ADVERTISEMENT

ന്യൂഡൽഹിയിൽ പാർലമെന്റിൽ നടന്ന കടന്നാക്രമണം രാജ്യത്തെ ഞെട്ടിച്ചു കളഞ്ഞു. ലോകത്തിലെ ഏറ്റവും വികസിത രാജ്യമാ യുഎസിന്റെ പാർലമെന്റായ യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ആളുകൾ ഇരച്ചുകയറുന്നതിന്റെയും വൈസ്പ്രസിഡന്റിന്റെതും സഭാ സ്പീക്കറുടേതും ഉൾപ്പെടെ ഓഫിസുകളിൽ അതിക്രമം കാട്ടുന്നതിന്റെയും ദൃശ്യങ്ങൾ 2021ൽ പ്രചരിച്ചിരുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയായ  യുഎസ് പാർലമെന്റിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് നടന്നത്1954ൽ ആണ്.മെറ്റൽ ഡിറ്റക്ടറുകളും സുരക്ഷാ സംവിധാനങ്ങളുമൊന്നും അന്നു കാപ്പിറ്റോളിൽ പ്രചാരത്തിലായിരുന്നില്ല. 4 പ്യൂർട്ടോ റിക്കൻ ദേശീയവാദികൾ കാപ്പിറ്റോളിനുള്ളിൽ തോക്കുകളുമായി കടന്നു.അവർ പ്യൂർട്ടോ റിക്കൻ പതാക വീശുന്നുമുണ്ടായിരുന്നു. അമേരിക്കയിൽ നിന്ന് പ്യൂർട്ടോ റിക്കോയ്ക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിന്റെ പോരാളികളായിരുന്നു അവർ.

കാപ്പിറ്റോളിനുള്ളിൽ കയറിയ അവർ തോക്കുകൾ വലിച്ചൂരി വെടിവയ്പു തുടങ്ങി. അഞ്ച് പ്രതിനിധികൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ പിടിയിലാകുകയും ഇവരെ അരനൂറ്റാണ്ടോളം നീണ്ട ജയിൽശിക്ഷയ്ക്കു വിധേയരാക്കുകയും ചെയ്തു. ജീവ നഷ്ടമുണ്ടായില്ലെങ്കിലും സംഭവം രാജ്യാന്തര പ്രസിദ്ധി നേടി. യുഎസ് പാർലമെന്റ് മന്ദിരം പണി കഴിപ്പിച്ചു കൊണ്ടിരിക്കെ 1814ലാണ് ആദ്യ ആക്രമണം ഉണ്ടാകുന്നത്.1812ൽ അമേരിക്കയും ബ്രിട്ടനുമായി ഉണ്ടായിരുന്ന പടലപ്പിണക്കങ്ങൾ ഒരു യുദ്ധത്തിലേക്കു നീണ്ടിരുന്നു. തുടർന്ന് 1814ൽ ബ്രിട്ടിഷ് സൈന്യം കാപ്പിറ്റോൾ മന്ദിരം ആക്രമിക്കുകയും അവിടത്തെ സഭാ ഹാളിലെ ഫർണീച്ചറുകൾ കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു.പാർലമെന്റിനകത്തുണ്ടായിരുന്ന ലിബർട്ടി പ്രതിമയുടെ ഒരു ചെറിയ പകർപ്പ് നശിപ്പിച്ചു.അന്നു യുഎസ് പരമോന്നത കോടതി സ്ഥിതി ചെയ്തിരുന്നത് കാപ്പിറ്റോളിലാണ്.കോടതിയുടെ ഹാളിലും തീവയ്പ് നടന്നു.

ആദ്യമായി ഒരു യുഎസ് പ്രസിഡന്റിനു നേരെ വധശ്രമമുണ്ടാകുന്നത് 1835ലാണ്. അന്നത്തെ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജാക്‌സണായിരുന്നു ലക്ഷ്യം. ബ്രിട്ടിഷ് കുടിയേറ്റക്കാരനായ റിച്ചഡ് ലോറൻസാണ് ആക്രമണം നടത്തിയത്. യുഎസ് കാപ്പിറ്റോളിൽ ഒരു അനുശോചനച്ചടങ്ങ് നടത്തി മടങ്ങുകയായിരുന്ന ജാക്‌സണു നേരെ അക്രമി നിറയൊഴിച്ചെങ്കിലും വെടിയുതിർന്നില്ല. രണ്ടാമതും ശ്രമിച്ചെങ്കിലും കൂടെയുള്ളവർ തട്ടിമാറ്റിയതിനാൽ ജാക്‌സൺ രക്ഷപ്പെട്ടു. 

ആൻഡ്രൂ ജാക്‌സൺ ആയിടെ കൊണ്ടുവന്ന ചില സാമ്പത്തിക നയങ്ങളാണ് റിച്ചഡിനെ ചൊടിപ്പിച്ചത്.ഇതിനു ശേഷം 1856ൽ മറ്റൊരു ആക്രമണത്തിനും കാപ്പിറ്റോൾ സാക്ഷ്യം വഹിച്ചു.എന്നാൽ ഇത്തവണ പുറത്തു നിന്നാരുമല്ല, മറിച്ച് പാർലമെന്‌റിലെ അംഗങ്ങൾ തന്നെയായിരുന്നു ഇതിൽ പങ്കെടുത്തത്.സൗത്ത് കാരലീനയിൽ നിന്നുള്ള പ്രെസ്റ്റൺ ബ്രൂക്ക്‌സ് എന്ന പ്രതിനിധി മാസച്യുസിറ്റ്‌സ് സെനറ്ററായ ചാൾസ് സമ്‌നറെ ഒരു വടികൊണ്ട് മർദിച്ച് അവശനാക്കി.

1915ലാണു യുഎസ് പാർലമെന്‌റിൽ ബോംബിങ് നടന്നത്.അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനായിരുന്നു അത്.ഹാർവഡ് സർവകലാശാല മുൻ പ്രഫസറായ എറിക് മ്യൂൺടെർ കാപ്പിറ്റോളിലെ സെനറ്റ് സ്വീകരണമുറിയിലെത്തി സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചു.ഒന്നാം ലോകമഹായുദ്ധത്തിലെ പ്രധാന കക്ഷികളിലൊന്നായിരുന്ന ബ്രിട്ടന് അമേരിക്ക നൽകിയ പരോക്ഷ പിന്തുണയും സഹായവുമാണ് മ്യൂൺടെറിനെ ചൊടിപ്പിച്ചത്.

1971ൽ ഒരു യുദ്ധ വിരുദ്ധ സംഘടന കാപ്പിറ്റോളിലെ ശുചിമുറിയിൽ ബോംബ് സ്ഥാപിച്ചു.1983ൽ സെനറ്റ് ചേംബറിനു സമീപം മറ്റൊരു ബോംബാക്രമണം നടന്നു.1998ൽ കാപ്പിറ്റോളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ആയുധധാരിയായ അക്രമി വെടിവച്ചുകൊന്നു. 2013ൽ കാപ്പിറ്റോളിൽ കടന്നുകയറിയ ഒരു സ്ത്രീയെ പൊലീസ് വെടിവച്ചു കൊന്നു.2016ൽ പാർലമെന്‌റിൽ വെടിവയ്പ് നടത്തിയ 66 കാരനായ അക്രമിയെ പൊലീസ് പിടികൂടി. ഇയാളെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

English Summary:

The Day Puerto Rican Nationalists Attacked the US Capitol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com