ADVERTISEMENT

മാവേലിക്കര ∙ ഗോതമ്പുപൊടിയിൽ ഉപ്പുപൊടി വിതറി വെള്ളം ചേർത്തു കുഴച്ചെടുത്തു മാവ് വട്ടത്തിൽ പരത്തി ചുട്ടെടുത്ത ചപ്പാത്തിയുടെ (ഉത്തരേന്ത്യയിലെ റൊട്ടി) രുചി മലയാളിയുടെ നാവിൻതുമ്പിലെത്തിയിട്ട് ഇന്നു 100 വർഷം. പഞ്ചാബിൽ നിന്നെത്തിയ ലാല ലാൽ സിങ്, കൃപാൽ സിങ് എന്നിവരുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ വേളയിൽ 1924 ഏപ്രിൽ 29 മുതൽ ജൂൺ 25 വരെ ഒരുക്കിയ ഭക്ഷണശാലയിലാണു  ചപ്പാത്തിയും ദാലും  (പരിപ്പും) കേരളത്തിൽ ആദ്യമായി വിളമ്പിയത്. അങ്ങനെ പുത്തനൊരു ഭക്ഷണശൈലി കേരളത്തിന്റെ രുചിനിറവിൽ ആഴ്ന്നിറങ്ങാൻ വൈക്കം സത്യഗ്രഹം വഴിയൊരുക്കി.

സിക്ക് ആരാധനാലയങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടു അകാലി സംഘം പ്രക്ഷോഭം നടത്തുന്ന സമയത്താണു വൈക്കം സത്യഗ്രഹം ചർച്ചയാകുന്നത്. പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മിറ്റിയുടെ നിർദേശപ്രകാരം വൈക്കം സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിക്കാനായി ഒരു സൗജന്യ ഭക്ഷണശാല ആരംഭിക്കാൻ തീരുമാനിച്ചു.

10 അംഗ പഞ്ചാബ് സംഘം 1924 ഏപ്രിൽ 28നു വൈക്കത്തെത്തി, 29 മുതൽ ഭക്ഷണശാല തുടങ്ങി. 30,000ത്തോളം പേർക്ക് 10 അംഗ സംഘം സൗജന്യമായി ഭക്ഷണമൊരുക്കി. ഇതിനായി 4000 രൂപ ചെലവഴിച്ചതായാണ് കണക്ക്. വൈക്കം സത്യഗ്രഹ വാർത്ത ബുള്ളറ്റിനിൽ (1924 മേയ് 9) ഭക്ഷണശാല പരാമർശം ഉണ്ട്. ഗോതമ്പും അനുബന്ധ സാധനങ്ങളും തീർന്നതോടെ ജൂൺ 25ന് സൗജന്യ ഭക്ഷണശാല നിർത്തിവച്ചു. 

ചപ്പാത്തി എത്തിയതിന്റെ 100–ാം വാർഷികം ആഘോഷിക്കാൻ, വൈക്കം സത്യഗ്രഹ സമര നായകൻ ടി.കെ.മാധവന്റെ ജന്മനാട്ടിൽ ഒരുകൂട്ടം സാഹിത്യ പ്രവർത്തകർ ഇന്നലെ ഒത്തുകൂടി. ‘കഥ’ സാഹിത്യ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ എൻസിസി 8–ാം കേരള ബറ്റാലിയൻ കമ്പനി ഹവിൽദാർ മേജർ ലുധിയാനയിൽ നിന്നുള്ള രജ്‌വീന്ദർ സിങ് മുഖ്യാതിഥി ആയതോടെ ആഘോഷത്തിലും പഞ്ചാബിന്റെ പങ്കാളിത്തമായി.

എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനായി. ചരിത്ര ഗവേഷകൻ ജോർജ് തഴക്കര വിഷയാവതരണം നടത്തി. രജ്‌വീന്ദർ സിങ്, ഹവിൽദാർ നിലേഷ് റിൻഡേ, സെക്രട്ടറി റെജി പാറപ്പുറത്ത്, ടി.എൻ.ദേവിപ്രസാദ്, ഉഷാകുമാരി, സരോജിനി എസ്.ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ പ്രസാദ് ദൊരസ്വാമി വരച്ച ചപ്പാത്തി കേരളത്തിൽ എന്ന ചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com