ADVERTISEMENT

ബെംഗളൂരു∙ പ്രജ്വൽ രേവണ്ണ എംപിയുടെ അശ്ലീല ക്ലിപ്പുകൾ ചോർന്നതിനെച്ചൊല്ലി മുൻ ഡ്രൈവറും പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയുടെ രാഷ്ട്രീയ എതിരാളിയായ ബിജെപി നേതാവും പരസ്പരം പഴിചാരി രംഗത്തുവന്നു. 15 വർഷം രേവണ്ണ കുടുംബത്തിന്റെ ഡ്രൈവറായിരുന്ന കാർത്തിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ രേവണ്ണയോടു മത്സരിച്ചു പരാജയപ്പെട്ട ബിജെപി നേതാവ് ജി.ദേവരാജെ ഗൗഡയുമാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. രേവണ്ണ കുടുംബവുമായുള്ള ഭൂമി തർക്കത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് കാർത്തിക് ജോലി വിട്ടത്. തന്റെ ഭാര്യയെ ഇവർ മർദിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ദേവരാജെ ഗൗഡയ്ക്ക് പ്രജ്വലിന്റെ അശ്ലീല ക്ലിപ്പുകൾ കൈമാറിയിരുന്നതായി കാർത്തിക് പറഞ്ഞു. 

പ്രജ്വലിന്റെ ഫോണിൽ നിന്നു പകർത്തിയ ക്ലിപ്പുകൾ രഹസ്യമായി സൂക്ഷിക്കാമെന്ന ധാരണയിലാണ് ദേവരാജെയ്ക്ക് കൈമാറിയത്. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് ക്ലിപ്പുകൾ കൈമാറിയതിനു പിന്നിൽ ദേവരാജെ ഗൗഡയാണെന്നു കാർത്തിക് ആരോപിച്ചു. ഹാസൻ മണ്ഡലത്തിലെ പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും തിയറ്ററിലും മറ്റും അശ്ലീല ക്ലിപ്പുകൾ ഉൾപ്പെട്ട പെൻ ഡ്രൈവുകൾ വിതറിയതോടെയാണു സംഭവം വിവാദമായത്. എന്നാൽ ഹാസനിലെ കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ്സ് പട്ടേലുമായി അടുത്ത ബന്ധമുള്ള കാർത്തിക്കാണ് ക്ലിപ്പുകൾ ചോർത്തിയതെന്ന് ദേവരാജെ ഗൗഡ ആരോപിച്ചു. 

ദൾ – കോൺഗ്രസ് വാക്പോര്
പ്രജ്വലിനെതിരെയുള്ള അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പിന്നിൽ ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറാണെന്ന് ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി ആരോപിച്ചു. പെൻഡ്രൈവ് വിതറിയ സംഭവവും എസ്ഐടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹുബ്ബള്ളിയിൽ ദൾ നിർവാഹക സമിതി യോഗം നടന്ന ഹോട്ടലിനു മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയതിനു പിന്നിലും ശിവകുമാറാണെന്നു കുമാരസ്വാമി പറഞ്ഞു. ഇതിനു മറുപടിയായി ദേവെഗൗഡ കുടുംബത്തിന്റെ ഉറക്കം നഷ്ടപ്പെട്ടതിനാലാണ് തന്നെ പഴിചാരുന്നതെന്ന് ശിവകുമാർ പ്രതികരിച്ചു. 200–300 കുടുംബങ്ങളിലെ സ്ത്രീകളുടെ അഭിമാനം ചോദ്യംചെയ്യുന്ന ഗുരുതര കുറ്റകൃത്യമാണിതെന്ന് പിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു.   

 വീട്ടുജോലിക്കു നിന്ന 48 വയസ്സുകാരിയുടെ പീഡന പരാതിയിൽ എച്ച്.ഡി.രേവണ്ണയെ മുഖ്യപ്രതിയാക്കി ഹോളെനരസീപുര പൊലീസ് കേസെടുത്തതിനു പിന്നിൽ ശിവകുമാറിന് ദേവെഗൗഡ കുടുംബത്തോടുള്ള രാഷ്ട്രീയ വൈരമാണെന്ന് ദൾ ഹാസൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ലിംഗേഷ് ആരോപിച്ചു. കേസിൽ പ്രജ്വൽ രേവണ്ണ രണ്ടാം പ്രതിയാണ്. ശിവകുമാർ ഇൻസ്പെക്ടറെ വിളിച്ച് കേസെടുപ്പിക്കുകയായിരുന്നെന്ന് ലിംഗേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com