Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിക്കരച്ചിലിനു മുന്നിൽ കാടൻ നയങ്ങൾ തിരുത്തി ട്രംപ്

crying-22

മറക്കാറായിട്ടില്ല ഐലാൻ കുർദിയുടെ കരളലിയിക്കുന്ന ചിത്രം. മരിച്ചു മരവിച്ച്, തുർക്കിയിലെ ഒരു കടലോരത്ത് മണലിൽ മുഖം കുത്തിക്കിടന്ന കുരുന്നുബാലൻ. യുദ്ധത്തിന്റെയും പലായനത്തിന്റെയും വേദന നിറഞ്ഞ ചിത്രമായിരുന്നു അത്. ഇന്നും എന്നും മനുഷ്യമനസ്സാക്ഷിയെ വേട്ടയാടുന്ന ഓർമ. ഇപ്പോഴിതാ മറ്റൊരു ചിത്രം മനസ്സാക്ഷിയിൽ ഉണങ്ങാത്ത മുറിവായി മാറിയിരിക്കുന്നു.

അമ്മയെ വേർപെട്ട രണ്ടുവയസ്സുകാരിയുടെ ചിത്രം. യുഎസ്–മെക്സിക്കോ അതിർത്തിയിലെ മക് അലനിൽനിന്നുള്ളത്. അനധികൃമായി യുഎസിലേക്കു കുടിയേറാൻ ശ്രമിച്ച ഹോണ്ടുറാസ് സ്വദേശിനിയുടെ മകളാണ് കുട്ടി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സീറോ ടോളറൻസ് എന്ന ക്രൂരമായ നയത്തിന്റെ ഇര. അനധികൃത കുടിയേറ്റം നടത്തുന്നവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയും അവരുടെ മക്കളെ പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്യുന്നതാണ് ട്രംപിന്റെ വിവാദ കുടിയേറ്റ നിയമം. പുലിറ്റ്സർ പ്രൈസ് ജേതാവായ ഫൊട്ടോഗ്രഫർ ജോൺ മൂർ ഗെറ്റി ഇമേജസിനായി പകർത്തിയ രണ്ടുവയസ്സുകാരിയുടെ ചിത്രം വൈറലായിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. 

മൂർ ചിത്രം പകർത്തുമ്പോൾ അടുത്തുതന്നെയുണ്ടായിരുന്നു കുട്ടിയുടെ അമ്മ. രേഖകൾ പരിശോധിച്ചശേഷം അവരെ തടഞ്ഞുവച്ചു ജയിലിലേക്ക് അയച്ചപ്പോൾ കരയുന്ന കുട്ടിയെയാണ് മൂർ പകർത്തിയതും ലോകം കണ്ണീരോടെ ഏറ്റെടുത്തതും. 

‘ചിത്രമെടുത്തു കഴിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി’ - നിർണായകമായ നിമിഷത്തെക്കുറിച്ചു പിന്നീടു മൂർ വെളിപ്പെടുത്തി. ‘ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ടി. വികാരപാരവശ്യത്താൽ ഞാൻ തളർന്നു. നിമിഷങ്ങൾക്കകം സമനില വീണ്ടെത്തു. ആ കുട്ടിയോടു കരയരുതെന്നു പറയണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു’ – മൂർ ആ നിമിഷത്തെക്കുറിച്ചു പറയുന്നു. 

ജോൺ മൂറിന്റെ ചിത്രം ലോകമെങ്ങും വ്യാപക പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ട്വിറ്ററിലെ മിക്ക പ്രതികരണങ്ങളിലും നിറയുന്നത് അടങ്ങാത്ത രോഷം. ‘ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നാം പ്രതിക്കേണ്ടത്?. ട്രംപിന്റെ കാടൻ നയങ്ങൾ തുടരാൻ നാം അനുവദിക്കേണ്ടതുണ്ടോ?’ എന്നൊക്കെയാണ് ഉയരുന്ന ചോദ്യങ്ങൾ. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പകർത്തിയ നിക് ഉട്ടിന്റെ പ്രസിദ്ധമായ ചിത്രവുമായാണ് ചിലർ മൂറിന്റെ ചിത്രത്തെ താരതമ്യം ചെയ്തത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് രണ്ടായിരം കുട്ടികളെ അവരുടെ കുടുംബങ്ങളിൽനിന്ന് അകറ്റിയിട്ടുണ്ടെന്നാണ് കണക്ക്. വേർപാടിന്റെയും വേദനയുടെയും വിഷാദം ഇതിലും നന്നായി പകർത്താനാവില്ലെന്നുതന്നെയാണ് പൊതുഅഭിപ്രായം. 

അതിനിടെ, അനധികൃത കുടിയേറ്റം തയാനുള്ള നയത്തിന്റെ ഭാഗമായി കുട്ടികളെ മാതാപിതാക്കളിൽനിന്ന് അകറ്റുന്ന നയത്തെക്കുറിച്ചുള്ള വാർത്ത വായിക്കവെ ഒരു അവതാരക പൊട്ടിക്കരഞ്ഞു. വാർത്ത പൂർണമാക്കാനാവാതെ കൂടെയുള്ള അവതാരകയെ വാർത്താക്കുറിപ്പ് ഏൽപിച്ച് കരഞ്ഞുകൊണ്ടു സ്റ്റുഡിയോ വിടുകയായിരുന്നു എംഎസ്എൻബിസി ചാനൽ അവതാരക റേച്ചൽ മാഡോ. അവതാരക കരയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. മാതാപിതാക്കളിൽനിന്ന് അകറ്റുന്ന കുട്ടികൾക്ക് അഭയകേന്ദ്രത്തിൽ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചു വായിക്കുകയായിരുന്നു റേച്ചൽ.

വേർപാടിന്റെ വേദന അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചു പറയവേ തളർന്നുപോകുകയായിരുന്നു അവർ. ‘വിശ്വസിക്കാനാവുന്നില്ല. എനിക്കു വാർത്ത പൂർത്തിയാക്കാനാകുന്നില്ല. ഞാൻ മൈക്ക് കൈമാറുകയാണ്.’ എന്നു പറഞ്ഞുകൊണ്ടാണ് റേച്ചൽ എഴുന്നേൽക്കുന്നത്. പിന്നീട് വാർത്താവതരണം പകുതിക്കുവച്ചു നിർത്തേണ്ടിവന്നതിൽ മാപ്പുചോദിച്ചു റേച്ചൽ. അവതാരകയ്ക്കു സംഭവിച്ചതു പിഴവാണെങ്കിലും അതവരുടെ മനുഷ്യത്വത്തിന്റെ തെളിവാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ‘ജീവനില്ലാത്ത വസ്തുക്കളല്ല വാർത്തകൾ. ചില വാർത്തകൾ കരയാതെ എങ്ങനെ അവതരിപ്പിക്കും’ എന്നും ചോദിക്കുന്നവരുണ്ട്. 

ഒടുവിൽ ആ കുഞ്ഞുങ്ങളുടെ കരച്ചിൽ പ്രസിഡന്റ് ട്രംപിന്റെ കാതിൽവീണു. സ്വന്തം ഭാര്യയുൾപ്പെടെ, ലോകം മുഴുവൻ പ്രതിഷേധവുമായെത്തിയതിനു പിന്നാലെ, വിവാദ ‘സീറോ ടോളറൻസ്’ നയം പിൻവലിക്കാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ബുധനാ‍ഴ്ച അദ്ദേഹത്തിന്റെ ഓവൽ ഓഫിസിൽ വച്ചാണ് ഉത്തരവിൽ ഒപ്പുവച്ചത്. ‘ഞങ്ങൾക്ക് ശക്തമായ അതിർത്തികൾ ഉണ്ടാവാൻ പോകുന്നു. എന്നാൽ കുടുംബങ്ങളെ ഒരുമിച്ചു നിർത്താൻ തീരുമാനിച്ചു,’ - ട്രംപ് പറഞ്ഞു.

മെക്സിക്കൻ അതിർത്തിയിൽ മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്തു സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുക എന്നതായിരുന്നു ട്രംപിന്റെ വിവാദനയം. ഇതനുസരിച്ച്, ഏപ്രിൽ 19 മുതൽ മേയ് 31 വരെ കൈക്കുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം കുട്ടികളെയാണു സംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്. ഇത്തരം കേന്ദ്രങ്ങളിലൊന്നിലെ കുട്ടിയുടെ ശബ്ദശകലം വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസാണു പുറത്തുവിട്ടത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ശബ്ദശകലത്തിൽ കുട്ടി സ്പാനിഷ് ഭാഷയിൽ തന്റെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നതും പുറത്തുവിടാൻ അപേക്ഷിക്കുന്നതുമാണുള്ളത്.

ട്രംപിന്റെ ഈ നയത്തിനെതിരെ ഭാര്യ മെലാനിയ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ നയത്തിൽ ഒരു വിട്ടുവീഴ്ചയും (സീറോ ടോളറൻസ്) ഇല്ലയെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ യുഎസ് പ്രസിഡന്റിന്റെ നിലപാട്. പക്ഷേ നിരന്തര സമ്മർദത്തത്തെ തുടർന്ന് നയത്തിൽ അയവു വരുത്താൻ അദ്ദേഹം തയാറാകുകയായിരുന്നു.