ഇനി ലക്ഷ്യം ഭിന്നലിംഗക്കാരായ പുലികൾ ; പെൺപുലി രഹ്ന ഫാത്തിമ മനസു തുറക്കുന്നു

Rehana Fathima

കുംഭ കുലുക്കി തുള്ളുന്ന ആൺപുലികൾക്കിടയിൽ ആത്മവിശ്വാസത്തോടെ ചുവടുവച്ച് ചരിത്രത്തിലിടം പിടിച്ച പെൺപുലികളിലൊരാളായ രഹ്ന ഫാത്തിമ മനസു തുറക്കുന്നു. മതം, ജാതി, ദേശം അതിലുപരി ലിംഗവ്യത്യാസം പോലും അപ്രസക്തമാവുന്ന പുലികളിക്കാണ് ഇനി കേരളീയ ജനത സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും. ഈ വർഷം പുരുഷന്മാർക്കൊപ്പം സ്ത്രീകളുടെ പങ്കാളിത്തമാണ് പുലികളിയെ ശ്രദ്ധേയമാക്കിയതെങ്കിൽ അടുത്ത വർഷം ഭിന്നലിംഗക്കാരുടെ പങ്കാളിത്തമാണ് പുലികളിയെ വാർത്താപ്രാധാന്യമുള്ളതാക്കുക എന്ന മുന്നറിവും നൽകിയാണ് പുലികളിയെക്കുറിച്ചുള്ള വിശേഷങ്ങൾ രഹ്ന മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നത്.

തൃശൂരിലെ പുലികളിയെക്കുറിച്ച് കേൾക്കുമ്പോൾ വലിയവയറുള്ള പുരുഷന്മാരുടെ ശരീരമാണ് ഓർമ വരുന്നത്. സ്ത്രീകളെ പുലികളായി ആരും സങ്കൽപിക്കുക പോലും ചെയ്യാത്ത അവസരത്തിൽ ഈ രംഗത്തേക്ക് കടന്നു വരുമ്പോൾ എന്തൊക്കെ ചിന്തകളാണ് മനസിലുണ്ടായിരുന്നത്?

ആഘോഷങ്ങൾ നടക്കുന്ന പൊതുവേദികളിൽ സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവാണ്. പുലികളിയിൽ ഇതുവരെ സ്ത്രീകളാരും പങ്കെടുത്തിട്ടുമില്ല. എങ്കിൽ പിന്നെ പുരുഷൻെറ ശരീരം ആഘോഷിക്കപ്പെടുന്ന ഒരു വേദിയിൽ നിന്ന് എന്തുകൊണ്ട് സ്ത്രീകൾ മാത്രം മാറിനിൽക്കണം എന്നു ചിന്തിച്ചു. പുലികളിയിൽ പുരുഷൻെറ ശരീരം ആഘോഷിക്കപ്പെടുകയാണ്. പുരുഷ ശരീരം ആഘോഷിക്കപ്പെടുകയും സ്ത്രീശരീരത്തിൽ മാത്രം അശ്ലീലത കാണുകയും ചെയ്യുന്ന സമൂഹത്തിൻെറ ചില ധാരണകളെ തിരുത്തിക്കുറിക്കണമെന്നു തോന്നി അങ്ങനെയാണ് പുലികളിയുടെ ഭാഗമാകണമെന്ന് തീരുമാനിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി പുരുഷപുലികൾക്കൊപ്പം പുലികളിയിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോൾ മനസിന് ധൈര്യം തന്നതെന്താണ്?

പുലികളിയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി പുലികളിക്ക് സ്ത്രീകളും എത്തുന്നു എന്നൊക്കെ വാർത്തകൾ വന്നതുകൊണ്ടു മാത്രമാണ് പുരുഷപ്പുലിവേഷക്കാരുടെ ഇടയിൽ പെൺപുലിയുമുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. വേഷം കെട്ടിയാൽ പിന്നെ ഏതാണ് പുരുഷൻ ഏതാണ് സ്ത്രീ എന്നൊന്നും ആർക്കും തിരിച്ചറിയാൻ കഴിയില്ല. കൂട്ടത്തിലെ പെൺപുലിയെ തിരഞ്ഞെത്തിയവർക്ക് എന്നെ കണ്ടപ്പോൾ വീണ്ടും സംശയം ഇത് ശരിക്കും പെൺപുലി തന്നെയാണോ അതോ ഏതെങ്കിലും പുരുഷൻ പെൺപുലിയുടെ വേഷത്തിലെത്തിയതാണോ എന്നൊക്കെ. പക്ഷെ തിരിച്ചറിഞ്ഞ് അടുത്തെത്തിയ സ്ത്രീകളടക്കമുള്ളവർ നൽകിയ പിന്തുണ വളരെവലുതാണ്.

പുരുഷ ശരീരം ആഘോഷിക്കപ്പെടുകയും സ്ത്രീശരീരത്തിൽ മാത്രം അശ്ലീലത കാണുകയും ചെയ്യുന്ന സമൂഹത്തിൻെറ ചില ധാരണകളെ തിരുത്തിക്കുറിക്കണമെന്നു തോന്നി അങ്ങനെയാണ് പുലികളിയുടെ ഭാഗമാകണമെന്ന് തീരുമാനിക്കുന്നത്.

ശരീരത്തിൻെറ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയാണല്ലോ പുലികളിയിൽ ചെയ്യുന്നത്. സാധാരണ ഗതിയിൽ റോഡിലൂടെ നടന്നു പോകുമ്പോൾപ്പോലും ഏറെത്തുറിച്ചുനോട്ടങ്ങളും പരിഹാസങ്ങളും സ്ത്രീകൾക്ക് ഏൽക്കേണ്ടി വരാറുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ ശരീരമിളക്കി നിരത്തിൽ പുലികളിയിൽ പങ്കെടുക്കുമ്പോൾ എങ്ങനെയാണ് മനസിനെ ഒരുക്കിയത്?

51 പേരടങ്ങുന്ന അയ്യന്തോൾ ടീമിൻെറ ഭാഗമായാണ് ഞാൻ പുലികളിക്കിറങ്ങിയത്. ഒപ്പമുള്ളവരുടെയും കാണികളുടെയും നല്ല പിന്തുണയുണ്ടായിരുന്നതുകൊണ്ട് ഇത്തരത്തിലള്ള ആശങ്കകളൊന്നും എൻെറ മനസ്സിനെ ഇളക്കിയില്ല. പുരുഷന്മാർക്കിടയിൽ ഞാനൊരു സ്ത്രീയേയുള്ളൂ എന്ന ചിന്തകളും ആ സമയം മനസിലില്ലായിരുന്നു. എല്ലാവരും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുന്നു. അവിടെ പുരുഷൻ സ്ത്രീ എന്ന വേർതിരിവൊന്നുമില്ല

ഇത്തരം ചില ആഘോഷങ്ങളിൽ ചില പുരുഷന്മാർ മദ്യലഹരിയിലാണ് പങ്കെടുക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഒരു സ്ത്രീ എന്ന നിലയിൽ താങ്കൾക്ക് ലഹരി നൽകിയതെന്താണ്?

മദ്യപിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പുരുഷന്മാരുണ്ടാവാം. എന്നാൽ എനിക്കങ്ങനെയുള്ള മോശം അനുഭവങ്ങളൊന്നും ആരിൽ നിന്നും ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ലഹരി എന്നു പറയുന്നത്, ഈ പുലികളിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ്. ഏറെക്കാലമായി ആഗ്രഹിച്ച ഒരു കാര്യം നടന്നപ്പോൾ അതിൻെറ സന്തോഷവും ത്രില്ലും ഒക്കെ അനുഭവിച്ച് നന്നായി പെർഫോം ചെയ്യാൻ പറ്റി. പോസിറ്റീവ് എനർജിയും ഊർജ്ജവും നൽകി ഒപ്പമുള്ള പുലികൾ പ്രോത്സാഹിച്ചപ്പോൾ മനംനിറഞ്ഞ് പുലികളിയിൽ പങ്കെടുക്കാൻ സാധിച്ചു.

വേഷം കെട്ടിയാൽ പിന്നെ ഏതാണ് പുരുഷൻ ഏതാണ് സ്ത്രീ എന്നൊന്നും ആർക്കും തിരിച്ചറിയാൻ കഴിയില്ല. കൂട്ടത്തിലെ പെൺപുലിയെ തിരഞ്ഞെത്തിയവർക്ക് എന്നെ കണ്ടപ്പോൾ വീണ്ടും സംശയം.

ഒരു മുന്നൊരുക്കവും കൂടാതെ ഇതിന്റെ ഭാഗമാകാൻ കഴിയുമോ? പുലികളിയുടെ താളമെന്താണ്? പരിശീലനം എങ്ങനെയാണ്?

41 ദിവസത്തെ വ്രതമൊക്കെയെടുത്ത് പുലികളിയിൽ പങ്കെടുത്തവരെ എനിക്കറിയാം. തീർച്ചയായും തിരുവാതിരകളിക്ക് താളമുള്ളതുപോലെ പുലികളിക്കും താളവും ചുവടുകളുമൊക്കെയുണ്ട്. അതൊക്കെ ഹൃദിസ്ഥമാക്കാൻ നല്ല സമയവും വേണം. നന്നായി പരിശീലനം നേടിയ പുലികളാണ് പുലികളിക്കായി നിരത്തിലിറങ്ങുന്നത്. ഒരു ദേശത്തെ പ്രതിനിധീകരിച്ച് 51 പുലികളാണ് ഇറങ്ങുന്നതെന്ന് പറഞ്ഞുവല്ലോ. ഈ വർഷമെങ്കിലും പുലികളിക്ക് ഇറങ്ങാൻ പറ്റുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് അവസാനമണിക്കൂറിൽ അതിനുള്ള അവസരം ലഭിച്ചത്.

പരിശീലനത്തിനു പോലും സമയം കിട്ടാതെ പുലികളിക്കിറങ്ങാൻ ആത്മവിശ്വാസം നൽകിയതെന്താണ്?

എന്നെ സംബന്ധിച്ചിടത്തോളം ലഹരി എന്നു പറയുന്നത്, ഈ പുലികളിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ്.

പുലികളിക്കിറങ്ങണമെന്ന തീവ്രമായ ആഗ്രഹം. അതിലുപരി ചാത്തുണ്ണി ആശാനെപ്പോലെയുള്ള പ്രതിഭാധനരായ വ്യക്തികൾ നൽകിയ പിന്തുണയും. 76 വയസുള്ള ചാത്തുണ്ണിയാശാൻ നീണ്ട 60 വർഷമായി പുലിവേഷം കെട്ടുന്നു. പുലികളിയുടെ താളവും ചുവടുകളും വളരെക്കുറഞ്ഞ സമയംകൊണ്ട് അദ്ദേഹമെനിക്ക് മനസിലാക്കിത്തന്നു. മൂന്നുമണിക്കൂർ കൊണ്ടാണ് പുലികളിയുടെ ചുവടുകളും രീതികളും മനസിലാക്കിയത്.

ഇഷ്ടപ്പെട്ട ഒരു കാര്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചപ്പോൾ വിശ്വാസങ്ങൾ തടസമാകുമെന്നു കരുതിയിരുന്നോ?

ഓണം എല്ലാവരുടെയും ആഘോഷമല്ലേ . അവിടെ ജാതിയോ മതമോ ഒന്നും വിഷയമാകുന്നില്ലല്ലോ. പിന്നെയെങ്ങനെ ഓണവുമായി ബന്ധപ്പെട്ട ആഘോഷത്തിൽനിന്ന് മാറ്റിനിർത്തപ്പെടും. ഇവിടെ ജാതിയോ മതമോ ഒന്നും പ്രശ്നമാകുന്നില്ല. മനസിൻെറ താൽപര്യം മാത്രമാണ് ഇവിടുത്തെ വിഷയം. കുറച്ചുനാൾ മുമ്പ് 3000 സ്ത്രീകൾ ചേർന്ന മെഗാത്തിരുവാതിര നടത്തിയിരുന്നു. അതിലും ഞാൻ പങ്കെടുത്തിരുന്നു. മതത്തിൻെറ പേരിലോ ലിംഗവ്യത്യാസത്തിൻെറ പേരിലോ പൊതുഇടങ്ങളിൽ നിന്ന് സ്ത്രീകൾ മാറിനിൽക്കേണ്ടതില്ല എന്നു തന്നെയാണ് എൻെറ കാഴ്ചപ്പാട്.

പുലികളിക്കും താളവും ചുവടുകളുമൊക്കെയുണ്ട്. അതൊക്കെ ഹൃദിസ്ഥമാക്കാൻ നല്ല സമയവും വേണം.

കുട്ടിക്കാലത്തെ പുലികളിയോർമകൾ? അന്നേ മോഹമുണ്ടായിരുന്നോ എന്നെങ്കിലും പുലികളിയിൽ പങ്കെടുക്കണമെന്ന്?

കുട്ടിക്കാലത്ത് പുലികളിയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ പുലികളി ഭ്രമിപ്പിച്ചിരുന്നില്ല. അഞ്ചാറ് കൊല്ലം മുമ്പാണ് പുലികളി കാണാൻ അവസരം കിട്ടിയത്. അന്നും ഒരിഷ്ടം തോന്നി എന്നല്ലാതെ പങ്കെടുക്കണമെന്നൊന്നും തോന്നിയിരുന്നില്ല. ശരിക്കു പറഞ്ഞാൽ കഴിഞ്ഞ വർഷം മുതലാണ് പുലികളിയിൽ പങ്കെടുക്കണമെന്ന മോഹമുദിക്കുന്നതും അത് സുഹൃത്തുക്കളുമായി ചർച്ച ചെയ്തതും. എന്തൊക്കെയോ കാരണങ്ങളാൽ കഴിഞ്ഞ തവണ അത് നടന്നില്ല. എന്നാൽ ഇക്കുറി അവസാനനിമിഷം അതിനുള്ള അവസരം കൈവരികയും ചെയ്തു.

സ്ത്രീ എന്ന നിലയിൽ പുലികളിയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ?

പുരുഷൻ, സ്ത്രീ എന്ന വ്യത്യാസങ്ങളൊക്കെ നമ്മൾ വെറുതെ ചിന്തിച്ചു കൂട്ടുന്നതാണ്. സ്ത്രീകളെ പുലികളിയിൽ പങ്കെടുപ്പിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ആരും സ്വമനസാലെ മുന്നോട്ടു വരില്ല എന്നതാണ് മാത്രമാണ് പ്രശ്നം. കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരണമെന്നുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം.12 കിലോയോളം വരുന്ന അരമണി ചുമക്കേണ്ടി വന്നതു മാത്രമാണ് അൽപം പ്രയാസപ്പെടുത്തിയത്. നമ്മൾ ചുവടുകൾ വയ്ക്കുമ്പോൾ അത് കിലുങ്ങണം. ആദ്യമൊന്നും അതു കിലുങ്ങിയതേയില്ല. അപ്പോൾ ആൾ‍ക്കൂട്ടത്തിൽ നിന്നു ചില കമൻറുകളൊക്കെ വന്നു. ആറുമണിക്കൂറോളം അത് ചുമന്നു. ചായമിടാൻ ഒന്നരമണിക്കൂറോളം വേണ്ടി വന്നു. ഇതൊക്കെയാണ് ഓർമയിൽ നിറഞ്ഞു നിൽക്കുന്ന അനുഭവങ്ങൾ.

12 കിലോയോളം വരുന്ന അരമണി ചുമക്കേണ്ടി വന്നതു മാത്രമാണ് അൽപം പ്രയാസപ്പെടുത്തിയത്. നമ്മൾ ചുവടുകൾ വയ്ക്കുമ്പോൾ അത് കിലുങ്ങണം. ആദ്യമൊന്നും അതു കിലുങ്ങിയതേയില്ല. അപ്പോൾ ആൾ‍ക്കൂട്ടത്തിൽ നിന്നു ചില കമൻറുകളൊക്കെ വന്നു.

അടുത്ത വർഷവും പുലികളിൽ സാന്നിധ്യം പ്രതീക്ഷിക്കാമോ?

തീർച്ചയായും. അടുത്തവർഷം ഒരു ദേശത്തെ പ്രതിനിധീകരിച്ചുള്ള 51 പേരും സ്ത്രീകൾ ആവണമെന്നാണ് ആഗ്രഹം. പക്കമേളക്കാർ ഉൾപ്പെടെയുള്ളവരുടെ സ്ത്രീ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള കലകളിൽ ലിംഗവ്യത്യാസം ഇല്ലാതാക്കാൻ ഭിന്നലിംഗക്കാരെയും പുലികളിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഈ വർഷം തന്നെ അങ്ങനെയൊരു പദ്ധതി നടപ്പിൽ വരുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനുള്ള സാമ്പത്തികച്ചിലവ് താങ്ങാനുള്ള അവസ്ഥയില്ലാതിരുന്നതിനാലാണ് ആ പദ്ധതി ഈ വർഷം നടപ്പിലാക്കാൻ കഴിയാതിരുന്നത്.

അടുത്തവർഷം ഒരു ദേശത്തെ പ്രതിനിധീകരിച്ചുള്ള 51 പേരും സ്ത്രീകൾ ആവണമെന്നാണ് ആഗ്രഹം. പക്കമേളക്കാർ ഉൾപ്പെടെയുള്ളവരുടെ സ്ത്രീ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

കുടുംബത്തിൽ നിന്നുള്ള പിന്തുണ?

ഭർത്താവും കുഞ്ഞുങ്ങളും എല്ലാ പിന്തുണയും തരുന്നു. പുലികളി നടന്ന ദിവസം ഊർജവും ഉത്സാഹവും തന്ന് അവരും മുഴുവൻ സമയവും എന്നോടൊപ്പമുണ്ടായിരുന്നു.