ADVERTISEMENT

രാത്രിയിൽ കൃത്യമായി ഉറങ്ങി, രാവിലെ കൃത്യമായി നാം എണീക്കാറില്ലേ. രാത്രിയും പകലും ആരും പറയാതെതന്നെ ഓരോ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്നു. 24 മണിക്കൂറുകൾ ഒരു ക്ലോക്കിലെ സമയംപോലെ നമ്മുടെ ശരീരം കൃത്യമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്? ഓരോ ദിനവും നമ്മൾ ഉണരുന്നതും ഉറങ്ങുന്നതുമൊക്കെ ഒരു താളം അനുസരിച്ചാണ്. അതിനാണ് ജൈവഘടികാരം അല്ലെങ്കിൽ സിർക്കാഡിയൻ റിഥം എന്ന് പറയുന്നത്. സിർക്കാഡിയൻ എന്ന പേരിന്റെ അർഥം 'ഒരു ദിവസത്തെ കുറിക്കുന്നത്' (About a Day) എന്നാണ്. ഏകദേശം എന്നർഥം വരുന്ന സിർക്ക (Circa) എന്ന വാക്കിൽ നിന്നും ദിവസം എന്നർഥം വരുന്ന ഡയം (Diem) എന്ന വാക്കിൽ നിന്നുമാണ് circadian rhythm ഉദ്ഭവിച്ചിരിക്കുന്നത്. അതായത് ഒരു ദിവസത്തെ കുറിക്കുന്ന കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നത് എന്നർഥം. നമ്മുടെ തലച്ചോറിലെ ഏകദേശം ഇരുപതിനായിരം വരുന്ന ന്യൂറോണുകളുടെ ഒരു ശൃംഖലയാണ് പ്രധാനമായും സിർക്കാഡിയൻ റിഥത്തിന് പിന്നിൽ. ഇതിന് സുപ്രാകയസ്മാറ്റിക് ന്യൂക്ലിയസ് (Suprachiasmatic Nucleus) എന്നാണ് പറയുന്നത്. ഇതാണ് ശരീരത്തിലെ ഓരോ പ്രവർത്തനങ്ങളും എങ്ങനെ, എപ്പോഴൊക്കെ നടക്കണമെന്ന് തീരുമാനിക്കുന്നത്.

സെറ്റാകാൻ സമയമെടുക്കും 
ജനിച്ചുവീഴുന്ന കുട്ടികളിൽ സിർക്കാഡിയൻ റിഥം പ്രവർത്തിക്കുന്നുണ്ടാവില്ല. അതിനാൽ അവർ രാത്രിയിൽ ഉണർന്നിരിക്കുകയും തോന്നുമ്പോഴൊക്കെ ഉറങ്ങുകയും ചെയ്യും. എന്നാൽ ജനനശേഷം കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ജീവിതസാഹചര്യം അനുസരിച്ചു ജൈവഘടികാരം സെറ്റ് ആയിട്ടുണ്ടാകും. ഒരു തവണ സെറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ ഈ ക്ലോക്ക് ആണ് ശരീരത്തിന്റെ ദിവസേനയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ശരീര ഊഷ്‌മാവിലെ മാറ്റങ്ങൾ, രക്തസമ്മർദം, അൻപതിലധികം വരുന്ന ഹോർമോണുകൾ എപ്പോൾ എത്രമാത്രം ഉൽപാദിപ്പിക്കണം എന്നതൊക്കെ ജൈവഘടികാരം നിയന്ത്രിക്കുന്നു.

നിയന്ത്രണം മൂന്നിടങ്ങളിൽ
ജൈവഘടികാരം പ്രധാനമായും പ്രകാശം (Light), സമയം (Time), മെലറ്റോണിൻ (Melatonin) എന്നീ മൂന്നു കാര്യങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കണ്ണുകളിൽ വീഴുന്ന പ്രകാശം ആണ് ഇത് തീരുമാനിക്കുന്നത്. സൂര്യന്റെ പ്രകാശം കണക്കാക്കി ഒരു ദിനത്തിലെ പ്രവർത്തനങ്ങൾ കണക്കാക്കിയിരുന്ന പണ്ടുകാലത്ത് കണ്ണിൽ ആവശ്യത്തിന് വെളിച്ചം വീഴുവാനുള്ള അവസരം ഉണ്ടായിരുന്നു. ജോലി, ഉറക്കം എന്നിവയെ കണ്ണുകളിൽ പതിക്കുന്ന ഈ വെളിച്ചം കൃത്യമായി നിയന്ത്രിച്ചിരുന്നു. എന്നാൽ ആധുനിക രീതികൾ ദിനരാത്രങ്ങളുടെ കണക്ക് തെറ്റിക്കുന്നു. രാത്രിയിൽ തൊഴിലെടുക്കുമ്പോൾ ഉപയോഗിക്കപ്പെടുന്ന കൃത്രിമ വെളിച്ചം ഈ റിഥം തെറ്റാൻ കാരണമാകുകയും ചെയ്യുന്നു.

രണ്ടാമത്, സമയത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവാണ് ജൈവഘടികാരത്തെ നിയന്ത്രിക്കുന്നത്. ഇന്നസമയത്തു ഉറങ്ങണം, ഇന്നസമയത്തു ഉണരണം എന്ന ചിന്തയാണ് ആ ജൈവഘടികാരത്തെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നത്.  മൂന്നാമത്തേത് മെലടോണിൻ ആണ്. ഉറക്കത്തെ നിയന്ത്രിക്കുന്നത് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മെലടോണിൻ (Melatonin) എന്ന ഹോർമോൺ ആണ്. തലച്ചോറിലെ പീനിയൽ ഗ്രന്ഥിയാണ് (Pineal Gland) മെലടോണിൻ ഉൽപാദിപ്പിക്കുന്നത്. മെലടോണിൻ ഉൽപാദിപ്പിക്കപ്പെടുന്നത് വെളിച്ചത്തെയും സമയത്തെയും ആശ്രയിച്ചാണ്. കൂടാതെ മറ്റ് ഹോർമോണുകളായ കോർട്ടിസോൾ (Cortisol) ലെപ്റ്റിൻ (Leptin), ഇൻസുലിൻ (Insulin), വാസോപ്രസിൻ (Vasopressin), അസറ്റൈൽ കോളിൻ (Acetylcholine) എന്നിവയും സിർക്കാഡിയൻ റിഥത്തെ സ്വാധീനിക്കുന്നു.

റിഥം തെറ്റുന്നതെങ്ങനെ
ഉറക്കം നഷ്ടപ്പെടുന്ന പ്രവൃത്തികൾ സിർക്കാഡിയൻ റിഥത്തെ ബാധിക്കുന്നു. അമിതമായ ജോലിഭാരം, രാത്രിയിൽ ഉറങ്ങാതെ ജോലി ചെയ്യുന്നത്, പല സമയക്രമങ്ങൾ ഉള്ള രാജ്യങ്ങളിൽ മാറിമാറി താമസിക്കുന്നത് (Jet lag), മരുന്നുകളുടെ  അമിതമായ ഉപയോഗം, കുറഞ്ഞ മാനസികാരോഗ്യം എന്നിവയൊക്കെ സിർക്കാഡിയൻ റിഥം തെറ്റാൻ കാരണമായേക്കും.

അവർക്കുമുണ്ട് റിഥം 
മനുഷ്യരിൽ മാത്രമല്ല, എല്ലാ ജീവികളിലും സിർക്കാഡിയൻ റിഥം പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ കിളികൾ ചേക്കേറുന്നതും അതിരാവിലെ ഉണർന്നു ചിലയ്ക്കുന്നതും ദേശാടനം നടത്തുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. എന്നാൽ രാത്രിയിൽ പോലും കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നതിനാൽ ജീവികളുടെ ജൈവഘടികാരവും നാം തെറ്റിക്കുന്നുണ്ട്.

ക്ലോക്ക് ’ ശരിയാക്കാം
ഇന്നത്തെ ജീവിതക്രമത്തിൽ ജൈവഘടികാരം ഏറക്കുറെ തെറ്റിക്കിടക്കാനാണ് സാധ്യത. ശ്രമിച്ചാൽ അത് ശരിയാക്കിയെടുക്കാൻ കഴിയും. സൂര്യന്റെ വെളിച്ചം കഴിവതും നേടുക, ഉറക്കത്തിന്റെ സമയക്രമം ഒന്നോ രണ്ടോ തവണ കൃത്യമായി പാലിക്കുക. പുകവലി ഒഴിവാക്കുക, വ്യായാമം ചെയ്യുക എന്നിവ സിർക്കാഡിയൻ റിഥം കൃത്യമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, ഇന്റർനെറ്റ് എന്നിവ ഒഴിവാക്കി തുറന്ന ഒരു പ്രദേശത്തേക്കു രണ്ടുമൂന്നു ദിവസം യാത്ര പോവുക. രാത്രിയിൽ ഉറങ്ങാനും പകൽ സൂര്യപ്രകാശം ഏൽക്കാനും ജോലി ക്രമീകരിക്കാനും കഴിഞ്ഞാൽ പെട്ടെന്നുതന്നെ സിർക്കാഡിയൻ റിഥം കൃത്യമാക്കാനാകും.

നൊബേൽ പ്രൈസ്
2017ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയത് സിർക്കാഡിയൻ റിഥത്തിന് പിന്നിലെ മോളിക്യുലർ പ്രവർത്തനങ്ങൾ വിശദീകരിച്ച ജെഫ്രി സി ഹാൾ, മൈക്കൾ റോസ്ബാഷ്, മൈക്കൾ ഡബ്ല്യു.യങ്  എന്നിവർക്കായിരുന്നു. പഴ ഈച്ചകളിൽ സിർക്കാഡിയൻ റിഥം പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായിരുന്നു സമ്മാനം.

English Summary:

Unlocking better sleep: Regulate your Circadian rhythm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com