Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷപ്പാമ്പുകളും ശ്വാസംമുട്ടിച്ചു കൊല്ലുന്ന ദുരിതവും; ഇത് നേപ്പാളിലെ ആർത്തവ ദുരിതക്കാഴ്ച!

tragedy-01 പ്രതീകാത്മക ചിത്രം.

നേപ്പാൾ താഴ്‌വരയിലെ ഏറ്റവും ചുറുചുറുക്കുള്ള പെൺകുട്ടികളിലൊരാളായിരുന്നു ഗൗരി കുമാരി ബയാക്. ആർക്കു മുന്നിലും തല കുനിക്കാൻ ആഗ്രഹിക്കാത്ത കരുത്തുറ്റവൾ. പക്ഷേ മാസത്തിലൊരിക്കൽ മാത്രം അവൾ കുനിഞ്ഞ ശിരസ്സോടെ ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങും. വീടിനോടു ചേർന്നുള്ള ഒരു ചെറുകുടിലിലേക്കാണ് ആ യാത്ര. കുടിൽ എന്നൊന്നും അതിനെ വിളിക്കാനാകില്ല. ചെളിയും പാറക്കഷ്ണങ്ങളും കൊണ്ടു കെട്ടിപ്പൊക്കിയ ചെറുമാളം പോലൊരു വീട്. മൂന്നടിയോളമേ അതിന് ഉയരം കാണുകയുള്ളൂ. കഷ്ടിച്ച് ഒരാൾക്കു കയറിയിരിക്കാം. രാത്രി കൊടുംതണുപ്പ് അരിച്ചു കയറും. ചിലപ്പോഴൊക്കെ കൊടുംവിഷമുള്ള പാമ്പുകളും. 

മറ്റുള്ളവരെല്ലാം വീട്ടകത്തെ സുരക്ഷയുടെ ചൂടേറ്റു മയങ്ങുമ്പോൾ ഗൗരി ജനുവരിയുടെ തണുപ്പിനെ അൽപം കൽക്കരിച്ചൂടിന്റെ മാത്രം ബലത്തിലാണു പ്രതിരോധിച്ചിരുന്നത്. എന്തിനാണ് ഇത്തരമൊരു ‘ശിക്ഷ’ എല്ലാ മാസവും അവൾക്കു വീട്ടുകാർ കൊടുത്തത്? സത്യത്തിൽ അതൊരു അനാചാരമായിരുന്നു. ആർത്തവ നാളുകളിൽ ഒരാഴ്ചയോളം പെൺകുട്ടികൾ ആ കുടിലിൽ താമസിക്കണം. ആ ദിനങ്ങളിൽ അവളെ അശുദ്ധയായി കാണുന്നതിനാലായിരുന്നു അത്. അവളെ ഒരാളും തൊടാൻ പോലും പാടില്ല. വീട്ടിൽ അവർ ഭക്ഷണവും ഉണ്ടാക്കരുത്. ചൗപ്പാഡി എന്ന ആ ചെറുകുടിലിലേക്ക് ഭക്ഷണം നിരക്കിനീക്കി വച്ചു കൊടുക്കും വീട്ടുകാർ.

അത്തരത്തിൽ ചൗപ്പാഡിയിൽ കഴിയുന്നതിനിടെ ഒരു നാൾ രാത്രി ശ്വാസം മുട്ടി ഗൗരി മരിച്ചു. തീകത്തിച്ചപ്പോഴുണ്ടായ പുക അൽപാൽപം ശ്വസിച്ചു ഉറക്കത്തിനിടെ മരണത്തിലേക്കു വീണു പോകുകയായിരുന്നു അവൾ! ആ ഗ്രാമത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല ഗൗരിയുടെ മരണം. സ്വന്തം മകനേക്കാൾ ഗൗരിയെ സ്നേഹിച്ചിരുന്നു അവളുടെ ഭർത്താവിന്റെ മാതാപിതാക്കൾ. ഗൗരിയുടെ മരണത്തിനു പിന്നാലെ ഭർത്താവിന്റെ പിതാവ് ബുദ്ധ ആദ്യം ചെയ്തത് മരുമകളുടെ ജീവനെടുത്ത ആ ചൗപ്പാഡി തല്ലിത്തകർക്കുകയെന്നതായിരുന്നു. ഒപ്പം ഭാര്യയോട് ഒരു കാര്യം കൂടി പറഞ്ഞു– മാസത്തിലൊരിക്കൽ ചൗപ്പാഡിയിൽ താമസിക്കുന്നത് ഉപേക്ഷിച്ചേക്കുക. ഭാര്യയും നാട്ടുകാരും അവിശ്വസനീയതയോടെയാണ് അതു കേട്ടത്. പക്ഷേ ബുദ്ധ ഭാര്യയെ പിന്നെ ആ കുടിലിലേക്കു വിട്ടില്ല. അതിന്റെ പേരിൽ ആ വീടിന് ഇപ്പോഴും യാതൊരു കുഴപ്പവുമില്ല! പക്ഷേ കുഴപ്പങ്ങളുണ്ടാകുമെന്നു വിശ്വസിക്കുന്നവരാണു നേപ്പാളിലേറെയും.

menstruation-hut.jpg.image.784.410

കാലങ്ങളായി നേപ്പാളിൽ നിലനിൽക്കുന്ന ഒരു ആചാരത്തിനെതിരെയുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു ബുദ്ധയുടേത്. അതിനു പക്ഷേ ഒരു പെൺകുട്ടിയുടെ ജീവൻ തന്നെ ബലി കൊടുക്കേണ്ടി വന്നു. പക്ഷേ ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ജൂണിൽ തുളസി എന്ന പതിനെട്ടുകാരിയും ചൗപ്പാഡി കുടിലില്‍ പാമ്പു കടിയേറ്റു മരിച്ചിരുന്നു. നേപ്പാളിൽ പ്രതിവർഷം ഇത്തരത്തിലൊരു മരണം ഉറപ്പാണ്. ഒന്നുകിൽ തണുത്തു വിറച്ച്, അല്ലെങ്കില്‍ പാമ്പുകടിയേറ്റ്, അതുമല്ലെങ്കിൽ ശ്വാസംമുട്ടിയോ വന്യമൃഗങ്ങളുടെ  ആക്രമണത്തിലോ...

തുളസിയുടെ മരണത്തിനു പിന്നാലെ മാതാപിതാക്കൾ ചൗപ്പാഡി തകർത്തു കളഞ്ഞു. ആരോടും പറയാതെ മൃതദേഹവും മറവു ചെയ്തു. എന്നാൽ എങ്ങനെയോ സംഭവം പുറത്തെത്തി. പൊലീസ് അന്വേഷണവുമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. നേപ്പാൾ സർക്കാരും പ്രശ്നത്തിൽ ഇടപെട്ടു. ചൗപ്പാഡിയിലേക്കു പെൺകുട്ടികളെ നിർബന്ധിച്ച്  അയച്ചെന്നു തെളിഞ്ഞാൽ മൂന്നു മാസം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന നിയമവും കൊണ്ടുവന്നു. ഓഗസ്റ്റിൽ ചൗപ്പാഡി വിരുദ്ധ നിയമം നിലവിൽ വന്നെങ്കിലും അതിപ്പോഴും പൂർണമായ തോതിൽ നടപ്പാക്കാനായിട്ടില്ലെന്നതാണു സത്യം. ഇന്നും നേപ്പാൾ താഴ്‌വരയിൽ രാത്രികളിൽ ചൗപ്പാഡികളിൽ നിന്നു നേർത്ത ചുവന്ന വിളക്കുവെളിച്ചം കാണാം, പെൺകുട്ടികളുടെ ഉരുകുന്ന മനസ്സു പോലെ...

ആർത്തവത്തിനു ശേഷം പെൺകുട്ടികൾ അശുദ്ധരായെന്നാണു നേപ്പാളിലെ ഹിന്ദു വിഭാഗക്കാർ കണക്കാക്കുന്നത്. അവർ വിഷലിപ്തമാണെന്നു പോലും വിശ്വസിക്കുന്നവരുണ്ട്. ചൗപ്പാഡിയിൽ കഴിയുന്ന ഒരാഴ്ചക്കാലം അവരെ ആരെങ്കിലും സ്പർശിച്ചാൽ അവരെപ്പോലും അശുദ്ധമായിട്ടാണു കണക്കാക്കുക. പെൺകുട്ടികൾക്ക് ആർത്തവ കാലത്ത് പുറംജോലികൾക്കു പോകുന്നതിനൊന്നും കുഴപ്പമില്ല. പക്ഷേ മറ്റുള്ളവരുടെ അടുത്തേക്കു പോകരുത്. ചൗപ്പാഡിയിൽ താമസിക്കുന്നതിനിടെ വീട്ടിലെ പശുക്കളെയോ ആടിനെയോ നായ്ക്കളെയോ പോലും തൊടാൻ പാടില്ല. തൊട്ടാൽ അവയ്ക്കും വിഷം തീണ്ടുമെന്നാണു വിശ്വാസം. 

ചൗപ്പാഡിയിൽ കഴിയാതെ ഏതെങ്കിലും പെൺകുട്ടി വീട്ടിലേക്കു തിരികെ വന്നാൽ അത് ഗൃഹനാഥനെയാണു ബാധിക്കുകയെന്നും കാലങ്ങളായി ജനം വിശ്വസിക്കുന്നു. ഗൃഹനാഥനു മാരകരോഗം ബാധിക്കും. അല്ലെങ്കിൽ വീട്ടിലേക്കു കടുവ കയറും, അതുമല്ലെങ്കിൽ വീടിനു തീപിടിക്കും. തങ്ങളുടെ മാതാപിതാക്കളുടെ നന്മയ്ക്കു വേണ്ടിയാണ് ചൗപ്പാഡിയിൽ കഴിയുന്നതെന്നു ആർത്തവാരംഭം മുതൽ പെൺകുട്ടികളെ പഠിപ്പിക്കുകയാണു സത്യത്തിൽ ചെയ്യുന്നത്. 

പ്രസവത്തിനു പിന്നാലെ അമ്മയെയും കുട്ടിയെയും ഒറ്റയ്ക്കു താമസിപ്പിക്കുന്ന അനാചാരവും നേപ്പാളിൽ ചിലയിടത്തുണ്ട്. ഈ സമയം ഇവരുടെ അടുത്തേക്ക് ആരും വരില്ല. നവജാത ശിശുവിനെ ഉറക്കിക്കിടത്തി തുണിയലക്കാൻ അമ്മ പോയ സമയത്ത് കുഞ്ഞിനെ കുറുക്കൻ കടിച്ചു കൊന്ന സംഭവവും ഗ്രാമങ്ങളിലുണ്ടായിട്ടുണ്ട്. പടിഞ്ഞാറൻ നേപ്പാളിലാണ് ഇത്തരം അന്ധവിശ്വാസങ്ങളിലേറെയും ശക്തമായിട്ടുള്ളത്. പാവപ്പെട്ടവരാണ് അവിടങ്ങളിൽ താമസിക്കുന്നതെന്നതു തന്നെ കാരണം. ഭൂരിപക്ഷം വനിതകൾക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. ബാലവിവാഹവും ഇവിടെ പതിവാണ്. 

ചൗപ്പാഡികളെ ആരെങ്കിലും ചോദ്യം ചെയ്താലോ, അവരെ വീടും നാടും ഒറ്റപ്പെടുത്തും. ഇതിന്റെ പേരിൽ ഗാർഹിക പീഡനം പോലും പതിവാണ്. അതു സഹിക്കാഞ്ഞിട്ടാണ് വിദ്യാഭ്യാസം ലഭിച്ച പെൺകുട്ടികൾ പോലും രാത്രി കുടിലുകളിലെ കൊടുംതണുപ്പിലേക്കു മാറുന്നത്. ചില വിഭാഗക്കാർ ഇത് കുടുംബത്തിന്റെ അഭിമാന പ്രശ്നമായാണു കാണുന്നത്. എന്തു വില കൊടുത്തും, ഭീഷണിപ്പെടുത്തിയും അവർ പെൺകുട്ടികളെ കുടിലിലേക്ക് അയയ്ക്കും. അതിനാൽത്തന്നെ ചൗപ്പാഡികളെന്ന ദുരാചാരം അവസാനിപ്പിക്കാൻ സർക്കാരിനു പോലും വിയർപ്പൊഴുക്കേണ്ട അവസ്ഥയാണ്. 

പാമ്പു കടിയേറ്റുള്ള തുളസിയുടെ മരണത്തിനു പിന്നാലെ താഴ്‌വരയില്‍ ഒട്ടേറെ പേർ ചൗപ്പാഡികൾ തകർത്തു കളഞ്ഞു. എന്നാൽ നാളുകൾക്കകം അവ തിരികെ ഉയർന്നു വരികയും ചെയ്തു. അടുത്തിടെ ഗൗരിയുടെ മരണത്തിനു പിന്നാലെ നേപ്പാളിൽ വീണ്ടും ചൗപ്പാഡികൾക്കെതിരെ ശബ്ദമുയർന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ എന്നന്നേക്കുമായി ഈ അനാചാരം എന്നെങ്കിലും അവസാനിപ്പിക്കാനാകുമോ?സർക്കാരിനു പോലുമില്ല അതിനൊരു ഉത്തരം!!!