഒരുവിധം ഞാൻ വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍  ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് കോൾ. ഞാൻ പൈസ കൊടുക്കാതെ മുങ്ങി എന്ന് പറഞ്ഞ് പുള്ളി പരാതിയുമായി ചെന്നിരിയ്ക്കുകയാണത്രെ. ഞാനത് പ്രതീക്ഷിച്ചതാണ്. ഞാന്‍ സ്റ്റേഷനിൽ ചെന്നപ്പോഴേയ്ക്കും ആള് മുങ്ങിയിരുന്നു. അപ്പോഴേയ്ക്കും പോലീസിന് കാര്യം മനസ്സിലായിരുന്നു. എനിക്കു പരാതിയുണ്ടെങ്കില്‍ പരാതിയെടുക്കാം എന്ന് അന്ന് അവര്‍ പറഞ്ഞെങ്കിലും  ഞാൻ വേണ്ട എന്ന് പറയുകയായിരുന്നു. ഇപ്പോൾ എനിക്കു തോന്നാറുണ്ട് അന്ന് അയാളെ അങ്ങനെ വെറുതെ വിടണ്ടാരുന്നു എന്ന്.

സിനിമയിലെ ദുരനുഭവങ്ങൾ

ഇപ്പൊ സിനിമയിൽ ബോൾഡ് ആയിട്ടുള്ള സ്ത്രീകൾ വരുന്നുണ്ട്. സൗഹൃദത്തിന്റെ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഞാന്‍ പാടാന്‍ തുടങ്ങിയത് തൊണ്ണൂറുകളില്‍ ആയിരുന്നു. ആ കാലത്ത് പെൺകുട്ടികൾ സിനിമയില്‍ വരുന്നത് ഒരു അവസരമായിട്ട് കാണുന്ന ആളുകൾ ഉണ്ടായിരുന്നു  എന്നുള്ളത് സത്യമാണ്. വളരെ സങ്കടമേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറെ വർഷങ്ങൾക്ക് മുൻപാണ്. അന്ന് വളരെ പ്രശസ്തനായിരുന്ന ഒരു മ്യൂസിക് ഡയറക്ടർ വിളിച്ച് ഇതുപോലെ പാടാനുള്ള അവസരം ഓഫർ ചെയ്തു. ഒന്നല്ല രണ്ടുതവണ .രണ്ടുതവണയും വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണം കൊണ്ടു വച്ചിട്ട് ഇത് നിനക്കുള്ളതല്ല എന്ന് പറയുന്ന പോലെയുള്ള അനുഭവമായിരുന്നു.

സമയമാകുമ്പോൾ ഇത്തവണ അവസരമില്ല എന്ന തരത്തിൽ. പാടാനുള്ള കഴിവ് മാത്രമല്ല അയാൾ കൂടുതൽ എന്തോ പ്രതീക്ഷിയ്ക്കുന്നു എന്ന് മനസ്സിലായിത്തുടങ്ങി. ദൈവാനുഗ്രഹം കൊണ്ട് അത്തരം ട്രാപ്പിൽ ഒന്നും ചെന്നു പെടാതെ രക്ഷപ്പെട്ടു. മനസ് മടുത്താണ് കേരളം വിടുന്നത്. റാസ് അല്‍ ഖൈമയില്‍  ആർ ജെ ആയിട്ട് ജോലി ചെയ്ത വർഷങ്ങൾ എനിക്കേറെ വിലപ്പെട്ടതാണ്. പാടാനൊക്കെ മടിയായിത്തുടങ്ങിയിരുന്നു. ഞാൻ അവതരിപ്പിച്ചിരുന്ന പരിപാടികൾ സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

അവിടുത്തെ ശ്രോതാക്കള്‍ക്കു  വേണ്ടിയാണ് ഞാൻ വീണ്ടും പാട്ടിലേയ്ക്ക് തിരിച്ച് വരുന്നത്. പാടിയിട്ട് വേണം പാട്ട്  പ്ലേ ചെയ്യാൻ എന്ന രീതിയിൽ പ്രേക്ഷകരുടെ ആവശ്യം വന്നപ്പോൾ പാട്ടുപാടൽ  ഞാൻ വീണ്ടും ആസ്വദിയ്ക്കാൻ തുടങ്ങി. ദുബായിലെ ശ്രോതാക്കളോട് ഈ കാര്യത്തിൽ എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

പാലിയേക്കര ടോള്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു?

സമൂഹമാധ്യമങ്ങൾ ഒരു വിഭാഗം ആളുകള്‍ക്ക്  സ്വന്തം കലിപ്പ്  തീര്‍ക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ട് എന്ന് മരിയ ഷറപ്പോവ സംഭവം തൊട്ട് വ്യക്തമായതാണ്. മരിയ ഷറപ്പോവയുള്‍പ്പെടെയുള്ളവര്‍ അവരവരുടെ മേഖലയില്‍ മികവ് തെളിയിച്ചവരാണ്. അവരെപ്പോലെ സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് വിജയിച്ചവരെ ട്രോളുന്നവര്‍ ഒരു സ്വയം വിശകലനത്തിന് വിധേയമാകുന്നതും നന്നായിരിയ്ക്കും.

പ്രശസ്ത അഭിഭാഷകനായ രാം ജത്മലാനി പറഞ്ഞിട്ടുണ്ട്  ഇത്രയും കേസുകള്‍ കൈകാര്യം ചെയ്ത സീനിയര്‍ ആയിട്ടും ചിലപ്പോ ഒരു സെക്ഷന്‍ ഒക്കെ പെട്ടെന്ന് ചോദിച്ചാല്‍ അറിയണമെന്നില്ല എന്ന്. ആര്‍ക്കും എല്ലാം അറിയണമെന്നില്ല. അതൊരു തെറ്റൊന്നുമല്ല.നമുക്ക് സെന്‍സിറ്റിവിറ്റി ഫാക്റ്റര്‍ കുറച്ച് കുറവാണ്.ഞാന്‍ പൊതുവേ പരിചയമില്ലാത്ത ആളുകളെ ഫെയ്സ്ബുക്ക് ഫ്രെണ്ട്സായി ആക്സപ്റ്റ്  ചെയ്യാറില്ല.

ചാറ്റ് ചെയ്യാറുമില്ല. അങ്ങനെ ചെയ്ത് പണി കിട്ടിയ അനുഭവങ്ങളും ഉണ്ട് അവര്‍ പിന്നീട് നമ്മുടെ പെഴ്സണല്‍ ഫ്രണ്ട്സിനു റിക്വസ്റ്റ് അയച്ച് അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നൊക്കെ വരാം. ഞാന്‍ എന്ന മീഡിയം ഉപയോഗിച്ച് എനിയ്ക്ക് പ്രിയപ്പെട്ട ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് എനിക്കിഷ്ടമല്ല. 

മഞ്ജുവാണി.

പാലിയേക്കര ടോള്‍ വിഷയത്തില്‍ സുരഭിയുടെ പോസ്റ്റിനോടുള്ള എന്‍റെ പ്രതികരണമാണ് അന്ന് ശ്രദ്ധിയ്ക്കപ്പെട്ടത്. സുരഭിയെ നേരിട്ട് അന്ന് പരിചയമുണ്ടായിരുന്നില്ല. ഇന്ന് ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒരു ആക്റ്റർ എന്ന നിലയില്‍ അവരുടെ ലൈഫ്, സ്ട്രഗിള്‍ ഒക്കെ അറിയാം. അങ്ങനെ ഒരു ഇഷ്ടമുണ്ട് താനും..

ഒരുനിരയില്‍ അഞ്ചിലേറെ വാഹനങ്ങള്‍ എത്തിയാല്‍ ടോള്‍ പിരിവ് അവസാനിപ്പിച്ച് വണ്ടി കടത്തിവിടണം എന്നായിരുന്നു  നിയമം. ആ അറിവില്ലായ്മയുടെഭാഗമായുണ്ടയുണ്ടായ പ്രശ്നങ്ങള്‍ ആയിരുന്നു അവിടെ. അന്ന് സുരഭിയെ അധിക്ഷേപിച്ച് കുറെ കമന്റ്സ് കണ്ടു. അവര്‍ക്കും കൂടെ ഗുണമുണ്ടാകുന്ന ഒരു കാര്യമാണ് സുരഭി അന്ന് പറഞ്ഞത് എന്ന് മനസ്സിലാക്കാതെയുള്ള പ്രതികരണമായിരുന്നു അതൊക്കെ..ഞാന്‍ ഒരു അഡ്വക്കെറ്റ്‌ കൂടിയാണ്..അതിന്‍റെ ലീഗല്‍ സൈഡ് എല്ലാവരും അറിയണം എന്നൊരു ലക്ഷ്യത്തോടെയാണ് അന്ന് അങ്ങനെയൊരു വീഡിയോ ഞാന്‍ പോസ്റ്റ്‌ ചെയ്തത്.

സിനിമയിലെ സ്ത്രീമുന്നേറ്റം?

സിനിമയില്‍ ഇങ്ങനെയൊരു സംഘടന ഉണ്ടായതില്‍ വളരെ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആക്റ്റിംഗ് ഒരു ഭാഗ്യം വന്ന പോലെ വന്നതാണ്. ഞാന്‍ വല്ല കാലത്തുമേ റോളുകള്‍ ചെയ്യുന്നുള്ളൂ എങ്കിലും സിനിമയിലെയും സമൂഹത്തിലെയും ഇഷ്യൂസ് എല്ലാം എന്നേം കൂടെ ബാധിയ്ക്കുന്നതാണല്ലോ. എന്നെ ഏല്‍പ്പിയ്ക്കുന്ന ജോലി നന്നായി ചെയ്യാന്‍ സാധിയ്ക്കും എന്നുറപ്പുണ്ട്‌. പക്ഷെ അതിന്‍റെ പ്രതിഫലം കൃത്യമായി കിട്ടുകയും വേണം. ശരി ആര് ചെയ്താലും ഞാന്‍ അവരുടെ കൂടെയുണ്ട്.

ഇഷ്ടമുള്ള സിനിമകള്‍?

ബയോപ്പിക് ഇഷ്ടമാണ്. ചരിത്ര സിനിമകള്‍ ഇഷ്ടമാണ് സഞ്ജയ്‌ ലീല ബന്‍സാലി ഒക്കെ ഫേവറൈറ്റ് ആണ്. കൊടുത്ത കാശ് വസൂലായ പോലെ തോന്നണം സിനിമ കണ്ടിറങ്ങിയാല്‍. ബാജിറാവു മസ്താനിയൊക്കെ ഇഷ്ടമായി. നമ്മുടെ രാജ്യത്ത് നമമുടെ അല്ലാത്ത ഒരു കാലഘട്ടത്തില്‍  ജീവിച്ചവരുടെ കഥ  കാണുന്നത്  വല്ലാത്ത ഒരു ഫീലാണ്. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഉദാഹരണം സുജാതയും രാമലീലയും  പോലെയുള്ള  ഡ്രാമ സിനിമകളും കാണാനുണ്ട്.

 ഡബ്ബിംഗ് മികവ്

ഡോള്‍ഫിന്‍സ് ആണ് പാട്ടിലും ഡബ്ബിങ്ങിലും എനിക്ക് ബ്രേക്ക് തന്ന ചിത്രം. പിന്നീട് പത്തു കല്‍പ്പനകളില്‍ കനിഹയ്ക്ക് വേണ്ടി. ഒരേ മുഖത്തില്‍ അഭിരാമിയ്ക്കു വേണ്ടി പിന്നെ വന്യത്തില്‍ അപര്‍ണ്ണ നായര്‍ക്ക് വേണ്ടി. ജോമോന്റെ സുവിശേഷങ്ങകില്‍ കുറെ ചെറിയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തു. വി കെ പിയുടെ ഒരു സിനിമയ്ക്ക് വേണ്ടിയും ചെയ്തു. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യമാണ്‌ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്.

നിവിന്റെ അമ്മ കഥാപാത്രമായ ലക്ഷ്മി രാമകൃഷ്ണന് വേണ്ടിയാണ് ശബ്ദം നല്‍കിയത്. ആ വിജയത്തില്‍ വിനീത് ശ്രീനിവാസന്‍റെ പേര് പറയാതെ വയ്യ. അത്രയും സൂക്ഷ്മമായിട്ട് എനിക്കെല്ലാം പറഞ്ഞുതന്ന് ഞാന്‍ പാളിപ്പോകുന്നിടത്ത് കൃത്യമായി കറക്റ്റ് ചെയ്ത് വിനീത് ഒപ്പമുണ്ടായിരുന്നു. ശരിക്കും ഡബ്ബിംഗ് സ്റ്റുഡിയോയില്‍ സംവിധായകനും ഉണ്ടായിരിക്കണം എന്നാണ് എന്‍റെ അഭിപ്രായം. സാധാരണ അസിസിറ്റന്റ് ഒക്കെയാണ് വരാറുള്ളത്. സംവിധായകന്‍ ഒരു കഥാപാത്രത്തെ  കൺസീവ് ചെയ്യുന്ന ലെവല്‍ മറ്റൊരാള്‍ എത്തിയിട്ടുണ്ടാവില്ല. കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത കാറ്റ് എന്ന ചിത്രത്തിലും സഹകരിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ ക്രെഡിറ്റ് പോലും തരാതെ വിട്ട അനുഭവങ്ങളും ഉണ്ട്.

പാട്ടിന്റെ കൂട്ടുകാരി

കുറെ പാട്ടുകൾ എഴുതിയിട്ടുണ്ട്. പാടിയിട്ടുമുണ്ട്. എന്നിട്ടും ആക്ഷൻ ഹീറോയിലെ കഷ്ടിച്ച്  ഏഴു മിനിറ്റിൽ താഴെ സ്ക്രീൻ പ്രസൻസ് ഉള്ള റോൾ ആണ് എന്നെ പ്രേക്ഷകർക്ക് പരിചിതയാക്കിയത്. കൊളേജില്‍ കവിതാരചനയ്ക്ക് ഒക്കെ സമ്മാനം കിട്ടിയിട്ടുണ്ട്. വി കെ പ്രകാശിന്‍റെ റോക്ക്സ്റ്റാറിന വേണ്ടിയാണ് സിനിമയില്‍ ആദ്യമായി പാട്ടെഴുതുന്നത്. ചില ഷോര്‍ട്ട് ഫിലിംസിന് വേണ്ടിയും ഇപ്പോള്‍ പാട്ടെഴുതുന്നുണ്ട്.

സൗദാമിനി എന്ന ചിത്രത്തില്‍ എം ജി ശ്രീകുമാറിന്റെയും ദേവാനനദിന്‍റെയും  ഒപ്പമാണ് ആദ്യമായി പാടിയത്.പി ഭാസ്ക്കരന്‍ മാഷ്‌ ഏറ്റവും അവസാനം എഴുതിയ വരികളായിരുന്നു.നല്ല പാട്ടുകള്‍ ആയിരുന്നു എല്ലാം എങ്കിലും സിനിമ പരാജയമായിരുന്നത് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടില്ല.

പ്ലേബാക്ക് സിങ്ങിങ്ങ് എന്നുള്ളത് ഒരു സ്വപ്നം തന്നെയാണ്. അത് പ്രതീക്ഷിയ്ക്കാറുമുണ്ട്. പക്ഷെ അത് അങ്ങനെ സംഭിച്ചില്ലെങ്കിലും ഐ ആം  ഓക്കേ. കാരണം ഇന്നത്തെ ഒരു ടെക്നോളജി ലെവല്‍ വച്ചിട്ട് സിനിമാഗാനങ്ങള്‍ മാത്രമാണ് ഒരാളെ സിങ്ങര്‍ ആക്കുന്നത് എന്നില്ലല്ലോ. എല്ലാവരും പാട്ടുകാരാണ്.സ്മ്യൂള്‍ വഴി എത്രപേരാണ് പ്രശസ്തരായത്. സിനിമാ പാട്ട് പാടിയാലേ സിങ്ങര്‍ ആകൂ എന്നൊന്നുമില്ല.

എന്‍റെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് അവരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാനാവും എന്നൊരു ആത്മവിശ്വാസമുണ്ട്. എത്രകാലം കഴിഞ്ഞാലും എനിയ്ക്കുള്ളത് എന്നിലേയ്ക്ക് എത്തും എന്നൊരു  ഉറപ്പ് ഉണ്ട്. അതുപോലെ തന്നെ മനസ്സു കൊണ്ട് ബഹുമാനിക്കുന്ന സംവിധായകരുണ്ട്. അവരുടെ സിനിമകളില്‍ വെറുതെ വന്നു മിന്നി മാഞ്ഞു പോകുന്ന റോള്‍ ആണെങ്കില്‍ പോലും ചെയ്യാന്‍ സന്തോഷമാണ്. വിനീത് ശ്രീനിവാസന്‍ നായകനായി ക്രിസ്മസ് റിലീസ് ആയ ഒരു സിനിമയിലാണ് ഇപ്പോള്‍ അഭിനയിയ്ക്കുന്നത്.

പെഴ്സണൽ പ്രൊഫൈൽ

ഞാൻ  കോഴിക്കോട് ലോ കോളേജിൽ നിന്ന് എൽ എൽ ബി കഴിഞ്ഞ് ഹൈക്കൊർട്ടിൽ പ്രാക്റ്റീസ് ചെയ്തിരുന്നു. പിന്നീട് കോർപ്പറേറ്റ്  സെക്ടറിലേക്ക് കടന്നു. ഇടയ്ക്ക് കുറേക്കാലം ദുബായില്‍ ആര്‍ ജെയായി വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയിലാണ്. അച്ഛന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തു. അമ്മ മഹാരാജാസ് കൊളേജില്‍ ഹിന്ദി അധ്യാപികയായിരുന്നു. എന്റേത് ഒരു ലേറ്റ് മാരിയേജ് ആയിരുന്നെങ്കിലും കിട്ടിയപ്പോള്‍ ദ് ബെസ്റ്റാണ് ദൈവം തന്നത്. ഭാഗ്യരത്നം എസ് നായര്‍ എന്നാണു അദ്ദേഹത്തിന്റെ പേര്. എന്‍റെ ശരിയായ തീരുമാനങ്ങള്‍ക്ക് വളരെ സ്ട്രോങ്ങ്‌ ആയിട്ട് എന്‍റെ കൂടെ നില്‍ക്കുകയും തെറ്റായ തീരുമാനങ്ങളെ അനുകൂലിയ്ക്കാതെ തന്നെ എന്നാല്‍ എന്നെ മനസ്സിലാക്കിക്കൊണ്ട് തിരുത്തുന്ന സപ്പോര്‍ട്ടിംഗ് സിസ്റ്റമാണ് അദ്ദേഹം.