ADVERTISEMENT

ആചാരാനുഷ്ഠാനങ്ങളെക്കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമാണു ഭാരതം. ആചാരപരമായ ആഘോഷങ്ങളിൽ കേരളീയർക്ക് പ്രധാനപ്പെട്ട ഒന്നാണ് വിഷു. അതിന്റെ ഭാഗമാണു വിഷുഫലം.

ഒരു വർഷത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന കാര്യങ്ങൾ ചുരുക്കി വിഷുഫലത്തിൽ പറയുന്നു. അത് ജ്യോതിഷ നിയമപ്രകാരം ഗണിച്ചെടുക്കുന്നു. പഴയകാലത്ത് അതാതുദേശത്തെ ജ്യോത്സ്യർ ‘ഓല’യിൽ വിഷുഫലം എഴുതി ആ ദേശത്തുള്ള വീടുകളിൽ കൊടുത്ത് കാര്യങ്ങൾ വിശദീകരിച്ച് പറയുന്നു. അപ്പോൾ ആ കുടുംബത്തിലെ കാരണവർ ഭക്തിയോടും ബഹുമാനത്തോടും കൂടി ജ്യോത്സ്യർക്ക് ദക്ഷിണ നൽകുകയും ചെയ്യുന്നു. കാലം കുറെ കഴിഞ്ഞു. നമ്മൾ പലതും മറന്നു തുടങ്ങി. ‘ഡിജിറ്റൽ’ യുഗം വന്നു. ‘ഓല’ നാട്ടിൽ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായി. എങ്കിലും വിഷുഫലം ഇന്നും പ്രസക്തം.

 

ഈ വർഷത്തെ വിഷുഫലം ഇങ്ങനെയാണ്. 

 

കുംഭ ശനി മീനവ്യാഴം കൊല്ലവർഷം 1198–ാമത് മീനമാസം 31–ാം തീയതി 2023 ഏപ്രിൽ മാസം 14–ാം തീയതി വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് (I.S.T.02.58 PM) തിരുവോണം നക്ഷത്രവും കൃഷ്ണപക്ഷത്തിൽ നവമി തിഥിയും ‘ഗജ’ക്കരണവും ‘സാദ്ധ്യ’നാമ നിത്യയോഗവും കൂടിയ സമയത്ത് ചിങ്ങം രാശ്യുദയ സമയം കൊണ്ട് ഭൂമി ഭൂതോദയം കൊണ്ട് മേഷവിഷു സംക്രമം. 

 

വിഷുഫലത്തിൽ പഴമക്കാർ ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ഈ കൊല്ലം ‘എത്ര പറ’ വർഷമാണ് എന്ന്. മഴയെക്കുറിച്ച് മനസ്സിലാക്കാൻ ഉള്ള ഒരു കണക്കാണിത്. ഈ വർഷം ‘നാല്പറ’ വർഷമാണ്. അതായത് ‘ഒരു പറ’യും ‘മൂന്ന് പറ’യും വർഷമായാൽ നല്ല പോലെ വെള്ളം കിട്ടുമെന്നും ‘രണ്ട് പറ’യും ‘നാല് പറ’യും വർഷമായാൽ വെള്ളം ആവശ്യത്തിന് കിട്ടാതിരിക്കുകയും ചെയ്യും. ഇതിൽ ‘നാല് പറ’ വർഷമായാൽ അനവസരത്തിൽ മഴപെയ്ത് വെള്ളത്തിന് കൂടുതൽ ബുദ്ധിമുട്ട് വരികയും ചെയ്യും എന്നതാണ് നിയമം. അതായത് ഈ കൊല്ലത്തെ കാലവർഷം വേണ്ടപോലെയായിരിക്കുകയില്ല എന്നർഥം. അതുപോലെ വാഹനം ‘ഗജ’ മാകയാൽ രാജഭയമാണ് ഫലം. വസ്ത്രം ‘നീലവർണ’മാകയാൽ സസ്യസമൃദ്ധി ഉണ്ടാകുകയും വിലേപനം ‘ലാക്ഷ’ മാകയാൽ ലോകത്തിൽ ഭക്ഷണ ഭയവും അതിവർഷവും പുഷ്പം ‘ജപ’യായതിനാൽ ഭരണാധികാരികൾ തമ്മിൽ തർക്കങ്ങൾ വരികയും ആയുധം ‘കോദണ്ഡ’മാകയാൽ വ്യാപാരികൾക്ക് ക്ഷയാവസ്ഥകളും സ്നാന ജലം ‘ഹരിദ്ര’ ആയതുകൊണ്ട് അതിവൃഷ്ടിയും ലോകത്തിന്റെ യുദ്ധഭയവും ഛത്രവർണം ‘ചിത്ര’മാകയാൽ ജനങ്ങൾക്ക് രോഗവും അപമൃത്യുവും ഭീതിയും ഉണ്ടാകും. മണ്ഡലം ‘മാഹേന്ദ്ര’ മണ്ഡലമായതിനാൽ സുഭിക്ഷവും സൗഖ്യവും ‘മേഘം’ ‘വായു’ മേഘമാകയാൽ കാറ്റ് നിമിത്തം ആവശ്യത്തിന് മഴ ലഭിക്കാതെ വരികയും ചെയ്യുന്നു. 

ദേശപരമായിട്ടുള്ളതും പൈതൃകമായിട്ടുള്ളതുമായ പല നല്ല നാട്ടറിവുകൾ നാട്ടിൽ നിന്ന് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ‘വിഷുഫല’വും ഒരു ഓർമയായി വരികയാണ്. 

 

ലേഖകൻ

എ.എസ്. രമേഷ് പണിക്കർ

കളരിക്കൽ

ചിറ്റഞ്ഞൂർ. പി. ഒ

കുന്നംകുളം

തൃശൂർ ജില്ല.

ഫോൺ – 9847966177

Content Summary : Significance of Vishu and Vishuphalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com