ADVERTISEMENT

കൂട്ടുകാരേ, പുതുവത്സരമെത്തിയാൽ നമ്മളിൽ പലരും പുതുവർഷ തീരുമാനങ്ങൾ അഥവാ ന്യൂ ഇയർ റസല്യൂഷൻസ് എടുക്കും.ഇതു പാലിക്കുമോയെന്നത് വേറൊരു വിഷയമാണെങ്കിലും തീരുമാനങ്ങൾ എടുക്കുമ്പോൾ അതൊന്നും ചിന്തിക്കാറില്ല. പഴയകാലത്ത് നല്ല ജോലി കിട്ടണം, കൂടുതൽ നേരം പഠിക്കണം, കൂടുതൽ നല്ല സ്വഭാവവും പെരുമാറ്റവുമൊക്കെ ശീലിക്കും തുടങ്ങിയൊക്കെയായിരുന്നു റസല്യൂഷൻസ് എങ്കിൽ ഇക്കാലത്ത് കൂടുതൽ കാര്യങ്ങൾ അതിലേക്ക് വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിൽ പലതും.

ഇതിൽ ചിലത് പരിചയപ്പെടാം.

കൂടുതൽ പുറത്തിറങ്ങും 
സ്മാർട് ഫോണുകൾ കൂടുതൽ കൂടുതൽ സ്മാർട്ടായിക്കൊണ്ടിരിക്കുന്നു. മൊബൈലിലും മറ്റ് ഐടി അധിഷ്ഠിത സംവിധാനങ്ങളിലുമാണ് ഇന്നത്തെ മനുഷ്യർ കൂടുതലും സമയം ചെലവിടുന്നത്. ഈ രീതി കുറച്ച് കൂടുതൽ പുറത്തിറങ്ങുക, പ്രകൃതി ഭംഗി ആസ്വദിക്കുക, പുസ്തകങ്ങൾ വായിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമെന്ന് ചിലയാളുകൾ റസല്യൂഷൻ എടുക്കും,

സത്യമാണോയെന്ന് പരിശോധിക്കും
ഇന്നത്തെ സമൂഹമാധ്യമ രംഗത്തെ ഒരു പ്രധാന പ്രശ്‌നമാണ് തെറ്റായ കാര്യങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ചില ആളുകൾ കാള പെറ്റെന്നു കേൾക്കുമ്പോഴെ കയറെടുക്കും എന്ന പഴഞ്ചൊല്ലു പോലെ എന്തെങ്കിലും വാട്‌സാപ്പിൽ വന്നാൽ ഉടൻ ഷെയർ ചെയ്യുന്നവരാണ്. ഇത്തരരത്തിൽ തെറ്റായ കാര്യങ്ങൾ ഷെയർ ചെയ്യാനുള്ള പ്രവണത കുറയ്ക്കുമെന്നും ഇങ്ങനെ ചെയ്യുന്നതിനു മുൻപായി ഫാക്ട് ചെക്കിങ് നടത്തുമെന്നും ചിലർ പറയുന്നു.

ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ
ഇൻസ്റ്റഗ്രാമിൽ ഈ വർഷം 100 ചിത്രങ്ങൾ, അല്ലെങ്കിൽ 150 ചിത്രങ്ങൾ.. ഇങ്ങനെ ചില ആളുകൾ ടാർഗറ്റ് വയ്ക്കാറുണ്ട്. പലയാളുകളും വളരെ ശ്രദ്ധാപൂർവമാണ് ഇൻസ്റ്റഗ്രാമിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത്. ധാരാളം സമയമെടുത്ത് ചിത്രമെടുത്ത് അത് എഡിറ്റ് ഒക്കെ ചെയ്താകും ഇടുക. അതിനാൽ തന്നെ ധാരാളം സമയം ഇതിനായി വേണ്ടി വരും. ഇക്കാരണത്താൽ തന്നെ ചിലരുടെ ചിന്താഗതിയിൽ ഇടുന്ന ചിത്രങ്ങൾ വളരെ കുറവാണ്. ഈ മടി മാറ്റണമെന്നും ഇൻസ്റ്റയിൽ കൂടുതൽ ചിത്രങ്ങളിടണമെന്നും ചിലർ റസല്യൂഷൻ എടുക്കുന്നു.

ഡിജിറ്റൽ അസിസ്റ്റന്‌റിന്റെ സഹായം കുറയ്ക്കാം
അലക്‌സ, ഹോം തുടങ്ങിയ ഡിജിറ്റൽ അസിസ്റ്റന്റുകൾ ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു പാട്ടുവയ്ക്കാനോ വാർത്ത അറിയാനോ ഒന്നും മിനക്കെടേണ്ട കാര്യം പോലുമില്ല, അസിസ്റ്റന്‌റിനോട് പറഞ്ഞാൽ മതി. ഈ സ്വഭാവം ഒന്നുമാറ്റാനും ഡിജിറ്റൽ അസിസ്റ്റന്‌റിന്റെ സഹായം കുറയ്ക്കാനും ചിലർ തീരുമാനമെടുക്കും.

തല്ലുകൂടുന്നത് നിർത്തും
സമൂഹമാധ്യമങ്ങളിൽ വഴക്കുകൾ പതിവാണ്. നമ്മൾ തന്നെ ഫെയ്‌സ്ബുക്കിലും മറ്റുമുള്ള പോസ്റ്റുകളുടെ അടിയിൽ എത്രയോ കമന്റ് യുദ്ധങ്ങൾ കണ്ടിരിക്കുന്നു. ഇങ്ങനെ വഴക്കിടാനുള്ള പ്രവണത നിയന്ത്രിക്കുമെന്ന് ചിലർ തീരുമാനമെടുക്കാറുണ്ട്. പാലിക്കുമോയെന്ന് അറിയില്ല.

എന്തുകൊണ്ടാകും ഈ തീരുമാനങ്ങൾ പാളുന്നത്. ഗവേഷകർ ഇതെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. പൊടുന്നനെ എടുക്കുന്ന തീരുമാനങ്ങളായതിനാലാണത്രേ ഇത് പരാജയപ്പെടുന്നത്.

English Summary:

Uncovering the Top Tech-Inspired Resolutions for the Upcoming Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com