അവതാർ 2 ൽ ഈ ഇന്ത്യക്കാരിക്ക് എന്ത് റോൾ?

അർഷിത.

സ്വപ്‌നങ്ങൾ പലർക്കും പലതാണ്. സിനിമയെ സ്വപ്നം കാണുന്ന പെൺകുട്ടികളുടെ മനസ്സിലെന്താകും? ഏറ്റവും മികച്ച വേഷം ലഭിക്കുക, സൂപ്പർ താരത്തിനൊപ്പം അഭിനയിക്കുക... പിന്നെ?

സിനിമയെയും പെൺകുട്ടികളെയും ചേർത്ത് പറയുമ്പോൾ അഭിനയം എന്ന വേഷത്തിനപ്പുറം അവരെ സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് ചേർത്ത് നിർത്തി പറയാൻ പൊതുവെ നമുക്ക് മടിയാണ്. കാലം മാറി, സാഹചര്യങ്ങളും മാറി സിനിമയുടെ എല്ലാ വശങ്ങളിലും ഇപ്പോൾ സ്ത്രീകൾ ജോലിയെടുക്കുന്നു.

അവർക്കു വേണ്ടി സംസാരിക്കാനും അവരുടെ ഇടയിൽ നിന്ന് സംഘടനകളുണ്ടാകുന്നു. സിനിമയെ മോഹിക്കുന്ന ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമെന്തായിരിക്കും അതും അതിന്റെ സാങ്കേതിക വിഭാഗത്തിൽ? എല്ലാ സ്വപ്നങ്ങളെയും കടത്തി വെട്ടി ബോളിവുഡിലെയും ഹോളിവുഡിന്റെയും ഒക്കെ ഭ്രമിപ്പിക്കുന്ന ലോകത്തേക്ക് നടക്കുകയും ലോക സിനിമാ ചരിത്രത്തിൽ സ്വന്തം പേര് എഴുതപ്പെട്ടു വയ്ക്കുകയും തന്നെയാവില്ലേ?,

ഇതാ ഇവിടെയൊരു മുപ്പതുകാരി സ്ത്രീ, പേര് ആർഷിത കാമത്ത്. ഇന്ത്യക്കാരിയായ അർഷിത ഇപ്പോൾ ജോലി ചെയ്യുന്നത് പ്രശസ്ത സിനിമാ മായാജാലക്കാരൻ ജെയിംസ് കാമറൂണിന്റെ അവതാർ സീരീസിലെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ്. അതും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു പിടിച്ച ആർട്ട് ഡയറക്ടറുടെ പണി.

ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പെൺകുട്ടി സിനിമയെ ആഗ്രഹിച്ചു ഹോളിവുഡിലേക്ക് നടന്നു കയറുക. ഒന്നും അത്ര എളുപ്പമല്ലല്ലോ. ആന്ധ്രയിലെ പ്രശസ്തമായ ഋഷി വാലി സ്‌കൂളിലെ ബോർഡിങ് പഠനമായിരിക്കണം ആർഷിതയിലെ സ്വപ്നത്തെ പുറത്തു കൊണ്ടു വന്നത്.

"എന്റെ 'അമ്മ ഒരു ഗ്രാഫിക്സ് ഡിസൈനർ ആയിരുന്നു. എന്റെ വീടിനു പുറത്തെ വ്യത്യസ്തമായ ഡിസൈനുകൾ എനിക്ക് പരിചയപ്പെടുത്തിത്തന്നത് കുടുംബമാണ്. അവർ തന്ന വിദ്യാഭ്യാസമാണ് എന്നെ ഇപ്പോഴത്തെ ഞാനാക്കിയത്. അതിൽ ഞാൻ ഭാഗ്യവതിയാണ്." ആർഷിത ഇങ്ങനെ പറയുമ്പോൾ അത് സത്യമാണെന്നുറപ്പിക്കാം കാരണം ആന്ധ്രയിലെ ഗ്രാമങ്ങളിലെ പെൺകുട്ടികൾ പലരും കൃത്യമായ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ കുട്ടിക്കാലം മുതൽ തന്നെ ജീവിതത്തിന്റെ കയ്പു നീര് കുടിക്കുന്നവരാണ് എന്നതാണ് സത്യം.

"ഋഷി വാലി സ്‌കൂളിൽ ഞാൻ ഫൈൻ ആർട്സ് ആണ് പഠിച്ചിരുന്നത്. അതിനു ശേഷം ഞാൻ ഫിലിം ക്ലബ്ബിൽ അംഗമായി അവിടുന്ന് അങ്ങോട്ടാണ് സിനിമ ജീവിതത്തിന്റെ ഭാഗമായത്. സ്‌കൂൾ ജീവിതം കഴിഞ്ഞ ശേഷം മുംബൈയിലേക്ക് അടുത്ത അക്കാദമിക വർഷങ്ങൾ പറിച്ചു നട്ടു. മുംബൈ ബോളിവുഡ് സിനിമകളുടെ ഹൃദയം വഹിക്കുന്നവളാണ്. അവിടെ നിന്നാണ് നിരവധി പരസ്യ ചിത്രങ്ങളിൽ പലർക്കും ഒപ്പം ജോലി ചെയ്യാൻ ആരംഭിച്ചത്. പിന്നീട് ബോളിവുഡ് സിനിമയും കയ്യിലെത്തി." "സിന്ദഗി ന മിലേഗി ദൊബാര" എന്ന ഹിറ്റ് ചിത്രത്തിലെ പ്രോപ്പർട്ടി മാനേജരായിരുന്നു ആർഷിത. എത്ര അക്കാദമിക്ക് ആയി കാര്യങ്ങൾ പഠിച്ചാലും ഇത്തരം ചില പരിശീലനങ്ങൾ ഇല്ലാതെ മികച്ച ആർട്ട് ഡയറക്ടർ ആവുക എന്നത് അത്ര എളുപ്പവുമല്ല. 

വെറുതെ അസിസ്റ്റന്റ് ആയിരിക്കാൻ ആർഷിത ഒരുക്കമായിരുന്നില്ല. കൂടുതൽ പഠിക്കണം സിനിമയുടെ ഡിസൈനിന്റെ ഭാഗമാക്കണം എന്ന മോഹം കൂടി കൊണ്ടേയിരുന്നപ്പോഴാണ് ആർഷിത ഒടുവിൽ ഹോളിവുഡ് സിനിമകളുടെ മായിക ലോകമായ ലോസ് ഏഞ്ചൽസിലേയ്ക്ക് വണ്ടി കയറുന്നത്. "എന്റെ ഒരു തീസീസിനു വേണ്ടി ഒരു ഹോളിവുഡ് സിനിമയുടെ ഭാഗമായി മാറിയിരുന്നു. സ്നേഹം, നന്മ എന്നിവയൊക്കെ ആഗോളവത്കരിക്കുന്ന ആശയമാണ്.

നിർമ്മാണവും അത്ര എളുപ്പമായിരുന്നില്ല, സാമ്പത്തിക ബുദ്ധിമുട്ട്, പിന്നെ ഹോളിവുഡിന്റെ നിറങ്ങളുണ്ടാവണം. പക്ഷേ എല്ലാ വെല്ലുവിളികളെയും നേരിട്ട് ആ സിനിമ പുറത്തിറങ്ങിയപ്പോൾ വലിയ സന്തോഷമായി. 2014  ലെ സ്റ്റുഡന്റ് പുരസ്കാരവും ആ ചിത്രത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം ഞാൻ ഭീകരന്മാരുടെ ലോകത്തേക്ക് വന്നു. The BFG , Kong: Skull Island,  I See You,  Pacific Rim സ്പ്രൈസിംഗ്, എന്നീ സിനിമകളുടെ ഭാഗമായി തീർന്നു. അതിന്റെയൊക്കെ സംവിധായകരിൽ നിന്നും എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിക്കുക എന്ന് പഠിക്കാൻ കഴിഞ്ഞു എന്നതാണ് ഭാഗ്യം."

ലോക സിനിമയുടെ തന്നെ പ്രിയപ്പെട്ട സംവിധായകനാണ് സ്റ്റീവൻ സ്പിൽസ്ബർഗും ജെയിംസ് ക്യാമെറൂണുമൊക്കെ. ദി ബിഎഫ്ജി യിലൂടെ സ്പിൽബെർഗിന്റെ സിനിമയുടെ ഭാഗമായി പ്രവർത്തിക്കാനും അർഷിതയ്ക്ക് കഴിഞ്ഞു. ആരാധന സേത്തും സൂസൻ കാപ്പിലാൻ മെർവാഞ്ചിയുമൊക്കെ തനിക്കു തന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ലെന്നും ആർഷിത പറയുന്നു.

അവതാർ എന്ന ഇതിഹാസ സിനിമ ലോക സിനിമാ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഒരു പ്രത്യേക ലോകത്തിലെ മനുഷ്യരെയും അതിന്റെ വൈകാരികതയും ഒക്കെ പ്രതിഫലിപ്പിച്ച ഈ ചിത്രം സാങ്കേതികമായും ഏറെ മുന്നിലായിരുന്നു. അവതാറിന്റെ രണ്ടാം ഭാഗം വരുമ്പോൾ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയെ കൃത്യമായി ശ്രദ്ധിച്ചു അതിനനുസരിച്ച് മാറ്റങ്ങൾ അതിലും കൊണ്ട് വരേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ആർഷിത കാമത്ത് അവതാർ സീരീസിൽ ആർട്ട് ഡയറക്ടർ ആയി രംഗപ്രവേശനം ചെയ്തതും. സിനിമ നടക്കുന്നത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ സിനിമയെ കുറിച്ച് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും ആർഷിത.  

സിനിമയിലെ സാഹചര്യങ്ങൾ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ബുദ്ധിമുട്ടുള്ളതാണ് എന്നാണു അർഷിതയുടെ അഭിപ്രായം. മണിക്കൂറുകൾ ഒരു പ്രത്യേക സിനിമയ്ക്ക് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരുമ്പോൾ മുഴുവൻ ആത്മാർത്ഥതയും സമയവും എല്ലാം അതിലേക്കു തന്നെ കൊടുക്കേണ്ടി വരുന്നു. ഇതിനിടയിൽ സ്വന്തവും ബന്ധവും മറക്കാനാവില്ലെന്നും അർഷിത പറയുന്നു. എന്തായാലും ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായെങ്കിലും ഇന്ത്യക്കാരിയായ ഈ സ്ത്രീ ഹോളിവുഡിൽ നേടാൻ പോകുന്ന സുവർണ്ണ സിംഹാസനത്തെ ഓർത്തു അഭിമാനിക്കാം.