ADVERTISEMENT

ഈ കഥ നടക്കുന്നതു പതിനേഴാം നൂറ്റാണ്ടിലാണ്. സ്ഥലം ഇറ്റലി. തന്റെ കൈയിലുള്ള കുഴൽ ആകാശത്തേക്കു നീട്ടിവച്ചിരിക്കുകയാണ് ഒരു താടിക്കാരൻ. പൂർണചന്ദ്രനാണു ലക്ഷ്യം. കുറച്ചുനേരം കുഴലിലൂടെ നോക്കിയതിനുശേഷം താടിക്കാരൻ അദ്ഭുതംകൊണ്ടു വിളിച്ചുകൂവി, ‘ഈ ചന്ദ്രൻ നമ്മളു വിചാരിച്ചപോലല്ല ഇഷ്ടൻമാരെ, മൊത്തം കുണ്ടും കുഴിയുമാ.’വിശ്വവിഖ്യാത ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയായിരുന്നു ആ താടിക്കാരൻ, ആകാശത്തേക്കു നീട്ടിവച്ച കുഴൽ അദ്ദേഹം സ്വയം നിർമിച്ച ടെലിസ്കോപ്പും. ഇന്നത്തെക്കാലത്തെ വൻകിട ടെലിസ്കോപ്പുകളുടെ ആദിമരൂപമായിരുന്നു ഗലീലിയോയുടെ ടെലിസ്കോപ്പ്. കുറച്ചുസമയം ചെലവിടാൻ തയാറാണെങ്കിൽ ആർക്കും ടെലിസ്കോപ്പ് നിർമിക്കാം

ആവശ്യമായ സാധനങ്ങൾ 
1.രണ്ടു കാർഡ് ബോർഡ് ട്യൂബുകൾ, – ടോയ്ലെറ്റ് പേപ്പറിനുള്ളിൽ ഉള്ള ട്യൂബുകൾ ബെസ്റ്റാണ്. അല്ലെങ്കിൽ കട്ടിയുള്ള ചാർട് പേപ്പർ ചുരുട്ടി ട്യൂബ് ആക്കിയാലും മതി. രണ്ടു ട്യൂബുകളുടെയും വ്യാസം വ്യത്യസ്തമായിരിക്കണം. വലിയ ട്യൂബിനുള്ളിൽ കടത്താനും മുന്നോട്ടും പിന്നോട്ടും വലിക്കാനും പറ്റുന്ന തരത്തിലുള്ളതായിരിക്കണം ചെറിയ ട്യൂബ്. എന്നാൽ തീരെ ലൂസാകാനും പാടില്ല.

2 ഒരു കഷണം കാർഡ് ബോർഡ്– വീട്ടിൽ വാങ്ങിയ ഫാൻ, മിക്സി തുടങ്ങിയവയുടെ കവർ ഇല്ലേ? അതിൽനിന്നു വെട്ടിയെടുത്താൽ മതി.

3 രണ്ടു ലെൻസുകൾ– ഇതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. വ്യത്യസ്ത വ്യാസമുള്ള രണ്ടു കോൺവെക്സ് ലെൻസുകളാണു വേണ്ടത്. ലെൻസുകൾക്കു റെസലൂഷൻ എന്നൊരു സംഗതിയുണ്ട്. ഇംഗ്ലിഷ് അക്ഷരം എക്സിലാണ് റെസലൂഷൻ അടയാളപ്പെടുത്തുന്നത്. വ്യാസം കുറഞ്ഞ ലെൻസ് 8എക്സ് അല്ലെങ്കിൽ 6 എക്സ് ആയിക്കോട്ടെ. വ്യാസം കൂടിയതിനു 2എക്സ് അല്ലെങ്കിൽ 3എക്സ് മതിയാകും.

4 ഇൻസുലേഷൻ ടേപ്പ്, പശ.

എങ്ങനെ നിർമിക്കാം ടെലിസ്കോപ്പ്? 
ആദ്യം വലിയ കാർഡ്ബോർഡ് ട്യൂബ് കൈയിലെടുക്കുക. ഇതിന്റെ ഒരുവശത്തേക്കു വ്യാസം കൂടിയ ലെൻസ് ചേർത്തു വയ്ക്കുക. ലെൻസിനു വലുപ്പം കൂടുതലാണെങ്കിൽ ട്യൂബിന്റെ അറ്റം ചെറുതായി കീറി ലെൻസ് അതിനുള്ളിലേക്കു ‘ഫിറ്റ് ’ ചെയ്യുക. തുടർന്നു ടേപ്പ് ഉപയോഗിച്ചു ലെൻസ് കാർഡ്ബോർഡ് ട്യൂബുമായി ഒട്ടിച്ചു ഭംഗിയാക്കുക. 

ഇനി രണ്ടാമത്തെ കാർഡ്ബോർഡ് ട്യൂബ് (ചെറുത്) എടുക്കുക. ഇതിന്റെ വ്യാസത്തിനനുസരിച്ചുള്ള ഒരു വൃത്തം നമ്മുടെ കൈയിലുള്ള കാർഡ് ബോർഡ് കഷണത്തിൽ നിന്നു വെട്ടിയെടുക്കുക. ആ കഷണത്തിൽ നമുക്കു നോക്കാൻ സൗകര്യപ്രദമായ രീതിയിൽ ഒരു ദ്വാരം സൃഷ്ടിക്കണം (നമ്മുടെ കയ്യിലുള്ള കുഞ്ഞൻ ലെൻസിനെക്കാൾ വലുപ്പം കുറഞ്ഞതായിരിക്കണം ഈ ദ്വാരം). ഇനി ഇതിലേക്കു കുഞ്ഞൻ ലെൻസ് ചേർത്തൊട്ടിക്കണം. തുടർന്നു ലെൻസോടെയുള്ള ഈ കാർഡ്ബോർഡ് വൃത്തം ചെറിയ കാർഡ് ബോർഡ് ട്യൂബിന്റെ ഒരറ്റത്തു വച്ചു ടേപ്പ് കൊണ്ടു ചേർത്തൊട്ടിക്കുക.

ഇപ്പോൾ നമ്മുടെ രണ്ടു ട്യൂബുകളും റെഡിയായി. വലിയ ട്യൂബിന്റെ തുറന്ന വശത്തേക്കു ചെറിയ ട്യൂബിന്റെ തുറന്ന വശം കയറ്റുക. ഭിത്തിയിലുള്ള ഒരു ചിത്രം അല്ലെങ്കിൽ മരത്തിലുള്ള ഇല. ഏതെങ്കിലും വസ്തുക്കളെ ചെറിയ ട്യൂബിലെ ചെറിയ ലെൻസിലേക്കു കണ്ണടുപ്പിച്ചു പിടിച്ചു നോക്കുക. മങ്ങിയ ചിത്രമാണോ ലഭിക്കുന്നത്. വിഷമിക്കേണ്ട. ചെറിയ ട്യൂബ് വലിയ ട്യൂബിനുള്ളിൽ മെല്ലെ മുന്നോട്ടും പിന്നോട്ടും നിരക്കുക. ഒരു പ്രത്യേക സ്ഥലത്തുവച്ച് നിങ്ങൾക്കു തെളിച്ചമുള്ള ചിത്രം ലഭിക്കും. ടെലിസ്കോപ്പ് തയാർ.

ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം 
1) ടെലിസ്കോപ്പ് ഉപയോഗിച്ചു സൂര്യനെ നോക്കാൻ ശ്രമിക്കരുത്. കണ്ണിനു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതുണ്ടാക്കും.

2) നിങ്ങൾ ഉപയോഗിക്കുന്ന പശ, ടേപ്പ് തുടങ്ങിയവ ലെൻസിലേക്കു പറ്റിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

3) യാത്ര ചെയ്യാൻ നേരം നിങ്ങളുടെ ടെലിസ്കോപ്പ് ചെറിയ കാർഡ്ബോർഡ് പെട്ടിയിലാക്കിയതിനുശേഷം മാത്രം ബാഗിലിടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com