യഥാർഥത്തിൽ ആരാണ് ഹനാൻ, എന്താണ് സത്യം?

മദ്യപാനിയായ വാപ്പച്ചി, രോഗിയായ ഉമ്മ, ഇരുവരും വേർപിരിഞ്ഞാണ് താമസം, തകർന്നുപോയ ബാല്യവും വാടകവീട്ടിലെ താമസവും ഇതിനൊക്കെയിടയിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള നെട്ടോട്ടവുമായി ഒരു പെൺകുട്ടിയും. അത്യന്ത്യം നാടകീയത നിറഞ്ഞ ജീവിതത്തിൽ നിന്നും ഒരു തകർപ്പൻ ത്രില്ലിലേക്കാണ് ഹനാൻ എന്ന പെൺകുട്ടി ഉറങ്ങിയെഴുന്നേറ്റത്.

നാടകത്തെ വെല്ലുന്ന ജീവിതത്തിൽ നിന്ന് പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ അവസരം നൽകാമെന്ന സംവിധായകൻ അരുൺ ഗോപിയുടെ വാഗ്ദാനത്തിൽവരെയെത്തി നിൽക്കുന്ന ഹനാന്റെ ജീവിതമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. യൂണിഫോമിൽ മീൻവിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം മാധ്യമങ്ങളിൽ കണ്ടതിനെത്തുടർന്നാണ് സമൂഹമാധ്യമങ്ങൾ ആ വിഷയം ഏറ്റെടുത്തത്. പെൺകുട്ടിയുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞ് അവളെ സഹായിക്കാൻ മുന്നോട്ടു വന്നവർ തന്നെ പിന്നെ അവളെ കല്ലെറിയുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. വ്യാജവാർത്തയെന്നും പബ്ലിസിറ്റി സ്റ്റണ്ട് എന്നുമൊക്കെ ഒരു കൂട്ടം ആളുകൾ വിമർശിക്കുമ്പോൾ ഒരൊറ്റ രാത്രിയിരുട്ടി വെളുത്തപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമായി മാറിയ ആ പെൺകുട്ടി സ്വന്തം ജീവിതകഥ പറയുന്നു.

എന്താണ് സത്യം? ആരാണ് ഹനാൻ? അവൾ എന്തിനുവേണ്ടിയാണ് കഷ്ടപ്പെടുന്നത്? ചോദ്യങ്ങൾ നിരവധിയുയരുമ്പോൾ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും തന്റെ സ്വപ്നങ്ങളെക്കുറിച്ചും ഓൺമനോരമയോടു മനസ്സു തുറക്കുകയാണ് 19 വയസ്സുകാരി ഹനാൻ. ജീവിതച്ചിലവിനുള്ള പണം സമ്പാദിക്കാനല്ല ഹനാൻ ഇങ്ങനെ കഷ്ടപ്പെടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹം നേടിയെടുക്കാൻ വേണ്ടിയാണ്.

സമ്പന്നമായ കുട്ടിക്കാലത്തിൽ നിന്ന് കഷ്ടപ്പാടു നിറഞ്ഞ കൗമാരത്തിലേക്ക്

ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടുമക്കളിൽ മൂത്തവളായി ആയിരുന്നു ഹനാന്റെ ജനനം. തൃശ്ശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ബന്ധുക്കളായ ഒരുപാടു കുട്ടികൾക്കൊപ്പം കളിച്ചു വളർന്ന ഹനാന് പെട്ടന്നൊരു ദിവസം അവയെല്ലാം നഷ്ടമായി. ബന്ധുക്കൾ തമ്മിലുള്ള സ്വത്തു തർക്കത്തെത്തുടർന്ന് അന്നോളം സ്വന്തമായവരെല്ലാം പെട്ടന്നൊരു ദിവസം കൊണ്ട് അന്യരായി. അന്നുമുതൽ വാപ്പച്ചിക്കും ഉമ്മച്ചിക്കും അനിയനുമൊപ്പം വാടകവീട്ടിലേക്ക് ഹനാന്റെ ജീവിതം പറിച്ചു നടപ്പെട്ടു.

'' ജീവിതച്ചിലവു കണ്ടെത്താനായി വാപ്പച്ചി ഒരുപാട് ജോലികൾ ചെയ്തു. അച്ചാറു കമ്പനി നടത്തി, ഇലക്ട്രിക്കൽ ഏജൻസി നടത്തി, വീട്ടിൽ ഫാൻസി ആഭരണങ്ങൾ നിർമ്മിച്ചു വിറ്റു. അങ്ങനെ വാപ്പച്ചി ചെയ്തിരുന്ന എല്ലാ ജോലികളിലും ഞാനും അമ്മയും അച്ഛനെ സഹായിച്ചു. നഗരത്തിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വാപ്പച്ചി ഞങ്ങളെ പഠിപ്പിക്കാനായച്ചത്. അതിസമ്പന്നരായ കുട്ടികൾ പഠിക്കുന്ന സ്കൂളായിരുന്നു അത്. പക്ഷേ വിധി മറ്റൊന്നായിരുന്നു''- ഹനാൻ ഓർക്കുന്നു.

നഗരത്തിലെ പ്രശസ്തമായ ബാറിന്റെ ഇലക്ട്രിക്കൽ മെയിന്റനൻസ് കോൺട്രാക്റ്റിൽ വാപ്പച്ചി ഒപ്പുവച്ചതോടെ വാപ്പച്ചി മദ്യപാനം തുടങ്ങി. ജീവിതത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയ വാപ്പച്ചി ദിവസവും മദ്യപിച്ചു വന്ന് ഉമ്മയെ അടിക്കുമായിരുന്നു. കൈയിൽക്കിട്ടുന്നതെന്താണോ അതെടുത്തായിരുന്നു അടിച്ചിരുന്നത്. ഒരു ദിവസം വാപ്പച്ചിയുടെ കൈയിൽത്തടഞ്ഞത് സീലിങ് ഫാനിന്റെ ഹോൾഡറാണ്. അതുപയോഗിച്ച് ഉമ്മയുടെ തലയിൽ വാപ്പച്ചി ശക്തിയായി അടിച്ചു. ആ ആഘാതത്തിൽ പിന്നെ ഉമ്മ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കാനാരംഭിച്ചു. പക്ഷേ അതൊന്നും അച്ഛനിൽ ഒരു മാറ്റവുമുണ്ടാക്കിയില്ല. ഒടുവിൽ മറ്റു വഴികളൊന്നുമില്ലാതെ അച്ഛന്റെ ജ്യൂവലറി യൂണിറ്റ് ഞാനേറ്റെടുത്തു. മുത്തുമാലകളും കമ്മലുകളും നെക്‌ലേസുകളുമൊക്കെയുണ്ടാക്കി അതെന്റെ അധ്യാപകർക്കും കൂട്ടുകാർക്കും അയൽപക്കക്കാർക്കുമൊക്കെ വിറ്റ് അതിൽ നിന്നും വരുമാനം കണ്ടെത്തി. ഞാൻ ഏഴാം ക്ലാസിലായപ്പോൾ ചെറിയ ക്ലാസിലുള്ള കുട്ടികൾക്ക് ട്യൂഷനെടുക്കാൻ ആരംഭിച്ചു''– ഹന പറയുന്നു.

തന്റെ ചെറിയ വരുമാനത്തിൽ നിന്ന് കുഞ്ഞ് ഹനാൻ അവളുടെ പഠനത്തിനും അമ്മയുടെ മരുന്നിനും സഹോദരന്റെ സ്കൂൾ ഫീസിനുമുള്ള തുക കണ്ടെത്തി. ഇടയ്ക്ക് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി സൈറാബി ജോലിക്കു ചേർന്നെങ്കിലും ഹമീദിന്റെ മോശം പെരുമാറ്റവും സ്വന്തം ആരോഗ്യപ്രശ്നങ്ങളും കാരണം അവർക്ക് ജോലിയുപേക്ഷിക്കേണ്ടി വന്നു.

പരീക്ഷ കഴിഞ്ഞ് തിരികെ പോകാൻ വീടില്ല

ഹനാന്റെ ഹയർസെക്കൻഡറി പരീക്ഷ നടക്കുന്ന സമയത്താണ് മാതാപിതാക്കൾ വേർപിരിയുന്നത്. ഭാര്യയുമായി പിരിഞ്ഞ ഹമീദ് മകനെ ഒപ്പം കൂട്ടി. രോഗിയായ സഹോദരിയെ സംരക്ഷിക്കാൻ സൈറാബിയുടെ സഹോദരന്മാരും തയാറായി. പരീക്ഷാഹാളിൽ നിന്നറങ്ങിയപ്പോഴാണ് തനിക്ക് മടങ്ങിച്ചെല്ലാൻ ഒരു വീടില്ലെന്ന് ഹനാൻ തിരിച്ചറിയുന്നത്. പരീക്ഷയുടെ റിസൽട്ട് വരുന്ന ഒരുമാസക്കാലം കൂട്ടുകാരി ആതിരയുടെ വീട്ടിലാണ് ഹനാൻ താമസിച്ചത്. പിന്നീട് കൊച്ചിയിലെത്തി കോൾ സെന്ററിൽ ജോലിതരപ്പെടുത്തി. വാടകകൊടുക്കാൻ കാശില്ലാത്തതുകൊണ്ട് മോർണിങ് ഷിഫ്റ്റിലും നൈറ്റ് ഷിഫ്റ്റിലും ഒരുപോലെ ജോലിചെയ്തു. തുടർച്ചയായ ഉറക്കമില്ലായ്മയും ശബ്ദകോലാഹലങ്ങളുടെ ഇടയിലുള്ള ജീവിതവും ഹനാന്റെ കേൾവി ശക്തിയെ ബാധിച്ചു. ഭാഗികമായി കേൾവി ശക്തി നഷ്ടപ്പെട്ട ഹനാന് കോൾസെന്ററിലെ ജോലി നഷ്ടമായി. പ്രതീക്ഷ നഷ്ടപ്പെടുത്താതെ ഹനാൻ കൊച്ചിയിലെ മറ്റൊരു കമ്പനിയിൽ ഡേറ്റ എൻട്രി സ്റ്റാഫ് ആയി ജോലിയിൽ കയറി. ഉമ്മയെ കൊച്ചിയിലേക്കു കൊണ്ടുവന്നു. പേയിങ് ഗസ്റ്റ് ആയി താമസിപ്പിച്ചു. പിന്നീട് മടവനയിൽ വാടകവീടെടുത്ത് ഉമ്മയെയും അങ്ങോട്ടു കൊണ്ടുപോയി.

 

ഹനാന്റെ കഷ്ടപ്പാടും സ്വപ്നങ്ങളും 

''കുട്ടിക്കാലം മുതൽ ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ട് മാടവനയിലെ വീട്ടിലേക്ക് മാറിയതിനു ശേഷം തൊടുപുഴ അൽ അസർ കോളജിൽ ബിഎസ്‌സി കെമിസ്ട്രി ബിരുദത്തിന് ചേർന്നു. ഉമ്മയെ നോക്കാനും എന്റെ പഠനത്തിനുമുള്ള തുക കണ്ടെത്താനായി ചിക്കൻ ഫ്രൈ ഉണ്ടാക്കി കോളജ് കാന്റീനിൽ നൽകുമായിരുന്നു. ഞാൻ നന്നായി കുക്ക് ചെയ്യും ഞാനുണ്ടാക്കുന്ന കെഎഫ്സി മോഡൽ ചിക്കൻകറി കോളജിൽ പ്രശസ്തമാണ്. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ കേൾവിത്തകരാറിനെക്കുറിച്ചറിഞ്ഞ അധ്യാപകർ കോളജ് മാനേജമെന്റിനു കീഴിലുള്ള ഹോസ്പിറ്റൽ വഴി സൗജന്യ ശസ്ത്രക്രിയയ്ക്കു വഴിയൊരുക്കിയത്.''- ഹനാൻ പറയുന്നു.

ഉത്സവ സീസണിൽ ആലുവ മണപ്പുറത്ത് ബജിക്കച്ചവടം നടത്തുന്നതിനിടെ പരിചയപ്പെട്ട രണ്ടുപേരാണ് മീൻകച്ചവടത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഹനാൻ പറയുന്നു. പതിനായിരം രൂപയാകുമ്പോൾ അവരെ വിളിക്കണമെന്നും മീൻകച്ചവടം തുടങ്ങാമെന്നും അവർ പറഞ്ഞിരുന്നു. അങ്ങനെ 10000 രൂപ സംഘടിപ്പിച്ച് അവരെ വിളിച്ചു. മത്സ്യചന്തയിലെ കച്ചവടതന്ത്രങ്ങളും മറ്റും അങ്ങനെയാണ് ഹനാൻ പഠിച്ചത്. ആ സമയത്തു തന്നെ ജൂനിയർ ആർട്ടിസ്റ്റ് ആകാനും ടെലിവിഷൻ ഷോകളിലെ ഒഡിഷനിൽ പങ്കെടുക്കാനും മറ്റും ഹനാൻ പോകുമായിരുന്നു. മീൻ കച്ചവടത്തിലെ പങ്കാളികളിലൊരാൾ മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ ആ കൂട്ടുകെട്ടിൽ നിന്ന് ഹനാൻ പിൻവാങ്ങി. ഹനാന്റെ ജീവിതത്തിലെ മറ്റൊരു കയ്പേറിയ അനുഭവമായിരുന്നു അത്.

പിന്നീട് ഹനാൻ തനിയെയാണ് മീൻകച്ചവടം നടത്തിയത്. ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും. 

ഹനാനന്റെ സ്വപ്നം

ഒരുപാട് ജോലികൾ മാറിമാറിച്ചെയ്ത് ഹനാൻ പണം സമ്പാദിക്കുന്നത് തന്റെ പഠനച്ചെലവിന് പണം കണ്ടെത്തുന്നതിനും അമ്മയെ സംരക്ഷിക്കുന്നതിനും മാത്രമല്ല. തന്റെ എക്കാലത്തെയും സ്വപ്നമായ ഡോക്ടറാകുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കൂടിയാണ്. കൊച്ചിയിൽ സ്റ്റുഡിയോ നടത്തുന്ന അനിലാണ് ഹനാന്റെ മുന്നിൽ ആ നിർദേശം വച്ചത്. നീറ്റ് എക്സാം പാസ്സായി മൗറീഷ്യസ്സിൽ പോകണം അവിടെ മെഡിസിൻ പഠിച്ച് ഡോക്ടറാകാം. 35 ലക്ഷം രൂപയാണ് ഇതിനു വേണ്ടി ഹനാൻ കണ്ടെത്തേണ്ടത്. സയൻസുമായി ടച്ച് വിട്ടുപോകാതിരിക്കാനാണ് കെമിസ്ട്രി പഠിക്കുന്നത്. കണക്കും ഓർഗാനിക് കെമിസ്ട്രിയും എനിക്ക് നന്നായിട്ടറിയാം. സമയമാകുമ്പോൾ  എളുപ്പത്തിൽ ഞാൻ നീറ്റ് പാസ്സാകും ഹനാൻ എന്ന പോരാളി പറയുന്നു. അവധി ദിവസങ്ങളിൽ ഇവന്റ് മാനേജേമെന്റ് ഗ്രൂപ്പിന്റെ കൂടെ വർക്ക് ചെയ്യാനും പോകുന്നുണ്ട് ഹനാൻ.

സമൂഹത്തോട് പറയാനുള്ളത്

ജോലി ചെയ്യുന്നതിനൊപ്പം കോളജിൽ പോകുന്നതുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെ ഇത്രയും പ്രശസ്തി കിട്ടിയത്. എന്നെപ്പോലെയുള്ള നിരവധി പെൺകുട്ടികൾ ഇതുപോലെ ജോലിചെയ്യുന്നുണ്ട്. ചിലരൊക്കെ എന്നേക്കാൾ ചെറിയ കുട്ടികൾ. അങ്ങനെയുള്ള ഇരുപതോളം കുട്ടികളെ എനിക്ക് വ്യക്തിപരമായി അറിയാം. ഓരോരുത്തർക്കും പറയാനുണ്ടാകും കണ്ണീരിന്റെ, കഷ്ടപ്പാടിന്റെ, സങ്കടങ്ങളുടെ കഥകൾ.സാമ്പത്തികമായി മികച്ച നിലയിലുള്ള ആളുകളിൽ നിന്ന് എനിക്ക് പഠനത്തിനും മറ്റും സഹായം ലഭിക്കാറുണ്ട്. സഹായിക്കാൻ മനസ്സുള്ളവരോട് എനിക്ക് പറയാനുള്ളതിതാണ്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാടു കുട്ടികളുണ്ട്. അവരെ കണ്ടെത്തി നിങ്ങളെക്കൊണ്ട് കഴിവുള്ള സഹായം അവർക്കും ചെയ്യണം. നല്ലൊരു സാമൂഹ്യ ജീവിതത്തിനുള്ള അർഹത അവർക്കുമുണ്ട്. പ്രായത്തേക്കാൾ പക്വതയോടെ ഹനാൻ പറയുന്നു.

വെള്ളിത്തിരയിൽ അവസരം ലഭിക്കാൻ പോകുന്നതിനെക്കുറിച്ച്

സമൂഹമാധ്യമങ്ങളിലൂടെ ഹനാന്റെ ജീവിതകഥയറിഞ്ഞവരിൽ പലരും മികച്ച ജോലി വാഗ്ദാനം ചെയ്തും പഠനചെലവുകൾ ഏറ്റെടുക്കാൻ തയാറാണെന്ന് പറഞ്ഞും ഹനാനെ സമീപിച്ചിരുന്നു. ഹനാന്റെ കഥയറിഞ്ഞ അരുൺഗോപി തന്റെ അടുത്ത ചിത്രത്തിൽ ഹനാന് നല്ലൊരു വേഷം ഓഫർ ചെയ്തിട്ടുണ്ട്. 

'' ഒരുപാട് ഓഡിഷനിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടിട്ടുണ്ട്. സിനിമ എന്റെ എക്കാലത്തേയും ഏറ്റവും വലിയ മോഹങ്ങളിലൊന്നാണ്. രാമലീലയുടെ സംവിധായകനിൽ നിന്ന് അങ്ങനെയൊരു ഓഫർ കിട്ടിയാൽ രണ്ടാമതൊന്നാലോചിക്കാതെ ഞാൻ ആ ഓഫർ സ്വീകരിക്കും.''- ഹനാൻ പറയുന്നു.