ADVERTISEMENT

ആലപ്പുഴ ∙ മൂന്നാം തരംഗത്തിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായപ്പോൾ പ്രതിരോധ സംവിധാനങ്ങളെപ്പറ്റി പരാതികളും വ്യാപിക്കുന്നു. ചികിത്സ കിട്ടാൻ അലയേണ്ടിവരുന്നെന്ന അനുഭവം പറയുന്ന ഏറെപ്പേരുണ്ട്. പരിശോധനാഫലം 7 ദിവസം വരെ വൈകുന്നതായാണ് മറ്റൊരു പരാതി. അടുത്തെങ്ങും ചികിത്സാ സൗകര്യമില്ലാത്തതാണ് ജില്ലയിലെ ചില പ്രദേശങ്ങളിലുള്ളവരുടെ പരാതി.

പല പ്രദേശങ്ങളിലും ചികിത്സ അന്യം

അരൂർ മേഖലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളൊന്നുമില്ല. കോവിഡ് ബാധിച്ചവർ വീടുകളിൽ തന്നെ കഴിയുന്നു. അസുഖം കൂടിയാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ, കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യമില്ല. ആലപ്പുഴയിൽ നിന്ന് ആംബുലൻസ് എത്താൻ കാത്തിരിക്കണം. കഴിഞ്ഞ ദിവസം തുറവൂർ സ്വദേശിയായ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ടിട്ട് വൈകിട്ടോടെയാണ് ആലപ്പുഴയിൽ നിന്ന് ആംബുലൻസ് എത്തിയത്. ചേർത്തല താലൂക്കിൽ സർക്കാർ കോവിഡ് ആശുപത്രിയില്ല. ചേർത്തല താലൂക്ക് ആശുപത്രിയിൽ കോവിഡ് ആശുപത്രി ഉണ്ടായിരുന്നത് 3 മാസം മുൻപ് നിർത്തി.

∙ തലവടി, എടത്വ, മുട്ടാർ പഞ്ചായത്തുകളിൽ കോവിഡ് സെന്ററുകളില്ല. വിളിച്ചു ചോദിക്കുന്നവരെ ജനറൽ ആശുപത്രിയിലേക്കോ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കോ റഫർ ചെയ്യുകയാണ്. നിലവിൽ നൂറുകണക്കിനു ആളുകൾക്ക് പനിയുണ്ടെങ്കിലും ആരും പരിശോധിക്കാൻ തയാറാകുന്നില്ലെന്ന് എടത്വ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ. സിനി പറഞ്ഞു. പലരും സ്വയം ചികിത്സ നടത്തുന്നുണ്ട്. ജലദോഷമുള്ളവർ പോലും പുറത്തിറങ്ങുന്നു. നിയന്ത്രിക്കാൻ സംവിധാനമില്ല. മുൻപ് എടത്വയിൽ സ്വകാര്യ ആശുപത്രിയിൽ സർക്കാർ സംവിധാനത്തിൽ ചികിത്സ ലഭിച്ചിരുന്നു. ഇപ്പോൾ പണം നൽകണം.

∙ കായംകുളം മേഖലയിൽനിന്ന് മുളക്കുഴയിലെത്തണം സൗജന്യ ചികിത്സ കിട്ടണമെങ്കിൽ. നേരത്തെ പത്തിയൂരിൽ സിഎഫ്എൽടിസി ഉണ്ടായിരുന്നു. ഇപ്പോഴില്ല. സിഎഫ്എൽടിസി തുടങ്ങുന്നതിനെപ്പറ്റി ചർച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല.

മെഡിക്കൽ കോളജിൽ ദുരിതവ്യാപനം

ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരെ ചികിത്സിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒട്ടേറെ ഡോക്ടർമാരും നഴ്സുമാരും കോവിഡ് ബാധിതരായത് ചികിത്സയിലുള്ളവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും തമ്മിൽ തർക്കങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനൊപ്പം ഡോക്ടർമാരും നഴ്സുമാരും കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 300ൽ ഏറെ ആരോഗ്യ പ്രവർത്തകരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് അവധിയിലുള്ളത്.

17 ആരോഗ്യ പ്രവർത്തകർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കാത്ത് ലാബ് അടച്ചിരിക്കുകയാണ്. തിയറ്ററുകളിൽ മേജർ ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. ഡോക്ടർമാർ കുറവായതിനാൽ വാർഡുകളിൽ സേവനം കിട്ടാൻ പ്രയാസമായി. ഗുരുതരാവസ്ഥയുള്ളവരുടെ വിവരങ്ങൾ നഴ്സുമാർ ഡോക്ടർമാരെ അറിയിക്കുകയും ഡോക്ടർമാർ നൽകുന്ന മരുന്ന് നൽകുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. കോവിഡ് ചികിത്സയിലുള്ളവർക്ക് ഭക്ഷണം കിട്ടാൻ വൈകുന്നതായും പരാതിയുണ്ട്.

ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങൾ
ജില്ലയിൽ കോവിഡ് ബാധിതരെ പരിശോധിക്കുന്ന ആശുപത്രികളും ഫോൺ നമ്പറും:

∙ ആലപ്പുഴ ജനറൽ ആശുപത്രി - 8547725724
∙ ചേർത്തല താലൂക്ക് ആശുപത്രി - 6235110245
∙ ഹരിപ്പാട് താലൂക്ക് ആശുപത്രി - 9495231309

∙ കായംകുളം താലൂക്ക് ആശുപത്രി - 9188317262
∙ മാവേലിക്കര ജില്ലാ ആശുപത്രി -7994108674
∙ ഗുരുതരാവസ്ഥയിലുള്ളവർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ മേൽപറഞ്ഞ ആശുപത്രികളിലും ചികിത്സ തേടണം.

മെഡിക്കൽ കോളജ് ആശുപത്രിക്കു പുറമേ കിടത്തി ചികിത്സയുള്ള ആശുപത്രികൾ:

∙ ആലപ്പുഴ ജനറൽ ആശുപത്രി
∙ വളവനാട് ഡിസിമിൽസ്
∙ മുളക്കുഴ സെഞ്ചുറി ആശുപത്രി- 8921278491
∙ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (ഗർഭിണികൾക്ക്)

കോവിഡ് ചികിത്സയുള്ള സ്വകാര്യ ആശുപത്രികൾ

∙ ചേർത്തല കെവിഎം ആശുപത്രി -0478 2832300
∙ പൂച്ചാക്കൽ പിഎംസി - 0478 2522552, 7907367353
∙ മണ്ണഞ്ചേരി വി വൺ ഹോസ്പിറ്റൽ -0477 2292913, 9207208020
∙ എടത്വ മഹാജൂബിലി മെമ്മോറിയൽ ആശുപത്രി -0477 2214151

∙ മാവേലിക്കര വിഎസ്എം ആശുപത്രി -0479 2304222
∙ മാവേലിക്കര ശ്രീകണ്ഠപുരം -0479 2309000
∙ കൊല്ലകടവ് സഞ്ജീവനി ഹോസ്പിറ്റൽ -0479 2350030
∙ ചെങ്ങന്നൂർ കെ.എം.ചെറിയാൻ മെമ്മോറിയൽ ആശുപത്രി - 9188954800
∙ ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ആശുപത്രി -0479 2452823

2074 പേർക്കു കോവിഡ്
ജില്ലയിൽ 2074 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1541 പേർ മുക്തരായി. 15,817 പേർ ചികിത്സയിൽ കഴിയുന്നു.

കൺട്രോൾ റൂമിൽ വിളിക്കാം
വീടുകളിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ആശുപത്രി സേവനം ആവശ്യമെങ്കിൽ കൺട്രോൾ റൂമിലെ 0477-2239999 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് അവിടെ നിന്നുള്ള നിർദേശ പ്രകാരം ആശുപത്രിയിൽ എത്തണമെന്ന് ഡിഎംഒ അറിയിച്ചു.

എല്ലാം സ്വയം
കോവിഡ് പരിശോധന നടത്താൻ മടിയാണ് പലർക്കും. ലക്ഷണങ്ങളുണ്ടെങ്കിൽ ചിലർ പനിയുടെ മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങി കഴിക്കും. കിറ്റ് വാങ്ങി സ്വയം പരിശോധന നടത്തുന്നവരുമുണ്ട്. പക്ഷേ, പോസിറ്റീവായാലും ആരോഗ്യ പ്രവർത്തകരെ അറിയിക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com