ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബഹിരാകാശ യാത്രികനായ ഫ്രാങ്ക് റുബിയോ മാർച്ചിൽ നടത്തിയ വിളവെടുപ്പിനിടെ കളഞ്ഞുപോയ കുഞ്ഞിത്തക്കാളി തിരിച്ചെത്തി. ഡിസംബർ ആദ്യ ആഴ്ച ബഹിരാകാശ നിലയത്തിലെ യാത്രിക ജാസ്മിൻ മൊഘ്‌ബേലി ലൈവ് സ്ട്രീമായാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25ാം വാർഷികം ആഘോഷിച്ചുകൊണ്ടായിരുന്നു ഈ ലൈവ്‌സ്ട്രീം.

എന്നാൽ ഈ തക്കാളി എവിടെനിന്നാണു കണ്ടെത്തിയതെന്നോ ഇപ്പോഴതിന്റെ അവസ്ഥയെന്താണെന്നോ ജാസ്മിൻ വിശദീകരിച്ചില്ല. ബഹിരാകാശ നിലയത്തിൽ നടത്തിയ വെജ്-5 കൃഷിപരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു ഫ്രാങ്ക് റുബിയോ തക്കാളി വളർത്തിയത്. രണ്ടര സെന്‌റിമീറ്റർ വ്യാസമുള്ളതായിരുന്നു ഈ ചെടിയിൽ വിളവായി കിട്ടിയ തക്കാളി.

വിളവു കിട്ടിയ തക്കാളികൾ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർക്ക് തുല്യമായി പങ്കുവച്ചിരുന്നു. സിപ്ലോക് ബാഗുകളിൽ സൂക്ഷിച്ച റൂബിയോയുടെ പങ്ക് പക്ഷേ റൂബിയോയ്ക്ക് ഒന്നു കടിക്കാനാവുന്നതിനു മുൻപ് തന്നെ പറന്നുപോയി. ബഹിരാകാശനിലയത്തിൽ നിന്നു ഭൂമിയിലേക്കു തിരിച്ചുകൊണ്ടവരേണ്ടിയിരുന്ന സോയൂസ് പേടകത്തിൽ ഉൽക്കവീണു തകരാർ പറ്റിയതിനാൽ ഒരുവർഷത്തിലധികം സമയം ബഹിരാകാശനിലയത്തിൽ ചെലവഴിക്കേണ്ടിവന്ന യാത്രികനാണു റുബിയോ. താൻ 20 മണിക്കൂർ വരെ ഈ തക്കാളിക്കയ്ക്കായി നോക്കിയിരുന്നെന്ന് റുബിയോ പറഞ്ഞു. 

നവംബറിൽ ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയങ്ഗോങ്ങിൽ ലെറ്റ്യൂസും തക്കാളിയുമുൾപ്പെടെ പച്ചക്കറി വിളവെടുത്തിരുന്നു. ജൂണിൽ കൃഷി ചെയ്ത പച്ചക്കറികളാണ് വിളവെടുത്തത്. ഉള്ളിയും വിളവെടുത്ത കൂട്ടത്തിലുണ്ടായിരുന്നു.2021ൽ സ്പേസ് സ്റ്റേഷനിലെത്തിയ ഷെൻഷു 16 ദൗത്യത്തിലെ യാത്രക്കാരാണ് വിളവെടുപ്പ് നടത്തിയത്. 2021ലാണ് ചൈന തങ്ങളുടെ  സ്‌പേസ് സ്റ്റേഷനായ ടിയങ്ഗോങ്ങിന്റെ ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്. പിന്നീട് തുടർമൊഡ്യൂളുകൾ ബഹിരാകാശത്തെത്തിച്ച് പദ്ധതി വിപുലപ്പെടുത്തി. രാജ്യാന്തര ബഹിരാകാശ നിലയം സമീപകാലത്ത് ഡീ കമ്മിഷൻ ചെയ്യപ്പെടുമെന്ന അഭ്യൂഹമുള്ളതിനാൽ ഭാവിയിൽ ബഹിരാകാശ രംഗത്തെ പ്രമുഖ സ്‌പേസ് സ്റ്റേഷൻ ടിയങ്‌ഗോങ്ങായി മാറുമെന്നാണു ചൈനീസ് പ്രതീക്ഷ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിലവിൽ ചൈനീസ് യാത്രികർക്ക് പ്രവേശനമില്ല. നാസയും ചൈനീസ് ബഹിരാകാശ നിലയവും തമ്മിൽ വിവരകൈമാറ്റത്തിൽ ഉപരോധം നിലനിൽക്കുന്നതിനാലാണ് ഇത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മുൻപും കൃഷിയും പാചകവുമമൊക്കെ നടന്നിട്ടുണ്ട്. 2021ൽ  ഭൂമിയിൽ നിന്ന് ശിതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേർത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികർ ഭക്ഷിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ടാക്കോസിൽ ഉപയോഗിച്ച പച്ചമുളക് പിടിച്ചത് ബഹിരാകാശത്ത് തന്നെയാണ്. ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ പച്ചമുളക് ചെടിയിൽ പിടിച്ച മുളകുകളാണു ടാക്കോസിനായി ഉപയോഗിച്ചത്. 

അതിനും നാലുമാസം മുൻപാണ് ബഹിരാകാശനിലയത്തിൽ യാത്രികർ മുളകു ചെടി വളർത്താൻ തുടങ്ങിയത്. ഇതിനു വലിയ ശ്രദ്ധ കൈവന്നിരുന്നു. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്‌സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നൽകിയ പേര്. 2020ൽ നാസ ബഹിരാകാശത്ത് റാഡിഷുകൾ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചിരുന്നു.

ബഹിരാകാശ യാത്രികരുടെ ഭക്ഷണക്രമങ്ങൾ വ്യത്യസ്തമാണ്. നിലയങ്ങളിൽ റഫ്രിജറേറ്ററുകളില്ലാത്തതിനാൽ ഭക്ഷണം പ്രത്യേക രീതിയിൽ സംസ്‌കരിച്ചാണു സൂക്ഷിക്കുന്നത്. ഭക്ഷണം ചൂടാക്കാനും തിളപ്പിക്കാനുമൊക്കെയായി ബഹിരാകാശനിലയങ്ങളിൽ ഓവനുകളുണ്ട്. നൂഡിൽസ്, സ്പാഗെറ്റി, വിവിധ തരം പരിപ്പുകൾ, പഴങ്ങൾ, ബീഫ്, ചിക്കൻ, പോർക്ക്, മത്സ്യങ്ങൾ എന്നിവയെല്ലാം ബഹിരാകാശയാത്രികർ ഭക്ഷിക്കാറുണ്ട്. ദിവസം മൂന്നു തവണ എന്ന നിലയിലാണ് ഇവരുടെ ഭക്ഷണക്രമം. കെച്ചപ്പ്, മയണൈസ് തുടങ്ങിയ രുചിവർധക വസ്തുക്കളും ബഹിരാകാശനിലയത്തിൽ ലഭ്യമാണ്. ഉപ്പും കുരുമുളകും വേണ്ടവർക്ക് അതുമുണ്ട്. പക്ഷേ ദ്രാവകരൂപത്തിലാണ് ഇവ. 

English Summary:

Astronauts Rejoice as Missing Baby Tomato from Space Harvest is Found Aboard ISS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com