Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ‘ വിഐപി ’ സ്ഥലംമാറ്റം

police-torture-01 Photo Credit: Youtoube

അന്യമതസ്ഥനായ യുവാവിനെ സന്ദർശിച്ചു എന്നാരോപിച്ച് പൊലീസ് വാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച ഉത്തര്‍ പ്രദേശ്  മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷയ്ക്കു പകരം ലഭിച്ചതു ‘ വിഐപി ’ സ്ഥലംമാറ്റം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന ഗോരഖ്പൂരിലേക്കാണ് പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ഇതോടെ സംഭവം മൂടിവയ്ക്കാനും ഒതുക്കിത്തീര്‍ക്കാനുമാണ് പൊലീസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന സംശയവും ബലപ്പെട്ടു. 

സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷവും യുവാവിനെ ആക്രമിച്ചവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. ആക്രമിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ വിഡിയോയിലുണ്ടെങ്കിലും ആരെയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവുമുണ്ടായില്ല. ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട പൊലീസ് സുപ്രണ്ട് ഒ.പി. സിങ് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇരകളായ മെഡിക്കൽ വിദ്യാര്‍ഥികള്‍ പറയുന്നു. ആക്രമണം നടത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പ്രഥമ വിവര റിപോര്‍ട്ട് തയാറാക്കിയെങ്കിലും ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

'ഞാന്‍ ഇനി കോളജിലേക്കു പോകുന്നില്ല. അത്രമാത്രം ഭയവും  ആശങ്കയും എനിക്കുണ്ട്. ആക്രമിച്ചവരും അവരുടെ ബന്ധുക്കളും ഇപ്പോഴും ഫോണില്‍വിളിച്ച് എന്നെ ഭീഷണിപ്പെടുത്തുന്നു. കോളജില്‍ വന്നാല്‍ എന്നെ കൊല്ലുമെന്നാണ് അവരുടെ ഭീഷണി'- മര്‍ദനത്തിനു വിധേയനായ യുവാവു പറയുന്നു. പൊലീസ് തനിക്കു സംരക്ഷണം തരും എന്ന പ്രതീക്ഷയില്ലെന്നും, മൊഴിയെടുക്കാന്‍ തന്നെ ഇതുവരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചിട്ടില്ലെന്നും യുവാവു പറയുന്നു.  

പൊലീസുകാര്‍ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം സത്യസന്ധമായി നടക്കാന്‍വേണ്ടിയാണ് അവരെ സ്ഥലം മാറ്റിയതെന്നാണ് പൊലീസ് സൂപ്രണ്ടിന്റെ വിശദീകരണം. നീതു സിങ്, സലക് ചന്ദ്, പ്രിയങ്ക എന്നിവരെയാണു സ്ഥലം മാറ്റിയത്. ഷഹന്‍സാര്‍ പാല്‍ എന്ന പൊലീസുകാരനും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അയാള്‍ക്കു സ്ഥലംമാറ്റമില്ല. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കര്‍ഷകരുടെ പ്രക്ഷോഭം നടക്കുകയാണെന്നും അതുകഴിഞ്ഞാല്‍ മാത്രമേ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കൂവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

സെപ്റ്റംബര്‍ 23 നാണ് സംഭവം നടക്കുന്നത്. മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇരുവരും. ഹിന്ദു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ഒരു പുസ്തകം വാങ്ങുന്നതിയായി മുസ്ലിം സമുദായത്തില്‍പെട്ട യുവാവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചുപോകാന്‍ തുടങ്ങുമ്പോള്‍ കുറച്ചുപേര്‍ വീട്ടിലേക്ക് ഓടിക്കയറി വന്ന് യുവാവിന്റെ പേര് ചോദിച്ചു. രണ്ടു സമുദായങ്ങളില്‍ ഉള്‍പ്പെട്ടവര്‍ കാണുന്നതും സംസാരിക്കുന്നതും ശരിയായ കാര്യമല്ലെന്നു പറഞ്ഞുകൊണ്ട് അവര്‍ യുവാവിനെ ആക്രമിച്ചത്. എല്ലാ ബന്ധങ്ങളും സൗഹൃദത്തിലാണു തുടങ്ങുന്നതെന്നും പിന്നെ പ്രണയമായി വികസിക്കുമെന്നും ലവ് ജിഹാദ് ആകുമെന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്നും യുവാവു പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ അക്രമികള്‍ പരുക്കേല്‍പിച്ചു. വായില്‍നിന്നും മൂക്കില്‍നിന്നും രക്തമൊഴുകാൻ തുടങ്ങിയപ്പോഴാണ് മർദ്ദനം അവസാനിച്ചത്. 

പിന്നീട് പൊലീസുകാര്‍ എത്തിയെങ്കിലും അവര്‍ പെണ്‍കുട്ടിയെ ജീപ്പില്‍ കയറ്റി പോയി. ജീപ്പില്‍ വച്ച് നീതു സിങ് എന്ന പൊലീസുകാരി പെണ്‍കുട്ടിയെ യാത്രയിലുടനീളം മര്‍ദിച്ചു. കൂടെയുള്ള മറ്റു പൊലീസുകാരും പെണ്‍കുട്ടിയെ അപമാനിക്കുകയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. രാജ്യത്ത് ഇത്രയധികം ഹിന്ദു യുവാക്കളുള്ളപ്പോള്‍ നിനക്കു സ്നേഹിക്കാന്‍ അന്യമതസ്ഥനെ മാത്രമേ കിട്ടിയുള്ളോ എന്നു ചോദിച്ചായിരുന്നു പൊലീസുകാരുടെ മര്‍ദ്ദനം. രണ്ടു സംഭവങ്ങളുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.