Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവുണ്ടായിട്ടു കൂടി സിംഗിൾ പേരന്റ് ആയി; ഒടുവിൽ

life-mother-daughter ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

സിനിമക്കഥകളേക്കാൾ വലിയ ട്വിസ്റ്റുകളും സസ്പെൻസുകളുമൊക്കെയാവും ജീവിതം ചിലപ്പോൾ കാത്തുവെയ്ക്കുക. പ്രതീക്ഷിക്കാൻ പ്രത്യേകിച്ചൊന്നും ഇല്ലാതിരുന്നിട്ടും പ്രിയപ്പെട്ടവരെയോർത്തു മാത്രം ആത്മഹത്യ ചെയ്യാത്ത ഒരുപാടുമുഖങ്ങളെ നമ്മൾ ദിവസവും കാണാറുണ്ട്. തകർന്നു തരിപ്പണമായെന്നു തോന്നുമ്പോഴും സ്വന്തം മനശക്തിയിൽ വിശ്വസിച്ച് തകർച്ചയിൽ നിന്ന് ജീവിതത്തെ തിരിച്ചു പിടിച്ചവരും നമുക്കിടയിൽ അഭിമാനത്തോടെ ജീവിക്കുന്നുണ്ട്.

ജീവിതാനുഭവങ്ങൾ പകർന്നു നൽകിയ കരുത്തുമായി ജീവിക്കാനിറങ്ങിയ ഒരു യുവതിയുടെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെയ്ക്കുന്നതിങ്ങനെയാണ്:-

പേരെടുത്ത മാധ്യമപ്രവർത്തകയാകണമെന്നു സ്വപ്നം കണ്ടു നടന്ന ഒരു പത്തൊമ്പതുകാരി പെൺകുട്ടിയിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്. 19–ാം വയസ്സിൽ വിവാഹതിയാകാൻ വീട്ടുകാർ നിർബന്ധിച്ചതിന്റെ പേരിൽ അവളൊരിക്കൽ വീടുവിട്ടിറങ്ങി. പക്ഷേ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയ അവളെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചു. വേറെ നിവൃത്തിയില്ലാതെ അവൾ വീട്ടുകാരുടെ ആവശ്യത്തിനു മുന്നിൽ വഴങ്ങി.

തന്റെ ഭാവി വരനെ അവൾ കാണുന്നത് വിവാഹനിശ്ചയത്തിനു ശേഷം. 22 വയസ്സുള്ള ആ ചെറുപ്പക്കാരന്റെ കൂടെ ചിലവഴിച്ച നിമിഷങ്ങളിൽ അവൾ അയാളുമായി പ്രണയത്തിലായി. പക്ഷേ അപ്പോഴും അയാളുടെ വീട്ടുകാരുടെ ചില നിലപാടുകളോട് അവൾക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നും താങ്ങും തണലുമായി ഭർത്താവുണ്ടെന്ന വിശ്വാസത്തിൽ അവൾ അയാളുടെ വീട്ടുകാരുടെ പണത്തോടുള്ള ആർത്തിയെ അവഗണിച്ചു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമായതിനാൽ ആ വ്യവസ്ഥയെ പ്രതീക്ഷ എന്നു വിളിക്കാനാണ് ആ വീട്ടുകാർ ഇഷ്ടപ്പെട്ടത്.

പണമായും ആഭരണങ്ങളായും തുണിത്തരങ്ങളായും അങ്ങനെ തങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കാനുള്ള സകലതും പെണ്ണിന്റെ വീട്ടിൽ നിന്ന് നൽകണമെന്നവർ ശഠിച്ചു. ഒരു പുഞ്ചിരിയോടെ അവളുടെ അച്ഛൻ വിവാഹത്തിനും അതിനോടനുബന്ധിച്ച കാര്യങ്ങൾക്കുമായി ചിലവഴിച്ചത് 25 ലക്ഷത്തോളം രൂപയാണ്.എന്നിട്ടും ഭർതൃവീട്ടുകാരുടെ മനസ്സു തെളിഞ്ഞില്ല. തങ്ങൾ പ്രതീക്ഷിച്ചതൊന്നും അവളുടെ വീട്ടുകാരിൽ നിന്ന് ലഭിച്ചില്ല എന്ന് ദിനംപ്രതി അവർ അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അവൾ ഗർഭിണിയായപ്പോഴാണ് കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായത്.

ഗർഭകാലത്ത് ഭർത്താവിന്റെ സ്നേഹവും പരിചരണവും അവൾ ആഗ്രഹിച്ചു. പക്ഷേ വെളുപ്പിനെ മൂന്നു മണിക്കു ശേഷമല്ലാതെ ഭർതൃവീട്ടുകാർ ഭർത്താവിനെ മുറിയിലേക്ക് അയയ്ക്കില്ല. കുടുംബകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് പലകുറി അവളുടെ മുന്നിൽ അവരെല്ലാവരും ചേർന്ന് വാതിൽ കൊട്ടിയടയ്ക്കും. ഭർത്താവിനോടുള്ള സ്നേഹത്തിന്റെ പേരിൽ അവൾ ഈ അവഗണനകളും അപമാനവും സഹിച്ചു. എന്തിന് ഗർഭകാലത്തെ മെഡിക്കൽ ചെക്കപ്പിനുള്ള തുകപോലും ചിലവഴിക്കാൻ ഭർതൃവീട്ടുകാർ തയാറായില്ല. സ്വന്തം അച്ഛനാണ് മാസാമാസം അവളുടെ ചികിത്സയ്ക്കായുള്ള പണമയച്ചു കൊടുത്തത്.

മാനസികസമ്മർദ്ദം അധികമായപ്പോൾ അവളുടെ പ്രസവവും നേരത്തെയായി. മകൾക്ക് തന്നെ കാണാനുള്ള തിടുക്കം കൊണ്ടാണ് മാസം തികയാതെ പ്രസവിക്കേണ്ടി വന്നത് എന്നാണ് അവൾ പറയുന്നത്. ഒരു കുഞ്ഞു ജനിച്ചാൽ ഭർത്താവിന്റെ വീട്ടുകാരുടെ മനോഭാവത്തിൽ മാറ്റം വരുമെന്ന് അവൾ കൊതിച്ചു. പക്ഷേ അതോടെ പ്രശ്നങ്ങൾ വീണ്ടും സങ്കീർണ്ണമാവുകയായിരുന്നു.  വീട്ടുജോലികളും കുഞ്ഞിന്റെ ഉത്തരവാദിത്തവുമെല്ലാം അവൾ ഒറ്റയ്ക്കു നിറവേറ്റേണ്ടി വന്നു. കുഞ്ഞിന്റെ പിറവിയിൽ താൻ മാത്രമേ സന്തോഷിക്കുന്നുള്ളൂവെന്ന് താമസിയാതെ അവൾ മനസ്സിലാക്കി. ഒരു ആൺകുഞ്ഞിന് ജന്മം നൽകാത്തതാണ് നീരസത്തിനു പിന്നിലുള്ള കാരണമെന്ന് അവർ വെളിപ്പെടുത്തി.

കാര്യങ്ങൾ അത്ര സുഖമല്ലാതെ മുന്നോട്ടു പോകുമ്പോഴാണ് അത് സംഭവിച്ചത്. അവളുടെ സഹോദരന്റെയും ഭർത്താവിന്റെ അച്ഛന്റെയും മുന്നിൽവെച്ച് എന്തോ കാര്യത്തിന് ഇരുവരും വഴക്കിട്ടു. ദേഷ്യത്തിൽ ഭര്‍ത്താവ് മുത്തലാക്കു ചൊല്ലി. അതോടെ കുഞ്ഞിനെയും കൊണ്ട് അവൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു.

വീണ്ടും അച്ഛനെ ബുദ്ധിമുട്ടിക്കുന്നതിൽ അവൾക്ക് വിഷമം തോന്നി. കുഞ്ഞിനു മുന്നിൽ മാതൃകയാവണമെന്ന ചിന്ത മനസ്സിൽ വന്നപ്പോൾ മുതൽ തളരാതെ പോരാടാനുറച്ചു.അങ്ങനെ ഒരു ജിമ്മിൽ ഫ്ലോർ മാനേജറായി അവൾക്ക് ജോലി ലഭിച്ചു. അന്നുമുതൽ സ്വന്തം കാര്യത്തിനു വേണ്ടിയും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയും അച്ഛനെ ആശ്രയിക്കുന്ന പതിവ് അവൾ അവസാനിപ്പിച്ചു. ഇനിയൊരു സ്വപ്നമേയുള്ളൂ അവൾക്ക്. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കണം. ജീവിതത്തിലെ പ്രതികൂല സാഹചര്യത്തിലും എങ്ങനെയാണ് സ്വപ്നങ്ങളെ എത്തിപ്പിടിക്കേണ്ടതെന്ന് മകൾക്ക് കാണിച്ചുകൊടുക്കണം. അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ നൽകി മിടുക്കിയായി അവളെ വളർത്തണം.