ADVERTISEMENT

70000 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടന്റെ രണ്ടിരട്ടി വിസ്തീർണം വരുന്ന ഭൂമി ഓസ്ട്രേലിയിൽ നിന്നും കടലിൽ മുങ്ങിപ്പോയി. വിസ്മൃതിയിലാണ്ടുപോയ ഈ കരഭാഗത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞരിപ്പോൾ. ഈ കരയിൽ അരക്കോടിയിലധികം ആളുകൾക്ക് താമസിക്കാമായിരുന്നത്രേ. തന്നെയുമല്ല ഇതു നിലനിന്നിരുന്നെങ്കിൽ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തൊനീഷ്യയിൽ നിന്ന് ഇങ്ങോട്ടേക്ക് സുഗമമായ കുടിയേറ്റം നടന്നേനെ.

ഇതു സംബന്ധിച്ച പഠനങ്ങൾ ക്വാർട്ടർനറി സയൻസ് റിവ്യൂസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഇന്ന് ഈ കരഭാഗം 100 മീറ്ററിലധികം താഴെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇതു മാത്രമല്ല ഓസ്ട്രേലിയയിൽ നിന്നു മറഞ്ഞ കരകൾ. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ടു കിടന്ന ആർഗോലാൻഡ് എന്ന കരഭാഗം 15.5 കോടി വർഷം മുൻപ്  ഭൗമാന്തര ശക്തികളുടെ പ്രവർത്തനത്താൽ വേർപെട്ടിരുന്നു. തെക്കുകിഴക്കൻ ഏഷ്യയുടെ സമീപം ഇതു മറയുകയും ചെയ്തു.

15.5 കോടി വർഷം മുൻപ് ഓസ്‌ട്രേലിയയിൽ നിന്ന് ഈ കരഭാഗം വേർപെട്ടതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് നേരത്തേ അറിയാമായിരുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന ആർഗോ അബിസൽ പ്ലെയിൻ എന്ന ഭൗമഘടനയിൽ നിന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. ലോകത്ത് മുൻകാലങ്ങളിൽ പല കരഭാഗങ്ങളും വേർപെടുകയും കൂടിച്ചേരുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാൽ 12 കോടി വർഷം മുൻപ് ഗോണ്ട്വാന എന്ന പ്രാചീന മഹാവൻകരയിൽ നിന്ന് വേർപെട്ടതാണ് ഇന്ത്യൻ ഭൂഭാഗം. എന്നാൽ ഇന്നും ഇത് ഒരു കരയായി തന്നെ സ്ഥിതി ചെയ്യുന്നു.

എന്നാൽ ആർഗോലാൻഡിന് ഇങ്ങനെയൊരു വിധിയായിരുന്നില്ല. ഓസ്‌ട്രേലിയയിൽ നിന്നു വേർപെട്ട ശേഷം ആർഗോലാൻഡ് ചിതറി നാമാവശേഷമായി. എവിടെയാണ് ഈ പ്രാചീന ഭൂഖണ്ഡം അവസാനിച്ചതെന്ന് ശാസ്ത്രലോകത്തിന് അറിവുണ്ടായിരുന്നില്ല. ഇടക്കാലത്ത് ആർഗോലാൻഡിന്റെ പ്രയാണം ശാസ്ത്രജ്ഞർ പുനസൃഷ്ടിച്ചു. ഇന്തൊനീഷ്യയ്ക്കും മ്യാൻമറിനും ഇടയിലായി പ്രാചീന കരഭാഗങ്ങൾ ഇവർ കണ്ടെത്തി. ആർഗോലാൻഡ് ചിതറിപ്പോകുകയും മേഖലയിലെ പല കരഭാഗങ്ങളിലേക്കും ഇവ കൂടിച്ചേർക്കപ്പെടുകയും ചെയ്‌തെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മേഖലയിൽ വലിയ ജൈവവൈവിധ്യമുടലെടുക്കാനും ഈ പ്രതിഭാസം വഴിവച്ചു.

English Summary:

Massive Lost Land Discovered Submerged Near Australia: Home for Half a Million?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com