Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണറുടെ പേരക്കുട്ടി പരാമർശത്തിന് മാധ്യമപ്രവർത്തകയുടെ മറുപടി

pat

വാർത്താ സമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമ പ്രവർത്തകയുടെ കവിളിൽ സ്പർശിച്ച തമിഴ്നാട് ഗവർണർ മാപ്പു പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന് മറുപടി നൽകിയിരിക്കുകയാണ് മാധ്യമപ്രവർത്തക. മാധ്യമ പ്രവർത്തകയോടു മാപ്പു പറഞ്ഞുകൊണ്ടെഴുതിയ കത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ '' വാർത്താ സമ്മേളനത്തിൽ നിങ്ങൾ ചോദിച്ചചോദ്യം എനിക്കിഷ്ടപ്പെട്ടു. ആ ചോദ്യത്തെ അഭിനന്ദിക്കാനാണ് കവിളിൽ തട്ടിയത്. ഒരു പേരക്കുട്ടിയെപ്പോലെ കണ്ടാണ് അങ്ങനെ ചെയ്തത്.

ഞാനും 40 വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്. ആ സംഭവം നിങ്ങളെ വിഷമിപ്പിച്ചു എന്നറിഞ്ഞതിൽ ഖേദിക്കുന്നു. ആ പ്രവർത്തി നിങ്ങളെ വിഷമിപ്പിച്ചതിൽ മാപ്പുചോദിക്കുന്നുവെന്നും' പറഞ്ഞുകൊണ്ടാണ് ഗവർണർ കത്ത് അവസാനിപ്പിച്ചത്. എന്നാൽ ഗവർണറുടെ കത്തിന് മാധ്യമ പ്രവർത്തക മറുപടി നൽകിയത് ഇപ്രകാരമാണ്. '' താങ്കളുടെ മാപ്പപേക്ഷ അംഗീകരിക്കുന്നു. എന്നാൽ കത്തിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ല. കാരണം അഭിനന്ദിക്കാനാണ് താങ്കൾ അങ്ങനെ ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല'.

തമിഴ്നാട്ടിലെ സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരു കൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആ വിഷയത്തിൽ തന്റെ പ്രതികരണമറിയിക്കാനാണ് ഗവർണർ  രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ചത്. സർവകലാശാലയിലെ ഉന്നതാധികൃതർക്ക് വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളോട് അധ്യാപിക ആവശ്യപ്പെട്ടു എന്ന ആരോപണം തമിഴ്നാട്ടിൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടൈ ദേവാംഗ ആര്‍ട്‌സ് കൊളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിക്കെതിരെയാണ് പരാതി ഉയർന്നത്.  വിദ്യാർഥികളുമായി നടത്തിയ ഫോൺസംഭാഷണത്തിൽ തനിക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്ന രീതിയിൽ അവർ സംസാരിച്ചതായും പറയപ്പെടുന്നു. ഈ വിഷയത്തിൽ വിശദീകരണം നടത്താനായി പത്രസമ്മേളനം നടത്തിയപ്പോഴാണ് ഗവർണർ അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ കവിളിൽ സ്പർശിച്ചത്.