സൈബറിടങ്ങളെക്കുറിച്ച് സയനോരയ്ക്കും രഹാനയ്ക്കും പറയാനുള്ളത്

സയനോര ഫിലിപ്പ്, രഹാന ഫാത്തിമ.

"അവളെ അങ്ങനെ വിട്ടാൽ പറ്റില്ല, അനുഭവിക്കണം. അവളെ പരമാവധി അപമാനിക്കണം...", ഒച്ചയുയർത്തിയ, സ്വന്തം ഇഷ്ടങ്ങൾ ഉറക്കെ പറഞ്ഞ സ്ത്രീകളോടുള്ള സമൂഹമാധ്യമങ്ങളുടെ കാഴ്ചപ്പാട് ഇതാണോ? പലപ്പോഴും ഈ സംശയം ഉയരാറുണ്ട്.

കാരണം വ്യത്യസ്തമായ ആശയങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോടുള്ള പൊതു-സദാചാര സമൂഹത്തിന്റെ കാഴ്ചപ്പാടിങ്ങനെയാണ്. പൊതുവെ സെലിബ്രിറ്റികളായ സ്ത്രീകളാണ് ഇത്തരത്തിൽ ഏറെയും അപമാനങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവർ. ഒരു സ്ത്രീക്ക് സ്വന്തം കാഴ്ചപ്പാടുകൾ പറയാൻ അവകാശമില്ലെന്നാണോ? കൂടുതലും അവൾ അപമാനിക്കപ്പെടുന്നത് സാമൂഹിക മാധ്യമങ്ങളിൽ തന്നെ.  ഏറെ സൈബർ പരിഹാസങ്ങൾ ഏറ്റു വാങ്ങിയ രണ്ടു സ്ത്രീകൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നു.

ഗായികയും സംഗീത സംവിധായികയുമായ സയനോര ഈ വിഷയത്തിൽ കുറച്ചൊന്നുമല്ല കേട്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും. "നമ്മൾ വളരെ സ്വാദിഷ്ടമായ ഒരു സദ്യ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ കൈയിൽ തടയുന്ന കറിവേപ്പിലയേയും പച്ചമുളകിനേയുമൊക്കെ നമ്മൾ എടുത്തു കളയാറില്ലേ. അതുപോലെ കണ്ടാൽ മതി ഇങ്ങനെയുള്ള അപമാനങ്ങളേയും.

അതിൽ നിന്ന് നല്ലതൊന്നും ലഭിക്കാനില്ലാത്തിനാൽ അതിനെ എടുത്തങ്ങു കളയുക. അവർ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുകയാണ്. അതിനു മറുപടി പറയാൻ നിന്നാൽ നമ്മളും ഫ്രസ്ട്രേറ്റഡ് ആയിപ്പോകും എന്നേയുള്ളൂ. പക്ഷേ നിരന്തരം ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ആൾക്കാർക്കെതിരെ ഒറ്റക്കെട്ടായി സ്ത്രീകൾ നിൽക്കണം. കൂടുതലും സെലിബ്രിറ്റികളായ സ്ത്രീകൾ ഇത്തരത്തിൽ അപമാനം കൂടുതൽ ഏൽക്കേണ്ടി വരുന്നുണ്ട്.

ഒരിക്കലും സെലിബ്രിറ്റികളായ സ്ത്രീകളെ അവരുടെ അടുത്തുപോയി ഒന്നും ചെയ്യാനാകയില്ലല്ലോ. അങ്ങനെ വരുമ്പോഴാണ് ഇത്തരത്തിലുള്ള സൈബർ അപമാനിക്കലുകൾ നടത്തുന്നത്. ആത്മവിശ്വാസം കുറവുള്ള ആൾക്കാരാണ് പെൺകുട്ടികളോട് ഇത്തരത്തിൽ പെരുമാറുന്നത്. അല്ലെങ്കിൽത്തന്നെ ആണുങ്ങൾക്ക് ചേർന്ന പണിയല്ലല്ലോ ഇത്തരക്കാർ ചെയ്യുന്നത്. തന്റേടവും വ്യക്തിത്വവും ഇല്ലാത്തവർക്ക് മാത്രമേ ഇങ്ങനെ പറ്റൂ. അവർ ജീവിതകാലം മുഴുവൻ ഓരോ കാര്യത്തിലും അങ്ങനെ ഫ്രസ്ട്രേറ്റഡ് തന്നെയായിരിക്കും.

സയനോര ഫിലിപ്പ്.

എനിക്കൊരിക്കലും എന്റെ ആത്മവിശ്വാസം തകർന്നു പോയ പോലെ അനുഭവപ്പെടാറില്ല. അത്രമാത്രം ബുദ്ധിമുട്ടുകൾ ഉള്ള സന്ദേശങ്ങൾ കിട്ടുമ്പോൾ മാത്രം തിരികെ അവർക്കും മറുപടി കൊടുക്കും. ദയവു ചെയ്ത് നിർത്തിക്കോളൂ ഇത്തരം സന്ദേശങ്ങൾ കൂടുതലായാൽ വീട്ടിൽ പോലീസ് വരും എന്ന് പറയും. വളരെ സ്ട്രോങ്ങ് ആയി തന്നെ പറയാറുണ്ട്.

യാത്രകളൊക്കെ ചെയ്യുമ്പോഴുള്ള അവസ്ഥയും ഇതു തന്നെയാണ്. പക്ഷേ അപ്പോൾത്തന്നെ പ്രതികരിക്കുക എന്നതാണ് എന്റെ നിയമം. ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞാൽ അതു തന്നെയാണ്.നല്ലത്. പക്ഷേ ഇത്തരത്തിൽ പ്രതികരിക്കുന്ന സ്ത്രീകൾക്കൊപ്പം മറ്റു സ്ത്രീകളും നിൽക്കണം. സ്ത്രീകൾ എപ്പോഴും പുരുഷനു താഴെ നിൽക്കണം, അവർ പ്രതികരിക്കാൻ പാടില്ല, എന്നിങ്ങനെയുള്ള ആശയങ്ങളാണ് കൂടുതലും നമ്മുടെ ഇന്ത്യൻ സമൂഹം പേറുന്നത്. അവിടെ പ്രതികരിക്കുക, കൂടുതൽ പ്രതികരിക്കുക എന്നേ ചെയ്യാനുള്ളൂ. 

വനിതാ ദിനങ്ങൾ ഇത്തരം വിഷയങ്ങളിൽ ചില പ്രത്യേക സന്ദേശങ്ങൾ ഒക്കെ പ്രചരിപ്പിക്കാൻ നല്ലതാണ്. പക്ഷേ ഈ ദിനത്തിൽ മാത്രം ഒതുങ്ങി നിൽക്കുക എന്നതിൽ താൽപ്പര്യമില്ല, അത് പാടില്ല. കൂടുതൽ സ്ത്രീകൾ നിരത്തിലേക്കിറങ്ങണം. ഇപ്പോൾ തന്നെ രാത്രി യാത്ര നമുക്ക് അനുവദനീയമല്ലല്ലോ. അപ്പോൾ പെൺകുട്ടികൾ സുഹൃത്തുക്കളുമൊത്ത് പുറത്തേക്കിറങ്ങുക അവിടെ അവർക്ക് എന്തും ചെയ്യാമല്ലോ.

അങ്ങനെ പെൺകുട്ടികളും സ്ത്രീകളും വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് അവർക്ക് കുറേക്കൂടി സ്റ്റബിലിറ്റി വരുക. എനിക്ക് പലപ്പോഴും അതിശയം തോന്നാറുണ്ട്, പല സ്ത്രീകളും വീട്ടിലെ പണികൾ ഒക്കെ കഴിഞ്ഞ ശേഷം ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ ഒക്കെ ചെയ്ത ശേഷം പിന്നെ വീണ്ടും വൈകുന്നേരത്തെ പതിവു ജോലികളിലേക്ക് മടങ്ങും. അവർക്ക് മറ്റൊരു ആനന്ദങ്ങളുമില്ല.

പലപ്പോഴും അത്തരം സ്ത്രീകളോട് സംസാരിക്കാറുണ്ട്. പക്ഷേ അവർക്ക് പലതിനേയും ഭയമാണ്. ഭർത്താവില്ലാതെ പുറത്തിറങ്ങാൻ മടിയാണ് പലർക്കും. ഞാൻ പറയാറുണ്ട് ഒറ്റയ്ക്ക് പുറത്തിറങ്ങി നോക്കൂ എന്നാലല്ലേ അറിയൂ ആരും ആരെയും ഉപദ്രവിക്കാനൊന്നും പോകുന്നില്ലല്ലോ. കുറഞ്ഞത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയെങ്കിലും നമ്മൾ ഒറ്റയ്ക്ക് പുറത്തിറങ്ങിയേ പറ്റൂ. അങ്ങനെ അല്ലാത്തവർ കുലസ്ത്രീകളാണെന്നുള്ള ആശയം കാലപ്പഴക്കം ചെന്നതാണ്. നമ്മൾ സ്വയം പര്യാപ്തരാകണം. നമ്മൾ സ്വയം പര്യാപ്തരായി ജീവിക്കണം. 

എന്റെ വിവാഹത്തിനു മുൻപു  തന്നെ ഭർത്താവ് പറഞ്ഞിരുന്നു നിനക്ക് നിന്റെ കരിയറുണ്ട്, എനിക്ക് എന്റേയും എപ്പോഴും കൂടെ വരാനൊന്നും എളുപ്പമല്ല അത് നടക്കില്ല, എല്ലായിടത്തും ഒറ്റയ്ക്കാണെന്നുള്ള ബോധമുണ്ടാകണം, അത്തരം സമയങ്ങളിൽ എങ്ങനെയാണാവണം എന്ന് സ്വയം മനസിലാക്കണം. എന്ന്. ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയാണ്.

അതുകൊണ്ടു തന്നെ എല്ലാ സന്ദർഭങ്ങളേയും അതിജീവിക്കാൻ കഴിയുമെന്നെനിക്കറിയാം. എല്ലാ ദിവസവും വനിതാ ദിനങ്ങളായി തന്നെ കൊണ്ടാടപ്പെടട്ടെ. ഒന്ന് ശ്രദ്ധിച്ചാൽ അറിയാം നമ്മളോട് വളരെ നന്നായി പെരുമാറുന്ന ഒരു പുരുഷന് വീട്ടിൽ അവൻ സ്നേഹത്തോടെ പെരുമാറുന്ന, അല്ലെങ്കിൽ അവനോടു സ്നേഹത്തിൽ പെരുമാറുന്ന ഒരു അമ്മയോ, പെങ്ങളോ, ഭാര്യയോ മകളോ ഒക്കെയുണ്ടാവും. അതായത് സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാൾ എവിടെ ചെന്നാലും അത് പ്രകടിപ്പിക്കും. "

സൈബറിടത്തിൽ ഏറ്റവും കൂടുതൽ സൈബർ അപമാനങ്ങൾ ലഭിച്ച ആൾ ഒരുപക്ഷേ രഹാന ഫാത്തിമയാവും. ശരീരം എന്നതിനെ ഉപകരണമാക്കി കൊണ്ട് രഹാന ഫാത്തിമയെന്ന പാത്തു ചെയ്യുന്ന "ഏക" എന്ന ചലച്ചിത്രം പോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ സൈബർ ഇടങ്ങളിലെ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളെ കുറിച്ച് രഹാന ഫാത്തിമ:–

"പല തരത്തിലുള്ള അപമാനങ്ങൾ നമ്മൾ നേരിടുന്നുണ്ട്. സെക്സ് ഷെയിമിങ്, ബോഡി ഷെയിമിങ് അങ്ങനെ പല തരം. ചീത്തവിളികളാണ് അതിൽ മുന്നിട്ടു നിൽക്കുന്നത്. ശരീര അവയവങ്ങൾ, ലൈംഗിക അവയവങ്ങൾ എന്നിങ്ങനെ ചേർത്താണ് തെറി വിളി.  ഇത്തരത്തിൽ നമുക്കെതിരെ പറഞ്ഞാൽ പൊതുവെ സ്ത്രീകൾ പ്രതികരിക്കില്ല എന്നാണു അവരുടെ ചിന്തകൾ.

രഹാന ഫാത്തിമ.

സ്ത്രീകൾക്ക് പൊതുവെ ഇപ്പോൾ അവരുടേതായുള്ള ഒരു ഇടം എല്ലായിടത്തുമുണ്ട്. സ്ത്രീകൾ പുരുഷന് എല്ലാ രീതിയിലും വെല്ലുവിളിയായി തീരുമോ എന്ന ഭയം കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയരുന്നത്. നമ്മൾ ജീവിച്ചു വളരുന്ന സാഹചര്യത്തിൽ നമ്മൾ ഇടപെടുന്ന പല അന്തരീക്ഷവുമുണ്ടല്ലോ അതിനെ മനുഷ്യർ നന്നായി സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്.

അതിപ്പോൾ രാഷ്ട്രീയപരമായാണെങ്കിലും മതപരമായാണെങ്കിലും. പരിധിയിൽ നിൽക്കാതെ വരുമ്പോൾ അവരുടെ ഭയങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കാം. അങ്ങനെ ബോഡിഷെയിമിങ്ങും സെക്സ് ഷെയിമിങ്ങും ഒക്കെ ഉണ്ടാവും. പക്ഷേ ഇതിൽ കൂടുതൽ എനിക്കൊന്നും വരാനില്ല എന്ന നിലപാടിൽ പിടിച്ചു നിൽക്കാൻ സ്ത്രീകളെ കൊണ്ടാവണം. അങ്ങനെ വന്നാൽ ഭയം ഇല്ലാതാകും കുറഞ്ഞത് പ്രകടമാകാതെയെങ്കിലുമിരിക്കും.

പൊതുവെ ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്നവരുടെ ഉദ്ദേശം ശരീരത്തിന്റേയും ലൈംഗികതയുടെയും ഒക്കെ കാര്യത്തിൽ അപമാനിച്ചാൽ അത് എല്ലാവരും സ്വീകരിക്കും അവർക്കു വേണ്ടി ആരും സംസാരിക്കില്ല എന്നൊക്കെയാണ്. അപ്പോൾ സ്ത്രീകൾ ഒറ്റപ്പെടുമല്ലോ. അങ്ങനെയുള്ള കുറേ വഴികളുണ്ട് സ്ത്രീകളെ ഒറ്റപ്പെടുത്താൻ.  ഇപ്പോൾ ഒരു ടീച്ചറോ വക്കീലോ ഒക്കെയാണ് പൊതു സഭയിൽ സംസാരിക്കുന്നതെങ്കിൽ അവർക്ക് അത്രയ്ക്കും എതിർപ്പുകൾ നേരിടേണ്ടി വരില്ല, പക്ഷേ ഒരു സാധാരണ സ്ത്രീ സാഹചര്യങ്ങൾ കൊണ്ട് പ്രതികരിക്കേണ്ടി വന്നാൽ അവൾ മറ്റൊരു രീതിയിൽ തരം താഴ്ന്നു പോകപ്പെട്ടവളാകുന്നു. 

പറയണമെന്നില്ല, സമൂഹമാധ്യമങ്ങളിലൊക്കെ എഴുതുന്ന സ്ത്രീകൾക്കും ഇതൊക്കെ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോൾ തന്നെ നോക്കൂ, ലൈംഗികതയെക്കുറിച്ച് പൊതുവെ പുരുഷന്മാരെഴുതിയ പുസ്തകങ്ങളും വാക്കുകളുമാണ് നമ്മുടെ മുന്നിലുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീ അവളുടെ ലൈംഗികതയെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും പറയുമ്പോൾ അത് സ്വീകരിക്കാൻ നമ്മുടെ സമൂഹം എപ്പോഴും പര്യാപ്തമായിട്ടില്ല.

അവർ അങ്ങനെ പറയില്ല എന്നാണ് അവർ വിലയിരുത്തുന്നത്. അവർക്കെന്തോ പ്രശ്നമുണ്ട് അവർ വേശ്യയാണ് അല്ലെങ്കിൽ സ്ത്രീയുടെ പേരിൽ പുരുഷനാണ് പറയുന്നതെന്ന് വരുത്തി തീർക്കും. സ്ത്രീകളെ തങ്ങളുടെ പരിധിയ്ക്കുള്ളിൽ നിർത്തിയാൽ മാത്രമേ അവർക്ക് നിലനിൽപ്പുള്ളൂ എന്ന പോലെയാണ് ഇടപെടലുകൾ. ഇതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. 

ഇപ്പോൾ പൊതുവെ സ്ത്രീകൾക്ക് പഴയ പേടികളൊക്ക കുറേ മാറിയിട്ടുണ്ട്. സ്വന്തം പേരും മുഖവുക്കെ ഇടാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. അല്ലാതെ എപ്പോഴും ഫേക്ക് ഐഡികളിൽ വരുന്നവർക്ക് വളരെ സ്വകാര്യമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കുട്ടിക്കാലം മുതൽ തന്നെ പെൺകുട്ടികൾ ഓരോന്നും അനുഭവിച്ചു തന്നെയാണ് വളർന്നു വരുന്നത്. എല്ലാവരുടെയും കഥകളിലുമുണ്ടാകും അവരെ അപമാനിച്ച പുരുഷന്മാർ, അങ്ങനെയുള്ള സ്ത്രീകൾ ഒന്നിച്ചു നിൽക്കുക എന്നൊരവസ്ഥ വന്നാൽ പോലും പുരുഷന്മാർ നമ്മളെ അപമാനിക്കും. 

രണ്ടു തല ചേർന്നാലും നാല് മുല ചേരില്ലെന്നും ഫെമിനിച്ചി എന്ന് വിളിച്ചും പരിഹസിക്കും. ശരിക്കും ഫെമിനിസം എന്ന വാക്കു പലരും തെറ്റിദ്ധരിക്കപ്പെട്ടതാണ്. നിങ്ങൾ തെങ്ങിൽ കയറുന്നു ഞങ്ങൾക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്. പുരുഷനെ പോലെ തുല്യത നമ്മൾ എല്ലാവരും അവരവരുടേതായ ജോലികൾ ചെയ്യുന്നവരാണ്, അത് പങ്കിടുക വലിയൊരു കാര്യമാണ്. ഇപ്പോൾ വീട്ടിലെ കാര്യങ്ങളിൽ നമ്മൾ ചെയ്യുന്ന ജോലികളിൽ അവരെ പങ്കാളികളാക്കുക അവരുടെ കാര്യങ്ങളിൽ നമ്മളെയും ഉൾക്കൊള്ളിക്കുക അതാണ് വേണ്ടത്.

പലയിടത്തും അമ്മമാർ തന്നെയാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്. നമ്മൾ ആൺകുട്ടികൾക്ക് കരുതൽ കൊടുക്കും പെൺകുട്ടികൾ മാത്രം പണിയെടുക്കണം എന്ന തലത്തിലാണ് കാര്യങ്ങൾ.  ആ രീതി തന്നെ മാറണം. ഇനിയെങ്കിലും നമ്മുടെ വീട്ടിലെ പുരുഷന്മാരോട് അതേക്കുറിച്ച് നമുക്ക് സംസാരിക്കാനാകണം. ആദ്യമൊക്കെ നമുക്കാവശ്യമുള്ള സഹായം നാം ചോദിച്ചു വാങ്ങണം. കാരണം അവർക്കറിയില്ലല്ലോ, അവരങ്ങനെയാണ് പരിശീലിക്കപ്പെട്ടത്. പക്ഷേ വീട്ടിൽത്തന്നെ അങ്ങനെ ഒരു പങ്കാളിത്ത തലത്തിൽ എല്ലാം വന്നാൽ അത് സമൂഹത്തിലേക്കും കൊണ്ടു വരാനാകും.

വനിതകൾക്ക് മാത്രമായി ഒരു ദിനം അപ്പോൾ ബാക്കിയുള്ള ദിവസങ്ങൾ പുരുഷന്മാർക്കുള്ളതാണോ അങ്ങനെയൊക്കെ ചോദ്യങ്ങളുണ്ട്. എന്നും വനിതകൾക്കു വേണ്ടി എന്ത് പറയുമ്പോഴും ഈ ദിവസം പോലും ആരും ആഘോഷിക്കാറോ ജീവിതത്തിൽ പ്രാവർത്തികമാക്കാറോ ഇല്ല. വനിതാ ദിനത്തിൽ ഏതെങ്കിലും സ്ത്രീകൾ, അവൾക്കു വേണ്ടി കുറച്ചെങ്കിലും ജീവിക്കാറുണ്ടോ? അങ്ങനെയൊന്നും ഉണ്ടാകുന്നതേയില്ല. പുരുഷനെന്നും പലരീതിയിൽ വ്യത്യസ്തമായിരിക്കും ഓഫീസ് അല്ലെങ്കിൽ സുഹൃത്തുക്കൾ, അവരുടെ ആനന്ദങ്ങൾ അങ്ങനെയൊക്കെ ഓപ്‌ഷനുകൾ അവർക്കുണ്ട്. പക്ഷേ സ്ത്രീകൾക്ക് അത്തരം സാധ്യതകൾ കുറവാണ്. അങ്ങനെയൊക്കെ നോക്കുമ്പോൾ ഇത്തരം ദിവസങ്ങൾ ആവശ്യം തന്നെയാണ്.