Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ചിനാൽ മാനംകെട്ട മിതാലി; ഉത്തരമുണ്ടാകുമോ അധികാരികൾക്ക്?

Mithali Raj

വനിത ലോകകപ്പ് കൈവിട്ട നിരാശയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികൾ‍. നിരാശയിലും സങ്കടത്തിലും അവര്‍ തനിച്ചല്ല എന്നതാണ് വാസ്തവം. അവര്‍ക്കൊപ്പം സമീപകാലത്ത് ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ ഒരു താരവുമുണ്ട്: മിതാലി രാജ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തയായ ഓപ്പണര്‍. സ്ഥിരതയുടെ പര്യായം. നാട്ടിലും വിദേശത്തും മികച്ച റെക്കോര്‍ഡുള്ള പരിചയസമ്പന്നായായ താരം. വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍.

വെസ്റ്റ് ഇന്‍ഡിസില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ലീഗ് റൗണ്ടിലെ കളിയില്‍ മിതാലിയെ പുറത്തിരുത്തി. അതില്‍ ആരും അസാധാരണമായി ഒന്നും കണ്ടില്ല. സെമി ബെര്‍ത്ത് ഉറപ്പിച്ചതിനാല്‍ സ്ഥിരം താരത്തിനു വിശ്രമം കൊടുക്കുന്നതു പതിവാണ്. പക്ഷേ, നിര്‍ണായകമായ സെമിയില്‍ മിതാലിയില്ലാതെ ഇറങ്ങാന്‍ ടീം തീരുമാനിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഞെട്ടി. മണ്ടന്‍ തീരുമാനം തിരിച്ചടിക്കുമെന്നുതന്നെ അവര്‍ ഭയപ്പെട്ടു; ഒപ്പം മിതാലിയും. ഞെട്ടിപ്പോയ മിതാലിക്ക് സ്വന്തം ടീം ദയനീയമായി ഇംഗ്ലണ്ടിനോട് തകര്‍ന്നടിയുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവന്നു. മിതാലിയുടെ ഒഴിവാക്കല്‍ പെട്ടെന്നുതന്നെ വിവാദമായി കത്തിപ്പടര്‍ന്നു. തിരിച്ചെത്തിയ ടീമിലെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെയും മിതാലിയേയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വെവേറെ കണ്ടു. അതിനിടെ ക്രിക്കറ്റ് അധികാരികള്‍ക്കുള്ള കത്തില്‍ മിതാലി ശക്തമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചര്‍ച്ച ഇപ്പോള്‍ മിതാലിയുടെ ആരോപണങ്ങളാണ്. പരാതികളും.

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രമേശ് പവാറും ക്രിക്കറ്റ് ഭരണസമിതിയംഗം ഡയാന എഡുല്‍ജിയും തന്നോടു പക്ഷപാതപരമായി പെരുമാറിയെന്നും തന്നെ ടീമില്‍നിന്നൊഴിവാക്കാന്‍ ഇരുവരും ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്നും ആരോപിക്കുന്നു മിതാലി. ഈ ലോകകപ്പ് വിജയിക്കുക എന്റെ ഏറ്റവും വലിയ മോഹങ്ങളിലൊന്നായിരുന്നു. ഇത്തവണ സുവര്‍ണാവസരവുമായിരുന്നു. പക്ഷേ, എല്ലാം നഷ്ടപ്പെട്ടു. ദുഃഖിക്കാന്‍ മാത്രമാണു വിധി- മിതാലി കത്തില്‍ എഴുതുന്നു. കോച്ചിന്റെ തീരുമാനം അനുസരിക്കുകയാണ് ക്യാപ്റ്റന്‍ ചെയ്തത്. പക്ഷേ ആ തീരുമാനം തന്നെ ഞെട്ടിച്ചു, കണ്ണീരിലാഴ്ത്തി. ജീവിതത്തില്‍ സംഭവിച്ച വേദനാകരമായ മുറിവായി അവശേഷിക്കുന്നു. അപമാനവും വേദനയും സഹിച്ചാണ് താന്‍ ടൂര്‍ണമെന്റില്‍ കളിച്ചതെന്നും താരം വെളിപ്പെടുത്തുന്നു.  രാജ്യത്തിനുവേണ്ടി ഒരു ലോകകിരീടം എന്ന മോഹം കൈവിട്ടതില്‍ താന്‍ ഇപ്പോഴും നിരാശയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങളും ആക്ഷേപങ്ങളുമായി ഒരു കത്ത് എഴുതേണ്ടിവന്നിരിക്കുന്നു ഇപ്പോള്‍ എനിക്ക്. ഈ പ്രവൃത്തിയിലൂടെ എന്റെ സ്ഥിതി ഞാന്‍ കൂടുതല്‍ ദുഷ്ക്കരമാക്കുകയാണ് എന്നെനിക്കുറപ്പുണ്ട്. ടൂര്‍ണമെന്റില്‍ രണ്ടു കളികളില്‍ ഞാന്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. രണ്ടുതവണയും കളിയിലെ താരമായി തിരഞ്ഞെടുത്തതും ഞാന്‍തന്നെ. എന്നിട്ടും നിര്‍ണായകമായ സെമിയില്‍ എന്നെ പുറത്തിരുത്താനും മൂന്ന് അംഗീകൃത ബാറ്റിങ് താരങ്ങളുമായി മാത്രം കളിക്കാനുമുള്ള തീരുമാനം എന്നെ മാത്രമല്ല ഞെട്ടിച്ചിരിക്കുന്നത്; മുഴുവന്‍ ലോകത്തെത്തന്നെ.

രണ്ടു കളികളില്‍ പുറത്തിരുന്നിട്ടും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോറര്‍ മിതാലി തന്നെ. എന്നിട്ടും കൂടുതല്‍ റണ്‍സ് നേടിയ താരത്തെ ഒഴിവാക്കി കളിക്കാന്‍ തീരുമാനിച്ചതാണ് അദ്ഭുതകരം. തന്നെ ഒഴിവാക്കിയതില്‍ ട്വന്റി 20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും മിതാലി പറയുന്നു. കോച്ച് രമേഷ് പവാര്‍ തന്നെ ക്രൂരമായി അവഗണിച്ചതിനെക്കുറിച്ച് കത്തില്‍ മിതാലി വിവരിക്കുന്നുണ്ട്. സെമി ഫൈനല്‍ മല്‍സരത്തിന്റെ അന്നു രാവിലെ വാം അപ് സെഷന്‍ കഴിഞ്ഞപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് തന്നോടു പറഞ്ഞ ക്രൂരമായ നിമിഷവും മിതാലി കണ്ണീരോടെ വിവരിക്കുന്നു.

ഇത്രയും നാള്‍ രാജ്യത്തിനുവേണ്ടി വിയര്‍പ്പൊഴുക്കിയത് വെറുതെയാണോ? ഈ ക്രൂരതയും അവഗണനയും നേരിടാനായിരുന്നെങ്കില്‍ എന്തിനാണ് ഇത്രയും നാള്‍ കളിച്ചതും അധ്വാനിച്ചതും? ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മിതാലി രാജിന്റെ ചോദ്യങ്ങള്‍ തുടരുന്നു. അധികാരികളില്‍ നിന്ന് ഇനി ഉത്തരങ്ങളാണ് വേണ്ടത്. ഗുഢാലോചന ഉണ്ടായെങ്കില്‍ അതും പുറത്തുവരണം. മിതാലി കാത്തിരിക്കുന്നു; ഒപ്പം രാജ്യവും.