ADVERTISEMENT

എപ്പോഴും ചലിച്ചു കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. അവർക്ക് എപ്പോഴും എന്തെങ്കിലും ഒക്കെ കളിച്ചു കൊണ്ടിരിക്കണം. കളിക്കുന്നത് അവരെ സംബന്ധിച്ച് ഒരു വിനോദം മാത്രമല്ല ലോകത്തെ കുറിച്ച് പുതിയ കാര്യങ്ങളെക്കുറിച്ചും കുഞ്ഞ് അറിയുന്നതും കളിയിലൂടെയാണ്. കളിക്കാൻ എത്രയൊക്കെ സാധനങ്ങൾ വാങ്ങി കൊടുത്താലും ചില കുട്ടികൾക്ക് വീട്ടുപകരണങ്ങൾ ഒരു ബലഹീനതയാണ്. എന്നാൽ, കുട്ടികളുടെ ഈ സ്വഭാവം കാണുമ്പോൾ ഒരു വിധത്തിലും സങ്കടപ്പെടേണ്ട കാര്യമില്ല. കാരണം, കുട്ടികളുടെ വളർച്ചയിൽ ഇത്തരത്തിലുള്ള സ്വഭാവങ്ങൾ വളരെയധികം ഗുണം ചെയ്യുന്നു.

കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ കുട്ടികളുടെ വ്യക്തിപരമായ വള‍ർച്ചയ്ക്കും വികാസത്തിനും ഗുണം ചെയ്യുന്നതാണ് വീട്ടുപകരണങ്ങൾ ഉപയോഗിച്ച് കളിക്കുന്നത്. പുതിയതായി നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പക്ഷേ, അത് സുരക്ഷിതമാണെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം. തടി കൊണ്ടുള്ള സ്പൂണുകൾ, കാർഡ് ബോർഡ് ബോക്ലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി വിവിധ വസ്തുക്കളാകാം. 

ടപ്പർവെയറും ബോക്സുകളും തലയണകളും ഉപയോഗിച്ച് കളിക്കുന്നതിൽ കുട്ടികൾ സന്തോഷം കണ്ടെത്തുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ന്യൂയോർക്ക് സർവകലാശാലയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം പ്രൊഫസർ കാതറിൻ ടാമിസ് ലെമോണ്ട പറഞ്ഞു. മറ്റ് പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാബിന് പുറത്താണ്  ഇതിന്റെ ഗവേഷണം നടന്നത്. രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളെ മൂന്ന് കാറ്റഗറികളിലായി തിരിച്ച് ആ കുട്ടികളുടെ വീടുകളിൽ തന്നെയാണ് നിരീക്ഷിച്ചത്. പരിസരത്ത് കാണുന്ന ഏത് പുതിയ വസ്തുക്കളുമായി കുട്ടികൾ പെട്ടെന്ന് തന്നെ കളിക്കാൻ തുടങ്ങുമെന്ന് നിരീക്ഷണത്തിൽ നിന്ന് മനസിലാക്കി. പരമാവധി 10 സെക്കൻഡ് വരെയാണ് ഒരു വസ്തുവിന് മേൽ ചെലവഴിക്കുക. ഇത്തരത്തിൽ വൈവിധ്യമാർന്ന വസ്തുക്കളുമായി കുട്ടികൾ കളിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിപരവും സാമൂഹ്യവുമായ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. തന്റെ ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാൻ ഇത്തരത്തിലുള്ള കളികൾ കുട്ടികളെ സഹായിക്കുകയാണ്.

സ്വതന്ത്രമായി കളികളിൽ ഏർപ്പെടാൻ കുട്ടികളെ അനുവദിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള കളിപ്പാട്ടങ്ങളുടെ കൂടെയല്ലാതെ സ്വയം തിരഞ്ഞെടുക്കുന്ന വസ്തുക്കളുടെ കൂടെ കളിക്കുന്നതാണ് ഇത്. മാതാപിതാക്കൾ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തരുത്. ദിവസം ഒരു മണിക്കൂറെങ്കിലും കുട്ടികൾ ഇത്തരത്തിൽ സ്വതന്ത്രരായി കളിക്കണമെന്നാണ് പറയുന്നത്. ഈ സമയത്ത് കുട്ടികളെ നിരീക്ഷിക്കുക അല്ലാതെ നിയന്ത്രിക്കാൻ ശ്രമിക്കരുത്. കുട്ടികൾ സ്വയം കളിക്കുമ്പോൾ അവരുടെ ഭാവന ഉണരുകയും സ്വയം കാര്യങ്ങൾ നിയന്ത്രിക്കാനും തീരുമാനിക്കാനും പഠിക്കുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തിൽ കളിക്കാൻ കുട്ടികൾക്ക് എന്തൊക്കെ വസ്തുക്കൾ നൽകാമെന്ന് നോക്കാം. ചട്ടികൾ, കലം, പേപ്പർ ടവലിന്റെ റോൾ, കാർഡ് ബോർഡ് ബോക്സുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, തലയണകളും കുഷ്യനുകളും, തൊപ്പി, ഷൂസ്, മറ്റ് വസ്ത്രങ്ങൾ, തടികൊണ്ടുള്ള സ്പൂണുകൾ, നിറമുള്ള തുണിത്തരങ്ങൾ തുടങ്ങിയുള്ള വസ്തുക്കൾ കുട്ടികൾക്ക് കളിക്കാനായി നൽകാം. കുട്ടികൾ പൊതുവെ മാതാപിതാക്കളെയും മുതിർന്നവരെയും അനുകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വീട്ടിലുള്ളവർ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് കളിക്കാൻ അവർ ആഗ്രഹിക്കുന്നതും. അടുക്കളയിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക കുട്ടികളും. അതിനു കാരണം, അവിടെ കളിക്കാൻ അവർ അനവധി സാധനങ്ങൾ കണ്ടെത്തുന്നു എന്നതാണ്.

അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയും ആവശ്യമാണ്. കൈയിൽ കിട്ടുന്ന എന്ത് സാധനവും ആദ്യം വായിൽ വെച്ച് നോക്കുന്ന സ്വഭാവമാണ് കുഞ്ഞുങ്ങളുടേത്. അതുകൊണ്ട് തന്നെ കുഞ്ഞിന് അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു വസ്തുവും കുഞ്ഞിന് കൈയെത്തുന്ന ദൂരത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. വൈദ്യുത സോക്കറ്റുകൾ അടച്ചു വെയ്ക്കാനും തറ എപ്പോഴും വൃത്തിയായി ഇരിക്കാനും ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ കുട്ടികളെ സ്വതന്ത്രരായി കളിക്കാൻ അനുവദിക്കുമ്പോഴും കൃത്യമായ നിരീക്ഷണവും ശ്രദ്ധയുമായി മാതാപിതാക്കൾ ഒപ്പമുണ്ടായിരിക്കണം. രസകരമായി കളിക്കാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക. പുതിയ കാര്യങ്ങൾ കണ്ടെത്തുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക. കളിച്ചു കണ്ട് അങ്ങനെ മിടുമിടുക്കരായി കുഞ്ഞുങ്ങൾ വളരട്ടെ.

English Summary:

How household items can make your child smarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com