Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിക്കുന്ന സ്ത്രീകളെക്കുറിച്ച് സ്ത്രീകൾക്ക് പറയാനുള്ളത്

fausiya-hony-manju ഫൗസിയ കളപ്പാട്ട്, ഹണി ഭാസ്കർ,മഞ്‍ജു ഉണ്ണികൃഷ്ണൻ.

ലഹരി മരുന്നുകൾ എങ്ങനെയൊക്കെയാണ് മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നത്? അതൊരിക്കലും നാശമല്ല എന്നു ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നു. ലഹരി മരുന്നുകൾ കാരണം ജീവിതം പോലും കൈവിട്ടു പോയവർ, അച്ഛൻ കുടിച്ചു നശിച്ചു, ഞാൻ ഒരിക്കലും മദ്യപിക്കില്ല എന്ന് പറയുന്ന യുവാക്കൾ... അങ്ങനെ വ്യത്യസ്തതരം മനുഷ്യരുടെ ജീവിതങ്ങളുണ്ട്.

ലഹരിമരുന്നിന്റെ ഉപയോഗം പല തരത്തിൽ മനുഷ്യ ജീവിതങ്ങളെ ബാധിച്ചേക്കാം. ലഹരി തന്നെ പലതരമുണ്ട്, മദ്യം, മയക്കുമരുന്ന്, തുടങ്ങിയവ അറിയപ്പെടുന്ന ലഹരികളാണെങ്കിൽ സംഗീതം, എഴുത്ത്, സ്പോർട്സ് തുടങ്ങിയ ലഹരികളിൽ നീരാടുന്നവരുമുണ്ട്. ഒരു പ്രത്യേക വസ്തുവിൽ ആണ്ടു പോവുക, അതില്ലാതെ ജീവിക്കാൻ കഴിയാതെയിരിക്കുക, അതിൽ അടിമയായി പോവുക അത്തരം അവസ്ഥയ്ക്കാണ് ലഹരിയ്ക്ക് അടിമപ്പെടുക എന്ന് പറയുന്നത്. അതിൽ എന്താണ് മോശം എന്നാണ് പുതിയ തലമുറയുടെ ചിന്ത. ലഹരി ഉപയോഗിക്കുന്ന രീതികൾക്ക് മാറ്റം മതി അത് ഉപേക്ഷിക്കേണ്ടതില്ല എന്നാണ് അവർക്ക് പറയാനുള്ളത്.

സ്ത്രീകളുടെ ലഹരി ഉപയോഗം കഴിഞ്ഞ നൂറ്റാണ്ടുകളെ അപേക്ഷിച്ച് ഇത്തവണയാണ് ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്നത്. കാരണം ലഹരിക്ക് സ്ത്രീയെന്നോ-പുരുഷനെന്നോ വേർതിരിവുകൾ കൽപ്പിക്കാതെ ഉപയോഗത്തിന്റെ നിയമം പഠിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിലുള്ള മദ്യ ഗ്രൂപ്പുകളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉള്ളതും ഇപ്പോൾ ഒരു മോശം കാര്യമല്ലാതായി തീർന്നിരിക്കുന്നു. ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടേതായ ഗ്രൂപ്പുകൾ വരെയുള്ള കാലമാണ് എന്നതാണ് സത്യം. എന്താണ് ലഹരി ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾക്ക് പറയാനുള്ളത്? ചിലർ പറയുന്നത് കേൾക്കൂ..

എഴുത്തുകാരിയായ മഞ്‍ജു ഉണ്ണികൃഷ്ണൻ 

ലഹരിയുടെ ഉപയോഗത്തെ  ഞാൻ ഇഷ്ട്ടപെടുന്നില്ല .ആരോഗ്യവും ബുദ്ധിയും ഇല്ലാത്ത ഒരു സമൂഹം മാത്രമാണ് ഇതിന്റെ ബാക്കി പത്രം .ഇപ്പോൾ  ലഹരി ഉപയോഗം ഒരു തെറ്റേ അല്ല എന്ന വിശ്വാസമാണ്  സമൂഹം വച്ചു പുലർത്തുന്നത് .ഇതിന്റെ പ്രശ്നങ്ങൾ കുടുംബങ്ങളിലും കാണാം. മദ്യപാനം വേറൊരു തരത്തിലാണ്. ഒരു രസത്തിന് തുടങ്ങി മുഴുക്കുടിയിൽ എത്തുകയാണ്. ബിവറേജസിലെ കച്ചവടക്കണക്കും തിരക്കും നമ്മൾ കാണുന്നതല്ലേ. സ്ത്രീകൾ മദ്യപിക്കുന്നതിനെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചാൽ, ടെൻഷൻ മാറാൻ ആണെങ്കിൽ സ്ത്രീകളാണ് കൂടുതൽ മദ്യപിക്കേണ്ടി വരിക എന്ന് തോന്നുന്നു .ഞാൻ മദ്യപിക്കുന്ന ആളല്ല ,ഉണ്ണികൃഷ്ണനും മദ്യം ഉപയോഗിക്കില്ല .എങ്കിലും മദ്യം വരുത്തിയ ഒരു പാട് പ്രശ്നങ്ങൾ അമ്മയും ഞാനും അനിയനും അനുഭവിച്ചിട്ടുണ്ട് .

manju-01 മഞ്‍ജു ഉണ്ണികൃഷ്ണൻ.

വളരെ സ്നേഹമയനായ അച്ഛൻ മദ്യത്തിന്റെ ഉപയോഗം കൂടിയതുകൊണ്ട് ഉണ്ടാക്കിയ പ്രശ്നങ്ങൾ ഒരിക്കലും ഓർക്കാൻ പോലും ഞാൻ ശ്രമിക്കാറില്ല .

ഇത് ലോകത്തു നിന്ന് തുടച്ചു മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല .എങ്കിലും ഒന്നിനും അടിമപ്പെടാതിരിക്കുക എന്നേ പറയാൻ പറ്റൂ .മദ്യപിക്കുന്നവരോട് അസഹിഷ്ണുത ഒന്നും സൂക്ഷിക്കുന്നില്ല .മദ്യപിച്ചാലും അവനവനെ മറക്കാതിരിക്കുക എന്നേ പറയാൻ പറ്റൂ.

എഴുത്തുകാരിയായ ഫൗസിയ കളപ്പാട്ട്

ഞാൻ ലഹരി ഉപയോഗിച്ചിട്ടില്ല . വിദേശത്തുള്ള സഹോദരന്റെയടുത്ത്  പോയപ്പോൾ തണുത്തു വിറച്ചപ്പോൾ ഒരു ബിയർ കുടിച്ച ഓർമ്മയേയുള്ളൂ. അല്ലാതെ ഉപയോഗിച്ചിട്ടില്ല. ലഹരി ഉപയോഗിക്കുന്നതിന് സ്ത്രീ– പുരുഷ വ്യത്യാസമില്ല. ഇപ്പോൾ മുറുക്കാൻ ചവയ്ക്കുന്നത് ഒരു ലഹരിയാണ്, മുറുക്കുന്ന എത്രയെത്ര മുത്തശ്ശിമാരും സ്ത്രീകളുമുണ്ട്? അതുപോലെ തന്നെയാണ് മദ്യവും. ഇതിന്റെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കാൻ അവർ ശ്രമിക്കണം. വിദേശ രാജ്യങ്ങളിൽ സ്ത്രീയും പുരുഷനും ലഹരി ഉപയോഗിക്കാറുണ്ട്, എന്റെ അനുഭവത്തിൽ എന്റെ ബന്ധുക്കൾക്കിടയിൽപോലും സിഗരറ്റ് വലിക്കുന്ന സ്ത്രീകളുണ്ട്. അപ്പോൾ അത് നമ്മുടെ താൽപ്പര്യമാണ്. അതിന്റെ ദൂഷ്യവശങ്ങൾ അറിയുമെന്നുള്ളതുകൊണ്ട്  ഞാൻ അത് ഉപയോഗിക്കാറില്ല. 

നമ്മുടെ നാട്ടിൽ മാത്രമായി സ്ത്രീകൾക്ക് ലഹരി ഉപയോഗിക്കാൻ പാടില്ല എന്ന് പറയാനാകില്ലല്ലോ. ഉപയോഗിക്കേണ്ടവർ അത് ഉപയോഗിക്കും. എത്രയോ സംസ്കാരങ്ങൾ വിദേശീയരിൽ നിന്ന് കടമെടുക്കുന്ന സന്ദർഭത്തിൽ ഇതുമാത്രം എങ്ങനെ മാറ്റി നിർത്തും എന്നതാണ് ചോദ്യം. ഇത്തരം കാര്യങ്ങൾ അവനവന്റെ തിരഞ്ഞെടുപ്പാണ്. ലഹരിയുടെ അപകടം മനസ്സിലാക്കി അത് നിർത്തുക എന്നതാണ് കാര്യം പണ്ടത്തെപ്പോലെ തുളസി കതിരും ചൂടി , അകത്തളങ്ങളിൽ മാത്രം ഒതുങ്ങി പ്പോകുന്ന സ്ത്രീകളല്ല ഇപ്പോൾ, സമൂഹത്തിലെ എല്ലാ കാര്യത്തിലും അവർ കയ്യൊപ്പ് പതിപ്പിക്കാൻ തുടങ്ങി.

fausia-01 ഫൗസിയ കളപ്പാട്ട്.

അപ്പോൾ ലഹരി പുരുഷന്മാരെപ്പോലെ ഉപയോഗിക്കാൻ തോന്നുകയാണെങ്കിൽ അവർ ഉപയോഗിക്കട്ടെ. നിർബന്ധിച്ചു ഉപയോഗിക്കരുത് എന്ന് പറയാനാകില്ലല്ലോ. സ്ത്രീകൾ ലഹരി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ ഉള്ള കാര്യം നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾക്ക് ഇരയായി കഴിഞ്ഞാൽ നമുക്കത് വേദനകൾ നൽകും. ഇഷ്ടപ്പെടാതെ ഒരു പുരുഷന്റെ സ്പർശം ഏൽക്കാൻ പോലും സ്ത്രീയ്ക്ക് താല്പര്യം ഉണ്ടാവില്ല മദ്യത്തിന്റെ ലഹരിയിൽ ഒരുപക്ഷേ നമ്മൾ അറിയാത്ത സന്ദർഭത്തിൽ അപകടം ഉണ്ടാകാം, അത് സ്ത്രീകൾ ശ്രദ്ധിക്കണം. 

ഞങ്ങളുടെ ബന്ധുക്കളിൽ തന്നെ പ്രായമായവർ വരെ സിഗരറ്റ് വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ അവരൊക്കെ മോശമാണെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ടു തന്നെ അങ്ങനെ സ്ത്രീകൾക്കായി പ്രത്യേകം നിയമങ്ങൾ ഒന്നും ബാധിക്കേണ്ട കാര്യമില്ല. പിന്നെ എന്താണെങ്കിലും അത് അമിതമാകാതെ സൂക്ഷിക്കുക, അതാണ് പ്രധാനം.

എഴുത്തുകാരിയും പ്രവാസിയുമായ ഹണി ഭാസ്കർ 

ലഹരിയുപയോഗിക്കുന്ന കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല. ശ്വാസകോശം എല്ലാവർക്കും ഒരുപോലെയാണ്, ലഹരി ഉപയോഗിക്കുന്നത് അപകടമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ ഉപയോഗിക്കുന്നത്. സ്ത്രീ മാത്രം ലഹരി ഉപയോഗിയ്ക്കരുത് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരുപാട് സുഹൃത്തുക്കളുണ്ട് ലഹരി ഉപയോഗിക്കുന്നവർ, പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അയാൾ ജീവിക്കുന്ന പരിസരത്തിനു അത് ഉപദ്രവകരം അല്ലാതെ ഉപയോഗിക്കുക.

നമ്മൾ പലപ്പോഴും വീടിന്റെ അകത്തേയ്ക്ക് ചൂണ്ടി കാണിച്ചിട്ട്  പുരുഷനെ പോലെ അല്ല സ്ത്രീകൾ മദ്യപിച്ചാൽ എന്നൊക്കെ പറയാറുണ്ട്, എനിക്ക് അതിനോട് യോജിപ്പില്ല, കാരണം പുരുഷനുള്ള അതേ ഉത്തരവാദിത്തമേ അതിൽ സ്ത്രീക്കും ഉള്ളൂ കുടുംബം നോക്കേണ്ടത് അവൾ ആയതുകൊണ്ട്  ഉപയോഗിക്കാൻ പാടില്ല എന്നതിൽ അർത്ഥമില്ല, ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ രണ്ടു പേരും ഒന്നിച്ചു തന്നെ പോകണം. സ്ത്രീ ആയാലും പുരുഷനായാലും ഈവക ലഹരികൾ ഉപയോഗിക്കുമ്പോൾ അത് കുട്ടികളുടെ കാഴ്ചപ്പാടിനെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുകയും അവരുടെ മുന്നോട്ടുള്ള ജീവിതത്തിനു അപകടം ഉണ്ടാക്കാതെ രീതിയിൽ ഉപയോഗിക്കണം എന്നതാണ് എനിക്ക് പറയാനുള്ളത്.

hony-01 ഹണി ഭാസ്കർ.

സ്ത്രീകൾ മദ്യപിക്കുമ്പോൾ പുരുഷനേക്കാൾ കുറച്ചൂടെ ശ്രദ്ധിക്കേണ്ടത് സമൂഹത്തെയാണ്. നമ്മുടെ സമൂഹം ലൈംഗികമായി വലിയ അരാജകത്വം നിറഞ്ഞ ഒന്നാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീ ആക്രമിക്കപ്പെടുന്നു. നമുക്ക് മദ്യപിക്കാം, പക്ഷേ നമ്മൾ മദ്യപിക്കുമ്പോൾ മദ്യം സ്ത്രീയെ വിഴുങ്ങാതെ നോക്കുക. നമ്മളെ നിയന്ത്രിക്കുന്നത് നമ്മൾ തന്നെയാകണം, ആ അളവിലെ അത് ഉപയോഗിക്കാവൂ. സ്ത്രീകൾ പുറത്തൊക്കെ പോയി മദ്യപിക്കുന്ന അവസരങ്ങളിൽ അവൾ തനിച്ചാണെങ്കിൽ അവൾ ഉപദ്രവിക്കപ്പെടാനുള്ള നല്ല സാധ്യതകൾ ഉള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.അപ്പോൾ മദ്യത്തെ നമ്മൾ ഉപയോഗിക്കുക, അല്ലാതെ മദ്യത്തിന് നമ്മളെ ഉപയോഗിക്കാനുള്ള അവസ്ഥ കൊടുക്കരുത്. 

എന്റെ സുഹൃത്തുക്കൾക്കിടയിൽ ഞാൻ കണ്ടിട്ടുണ്ട്, ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്നു മദ്യപിക്കുന്നത്. പക്ഷേ വളരെ ശ്രദ്ധയോടെയാണ് അവരത് ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ മുന്നിലിരുന്നു മദ്യപിക്കാതെ മിതമായ അളവിലാണ് മിക്കവാറും അത് ഉപയോഗിക്കുന്നത്. അതിനെ ലഹരി ഉപയോഗം എന്നുപോലും പറയാനാകില്ല. 

ഞാൻ മദ്യപിക്കാറില്ല, പക്ഷേ മദ്യപിക്കുന്ന സ്ത്രീകളോട് എനിക്ക് പ്രത്യേകിച്ച് എതിർപ്പില്ല. മദ്യപിക്കുന്ന നിരവധി സ്ത്രീ സുഹൃത്തുക്കളുണ്ട്, പക്ഷേ അവരാരും മദ്യപിച്ചു നില തെറ്റി റോഡിൽ കിടക്കുന്നതു അപമര്യാദയായി പെരുമാറുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല.അവർ വളരെ ആത്മനിയന്ത്രണം ഉള്ളവരാണ് എന്നാണ് എനിക്ക് മനസിലാവുന്നത്.