ADVERTISEMENT

പൂച്ചാക്കൽ ∙ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയ 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ  രക്ഷകയായി ആശാ പ്രവർത്തക. വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് സംഭവം.  ആശാ പ്രവർത്തകയായ ഉഷാകുമാരി ഉറങ്ങാൻ തുടങ്ങിയ സമയത്താണ് പ്രദേശവാസിയായ സ്ത്രീ കുഞ്ഞുമായി വാതിലിൽ മുട്ടിയത്. കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങളും കിട്ടിയില്ല. ഉഷാകുമാരി കുഞ്ഞിനെ ചെരിച്ചു കിടത്തി, തല പൊക്കിപ്പിടിച്ച്, കുഞ്ഞിന്റെ വയർ തന്റെ കാലിൽ അമർത്തിക്കൊണ്ടു പുറകുവശം തട്ടിക്കൊടുത്തതോടെ കെട്ടിക്കിടന്ന പാൽ വായിലൂടെ പുറത്തേക്കു പോയി. 

തൈക്കാട്ടുശേരി പഞ്ചായത്ത് 15-ാം വാർഡ് കോലോത്തുമഠത്തിൽ മോഹനന്റെ ഭാര്യയാണ് ഉഷാകുമാരി. ജൂലൈ 24 മുതൽ 28 വരെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഫയർ ആൻഡ് സേഫ്റ്റി  നേതൃത്വത്തിൽ നടന്ന ജീവൻ രക്ഷാ പരിശീലനത്തിൽ ഉഷാകുമാരി പങ്കെടുത്തിരുന്നു. വിവിധ   അപകടങ്ങളിൽ പെടുന്നവർക്ക് നൽകുന്ന പ്രഥമശുശ്രൂഷകളെക്കുറിച്ച് ക്ലാസുകൾ ലഭിച്ചിരുന്നു. ഇതിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങുന്നതിനെക്കുറിച്ചും ഉണ്ടായിരുന്നെന്ന് ഉഷാകുമാരി പറഞ്ഞു.  ഉഷാകുമാരിയെ ജനപ്രതിനിധികളും വിവിധ കൂട്ടായ്മകളും ഇന്നലെ ആദരിച്ചു.

മുലയൂട്ടുന്ന സമയത്ത് അമ്മമാർ പ്രത്യേകം ജാഗ്രത പുലർത്തണം

ആലപ്പുഴ∙ മുലപ്പാൽ ശ്വാസനാളത്തിൽ കയറി നവജാതശിശുക്കൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മുലയൂട്ടുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ശ്വാസനാളത്തിൽ പാലു കയറി ശ്വാസതടസ്സം ഉണ്ടായി നവജാത ശിശുക്കൾ മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർഭകാലത്തു തന്നെ ശാസ്ത്രീയമായി മുലയൂട്ടുന്ന രീതികളെക്കുറിച്ചും കുഞ്ഞിനെ ശരിയായി മുലയൂട്ടുന്നതിനെക്കുറിച്ചും അമ്മമാർ മനസ്സിലാക്കണം. മുലപ്പാലിന്റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുഞ്ഞിന്റെ വായിലേക്കു പോകുന്ന മുലപ്പാലിന്റെ അളവ് അമ്മ ശ്രദ്ധിക്കണം.

ധാരാളം പാൽ ഒരുമിച്ച് ലഭിക്കുന്നതു ചിലപ്പോൾ ശ്വാസനാളത്തിലേക്കു പാല് കടക്കാൻ ഇടയാക്കും. പാലൂട്ടിയ ശേഷം ശരിയായ രീതിയിൽ പുറത്തു തട്ടി ഗ്യാസ് കളയുന്നതു പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് പെട്ടെന്ന് അസ്വസ്ഥതയോടെ പാല് കുടിക്കാതിരുന്നാൽ അമ്മ  ജാഗ്രത പുലർത്തണം. എത്രയും വേഗം കുഞ്ഞിനെ ഭാഗികമായി ചരിച്ചു കമഴ്ത്തി പുറത്ത് തട്ടി തൊണ്ടയിൽ കുടുങ്ങിയ പാൽ പുറത്തു കളയണം. പരിഭ്രാന്തരായി കുഞ്ഞിനെ നേരെ മുകളിലേക്ക് ഉയർത്തുന്നതും പൂർണമായി കമഴ്ത്തി കിടത്തുന്നതും കൂടുതൽ പാൽ ശ്വാസനാളത്തിലേക്കു കടന്ന് അപകടം ഉണ്ടാവാൻ ഇടയാക്കുമെന്നും ഡിഎംഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com