Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഭരിക്കുന്ന 10 സ്ത്രീകൾ

leaders-01 ജസീന്ത അർഡൻ, ഹലിമ യാക്കൂബ്,അന്ന ബ്രൺബിക് ,അംഗല മെർക്കൽ, എർന സോൾബർഗ്.

സമത്വം, നീതി എന്നിവയെക്കുറിച്ചു വാതോരാതെ സംസാരിക്കുമ്പോഴും സ്ത്രീ–പുരുഷ സമത്വം വിദൂരമായൊരു സ്വപ്നമാണ് ഇന്നും എന്നും. ലോകത്തെവിടെയും ഇതുതന്നെയാണ് സ്ഥിതി. പിന്നിലാക്കപ്പെടുന്നവരുടെ, ഇരകളാക്കപ്പെടുന്നവരുടെ, മാറ്റിനിർത്തപ്പെടുന്നവരുടെ അനുഭവകഥകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇവയ്ക്കിടയിലും രജതരേഖകളായി വിജയത്തിന്റെ പ്രകാശം പരത്തുന്നവരുമുണ്ട്. പുരുഷൻമാർ കുത്തകയാക്കിവച്ചിരിക്കുന്ന രാഷ്ട്രീയത്തിലും ഭരണത്തിന്റെ ഉന്നതവൃത്തങ്ങളിലും സ്വന്തം കഴിവും ഇച്ഛാശക്തിയുമായി മുകളിലെത്തിയവർ. കരുത്തന്മാരായ പുരുഷൻമാരെപ്പോലും ആജ്ഞാശക്തിയാൽ അനുയായികളാക്കിയവർ. 

ലോകം വർത്തമാനകാലത്ത് ആരാധനയോടെ നോക്കുന്ന 10 സ്ത്രീകൾ; അവരുടെ പ്രവർത്തനമേഖലകൾ. 

1. അംഗല മെർക്കൽ – 2005 മുതൽ ജർമൻ ചാൻസലർ

സിഡിയു എന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ നേതാവായ അംഗല മെർക്കൽ ജർമനിയുടെ ഉന്നതപദവിയിലെത്തിയിട്ടു വർഷങ്ങളായി. ജർമനിയുടെ നേതൃത്വത്തിലൂടെ .യൂറോപ്യൻ യൂണിയന്റെ അവസാന വാക്കാകാനും അറുപത്തിമൂന്നുകാരിയായ മെർക്കലിനു കഴിഞ്ഞു. ലോകത്തെ ഏറ്റവും ശക്തരും സ്വാധീനമുള്ളവരുമായ നേതാക്കളുടെ പട്ടികയെടുത്താൽ ഒന്നാം സ്ഥാനത്തുതന്നെയുണ്ട് മെർക്കൽ. ലോകത്തെ ഏറ്റവും കരുത്തരായ വനിതകളിലും ഒന്നാം സ്ഥാനം മെർക്കലിനു തന്നെ. 

2. തെരേസ മേ 

കൺസർവേറ്റീവ് പാർട്ടി നേതാവായ തെരേസ മേ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്നത് 2016ൽ. 2010 മുതൽ 16 വരെ ബ്രിട്ടനിലെ ഹോം സെക്രട്ടറിയായിരുന്നു. പാർലമെന്റിലേക്ക് അറുപത്തിയൊന്നുകാരിയായ മേ ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത് 1997–ൽ. 

3. സായ് ഉൻ വെൻ 

2016 മേയ് 20 മുതൽ തായ്‍വാനെ നയിക്കുന്നത് അവിവാഹിതയായ സായ് ഉൻ വെന്നാണ്. മേയർ പദവിയിൽനിന്നല്ലാതെ ജനകീയ പിന്തുണയിൽ രാജ്യത്തിന്റെ ഉന്നതസ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത. പ്രസിഡന്റാകുന്നതിനു മുമ്പ് തിരഞ്ഞെടുക്കപ്പെട്ട പദവികളൊന്നും വഹിച്ചിട്ടില്ലെങ്കിലും സംഘർഷഭരിതമായ ഒരു രാജ്യത്തിന്റെ കടിഞ്ഞാൺ ആക്രമണ ഭീഷണികൾക്കിടയിലും സായ് ഉൻ വെന്നിൽ ഭദ്രം. 

4. ഷെയ്ക് ഹസീന

2009 ജനുവരിയിലാണ് ഷെയ്ക് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്നത്. നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവുമുണ്ട് ഹസീനയ്ക്ക്. 1086 മുതൽ 90 വരെയും 91 മുതൽ 95 വരെയും പ്രതിപക്ഷ നേതാവുമായിരുന്നു ഹസീന. അവാമി ലീഗ് നേതാവാവയ ഹസീന തിരിച്ചടികളിൽനിന്ന് ഊർജം സംഭരിച്ച് രാജ്യത്തെ ഉന്നതപദവി തിരിച്ചുപിടിച്ച അപൂർവം നേതാക്കളിൽ ഒരാളാണ്. 

5. ഹലിമ യാക്കൂബ് 

സിംഗപ്പൂരിലെ പിപ്പീൾസ് ആക്ഷൻ പാർട്ടി അംഗമായ ഹലിമ പ്രസിഡന്റ് പദവിയിലെത്തുന്നതു കഴിഞ്ഞവർഷം. 2001 മുൽ 5 വരെ പാർലമെന്റംഗമായും പ്രവർത്തിച്ചു. 

6.. ജസീന്ത അർഡൻ

leaders-02 സാറ കുഗോഗ്‍ല്വ, തെരേസ മേ, സായ് ഉൻ വെൻ, ബിന്ധ്യ ദേവി ഭണ്ഡാരി, ഷെയ്ക് ഹസീന.

കഴിഞ്ഞവർഷം ഒക്ടോബർ 26 നാണ് ജസീന്ത ന്യൂസീലാൻഡ് പ്രധാനമന്ത്രിയാകുന്നത്. ലേബർ പാർട്ടി നേതാവുമാണ് ജസീന്ത. 37 വയസ്സു മാത്രമുള്ള ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവൻമാരിൽ ഒരാളുമാണ്. 

7. അന്ന ബ്രൺബിക് 

സെർബിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ അന്ന പൊതുഭരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സെർബിയയുടെ 250 അംഗ  ദേശീയ അസംബ്ലിയിൽ 157 സീറ്റുകൾ നേടിയാണ് അന്നയുടെ പാർട്ടി അധികാരത്തിലെത്തുന്നത്. ഒരു രാജ്യത്തിന്റെ ഉന്നതപദവിയിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ സ്വവർഗരതിക്കാരിയായ വനിതയും അഞ്ചാമത്തെ നേതാവുമാണ് അന്ന. 

8. ബിന്ധ്യ ദേവി ഭണ്ഡാരി 

നേപ്പാളിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യവനിതയാണ് ബന്ധ്യ ദേവി ഭണ്ഡാരി. സൈനിക നേതൃത്വവും ബിന്ധ്യയ്ക്കു തന്നെ. ഓൾ നേപാൾ വിമൻ അസോസിയേഷൻ ചെയർവുമണും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർപഴ്സനുമായിരുന്നു ബിന്ധ്യ. 2015–ൽ 549 ൽ 327 വോട്ടുകൾ നേടിയാണ് ബിന്ധ്യ നേപ്പാളിന്റെ ഉന്നതപദവയിൽ എത്തുന്നത്. നേപ്പാളിന്റെ പ്രതിരോധ മന്ത്രിയായും ബിന്ധ്യ പ്രവർത്തിച്ചിട്ടുണ്ട്. ആ പദവയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ് അവർ. 

9.  എർന സോൾബർഗ്

ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായ നോർവേയുടെ പ്രധാനമന്ത്രിയാണ് എർന സോൾബർഗ്. കൺസർവേറ്റീവ് പാർട്ടി നേതാവു കൂടിയാണ് സോൾബർഗ്. മുൻമന്ത്രിസഭകളിൽ വിവിധ മന്ത്രാലയങ്ങളിൽ മന്ത്രിപദവിയും വഹിച്ചിട്ടുണ്ട് സോൾബെർഗ്. 

10. സാറ കുഗോഗ്‍ല്വ

1995 മുതൽ നമീബിയയുടെ ദേശീയ അസംബ്ളി അംഗമായ സാറ 2015–ലാണ്  പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. നമീബിയ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ വനിത കൂടിയാണ് സാറ.