ADVERTISEMENT

ഇന്നത്തെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന സിന്ധുനദീതട സംസ്കാരത്തിലെ അഞ്ചാമത്തെ പ്രധാനനഗരവും ഇന്നും അധികം വിവരങ്ങൾ ലഭിക്കാത്തതുമായ ഗാൻവെറിവാല എന്ന മേഖലയിൽ ഖനനവും പഠനവും പാക്കിസ്ഥാൻ തുടങ്ങി. 3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്നു കരുതുന്ന ആദിമ സംസ്കാരമായ ഹാരപ്പൻ നാഗരികതയുടെ മോഹൻജൊ ദാരോ, ഹാരപ്പ, ഗാൻവെരിവാല എന്നീ 3 കേന്ദ്രങ്ങൾ ഇന്നു പാക്കിസ്ഥാനിലാണ്. രാഖിഗാഡി, ധോലവീര, കാലിബംഗാൻ, ലോഥൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു.

ഗാൻവെറിവാല 1970 ൽ ആണ് കണ്ടെത്തപ്പെടുന്നത്. ചോലിസ്ഥാൻ മരുഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പക്ഷേ ശ്രദ്ധേയ ഖനനങ്ങളോ പഠനങ്ങളോ നടന്നിട്ടില്ല. സമീപനഗരങ്ങളായ ഹാരപ്പയുടെയും മോഹൻ ജൊദാരോയുടെയും ബന്ധം സംബന്ധിച്ച തെളിവുകളും ഗാൻവെറിവാലയിൽ നിന്നു കണ്ടെത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആദിമകാലത്തെ ഏറ്റവും വികസിതമായ സാമൂഹിക വ്യവസ്ഥകളിലൊന്നായിരുന്നു സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. ഈ സംസ്കാരത്തെപ്പറ്റി ആദ്യം അറിവു ലഭിക്കുന്നത്, ആർക്കയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ്.കൃത്യമായി പ്ലാൻ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാൽശൃംഖലയുമൊക്കെയുള്ള ഹാരപ്പ നഗരം 1921ൽ ആദ്യം കണ്ടെത്തിയപ്പോൾ പുരാവസ്തുഗവേഷകർ ഞെട്ടിപ്പോയി. ഇത്രയ്ക്കും വിപുലമായ ഒരു നഗരം ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് പിറ്റേവർഷമാണ് മൊഹൻ ജൊദാരോ ആർ.ഡി. ബാനർജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്. ഇന്ന് പാക്കിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന മോഹൻ ജൊദാരോ സിന്ധുനദീതട സംസ്കാരത്തിന്റെ പ്രബലകേന്ദ്രമായിരുന്നു. ഇതെല്ലാം ഒരു വൻമലയുടെ അറ്റം മാത്രമായിരുന്നു. ഇന്നത്തെ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ വിവിധ നഗരങ്ങൾ താമസിയാതെ മറനീക്കി പുറത്തുവന്നു. ഗുജറാത്തിലെ ലോഥലും രാജസ്ഥാനിലെ കാലിബംഗാനുമൊക്കെ ഇതിൽ ഉൾപ്പെടും. 

മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമൊക്കെ അക്കാലത്ത് നാഗരിക സംസ്കാരമുണ്ടായിരുന്നു. എന്നാൽ സിന്ധുനദീതട സംസ്കാരം സാങ്കേതിക ശേഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നു. വീട്ടുപകരണങ്ങൾ,  വീടുകളിൽ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ, സ്നാനഘട്ടം, ധാന്യപ്പുരകൾ എന്നിവയൊക്കെ സിന്ധു നദീതട സംസ്കാരത്തിൽപെട്ട നഗരങ്ങളിലുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ മാറ്റങ്ങളാണ് നഗരങ്ങളുടെ പതനത്തിനു വഴിവച്ചതെന്നു സിദ്ധാന്തം പിൽക്കാലത്ത് ഏറെ ശ്രദ്ധ നേടി. വരൾച്ചയോ പ്രകൃതിദുരന്തമോ അല്ലെങ്കിൽ പകർച്ച വ്യാധികളോ കാരണം ഇവിടെ താമസിച്ചിരുന്ന ജനസമൂഹം നശിച്ചിരിക്കാം അല്ലെങ്കിൽ അവർ താമസം മാറ്റിയിരിക്കാം എന്നായിരുന്നു ഇതു മുന്നോട്ടുവച്ചവർ പറഞ്ഞത്. 

English Summary:

Sindhu's forgotten glory: Will Ganverivala illuminate-the-fall-of-indus-civilization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com