ADVERTISEMENT

ഹായ്, ഞാൻ ഹൈഡ്രജൻ ആറ്റം. നിങ്ങളോട് പറയാൻ പോകുന്നത് എന്റെ കുടുംബത്തെക്കുറിച്ചാണ്. എന്റെ കുടുംബത്തിലെ ആദ്യത്തെയാളും ഏറ്റവും ചെറിയയാളും ഞാനാണ്. ഞങ്ങൾ ആകെ 118 അംഗങ്ങളാണുള്ളത് (മൂലകങ്ങൾ). 92 പേർ സ്വാഭാവികമായുള്ളവരും ബാക്കിയുള്ളവരെ മനുഷ്യർ നിർമിച്ചതുമാണ്. ഒഗാനെസൺ (Oganesson, Og) ആണ് ഏറ്റവും പുതിയ അംഗം. 

ഒരു സൂപ്പർമാർക്കറ്റിൽ ധാന്യങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിവിധ തരം ഉൽപന്നങ്ങൾ ക്രമീകരിച്ചിരിക്കുന്നത് അവ വാങ്ങുന്നത് എളുപ്പമാക്കുന്നു. അതുപോലെ എന്റെ കുടുംബത്തിലെ അംഗങ്ങളെയും വലുപ്പം, വസ്തുവകകൾ, ഉപയോഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. നിങ്ങളുടെ ആധാർ കാർഡുപോലെ, ഞങ്ങൾക്ക് ആവർത്തനപ്പട്ടിക ഉണ്ടായത് ഇങ്ങനെയാണ്.

ആദ്യമാദ്യം പല ശാസ്ത്രജ്ഞരും അറിയപ്പെടുന്ന മൂലകങ്ങളെ വിവിധ രീതികളിൽ ക്രമീകരിക്കാൻ ശ്രമിച്ചു. ജോഹാൻ ഡോബെറൈനർ (law of triads), ജോൺ അലക്സാണ്ടർ ന്യൂലാൻഡ്സ് (Law of octaves), ദിമിത്രി മെൻഡലിയേഫ് (Periodic Law) എന്നിവർ ആവർത്തനപ്പട്ടിക ഉണ്ടാക്കാൻ നല്ല നല്ല ആശയങ്ങൾ നൽകി.

പിന്നീട് ഹെൻറി മോസ്‌ലി മെൻഡലിയേഫിന്റെ നിയമം പരിഷ്കരിക്കുകയും ആധുനിക ആവർത്തന നിയമം നിർമിക്കുകയും ചെയ്തു. ഇതോടെ ആധുനിക ആവർത്തനപ്പട്ടിക രൂപപ്പെട്ടു. പുതിയ പട്ടികയിൽ എല്ലാ അംഗങ്ങളെയും അറ്റോമിക് നമ്പറിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചു. ഹെൻറി മോസ്‌ലി ഞങ്ങളെ തിരശ്ചീന വരികളായും (പീരിയഡുകൾ) ലംബ നിരകളായും (ഗ്രൂപ്പുകൾ) ക്രമീകരിച്ചു.  താരതമ്യപ്പെടുത്താവുന്ന ഗുണങ്ങളുള്ളവ ഈ പട്ടികയിൽ ഒരേ ഗ്രൂപ്പിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ മുഴുവൻ കുടുംബത്തെയും s,p,d,f എന്നിങ്ങനെ നാല് ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. മൂലകത്തിന്റെ ഓരോ ആറ്റത്തിനും ഒരു ഷെൽ, സബ്ഷെൽ, ഓർബിറ്റൽ എന്നിവയുണ്ട്. ഓരോ ഓർബിറ്റലിലും രണ്ട് ഇലക്ട്രോണുകൾ ഉണ്ട്.

എനിക്ക് ഒരു ഷെൽ, ഒരു സബ്ഷെൽ, ഒരു ഓർബിറ്റൽ, പിന്നെ ഒരു ഇലക്ട്രോൺ എന്നിവ മാത്രമേയുള്ളൂ. എന്റെ ഏക ഇലക്ട്രോൺ ആവട്ടെ 1S ഓർബിറ്റലിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ട് എന്നെ S ബ്ലോക്കിലേക്ക് നിയമിച്ചു. ബാക്കിയുള്ളവരുടെ കഥകൾ കൂട്ടുകാർ കേട്ടിട്ടുണ്ടല്ലോ. ഞങ്ങളുടെ വീട്ടിലെ എല്ലാവരും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഊർജം സംഭരിക്കുന്നതിൽ ഞാൻ നിങ്ങളെ സഹായിക്കുന്നു. ഫ്യൂവൽ സെല്ലുകളിലും, ആസിഡ്, ബേസ്, ഹൈഡ്രജൻ പെറോക്സൈഡ്, മറ്റു രാസവസ്തുക്കളുടെ നിർമാണത്തിലും എന്നെ ഉപയോഗിക്കുന്നു. ജീവജാലങ്ങളുടെ ശരിയായ പ്രവർത്തനത്തിന് എന്നെപ്പോലെ എന്റെ കുടുംബത്തിലെ എല്ലാ മൂലകങ്ങളും വേണം. മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ, പെയിന്റ്, സിമന്റ്, വളങ്ങൾ, കീടനാശിനികൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ നിർമിക്കാനും ഞങ്ങളില്ലാതെ പറ്റില്ല.

English Summary:

Unraveling the history of the periodic table

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com