ADVERTISEMENT

അമ്പലപ്പുഴ ∙  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ അണുബാധയിൽ പുറക്കാട് കരൂർ തൈവേലിക്കകം ജെ.അൻസറിന്റെ ഭാര്യ ഷിബിന(31)മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷം. മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കളും സിപിഎം പ്രവർത്തകരും ആശുപത്രി അധികാരികളുമായി ആദ്യം വാക്കേറ്റം ഉണ്ടായി. ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു ഇത്.

വിവരം അറിഞ്ഞ് എത്തിയ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കൾ എത്തി പ്രവർത്തകരെ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും അവർ അ‌ടങ്ങിയില്ല. അര മണിക്കൂറിൽ അധികം സർജറി തീവ്രപരിചരണ വിഭാഗത്തിനു മുൻ ഭാഗം സംഘർഷത്തിനു സാക്ഷ്യം വഹിച്ചു.സമഗ്രമായ അന്വേഷണത്തിനു മന്ത്രി വീണാ ജോർജും ആശുപത്രി അധികാരികളും ഉത്തരവിട്ടതിനു ശേഷമാണ് സംഘർഷത്തിന് അയവു വന്നത്.

ഷിബിനയുടെ ഭർത്താവ് 
അൻസർ. ചിത്ര: മനോരമ
ഷിബിനയുടെ ഭർത്താവ് അൻസർ. ചിത്ര: മനോരമ

മാർച്ച്  20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബിന 26ന് പെൺകുഞ്ഞിനു ജന്മം നൽകി.ഇവരുടെ രണ്ടാമത്തെ  പ്രസവം ആയിരുന്നു. അസുഖം കൂടി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതിനു പിന്നാലെ വില കൂടിയ മരുന്നുകൾ ആശുപത്രിക്ക് പുറത്തു നിന്നു വാങ്ങി നൽകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് അൻസർ വാങ്ങി നൽകി.എന്നാൽ ഭാര്യയുടെ നിലയിൽ കാര്യമായ മാറ്റം ഉണ്ടാകാത്തതിനാൽ അൻസർ ദുഃഖിതനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45ന് മരിച്ചു.

ഭാര്യയുടെ മരണ വാർത്ത അറിഞ്ഞ അൻസർ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ നിന്നു വാവിട്ടു നിലവിളിച്ചത് കൂടി നിന്നവരെയും കണ്ണീരിലാഴ്ത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചപ്പോഴും കരൂർ ഗ്രാമം തൈവേലിക്കകത്ത് വീട്ടിലേക്ക് ഒഴുകിയെത്തി. 

പ്രസവത്തെത്തുടർന്ന് അണുബാധയുണ്ടായി മരിച്ച പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു. ചിത്രം: മനോരമ
പ്രസവത്തെത്തുടർന്ന് അണുബാധയുണ്ടായി മരിച്ച പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു. ചിത്രം: മനോരമ

അന്വേഷണത്തിന്  നാലംഗ സംഘം 
അമ്പലപ്പുഴ∙ ഗവ.മെഡിക്കൽ കോളജിൽ വച്ചു നടന്ന പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെത്തുടർന്നു യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി  4 ഡോക്ടർമാരുടെ  സംഘത്തെ  ചുമതലപ്പെടുത്തി. സർജറി വിഭാഗം മേധാവി ഡോ.എൻ.ആർ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഗൈനക്കോളി വിഭാഗം മേധാവി  ഡോ.ആത്മ, മെഡിസിൻ വിഭാഗം മേധാവി ഡോ.സുരേഷ് രാഘവൻ, ഫൊറൻസിക് വിഭാഗത്തിലെ ഡോ.കൃഷ്ണൻ എന്നിവരാണുള്ളത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ  മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com