ADVERTISEMENT

പാരിസിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മൊണാലിസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് രണ്ടു സ്ത്രീകളുടെ പ്രതിഷേധം കഴിഞ്ഞിടെ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു. 2022 മേയിലും ഒരാൾ സ്ത്രീവേഷം കെട്ടി ഈ പെയിന്‌റിങ്ങിനു നേർക്ക് കേക്ക് വലിച്ചെറിഞ്ഞിരുന്നു. മൊണാലിസയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാർത്തകളാണ്. കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ പെയിന്റിങ് ഏതെന്നു ചോദിച്ചാൽ മൊണാലിസ എന്നു തന്നെയാകും ഉത്തരം.

ഡാവിഞ്ചിയുടെ ചായക്കൂട്ടിൽ പിറന്ന മൊണാലിസയുടെ മുഖഭാവവും ചിരിയും ഒരേസമയം കലയുടെ സമന്വയവും അതേ സമയം തന്നെ ദുരൂഹതകൾ ഉണർത്തുന്നതുമായിരുന്നു. ലോകം കീഴടക്കിയ ഈ ചിത്രത്തിൽ മൊണാലിസയായി എത്തിയ വനിത ആരെന്ന ചോദ്യവും നിഗൂഢമായി തുടരുന്നു. എന്നാൽ ഒരു നൂറ്റാണ്ടിനു മുൻപ് മൊണാലിസയ്ക്ക് അത്ര പ്രശസ്തി ഒന്നുമില്ലായിരുന്നു. ഈ പെയിന്‌റിങ്ങിനെ ലോകപ്രശസ്തമാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഒരു സംഭവമാണ്. ഒരു കൊള്ളയടി.

mona-lisa-1

110 വർഷങ്ങൾക്കു മുൻപ് 1911..അന്ന് പാരിസിലെ സെയിൻ നദിക്കരയിലുള്ള ലൂവ്ര് മ്യൂസിയത്തിലാണു മൊണാലിസ സൂക്ഷിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമായ ലൂവ്രിൽ ചരിത്രാതീത കാലം മുതലുള്ള നാൽപതിനായിരത്തോളം കലാവസ്തുക്കളും നിരവധി പെയിന്റിങ്ങുകളുമുണ്ടായിരുന്നു. അതിലൊന്നു മാത്രമായിരുന്നു മൊണാലിസ. ഡാവിഞ്ചി വരച്ചതെന്നതിനപ്പുറം വലിയ ശ്രദ്ധയൊന്നും അവകാശപ്പെടാനില്ലാത്ത പെയിന്റിങ്.

അക്കാലത്താണ് ഇറ്റലിക്കാരനായ വിൻസെൻസോ പെറൂഗിയയെ ലൂവ്രിൽ ജീവനക്കാരനായി നിയമിക്കുന്നത്. മ്യൂസിയത്തിലെ പെയിന്റിങ്ങുകൾക്ക് ഗ്ലാസിൽ നിർമിച്ച സംരക്ഷണ പാളിയൊരുക്കലായിരുന്നു പെറൂഗിയയുടെ ജോലി. വന്ന നാൾ മുതൽ തന്നെ പെറൂഗിയ മൊണാലിസയെ നോട്ടമിട്ടു .ഒരു ദിവസം ജോലി കഴിഞ്ഞു പോകാതെ പെറൂഗിയ ലൂവ്ര് മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരുന്നു. രാത്രിയായപ്പോൾ പുറത്തിറങ്ങി പെയിന്റിങ് കവർന്നെടുത്തു. വിദഗ്ധമായി അതു വസ്ത്രത്തിൽ ഒളിപ്പിച്ച ശേഷം പെറൂഗിയ മ്യൂസിയത്തിൽ നിന്നു കടന്നുകളഞ്ഞു. അക്കാലത്ത് ഇന്നത്തെപ്പോലെ അലാറമുകളോ സിസിടിവികളോ ഉണ്ടായിരുന്നില്ല. കാവൽക്കാരുടെ എണ്ണവും നന്നേ കുറവായിരുന്നു. അതിനാൽ കള്ളൻ പിടിക്കപ്പെട്ടില്ല.

mona-lisa-2

പിന്നെയും ഒരു ദിവസം പിന്നിട്ട ശേഷമാണ് ലൂവ്ര് അധികൃതർ മൊണാലിസ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. താമസിയാതെ വാർത്ത പുറംലോകമറിഞ്ഞു. രാജ്യഭേദമില്ലാതെ രാജ്യാന്തര പത്രങ്ങളും യൂറോപ്യൻ മാധ്യമങ്ങളും വാർത്ത ഒന്നാം പേജിൽ വലിയ ഗൗരവത്തോടെ അവതരിപ്പിച്ചു. നൂറോളം പത്രങ്ങളുടെ ഒന്നാംപേജിൽ മൊണാലിസ പെയിന്റിങ് അച്ചടിച്ചുവന്നു. പെയിന്റിങ് ഒരു കാലത്ത് നിന്നിരുന്ന, ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കാണാനായി ജനസമുദ്രം ലൂവ്രിലേക്ക് ഒഴുകി. ഫ്രഞ്ച് സർക്കാർ പൊലീസും ഡിറ്റക്ടീവുകളുമടങ്ങിയ വൻ അന്വേഷണസംഘത്തെ മൊണാലിസ കണ്ടെത്താനായി അവർ രൂപീകരിച്ചു. ഡിറ്റക്ടീവുകൾ മാത്രം 60 പേരുണ്ടായിരുന്നു. പെയിന്റിങ് തിരിച്ചെടുക്കേണ്ടത് സർക്കാരിന്റി അഭിമാന പ്രശ്നമായിരുന്നു. 

രണ്ടുവർഷത്തോളം പെറൂഗിയ പെയിന്റിങ് പുറത്തെടുത്തില്ല. അന്ന് 32 വയസ്സുള്ള യുവാവായിരുന്നു അയാൾ. പാരിസിലെ തന്റെ അപ്പാർട്മെന്റിനു താഴെ ഒളിപ്പിച്ച ട്രങ്ക് പെട്ടിയിൽ അയാൾ മൊണാലിസയുടെ പെയിന്റിങ് ഒളിപ്പിച്ചുവച്ചു. രണ്ടു വർഷങ്ങൾ പിന്നിട്ടതോടെ പെയിന്റിങ് വിൽക്കാൻ പെറൂഗിയ ധൈര്യം സംഭരിച്ചു. ഇറ്റലിയിലെ ഫ്ളോറൻസ് നഗരത്തിലുള്ള ഉഫീസി ഗാലറിയുടെ ഡയറക്ടറെ വിൽപനയ്ക്കായി അയാൾ സമീപിച്ചു. സംശയം തോന്നിയ ഡയറക്ടർ പെയിന്റിങ് പരിശോധിക്കുകയും പുറകിലുള്ള സീലുകളിൽ നിന്ന് ഇതു ലൂവ്ര് മ്യൂസിയത്തിൽ നിന്നു മോഷണം പോയ പെയിന്റിങ്ങാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തീർച്ചയായും പെയിന്റിങ് താൻ വാങ്ങുമെന്ന് ഉറപ്പുകൊടുത്ത് തന്ത്രത്തിൽ പെറൂഗിയയെ മടക്കിവിട്ട ഡയറക്ടർ വിവരം അധികാരികളെ അറിയിച്ചു. താമസിയാതെ പെറൂഗിയയും മൊണാലിസ പെയിന്റിങ്ങും പൊലീസ് കസ്റ്റഡിയിലായി. 1913ലായിരുന്നു അത്. 

mona-lisa-painting-theft-which-made-it-world-famous

പെറൂഗിയയുമായി സംസാരിച്ചിട്ടുള്ളവർ പറയുന്നത് അയാൾ വെറുമൊരു കള്ളനായിരുന്നില്ല എന്നായിരുന്നു. ഇറ്റാലിയൻ ദേശീയബോധം തലയ്ക്കുപിടിച്ച പെറൂഗിയ മൊണാലിസയെ ഇറ്റാലിയൻ കലയുടെ സന്താനം എന്ന നിലയിലാണു കണ്ടത്. ഡാവിഞ്ചിയുടെ യാത്രയ്ക്കൊപ്പം ഫ്രാൻസിലെത്തിയതെന്നു കരുതുന്ന ഈ പെയിന്റിങ് ഇറ്റലിയിൽ തിരിച്ച് എത്തിക്കേണ്ടത് തന്റെ ദേശീയദൗത്യമായും പെറൂഗിയ കരുതിയിരുന്നു. ഏതായാലും ഇറ്റലിയിൽ പെറൂഗിയയ്ക്ക് എട്ടുമാസം മാത്രമാണു തടവുശിക്ഷ കിട്ടിയത്. പെയിന്റിങ് തിരിച്ചു ലൂവ്രിലെത്തി. വലിയ ആഘോഷങ്ങളോടെയും മാധ്യമശ്രദ്ധയോടെയും അതവിടെ പുനസ്ഥാപിക്കപ്പെട്ടു. ഇന്ന് ലൂവ്ര് മ്യൂസിയം അറിയപ്പെടുന്നതു തന്നെ മൊണാലിസ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയ്ക്കാണ്. പെയിന്റിങ്ങിന് അതീവസുരക്ഷയാണു ഫ്രഞ്ച് സർക്കാർ ഒരുക്കിയിരിക്കുന്നത്.

English Summary:

Mona Lisa's Stolen Smile Became a Worldwide Sensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com