ADVERTISEMENT

ഭൂമിയിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണെന്നു നമുക്കറിയാം. എന്നാൽ കടലിലെ ഏറ്റവും അപകടകാരിയായ ജീവി ഇതല്ല. കടലിൽ ധാരാളം ജീവികൾ അപകടകാരികളാണെന്നു കൂട്ടുകാർക്കറിയാമല്ലോ, കടൽപ്പാമ്പുകൾ മുതൽ ജെല്ലിഫിഷ്, കൊമ്പൻ സ്രാവ് തുടങ്ങി അനേകം ജീവികൾ ഇക്കൂട്ടത്തിൽപെടും. എന്നാൽ പല വിദഗ്ധരും കടലിലെ അപകടകാരികളായ ജീവിക്കൂട്ടമായി കണക്കാക്കുന്നത് കില്ലർ വെയ്ൽ അഥവാ ഓർക്കയെയാണ്. തിമിംഗല ഗ്രൂപ്പിലെ അംഗമായ ഡോൾഫിൻ കുടുംബത്തിൽ (ഡെൽഫിനിഡെ) വലുപ്പത്തിൽ ഏറ്റവും കൂടിയ വിഭാഗമാണ് ഓർക്കകൾ. പൈലറ്റ് തിമിംഗലങ്ങളും ഇക്കൂട്ടത്തിലുള്ളവരാണ്.

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് ഓർക്കകൾ. കറുപ്പും വെളുപ്പും ഇടകലർന്ന രൂപം കാരണം ഇവയെ സമുദ്രത്തിൽ പെട്ടെന്നു തന്നെ തിരിച്ചറിയാം.തണുപ്പുകൂടിയ മേഖലകളിലാണ് ഇവയുടെ അധിവാസമെങ്കിലും ഭൂമധ്യരേഖയ്ക്കു സമീപമുള്ള സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്.

ഒട്ടേറെ കടൽജീവികളെ ഭക്ഷണമാക്കുന്ന ഓർക്കകൾ സംഘമായാണ് വേട്ടയാടാറുള്ളത്. ഒരു വേട്ടസംഘത്തിൽ 40 ഓർക്കകൾ വരെയുണ്ടാകാം. പലതരം  മീനുകൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ എന്തിനു ചിലപ്പോളൊക്കെ മറ്റുതിമിംഗലങ്ങൾ വരെ ഇവയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞു ഭക്ഷണമാകാറുണ്ട്. നാലിഞ്ചു നീളമുള്ള പല്ലുകൊണ്ട് സീലുകളെ ഐസിൽ നിന്നു കടിച്ചെടുക്കാൻ ഇവയ്ക്കു വല്ലാത്ത കഴിവാണ്. കഴിഞ്ഞ മാർച്ചിൽ 75 ഓർക്കകൾ ചേർന്ന് ഓസ്‌ട്രേലിയൻ തീരത്തിനു സമീപമുള്ള കടലിൽ ഒരു നീലത്തിമിംഗലത്തെ വേട്ടയാടിക്കൊല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചിരുന്നു. തികഞ്ഞ സമൂഹജീവികളാണ് ഓർക്കകൾ. കുടുംബത്തിലെ കുട്ടികളെ എല്ലാ പെൺഓർക്കകളാണ് നോക്കാറുള്ളത്. മറ്റു പ്രായം കുറഞ്ഞ പെൺ ഓർക്കകൾ ഇതിനു സഹായം നൽകും. ഒരു പെൺ ഓർക്ക ഓരോ മൂന്നു മുതൽ പത്തു വർഷം വരെയുള്ള കാലയളവിൽ ഗർഭം ധരിക്കാറുണ്ടെന്നാണു കണക്ക്. 17 മാസം വരെ ഗർഭകാലം നീണ്ടു നിൽക്കും. പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാകാറുള്ളത്. പ്രസവശേഷം രണ്ടു വർഷം വരെ കുട്ടി ഓർക്കകൾ അമ്മയെ ചുറ്റിപ്പറ്റി കുടുംബത്തിൽ തന്നെ കഴിയും. ചിലത് കുടുംബം ഉപേക്ഷിച്ചുപോയി വേറെ കൂട്ടത്തിൽ കൂടാറുമുണ്ട്.

വളരെ ബുദ്ധികൂർമതയുള്ള ജീവികളായ ഓർക്കകൾ വേട്ടയാടുന്നതിലും ഈ ശേഷി കാട്ടാറുണ്ട്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഇവയുടെ രീതി കരയിൽ ചെന്നായ്ക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്നവരിൽ നിന്നു വേട്ടയാടലിന്റേയും ഭക്ഷണശൈലിയുടെയും ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇവ തമ്മിൽ ആശയവിനിമയം നടത്തുന്നത് പ്രത്യേക കരച്ചിൽശബ്ദങ്ങൾ പുറപ്പെടുവിച്ചാണ്. ഡോൾഫിനുകളെപ്പോലെ ഇവയെയും സീക്വേറിയങ്ങളിലും മറ്റു വിനോദപരിപാടികളിലും മനുഷ്യർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഓർക്കകൾ അധികകാലം ജീവിക്കില്ലെന്ന് ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നു. ഒരു ദിവസം അൻപതിലധികം കിലോമീറ്റർ ദൂരം നീന്തുകയും നൂറടി മുതൽ 500 അടി വരെ ഡൈവ് ചെയ്യുകയും ചെയ്യുന്ന ഇവയ്ക്ക് കൃത്രിമ വാസസ്ഥലങ്ങളിൽ ഈ സാഹചര്യങ്ങൾ ലഭിക്കാറില്ല. ഇത്തരത്തിൽ കഴിയുമ്പോൾ ഇവയ്ക്ക് മാനസിക സമ്മർദ്ദമേറുമെന്നും ഇവ സ്വയം മുറിപ്പെടുത്താനും മറ്റും ശ്രമിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിൽ തടങ്കല്ലിൽ കഴിഞ്ഞ ഓർക്കകളിൽ അതിപ്രശസ്തനാണ് ടിലികും എന്ന ഓർക്ക. രണ്ട് ട്രെയിനർമാരെ കൊന്നതാണ് ടിലികുമിനെ കുപ്രസിദ്ധനാക്കിയത്. 2013ൽ പുറത്തിറങ്ങിയ ബ്ലാക്ക്ഫിഷ് എന്ന ഡോക്യുമെന്‌ററിയിൽ ടിലികുമിന്‌റെ കഥ വിവരിക്കുന്നു. തടങ്കലിൽ കഴിയവേ നേരിട്ട കഷ്ടപ്പാടുകളും മാനസിക സമ്മർദ്ദങ്ങളുമാണ് ടിലികുമിനെ മനുഷ്യരുടെ നേർക്ക് ക്രൂരൻമാരാക്കിയതെന്ന് ഡോക്യുമെന്‌ററി പറയുന്നു.

ലോകമെമ്പാടും എല്ലാ സമുദ്രങ്ങളിലുമായി അരലക്ഷത്തോളം ഓർക്കകളുണ്ട്. മത്സ്യബന്ധന നെറ്റുകളിലും മറ്റും ഇവ ഇടയ്ക്കിടെ പെടാറുണ്ട്. ഗ്രീൻലൻഡ്, ജപ്പാൻ, ഇന്തൊനീഷ്യ, കരീബിയൻ ദ്വീപുകൾ, റഷ്യ തുടങ്ങിയിടങ്ങളിൽ ഇവയെ വേട്ടയാടാറുണ്ട്. 

English Summary:

How Killer Whales Rule the Oceanic Food Chain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com